
വീണ പാടുമ്പോൾ
വിങ്ങിപ്പൊട്ടുന്ന
താളക്കുടത്തിന്റെ ചാരെ
വിഹ്വല മാൻമിഴി
കോണിലൊളിപ്പിച്ച
പട്ടിണിപ്പാട്ട് ഞാൻ കേട്ടു :
മാളോന്മാരെ,
മണിമേടക്കുള്ളിലെ
മാടമ്പിമാരെ കനിയേണമേ !
ചാളയിൽ വാടി യുറങ്ങും കിടാങ്ങൾക്കായ്
നാഴിയരി തരേണേ !
മണ്ണില്ല മോഹങ്ങൾ
നട്ടു വളർത്തുവാൻ
നന്മ മരങ്ങളുമില്ല.
വന്നു പോകുന്നു
കൊടി വച്ച കാറുകൾ
പൊള്ള വാഗ്ദാനങ്ങൾ പേറി ?
വിൽക്കുവാൻ പെൺമേനി
യുണ്ടെങ്കിൽ വിപ്ലവ
സംസ്ക്കാര നായകരെത്തും !
കുത്തിക്കുറിക്കുമാ നിമ്ന്നോന്നതങ്ങളിൽ
അക്കാദമിപ്പുകൾ കാവ്യം !
ആരോ വിളിച്ചു
കൂവുന്നുണ്ട് മാനവ
സ്വാതന്ത്ര്യ മുന്നേറ്റ ഗാഥ ?
ആരെയും വീശി
വലയിൽ കുടുക്കുന്ന
മേലാളർ വീണ്ടും ഭരിക്കും !