
മലയാള സിനിമാലോകത്തിന്റെ അണിയറകളിലേക്കും അതിന്റെ സങ്കീർണ യാഥാർഥ്യങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ശ്രദ്ധേയ ചിത്രം മോളിവുഡ് ടൈംസ് ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. രാമു സുനിൽ തിരക്കഥയൊരുക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ചിരിക്കുന്നു.
തന്റെ ആദ്യ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടണമെന്ന് സ്വപ്നം കാണുന്ന വിനീത് മാധവന്റെ കഥയാണ് ചിത്രം പറയുന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള യാത്രയിൽ അയാൾ നേരിടുന്ന വെല്ലുവിളികളും, സിനിമാലോകത്തിന്റെ രാഷ്ട്രീയവും, സംഘർഷങ്ങളും, വ്യക്തിപരമായ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നസ്ലെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷറഫുദീൻ, വിനീത് ശ്രീനിവാസൻ, സംഗീത പ്രതാപ്, പ്രശാന്ത് അലക്സാണ്ടർ, ജഗദീഷ്, ചന്ദു സലിംകുമാർ, ഗോപിക രമേഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ബേസിൽ ജോസഫ് അതിഥി വേഷത്തിലും എത്തുന്നുണ്ട്. വിശ്വജിത് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിധിൻ രാജ് അറോൾ, അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് മോളിവുഡ് ടൈംസ് സ്ട്രീം ചെയ്യുന്നത്. മോളിവുഡ് ടൈംസ് ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മറക്കാതെ കാണുക.