Image

ഖുശ്ബുവിന്റെ മകളുടെ വിവാഹം:താരസാന്നിധ്യമായി തൃഷയും ചിരഞ്ജീവിയും, ശ്രദ്ധേയമായി വിജയ്യുടെ അസാന്നിധ്യം

Published on 26 June, 2026
ഖുശ്ബുവിന്റെ മകളുടെ വിവാഹം:താരസാന്നിധ്യമായി തൃഷയും ചിരഞ്ജീവിയും, ശ്രദ്ധേയമായി വിജയ്യുടെ അസാന്നിധ്യം


നടി ഖുശ്ബു സുന്ദറിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മൂത്ത മകള്‍ അവന്തിക സുന്ദറിന്റെ വിവാഹം ഗോവയിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ വെച്ച് നടന്നു.  ശ്രാവണ്‍ ശ്രീനിവാസനാണ് അവന്തികയുടെ വരന്‍. സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ഈ വിവാഹ ചടങ്ങ് താരസമ്പന്നമായ ഒരു ആഘോഷമായി മാറി. ഖുശ്ബുവിനും സുന്ദര്‍ സിക്കും അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകള്‍ കൂടി ഉണ്ട്.

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന അക്കിനേനി, വെങ്കിടേഷ് എന്നിവരും അമല അക്കിനേനി, തൃഷ കൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ ചെന്നൈയിലെ 
വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിവാഹ ചടങ്ങില്‍ പങ്കെടുത്തില്ല. പ്രമുഖ താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.


ബോളിവുഡില്‍ നിന്നും ജാക്കി ഷ്രോഫ്, അനില്‍ കപൂര്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്ത് അതിഥികളുമായി സംവദിച്ചു. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വേഷമായ മുണ്ടും വേഷ്ടിയും  ധരിച്ചാണ് താരങ്ങള്‍ ചടങ്ങില്‍ എത്തിയത് എന്നത് ശ്രദ്ധേയമായി. താരങ്ങളുടെ ഈ ലളിതവും മനോഹരവുമായ ലുക്ക് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

വിവാഹത്തിന് മുന്നോടിയായി ഖുശ്ബുവും സുന്ദര്‍ സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ക്ഷണം നല്‍കിയിരുന്നു. ദില്ലിയില്‍ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും പ്രധാനമന്ത്രിയുടെ അനുഗ്രഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

വിവാഹ ചടങ്ങിനിടെ തെന്നിന്ത്യന്‍ താരം തൃഷ സൂപ്പര്‍ താരം ചിരഞ്ജീവിയുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചിരിക്കുന്ന വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 80-കളിലെ പ്രമുഖ താരങ്ങളെല്ലാം ഒരേ ഫ്രെയിമില്‍ എത്തിയ ഈ വിവാഹ ചടങ്ങ് സിനിമാ പ്രേമികള്‍ക്ക് ഒരു വലിയ വിരുന്നായി മാറി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക