Image

ചെറുത്തു നില്‍പ്പിന്‍റെ രാഷ്ട്രീയം - രാഹുല്‍ ഗാന്ധി (ദേശീയ രാഷ്ട്രീയം : പി എസ് ജോസഫ്‌)

Published on 26 June, 2026
ചെറുത്തു നില്‍പ്പിന്‍റെ രാഷ്ട്രീയം - രാഹുല്‍ ഗാന്ധി  (ദേശീയ രാഷ്ട്രീയം : പി എസ് ജോസഫ്‌)

ചെറുത്തു നില്‍പ്പിന്‍റെ രാഷ്ട്രീയം  ആന്‍ഡമാനില്‍ ആണെങ്കിലും കോട്ടയിലെ നീറ്റു വിരുദ്ധ യുദ്ധങ്ങളില്‍ ആണെങ്കിലും  ഉയരുന്ന  പ്രതിഷേധം ഒരു സൂചനയായി എടുത്താല്‍ രാഹുല്‍ സ്വയം ചെറുത്തു  മുന്നേറുകയാണ് എന്ന് മനസ്സിലാകും .

ഇരുപത് വര്‍ഷമായി  രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് .കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ള യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്ന കാലത്തായിരുന്നു ഒരു നിയോഗം പോലെ രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്ത് എത്തിയത് .ഒന്ന് മനസ്സു വെച്ചിരുന്നെങ്കില്‍ 2009 ഇല്‍ അദ്ദേഹത്തിന് ഇന്ത്യയുടെ പ്രധാന മന്ത്രി ആകാന്‍ കഴിയുമായിരുന്നു .എന്നാല്‍ അധികാര സ്ഥാനങ്ങള്‍ ഒന്നും കരസ്ഥമാക്കാതെ അദ്ദേഹം  പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകുകയാണ് ഉണ്ടായത് ..ആദര്‍ശശാലിയും രാഷ്ട്രീയമായി മാന്യത പാലിക്കുന്ന വ്യക്തിയുമായ രാഹുലിനെ ഗുജറാത്ത്‌ കലാപത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണ്ണമായ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ,ഹിന്ദുത്വ ഒരു വികാരമായി ഇന്ത്യ മുഴുവന്‍ വ്യാപിച്ച വേളയില്‍ രാഷ്ട്രീയമായി അവഗണിക്കാനും ഒരു പരിധിവരെ ആക്ഷേപിക്കാനും പ്രതിയോഗികള്‍ക്ക് കഴിഞ്ഞു .ആപ്പും  പ്രതിപക്ഷവും നടത്തിയ ശക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളും ടു ജി വിര്ദ്ധ പോരാട്ടവും രാഹുലിനെ ബാധിച്ചു .നരേന്ദ്ര മോദി പുതിയ ഭരണത്തിന്റെ മുഖമായി മാറി .മോദി ഭരണത്തിന്റെ പന്ത്രണ്ടാം വാര്ഷി‍കമായിരുന്നു അടുത്തയിടെ ആഘോഷിച്ചത് .എന്നാല്‍ അനു ദിനം ശോഷിച്ചു കൊണ്ടിരിക്കുന്നു എന്ന തോന്നല്‍ ഉളവാക്കിയ ഇന്ത്യ മുന്നണിയിലെ  രാഹുല്‍ ഗാന്ധിയുടെ  പ്രസംഗം ആയിരുന്നു ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയത് .ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ അനുരണനങ്ങള്‍ അവസാനിക്കുന്നില്ല .പപ്പു  എന്ന് ആക്ഷേപിച്ചു

പ്രതിയോഗികള്‍    തള്ളി കളഞ്ഞ രാഹുല്‍ അവസാനം ഇന്ത്യക്ക് പ്രിയങ്കരനായ നേതാവ് ആയി മാറുകയാണോ ?രാഷ്ട്രീയമായി ബി ജെപി നേതൃത്വത്തില്‍ ഉള്ള എന്‍ ഡി എ സംഖ്യം അതിന്റെ ഏറ്റവും ഔന്നത്യത്തില്‍ കഴിയുന്ന വേളയില്‍ ഇതൊരു അധിക  പ്രസംഗം ആയി തോന്നാമെങ്കിലും ഒരു നേതാവ്  എന്ന നിലയില്‍ രാഹുല്‍ വലിയ ഉയരങ്ങളില്‍ എത്തുന്നതാണ് നാമിപ്പോള്‍ കാണുന്നത് .

രാഹുല്‍ ,കെ സി വേണുഗോപാല്‍ ,ഘാര്‍കെ 

എന്‍ ഡി എ സംഖ്യം ഭരണത്തിന്റെ പതിമൂന്നാം വര്‍ഷത്തില്‍ പഴയ മുഗള്‍ സാമ്രാജ്യത്തെപ്പോലെ   ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്ന കാഴ്ചയാണ് ഉള്ളത് .പശ്ചിമ ബംഗാളില്‍  എസ് ഐ ആര്‍ നടപ്പാക്കി    അവര്‍  അധികാരത്തില്‍ എത്തിയെന്ന് മാത്രമല്ല ,ബി ജെ പിക്ക് നേരെ ശക്തമായി നില കൊണ്ടിരുന്ന   തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ക്കുകയും ചെയ്തു .ശോഷിച്ച ഒരു പാര്‍ടിയുടെ നേതാവാണ്‌  മമത ബാനര്‍ജി ഇന്ന് .അവരുടെ ഇരുപത്തെട്ടില്‍  ഇരുപതു എം പിമാര്‍ ഇന്ന് എന്‍ ഡി എ ക്കൊപ്പമാണ് .ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി  ഭൂരിഭാഗം എം പി മാരെയും  മുന്നണിയില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്ന ലക്ഷ്യത്തില്‍ ആണ് അവരിപ്പോള്‍ .അങ്ങനെ  വന്നാല്‍  മണ്ടല  പുനര്‍നിര്‍ണ്ണയം നടത്തി അടുത്ത തെരഞ്ഞെടുപ്പും അവര്‍ക്കു  സ്വന്തമാകാന്‍ കഴിഞ്ഞുവെന്നു വരാം ..ഈ  സാഹചര്യത്തിലായിരുന്നു മമത ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത  ഇന്ത്യ മുന്നണി യോഗത്തില്‍ രാഹുലിന്റെ പ്രസംഗം .

ഇരുപതുവര്‍ഷം മുന്‍പുള്ള രാഹുലില്‍ നിന്ന് അദ്ദേഹം എത്രയോ വളര്‍ന്നിരിക്കുന്നു എന്ന്    പ്രസംഗം  വ്യക്തമാക്കുന്നു.മാത്രമല്ല കോണ്‍ഗ്രസ് പോരാട്ടത്തിന്‍റെ പാതയില്‍ ആയിരിക്കും എന്നദ്ദേഹം ഉറപ്പു നല്‍കുന്നു .ഗാന്ധിജിയെ  ഉദ്ധരിക്കുക മാത്രമല്ല  ആ പോരാട്ടത്തിലാണ്  തന്‍റെ പാര്‍ട്ടി  എന്ന് ഉറപ്പ് പറയുകയും ചെയ്യുന്നു അദ്ദേഹം .ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന്‍റെ സൂചകമാണ് .രാഹുല്‍ എന്ന നേതാവിന്‍റെ ശക്തമായ ഉദയം .വിജയിച്ചാലും ഇല്ലെങ്കിലും  ഒരു പോരാട്ട ശക്തിയായി പാര്‍ട്ടി  മുന്‍ നിരയില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനമായിരുന്നു അത്

 .

രാഹുല്‍ കോട്ടയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം 

രാഹുൽ ഗാന്ധിയുടെ ഇന്ത്യ മുന്നണി യോഗത്തിലെ പ്രസംഗം


"ഞാൻ 2004 മുതൽ കോൺഗ്രസ് പാർട്ടിയുടെ എംപിയാണ്. ഞാൻ എന്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇന്ത്യയിലെ മറ്റ് എല്ലാ പാർട്ടികളേക്കാളും അടിസ്ഥാനപരമായി വ്യത്യസ്തമായാണ് ഞങ്ങളുടെ പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്—ഇത് ഞാൻ വിനയത്തോടെ പറയുകയാണ്.എന്തുകൊണ്ട്? കാരണം ആധുനിക ഇന്ത്യ നിലവിലില്ലാതിരുന്ന കാലത്ത് ഈ പാർട്ടി ഒരു ചെറുത്തുനിൽപ്പ് പ്രസ്ഥാനമായിട്ടാണ് ആരംഭിച്ചത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷണവും ഉപയോഗിച്ച് ഇത് കെട്ടിപ്പടുത്തതല്ല. എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന ആശയത്തെ സംരക്ഷിക്കുന്ന ഒരു ചെറുത്തുനിൽപ്പ് പ്രസ്ഥാനമാണ് കോൺഗ്രസ് പാർട്ടി.

ആർഎസ്എസിന്റെ കാഴ്ചപ്പാടിന് ഞങ്ങൾ അടിസ്ഥാനപരമായി എതിരാണ്. ബിജെപിക്കോ ആർഎസ്എസിനോ ഒപ്പം നിൽക്കുകയോ അവരുമായി ഒത്തുതീർപ്പ് നടത്തുകയോ ചെയ്യുന്നതിനു മുൻപ് ഞങ്ങൾ മരിക്കും—ഞങ്ങൾ കോൺഗ്രസ് പാർട്ടിയിൽ മരിക്കും. അത് സംഭവിക്കാൻ ഞങ്ങൾക്ക് ജീവന്‍ തന്നെ  നല്‍കേണ്ടി വരും  . ആർഎസ്എസിനു മുന്നിൽ ഞങ്ങൾ തലകുനിക്കില്ല, ഞങ്ങളുടെ ജീവന്‍ അര്‍പ്പിക്കാന്‍ തയാര്‍ ആണെന്നു  പറയുന്ന ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ഈ രാജ്യത്തുണ്ടെന്ന് എനിക്കറിയാം.

ഈ ഗ്രൂപ്പിൽ ഒരു ആശയക്കുഴപ്പമുണ്ടെന്ന് പറയാൻ ഞാൻ ഖേദിക്കുന്നു. നിങ്ങളാണെങ്കിൽ—എസ് പി , ടിഎംസി, ആർജെഡി, തുടങ്ങിയവർ—നിങ്ങൾ ഇതുവരെ ഉപയോഗിച്ച രാഷ്ട്രീയ ഉപകരണങ്ങൾ ഇപ്പോഴും പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു എന്നതാണ് അത്  . ഇന്ത്യൻ ഭരണകൂടം അവർക്ക് പ്രവർത്തിക്കാൻ ഒരു നല്ല തലം ഒരുക്കി കൊടുത്തപ്പോൾ മാത്രമാണ് അവ പ്രവർത്തിച്ചത്. ആ തലം ഇപ്പോൾ നിലവിലില്ല. ബിജെപി ഭരണകൂടത്തിന്റെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നു. ബിജെപി നിയമ വ്യവസ്ഥയെ നിയന്ത്രിക്കുന്നു. ബിജെപി ഉദ്യോഗസ്ഥവൃന്ദത്തെ നിയന്ത്രിക്കുന്നു. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും നിയന്ത്രിക്കുന്നു.

അടുത്ത് തന്നെ മുന്‍പ്  പ്രവർത്തിച്ചിരുന്ന ആ കുറച്ച് ഉപകരണങ്ങൾ പോലും പ്രവർത്തിക്കാതെയാകും, കാരണം ബിജെപിയും ആർഎസ്എസും ഇന്ത്യൻ ഭരണകൂടത്തിലുള്ള തങ്ങളുടെ പിടി മുറുക്കുകയാണ്. നൂറിലധികം വർഷങ്ങൾക്കു മുൻപ് കോൺഗ്രസ് പാർട്ടിയും ഇതേ അവസ്ഥയാണ് നേരിട്ടത് .. 1927-നു മുൻപ് ഞങ്ങൾ ഒരു രാഷ്ട്രീയ സംഘടനയായിരുന്നു. ഗാന്ധിജി ഇന്ത്യക്ക്  സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ ദിവസം, ഞങ്ങൾ ഒരു ചെറുത്തുനിൽപ്പ് പ്രസ്ഥാനമായി മാറി.

രാഹുല്‍ ആന്‍ഡമനില്‍

രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, എന്ത് ചെയ്യാനാകും ? ചെറുത്തുനിൽപ്പ് ആണ് മാര്‍ഗം . ചെറുത്തുനിൽപ്പ് ഫലം കാണും.  എവിടെ ചെറുത്തുനിന്നാലും, അത് പ്രവർത്തിക്കും. എന്റെ സ്വന്തം കണ്ണുകൊണ്ട് ഞാൻ അത് കണ്ടിട്ടുണ്ട്. ഈ രാജ്യത്തുടനീളം ഞാൻ 4,000 കിലോമീറ്റർ നടന്നു. ചെറുത്തുനിൽപ്പ് പ്രവർത്തിക്കുന്നു എന്ന് കണ്ടറിഞ്ഞു . നിങ്ങൾക്ക് രാഷ്ട്രീയ രാസവിദ്യ  ആവശ്യമില്ല. നിങ്ങൾക്ക് ഉദ്യോഗസ്ഥവൃന്ദം ആവശ്യമില്ല. നിങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ ആവശ്യമില്ല. നിങ്ങൾ ചെറുത്തുനിൽക്കണം . അതായത് ഞാന്‍  അനീതി അനുവദിക്കില്ല എന്ന നിശ്ചയം ഉണ്ടാകണം . .

നിങ്ങൾ കരുതുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് വെല്ലുവിളി എന്നാണ്. അടുത്ത തിരഞ്ഞെടുപ്പിൽ നാം ഇതിനോടകം വിജയിച്ചു കഴിഞ്ഞു. ദയവായി മനസ്സിലാക്കുക: ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വളരെയധികം രോഷമുണ്ട്  , അടുത്ത തിരഞ്ഞെടുപ്പ് ഇതിനോടകം വിജയിച്ചു   കഴിഞ്ഞു. പ്രശ്നം ആർഎസ്എസ് ഇന്ത്യൻ ഭരണകൂടത്തിന്റെ ഉപകരണങ്ങളെ പിടിച്ചടക്കിയതാണ്. പ്രശ്നം നിങ്ങൾക്ക് വിജയിക്കാൻ ഒരു സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നതാണ്.

അതുകൊണ്ട് നമ്മൾ ചെറുത്തുനിൽപ്പിന്റെ രീതിയിലേക്ക് പോകണം. ചെറുത്തുനിൽപ്പ് CRST ആണ്. ചെറുത്തുനിൽപ്പ് NFPT ആണ്. ചെറുത്തുനിൽപ്പ് ഗ്രേറ്റ് നിക്കോബാറിലേക്ക് പോകുകയാണ്. ചെറുത്തുനിൽപ്പ് ഭാരത് ജോഡോ യാത്രയാണ്. നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ ചോദിക്കുന്നു: എനിക്ക് എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും? നിങ്ങൾ എഴുന്നേൽക്കുമ്പോൾ പറയുന്നു: ഞാൻ ചെറുത്തുനിൽക്കും. അത് പ്രവർത്തിക്കും. അത് പ്രവർത്തിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

എങ്ങനെ മുന്നോട്ട് പോകണം എന്നത് വളരെ ലളിതമാണ്. നമ്മൾ ഒരു പ്രത്യേക ആശയത്തിൽ നിന്ന് അകന്നുനിൽക്കണം. മമതാജിക്ക് 100% ഉറപ്പില്ല, പക്ഷേ അവരുടെ തിരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടുവെന്ന് അവർക്ക് ഏകദേശം 90% ഉറപ്പുണ്ട്. ഉദ്ധവ് ജിക്ക് തങ്ങളുടെ തിരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടുവെന്ന് 40% ഉറപ്പുണ്ട്. എന്റെ സഹോദരൻ തേജസ്വി ജിക്ക് 40% ഉറപ്പുണ്ട്. 100% തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുകയാണ്. ദയവായി നിങ്ങളുടെ മനസ്സിൽ നിന്ന് സംശയങ്ങൾ ഒഴിവാക്കുക. കൂടാതെ, ഒരു സോഷ്യൽ മീഡിയ സാന്നിധ്യം കെട്ടിപ്പടുക്കാൻ വർഷങ്ങളെടുക്കുമെന്ന് ദയവായി മനസ്സിലാക്കുക, ഒരാഴ്ചകൊണ്ട് അത് സ്വാഭാവികമായി സംഭവിക്കില്ല. എനിക്ക് 10 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്സ് ഉണ്ട്, പക്ഷേ എന്റെ അക്കൗണ്ട് പൂർണ്ണമായും അടിച്ചമർത്തപ്പെട്ടിരിക്കുന്നു. അതിനാൽ സോഷ്യൽ മീഡിയ നീതിയുക്തമാണെന്നും പ്രതിപക്ഷത്തെ അത് പിന്തുണയ്ക്കുന്നുണ്ടെന്നും നിങ്ങൾ ധരിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ മറ്റൊരു യാഥാർത്ഥ്യത്തിലാണ് ജീവിക്കുന്നത്. മുഴുവൻ ഘടനയും—മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, നിയമ വ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം, രഹസ്യാന്വേഷണ ഏജൻസികൾ—ഈ സർക്കാരിനെ അധികാരത്തിൽ നിലനിർത്താൻ വേണ്ടി അണിനിരന്നിരിക്കുന്നു.

എന്നാൽ ഈ സർക്കാർ അതിജീവിക്കില്ല, കാരണം അത് നമ്മുടെ ജനാധിപത്യത്തെ തകർത്തു. അത് ഇന്ത്യൻ ജനതയുടെ ഭാവിയെ തകർത്തു. ഇറാനിലെ സംഭവ വികാസങ്ങള്‍ക്ക് ശേഷം  എല്ലാം  അനിയന്ത്രിതമാണ്, അത് ജനങ്ങളെ അണിനിരത്താൻ നമുക്കുവേണ്ടി ഒരു ഇടം സൃഷ്ടിക്കാൻ പോകുന്നു."

രാഹുലിന്റെ മുന്നിലുള്ള വെല്ലുവിളികള്‍

ഘനഗംഭീരമായ പ്രസംഗം ആണ് രാഹുല്‍ നടത്തിയത് .പക്ഷെ ഓരോ സംസ്ഥാനവും സംഘടനയും സംഖ്യ കക്ഷികളും മുന്നണി  വിടുക ആണെന്നതാണ് യാഥാര്‍ത്ഥ്യം.ഭരണ ഘടനയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചു ബി ജെ പി നടത്തുന്ന ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ചെറിയ ഒരു ശക്തി മാത്രം ആണെന്നതാണ് വാസ്തവം

എങ്കിലും പ്രതീക്ഷകള്‍ ഉണ്ട് . തമിഴ് നാട്ടില്‍ ടി വി കെയുടെ ഉദയം അത്നല്‍കുന്നുണ്ട് .ഒന്നും അല്ലാതിരുന്ന  കോക്രോച് ജനത പാര്‍ട്ടിയുടെ  ഉദയം അത് നല്‍കുന്നുണ്ട് .

ആന്‍ഡമാനില്‍ ആണെങ്കിലും കോട്ടയിലെ നീറ്റു വിരുദ്ധ യുദ്ധങ്ങളില്‍ ആണെങ്കിലും  ഉയരുന്ന  പ്രതിഷേധം ഒരു സൂചനയായി എടുത്താല്‍ രാഹുല്‍ സ്വയം ചെറുത്തു  മുന്നേറുകയാണ് എന്ന് മനസ്സിലാകും . ആര്‍ക്കും വിജയം തീറു നല്കിയിട്ടില്ല എന്നതാണല്ലോ ജനാധിപത്യത്തിന്‍റെ  മാധുര്യം . 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക