
ഭാരതത്തിൻറെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്വത്തിൽ സ്ഥാപിതമായ ന്യൂജേഴ്സി സെൻ്റ് തോമസ് സീറോ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ഈ വർഷത്തെ പെരുന്നാളും ഇടവക ദിനാഘോഷവും ജൂൺ മാസം 28 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.
മലങ്കര കത്തോലിക്ക സഭ അമേരിക്ക- കാനഡ ഭദ്രാസന അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്തായെ ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിൽ ഭക്ത്യാദരപൂർവ്വം സ്വീകരിക്കുന്നതോടെ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും.

തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികതത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടത്തപ്പെടും. ഭദ്രാസന മുൻ വികാരി ജനറൽ മോൺ. പീറ്റർ കോച്ചേരി കോർ - എപ്പിസ്കോപ്പ, ഇടവക വികാരി റവ.ഡോ. സണ്ണി മാത്യു കാവുവിള എന്നീ വൈദികർ വിശുദ്ധ കുർബാനയ്ക്ക് സഹകാർമികത്വം വഹിക്കും തുടർന്ന് ഭക്തിനിർഭരമായ റാസ നടത്തപ്പെടും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഹൈസ്കൂൾ, കോളേജ്, സൺഡേ സ്കൂൾ ഗ്രാജുവേറ്റ്സിന് അനുമോദനം നൽകും. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും.
ഇടവക സെക്രട്ടറി സജി വർഗീസ്, ട്രസ്റ്റ് ഫിലിപ്പ് ജോൺ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പെരുന്നാൾ പ്രോഗ്രാമിന്റെ വിജയത്തിനായി നേതൃത്വം നൽകുന്നു.