
ഷിക്കാഗോ: ഷിക്കാഗോയില്‍ ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന PCNAK (Pentecostal Conference of North American Keralites) 2026-ന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്. രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതോടൊപ്പം താമസം, ഭക്ഷണം, ഗതാഗതം, സന്നദ്ധസേവകരുടെ ഏകോപനം എന്നിവ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യപ്രമേയം 'Generation to Generation' (തലമുറയില്‍ നിന്ന് തലമുറയിലേക്ക്) എന്നതാണ്. കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സെഷനുകള്‍, ആത്മീയ ശുശ്രൂഷകള്‍, ആരാധനാ സമ്മേളനങ്ങള്‍, ബൈബിള്‍ പഠനങ്ങള്‍, സ്ത്രീകളുടെ പ്രത്യേക സമ്മേളനം, ഇംഗ്ലീഷ് സെഷനുകള്‍, സംഗീത ശുശ്രൂഷകള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

ഷിക്കാഗോയിലെ Renaissance Schaumburg Convention Center-ലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സഭകളില്‍ നിന്നുള്ള വിശ്വാസികള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുന്നതായും അവസാന ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണെന്നും അവര്‍ അറിയിച്ചു.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരെ വിവിധ കമ്മിറ്റികളായി വിന്യസിച്ചിട്ടുണ്ടെന്നും ആത്മീയ നവീകരണത്തിനും സഭാ ഐക്യത്തിനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായിരിക്കും ഇത്തവണത്തെ PCNAK സമ്മേളനമെന്നും സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.