Image

ആതിഥേയര്‍ മൂന്നും നോക്കൗട്ട് റൗണ്ടില്‍ (സനില്‍ പി. തോമസ്)

Published on 26 June, 2026
ആതിഥേയര്‍ മൂന്നും  നോക്കൗട്ട് റൗണ്ടില്‍ (സനില്‍ പി. തോമസ്)

ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യ റൗണ്ടിലെ 60 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ മെക്‌സിക്കോയും യു.എസും കാനഡയും നോക്കൗട്ട് റൗണ്ടില്‍ കടന്നു. 72 മത്സരങ്ങളാണ് ആദ്യ റൗണ്ടില്‍. ശേഷിച്ച 12 മത്സരങ്ങള്‍ 27നും 28നുമായി പൂര്‍ത്തിയാകും. 48 രാജ്യങ്ങള്‍ മത്സരിക്കുന്ന ഫിഫ ലോകകപ്പ് 2026 ല്‍ യോഗ്യതാ റൗണ്ട് കളിക്കാതെ ആതിഥേയര്‍ എന്ന ലേബലില്‍ എത്തിയവരാണ് മെക്‌സിക്കോയും യു.എസും കാനഡയും. ആദ്യ റൗണ്ട് കടന്നതോടെ ഏവര്‍ അഭിമാനം കാത്തു.

ഗ്രൂപ്പ് 'എ' യില്‍ മൂന്നു മത്സരങ്ങളും ജയിച്ച് ഒന്‍പതു പോയിന്റുമായാണ് മെക്‌സിക്കോ റൗണ്ട് ഓഫ് 32 ല്‍ എത്തിയത്. മൂന്നാം മത്സരത്തില്‍ അവര്‍ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. ഗ്രൂപ്പ് 'ബി' യില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കാനഡ അടുത്ത ഘട്ടത്തിലേക്കു കടന്നത്. ഒരു ജയവും രണ്ടു സമനിലയുമായി കാനഡയ്ക്ക് നാലു പോയിന്റുണ്ട്. മൂന്നാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാനഡയെ തോല്‍പിച്ചു(2-1).
ഗ്രൂപ്പ് 'ഡി' യില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച് നോക്കൗട്ട് ഉറപ്പിച്ച യു.എസ്. മൂന്നാം മത്സരത്തില്‍ തുര്‍ക്കിയോട് പൊരുതിത്തോററു(2-3). നോക്കൗട്ട് മത്സരങ്ങള്‍ 29ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 00.30ന് തുടങ്ങും. നോക്കൗട്ട് ഘട്ടത്തില്‍ അതത്  ദിവസത്തെ കളി മികവ് നിര്‍ണ്ണായകമാകും. അട്ടിമറി സാധ്യതയേറെയാണ്.

കിരീട സാധ്യത കല്പിക്കുന്ന ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, ഫ്രാന്‍സ്, നോര്‍വേ, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ റൗണ്ട് ഓഫ് 32 ല്‍ എത്തിയിട്ടുണ്ട്. ജപ്പാന്‍, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക, മൊറോക്കോ, കൊളംബിയ, ബോസ്‌നിയ തുടങ്ങിയ ടീമുകളും അടുത്ത റൗണ്ടില്‍ കളിക്കും. പ്രമുഖരില്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, ഘാന, ഈജിപ്ത്, പോര്‍ച്ചുഗല്‍ ടീമുകള്‍ രണ്ടു മത്സരങ്ങളില്‍ നിന്നു നാലു പോയിന്റുമായി നോക്കൗട്ട് സാധ്യത നിലനിര്‍ത്തുന്നു.
ഇക്വഡോര്‍ ജര്‍മ്മനിയെ മൂന്നാം മത്സരത്തില്‍ ഞെട്ടിച്ചു(2-1). ദക്ഷിണാഫ്രിക്ക ദക്ഷിണകൊറിയയ്‌ക്കെതിരെ അട്ടിമറി വിജയം നേടി(1-0).

നെയ്മര്‍ കൂടി കളത്തിലിറങ്ങിയതോടെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നു കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാരനായി എഴുപത്താറാം മിനിറ്റിലാണ് നെയ്മര്‍ കളത്തിലിറങ്ങിയത്. പരുക്കുകള്‍ മാറിമാറി അലട്ടിയ നെയ്മര്‍ 981 ദിവസത്തിനു ശേഷമാണ് ബ്രസീല്‍ ദേശീയ ടീമില്‍ കളിച്ചത്. പാനമയ്‌ക്കെതിരായ മത്സരത്തിനിറങ്ങഇയ ക്രൊയേഷ്യയുടെ ലൂക്കോ മോഡ്രിച്ചിന് 200 രാജ്യാന്തര മത്സരങ്ങള്‍ ആയി.
ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും ഫോമിലെത്തിയെന്നത് ഫുട്‌ബോള്‍ പ്രേമികളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. ആദ്യ റൗണ്ടിൽ സമനിലയ്ക്കായി പൊരുതിയ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളൊക്കെ നോക്കൗട്ട് റൗണ്ടില്‍ ആക്രമിച്ചു കളിക്കും. പക്ഷേ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ആരാധിക്കുന്ന ഭൂരിപക്ഷം മലയാളികള്‍ക്ക് ഇനിയുള്ള മത്സരങ്ങളിലെ അട്ടിമറികള്‍ സഹിക്കാവുന്നതിന് അപ്പുറമായിരിക്കും. അതുണ്ടാകരുതെന്നാണു അവര്‍ ആഗ്രഹിക്കുക. കാത്തിരിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക