Image

എയർ ഇന്ത്യ 'കനിഷ്ക' വിമാന ദുരന്തം: ബോംബ് വച്ചത് ഖലിസ്ഥാൻ ഭീകരർ ; ആദ്യമായി തുറന്നുസമ്മതിച്ച് കാനഡ

Published on 26 June, 2026
എയർ ഇന്ത്യ 'കനിഷ്ക' വിമാന ദുരന്തം: ബോംബ് വച്ചത് ഖലിസ്ഥാൻ ഭീകരർ ; ആദ്യമായി തുറന്നുസമ്മതിച്ച് കാനഡ


ഓട്ടവ: ലോകത്തെ നടുക്കിയ 1985-ലെ എയർ ഇന്ത്യ 'കനിഷ്ക' വിമാന ദുരന്തത്തിന് പിന്നിൽ കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരാണെന്ന് ആദ്യമായി ഔദ്യോഗികമായി തുറന്നുസമ്മതിച്ച് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി. ദുരന്തം നടന്ന് 41 വർഷങ്ങൾക്ക് ശേഷമാണ് കാനഡയുടെ പ്രധാന രഹസ്യാന്വേഷണ വിഭാഗമായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) ഈ കാര്യം പരസ്യമായി വ്യക്തമാക്കുന്നത്.

ഭീകരവാദത്തിന്റെ ഇരകളെ ഓർമിക്കുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയിലാണ് കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന് ഏജൻസി വ്യക്തമാക്കിയത്.

329 പേരുടെ ജീവൻ നഷ്ടപ്പെട്ട ഈ ദുരന്തം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണമായി ഇന്നും തുടരുകയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. മുൻപത്തെ ഔദ്യോഗിക പ്രസ്താവനകളിലെല്ലാം "സിഖ് തീവ്രവാദികൾ" എന്ന് മാത്രം പൊതുവായി വിശേഷിപ്പിച്ചിരുന്ന കാനഡ, ചരിത്രത്തിലാദ്യമായാണ് 'ഖാലിസ്താൻ പ്രസ്ഥാനത്തിന്റെ' പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത്.

''1985 ജൂൺ 23-ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദികൾ വിമാനത്തിൽ ചതിച്ചുവെച്ച ബോംബാണ് എയർ ഇന്ത്യ ഫ്ലൈറ്റ് 182 തകർത്തത്. വിമാനത്തിലുണ്ടായിരുന്ന 329 പേരും ഈ ഹീനമായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഭീകരാക്രമണമാണിത്." കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് വ്യക്തമാക്കുന്നു.

 വലിയ നയതന്ത്ര മാറ്റത്തിന്റെ സൂചന നൽകി നിലവിലെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കാനഡ അക്രമ രാഷ്ട്രീയത്തിന് എതിരാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക