Image

ശ്വേതയോടും അന്‍സിബയോടുമെല്ലാം സംസാരിച്ചു, രാജിവെച്ചവരെ അമ്മയിലേക്ക് തിരിച്ചെത്തിക്കും -രമേഷ് പിഷാരടി

Published on 26 June, 2026
 ശ്വേതയോടും അന്‍സിബയോടുമെല്ലാം സംസാരിച്ചു, രാജിവെച്ചവരെ അമ്മയിലേക്ക് തിരിച്ചെത്തിക്കും -രമേഷ് പിഷാരടി


താരസംഘടനയായ 'അമ്മ'യില്‍ (AMMA) നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഘടനയില്‍ നിന്ന് രാജിവെച്ചു പോയവരെ തിരികെ കൊണ്ടുവരാനുള്ള സജീവമായ ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് രമേഷ് പിഷാരടി 
എം.എല്‍.എ വ്യക്തമാക്കി. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് എല്ലാവരെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് നിലവില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


രാജിവെച്ച അംഗങ്ങളെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ശ്വേതാ മേനോന്‍, അന്‍സിബ, മല്ലികാ സുകുമാരന്‍ തുടങ്ങിയവരുമായി നേരിട്ട് സംസാരിച്ചുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുമായും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓരോരുത്തര്‍ക്കും സംഘടന വിട്ടുപോകാന്‍ ഇടയാക്കിയ പ്രശ്‌നങ്ങള്‍ എന്താണെന്ന് ആഴത്തില്‍ മനസ്സിലാക്കാനും അവയ്ക്ക് ഉചിതമായ പരിഹാരം കാണാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


അഡ്‌ഹോക് കമ്മിറ്റിയെന്നാല്‍ സാങ്കേതികമായി ഒരു കടലാസ് കമ്മിറ്റിയാണ്. ഏറ്റവും അടുത്തുതന്നെ തിരഞ്ഞെടുപ്പുനടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുകയാണ്  അതിന്റെ പ്രധാന ഉത്തരവാദിത്തം. അഡ്‌ഹോക്ക് കമ്മിറ്റി കഴിഞ്ഞദിവസം ആദ്യത്തെ യോഗംചേര്‍ന്നിരുന്നു. അതില്‍ കുറച്ച് തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വളരെ കുറച്ചാളുകളേ ഉള്ളുവെങ്കിലും എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ. അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ മാനസികമായ വേദനയുണ്ട്. വ്യക്തിപരമായ ആരോപണങ്ങളിലും തര്‍ക്കങ്ങളിലും സാധ്യമായ രീതിയില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തും.

അഡ്‌ഹോക് കമ്മിറ്റിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി വൈകാതെ തന്നെ ഒരു സ്ഥിരം കമ്മിറ്റി നിലവില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും പുതിയ കമ്മിറ്റി വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കൃത്യമായി മുന്നോട്ട് 
പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക