
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനം മേയ് 31-ന് സൂം മുഖേന ഭംഗിയായി നടന്നു. കേരളത്തിലും അമേരിക്കയിലുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും ദാതാക്കളും ശുഭാകാംക്ഷികളും പരിപാടിയിൽ പങ്കെടുത്തു.
സ്കോളർഷിപ്പ് സമിതി സഹാധ്യക്ഷ ഡോ. തങ്കം അരവിന്ദിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് കുമാരി ദിവ്യ ശർമ്മ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചു. ഡയറക്ടർ ബോർഡ് അംഗം അനഘ വാര്യർ അവതാരകയായി ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുമാരി ആര്യ വൃന്ദ തുപ്പണ്ണിയുടെ സോപാന സംഗീത ശൈലിയിലുള്ള ഈശ്വരപ്രാർത്ഥന ചടങ്ങിന് ഭക്തിനിറഞ്ഞ തുടക്കമായി.
സ്വാഗത പ്രസംഗം നടത്തിയ KHNA ട്രസ്റ്റി ബോർഡ് അധ്യക്ഷ വനജ നായർ, ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം KHNA-യുടെ കാൽനൂറ്റാണ്ടിലേറെ നീളുന്ന സേവനയാത്രയിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞു. അർഹരായ വിദ്യാർത്ഥികൾക്ക് 25,000 രൂപ മുതൽ 40,000 രൂപ വരെ ധനസഹായം നൽകാൻ സമിതി തീരുമാനിച്ചതായി അവർ അറിയിച്ചു. അടുത്ത വർഷം കൂടുതൽ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകാൻ KHNA ഒരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു.

അധ്യക്ഷ പ്രസംഗം നടത്തിയ KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ഈ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി മിനസോട്ടയിലെ Kerala Hindus of Minnesota-യും ടെക്സസിലെ ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷനും സഹകരിക്കാൻ തയ്യാറായതായി അറിയിച്ചു. പദ്ധതിയുടെ സുതാര്യതയും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളും മനസ്സിലാക്കി മറ്റു ചില സംഘടനകളും KHNA വഴി വിദ്യാഭ്യാസ സഹായം നൽകാൻ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സഹായത്തിനു പുറമേ, നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് പുതിയ സഹായനിധി രൂപീകരിക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു. കേരളത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന കേരള കൺവെൻഷനിൽ വെച്ച് ഈ സഹായധനം വിതരണം ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദ പുരി, KHNA-യുടെ വിദ്യാഭ്യാസ സഹായ പദ്ധതിയെ പ്രശംസിക്കുകയും സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു.
മുഖ്യാതിഥിയായി പങ്കെടുത്ത ന്യൂയോർക്ക് സ്റ്റേറ്റ് ആക്ടിങ് ജസ്റ്റിസ് രാജു രാജേശ്വരി, കഠിനാധ്വാനവും വലിയ സ്വപ്നങ്ങളും ജീവിതവിജയത്തിലേക്കുള്ള വഴിയാണെന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് കുടിയേറ്റക്കാരിയായി അമേരിക്കയിലെത്തി, കഠിനാധ്വാനത്തിലൂടെയാണ് താൻ ഈ സ്ഥാനത്തെത്തിയതെന്നും അവർ പറഞ്ഞു.

തുടർന്ന് കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി പ്രൊഫ. ഡോ. അച്യുത് ശങ്കർ വിദ്യാർത്ഥികൾക്കായി തൊഴിൽ മാർഗനിർദേശ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന കാലഘട്ടം നിർമിതബുദ്ധിയുടെ — എ.ഐ.-യുടെ — യുഗമാണെന്നും അതിനായി വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എൻജിനീയറിങ്ങിലും സംഗീതത്തിലും ഗവേഷണ ബിരുദമുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഗുരുവായൂരപ്പൻ കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. ലക്ഷ്മി ശങ്കർ, ആനന്ദാശ്രമം ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ജയ് കെ. രാമൻ, KHMN പ്രസിഡന്റ് നാരായണൻ നായർ, മുഖ്യമന്ത്രിയുടെയും കേരള ഗവർണറുടെയും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പി. സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
സ്കോളർഷിപ്പ് സമിതി അധ്യക്ഷൻ രാഘവൻ നായർ വിതരണ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ തുടർന്നുള്ള സെമസ്റ്റർ പരീക്ഷാഫലങ്ങൾ ധനസഹായം നൽകിയവർക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം അറിയിച്ചു.
കുമാരി ആര്യ വൃന്ദയുടെ മനോഹരമായ കഥകളിപ്പദ ആലാപനവും സ്കോളർഷിപ്പ് സമിതി അംഗം ഡോ. ബിജു പിള്ളയുടെ കൃതജ്ഞതാ പ്രകടനവും പരിപാടിക്ക് സമാപനം കുറിച്ചു. ഏകദേശം രണ്ടു മണിക്കൂർ നീണ്ട ചടങ്ങ് പങ്കെടുത്തവരുടെ പ്രശംസ നേടി.