Image

മാര്‍പ്പാപ്പയ്ക്ക് പ്രതിസന്ധിയായി വിമത വിഭാഗത്തിന്റെ തീവ്ര വലതുപക്ഷ മെത്രാഭിഷേകം (എ.എസ് ശ്രീകുമാര്‍)

Published on 26 June, 2026
മാര്‍പ്പാപ്പയ്ക്ക് പ്രതിസന്ധിയായി വിമത വിഭാഗത്തിന്റെ തീവ്ര വലതുപക്ഷ മെത്രാഭിഷേകം (എ.എസ് ശ്രീകുമാര്‍)

സ്വന്തം നിലയില്‍ ബിഷപ്പുമാരെ വാഴിക്കാനുള്ള തീവ്ര വലതുപക്ഷ കത്തോലിക്കാ വിഭാഗമായ 'സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍തി'ന്റെ (എസ്.എസ്.പി.എക്‌സ്) തീരുമാനം ആഗോള കത്തോലിക്ക സഭയ്ക്കും ലിയോ പതിനാലാമന്‍ മാര്‍പാപ്പായ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വത്തിക്കാന്റെ അനുമതിയില്ലാതെ ജൂലൈ ഒന്നാം തീയതി മെത്രാഭിഷേകം നടത്തനാണ് വിമതരുടെ നീക്കം. വത്തിക്കാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുന്ന ഈ സംഭവം അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള വലതുപക്ഷ-പരമ്പരാഗത കത്തോലിക്കരുമായി കത്തോലിക്കാ സഭയ്ക്കുള്ള വിയോജിപ്പുകള്‍ കൂടുതല്‍ വഷളാക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് വത്തിക്കാനും പരമ്പരാഗത വാദികളായ വലതുപക്ഷ കത്തോലിക്കാ വിഭാഗങ്ങളും രണ്ട് ചേരിയായിരിക്കുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്നതിനായി 1970-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ രൂപീകരിക്കപ്പെട്ട എസ്.എസ്.പി.എക്‌സിന് യു.എസ്.എ, ഫ്രാന്‍സ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ വലിയ അനുയായികളുണ്ട്. യു.എസിലെ കന്‍സാസ് കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന അവകാശപ്പെടുന്നത് ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ കുര്‍ബാനകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഈ കണക്കുകള്‍ സ്ഥിരീകരിക്കുക പ്രയാസമാണ്. ഏതാണ്ട് 1500-ഓളം വൈദികരും വൈദിക വിദ്യാര്‍ത്ഥികളും മറ്റ് സന്യാസികളും മാത്രമേ ഈ കൂട്ടായ്മയിലുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കത്തോലിക്കാ സഭയെ സജ്ജമാക്കുകയെന്നതായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ലക്ഷ്യം. വ്യാപകമായ ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി കുര്‍ബാനയിലും മറ്റ് പ്രാര്‍ത്ഥനകളിലും അതുവരെ ഉപയോഗിച്ചിരുന്ന ലാറ്റിന്‍ ഭാഷയ്ക്ക് പകരം പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കുര്‍ബാനയര്‍പ്പണ സമയത്ത് പുരോഹിതന്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന രീതിയിലേക്ക് ആരാധനാക്രമം പരിഷ്‌കരിച്ചു. മറ്റ് ക്രൈസ്തവ സഭകളുമായും ക്രിസ്ത്യന്‍ ഇതര മതങ്ങളുമായും ഉള്ള ബന്ധം മെച്ചപ്പെടുത്തി. ഈ പരിഷ്‌കാരങ്ങളെ എതിര്‍ത്തുകൊണ്ടാണ് എസ്.എസ്.പി.എക്‌സ് സ്ഥാപിതമായത്.

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികരിച്ചത് ഇങ്ങനെ: ''സഭയ്ക്കുള്ളില്‍ ഐക്യത്തോടെ ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം, ഈ നീക്കത്തില്‍ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു അഭ്യര്‍ത്ഥന കൂടി നടത്തുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ സഭയിലെ പിളര്‍പ്പിലേക്ക് നയിക്കുന്ന ഈ പാതയില്‍ മുന്നോട്ട് പോകണോ വേണ്ടയോ എന്നത് അവരുടെ മാത്രം തീരുമാനമാണ്...'' അവര്‍ ആ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, എനിക്ക് ഖേദമുണ്ട്, എങ്കിലും നമുക്ക് മുന്നോട്ട് പോയേ തീരൂഎന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

കാനന്‍ നിയമപ്രകാരം വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിക്കുന്നത് വേഗത്തിലുള്ള പുറത്താക്കല്‍ അഥവാ ഭ്രഷ്ട് കല്‍പ്പിക്കുന്നതിന് കാരണമാകുന്ന കുറ്റമാണ്. നിലവില്‍ വത്തിക്കാനും എസ്.എസ്.പി.എക്‌സും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പതിറ്റാണ്ടുകളായി തര്‍ക്കങ്ങളും ചര്‍ച്ചകളും അനുരഞ്ജന ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇപ്പോള്‍ രണ്ട് ഫ്രഞ്ച് പൗരന്മാരും ഒരു സ്വിസ് പൗരനും ഒരു അമേരിക്കക്കാരനും ഉള്‍പ്പെടെ നാല് പുതിയ ബിഷപ്പുമാരെ വാഴിക്കാനുള്ള തങ്ങളുടെ തീരുമാനം പ്രായോഗിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമാണെന്നും, വത്തിക്കാന് സമാന്തരമായി മറ്റൊരു അധികാരം സ്ഥാപിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്നുമാണ് എസ്.എസ്.പി.എക്‌സിന്റെ ന്യായീകരണം.

1988-ല്‍ എസ്.എസ്.പി.എക്‌സ് ബിഷപ്പുമാരെ വാഴിച്ചപ്പോള്‍, വത്തിക്കാന്‍ ഈ ചടങ്ങില്‍ പങ്കെടുത്ത സംഘടനയുടെ സ്ഥാപകനായ മാര്‍സെല്‍ ലെഫെബ്രെ ഉള്‍പ്പെടെ എല്ലാവരെയും സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ 2009-ല്‍, യാഥാസ്ഥിതിക നിലപാടുകാരനായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ കത്തോലിക്കാ സഭയിലെ പരമ്പരാഗത ലാറ്റിന്‍ കുര്‍ബാനയ്ക്ക് അനുമതി നല്‍കുകയും ഇവരുടെ പുറത്താക്കല്‍ നടപടി പിന്‍വലിക്കുകയും ചെയ്തു. പരമ്പരാഗത കത്തോലിക്കര്‍ താല്പര്യപ്പെടുന്നതും എന്നാല്‍ നിലവില്‍ പ്രാദേശിക ഭാഷകളിലുള്ള ആരാധനക്രമം വന്നതോടെ വിരളമായതുമാണ് 'ലാറ്റിന്‍ കുര്‍ബാന'. എസ്.എസ്.പി.എക്‌സ് ലാറ്റിന്‍ കുര്‍ബാന മാത്രമേ നടത്താറുള്ളൂ. കൂടാതെ കടുത്ത ലിംഗവിവേചനപരമായ നിലപാടുകളും ഇവര്‍ക്കുണ്ട്. സ്ത്രീകള്‍ പാന്റ്‌സ് ധരിക്കുന്നത് ഇവര്‍ പ്രോത്സാഹിപ്പിക്കാറില്ല, സഭയില്‍ വരുമ്പോള്‍ തല മറയ്ക്കുകയും വേണം.

ഇതിനിടെ പിന്നീട് വന്ന  ഉദാരമനസ്‌കനായ ഫ്രാന്‍സിസ് മാര്‍പാപ്പ എസ്.എസ്.പി.എക്‌സുമായുള്ള ചര്‍ച്ചകള്‍ക്കായി 30 വര്‍ഷം മുമ്പ് രൂപീകരിച്ച കമ്മീഷന്‍ നിര്‍ത്തലാക്കുകയാണുണ്ടായത്. എങ്കിലും, വിവാഹം, പാപസങ്കീര്‍ത്തനം എന്നിവയ്ക്കുള്ള ഈ കൂട്ടായ്മയുടെ കൂദാശകള്‍ സാധുവാണെന്ന് അംഗീകരിക്കുന്ന അസാധാരണമായ തീരുമാനം അദ്ദേഹം എടുത്തിരുന്നു. 1962-1965 കാലഘട്ടത്തില്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച പരിഷ്‌കരണ നിയമങ്ങളെ എസ്.എസ്.പിഎക്‌സ് പൂര്‍ണ്ണമായി തള്ളിക്കളയുന്നു. ലാറ്റില്‍ കുര്‍ബാന ഉള്‍പ്പെടെ ആധുനിക കത്തോലിക്കാ സഭയുടെ അടിസ്ഥാന ശിലകളാണ് ഈ നിയമങ്ങളെന്ന് അവര്‍ വാദിക്കുന്നു.

വിവിധ ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള ഐക്യം, സാര്‍വത്രിക മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, മറ്റ് ലോകമതങ്ങളുടെ പഠനങ്ങളിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് അംഗീകരിച്ചിരുന്നു. കൂടാതെ യഹൂദ വിരുദ്ധതയെ അപലപിക്കുകയും, യേശുക്രിസ്തുവിന്റെ മരണത്തിന്റെ കൂട്ടായ ഉത്തരവാദിത്തം യഹൂദ ജനതയ്ക്കുമേല്‍ കെട്ടിവെക്കുന്ന നിലപാടിനെ തള്ളിക്കളയുകയും ചെയ്തിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പരിഷ്‌കാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മതവിരുദ്ധമാണെന്നാണ് എസ്.എസ്.പി.എക്‌സ് വിശ്വസിക്കുന്നത്. തങ്ങളുടെ ഈ നിലപാടില്‍ മാറ്റം വരുത്താന്‍ അവര്‍ തയ്യാറുമല്ല. വത്തിക്കാന്‍ ഇവരെ സഭയില്‍ നിന്ന് പുറത്താക്കിയാല്‍, ഈ സംഘടനയില്‍ അംഗങ്ങളല്ലാത്ത എന്നാല്‍ ഇവരുടെ ചില ആശയങ്ങളോട് യോജിക്കുന്ന മറ്റ് യാഥാസ്ഥിതിക കത്തോലിക്കര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതാണ് ആശങ്കയുണ്ടാക്കുന്ന ചോദ്യം.

രാഷ്ട്രീയവും മതപരവുമായ വിയോജിപ്പുകളുടെ പേരില്‍ വത്തിക്കാനുമായി ഏറ്റുമുട്ടാന്‍ വലതുപക്ഷ കത്തോലിക്കര്‍ കൂടുതല്‍ തയ്യാറെടുക്കുന്ന സമയത്താണ് ഈ തര്‍ക്കം മുറുകുന്നത്. അമേരിക്കയിലെ സ്വാധീനമുള്ള കത്തോലിക്കാ അംഗങ്ങളില്‍ ഭൂരിഭാഗവും യാഥാസ്ഥിതികരും സമ്പന്നരുമാണ്. കുടിയേറ്റം, വിദേശനയം തുടങ്ങിയ വിഷയങ്ങളില്‍ വത്തിക്കാന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നിട്ടും ഇവര്‍ ട്രംപ് ഭരണകൂടത്തെ പിന്തുണച്ചിരുന്നു.

എസ്.എസ്.പി.എക്‌സിന്റെ സ്ഥാപകനായ മാര്‍സെല്‍ ലെഫെബ്രെ കമ്മ്യൂണിസം, കോളനിവല്‍ക്കരണ വിരുദ്ധത, മതേതരത്വം എന്നിവയെ ശക്തമായി എതിര്‍ത്ത ഒരു ഫ്രഞ്ച് രാജാധിപത്യ അനുകൂലിയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാന രേഖകള്‍ക്കെതിരെ വോട്ട് ചെയ്ത ചുരുക്കം ചില ബിഷപ്പുമാരില്‍ ഒരാളായിരുന്നു അദ്ദേഹം. 1991-ലാണ് അദ്ദേഹം അന്തരിച്ചത്. യഹൂദ വിരുദ്ധതയുടെയും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെയും പേരില്‍ ഈ സംഘടന പലപ്പോഴും ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. 1989-ല്‍ നാസി അനുകൂലിയും യുദ്ധക്കുറ്റവാളിയുമായ പോള്‍ തൗവിയര്‍ ഫ്രാന്‍സിലെ ഒരു എസ്.എസ്.പി.എക്‌സ് ആശ്രമത്തില്‍ വെച്ചാണ് അറസ്റ്റിലായത്. എന്നാല്‍, യഹൂദ ജനതയോടുള്ള വംശീയ വിദ്വേഷം കാരണമുള്ള യഹൂദ വിരുദ്ധത തങ്ങള്‍ പഠിപ്പിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ലെന്നും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നുമാണ് എസ്.എസ്.പി.എക്‌സ് പറയുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക