Image

അസംബന്ധാവലി (കവിത: വേണു നമ്പ്യാർ)

Published on 26 June, 2026
അസംബന്ധാവലി (കവിത: വേണു നമ്പ്യാർ)

സ്വന്തം കിണർ വഴി
പാൽക്കടലിലേക്കു പ്രവേശിക്കാമൊ
പുതിയ ആകാശം കാണാം.

2

ആകാശം നീലക്കടലാകുമെങ്കിൽ
മേഘങ്ങൾ വെൺതിരകളാകുമെങ്കിൽ
നക്ഷത്രകന്യാവനങ്ങളിൽ
നമ്മളുമൊരു പൊൻതോണിയിറക്കും
ഈരേഴുപതിനാലു രാവുകൾ 
ചുമ്മാ ഒന്ന് ചുറ്റിക്കറങ്ങുവാൻ.

3

നീ ചമത്ക്കാരമെങ്കിൽ
ഞാൻ അലങ്കാരം
നമുക്കിടയിൽ നഷ്ടപ്പെട്ടത്
എഴുതപ്പെടാത്ത
ഒരു പ്രണയകവിതയൊ?

4

സംബന്ധമായാലും
അസംബന്ധമായാലും
ഭാഷാസംവാദം സുസാദ്ധ്യം
ഹൃദയസംവാദത്തിൽ
വിപരീതങ്ങളുടെ
ധ്രുവീകരണം അസാദ്ധ്യം.

5

വിണ്ണിനു
വിണ്ണിനെ കാണ്മാൻ
മണ്ണുണ്ണി

കണ്ണിനു
കണ്ണിനെ കാണ്മാൻ
കണ്ണാടി

കേൾക്കുന്നതു കേൾക്കാതെ 
മാറ്റി നിർത്തിയാൽ തീർച്ചയായും 
പാടാത്ത പാട്ടും നീ കേൾക്കും!

6

അഴിഞ്ഞതു
അഴിഞ്ഞു
പ്രതിരോധിച്ചിട്ടെന്തു കാര്യം
ഉപരോധത്തിന്റെ കാലമൊക്കെ
അസ്തമിച്ചില്ലേ
ഇനി നമുക്ക് 
നഗ്നതയുടെ കസവുകുപ്പായമണിഞ്ഞ
പറവകളെപ്പോലെ
അത്യുന്നതങ്ങളിലെ കവരങ്ങളിൽ
രാ പാർക്കാം.

7

തേടുന്നവന്റെ അന്തര്യാമിയെ
നിരന്തരം അനായാസം
തേടിക്കൊണ്ടേയിരിക്കുക
ഒരു ശുഭദിനം കാലിൽ ചുററും
സ്രഷ്ടാവിന്റെ മുന്തിരിവള്ളി
അന്ന് രാപ്പകലിന്റെ പൂർണ്ണവൃത്തത്തിൽ
നീ ലഹരിയിലാറാടിത്തിമിർക്കും
വീഞ്ഞ് തൊടാതെ തന്നെ!

8


കപടജ്ഞാനികൾ
മൃതനായ ബുദ്ധന്റെ
ജ്ഞാനപ്പല്ല് തേടിയലയുന്നു
സാധാരണക്കാരിൽ
സാധാരണക്കാരനായ ഞാൻ
ഒരു പ്ലാവിൻ ചോട്ടിലിരുന്ന്
ബുദ്ധത്വത്തിന്റെ
വരിക്കച്ചുളകൾ നുണയുന്നു.

9

തഥാഗതഗർഭം
ഭ്രൂണരഹിതം
ഈ മനസ്സിന് കഴിയില്ല
തഥാഗതനാകാൻ 
ഈ ശരീരത്തിനും കഴിയില്ല തഥാഗതനാകാൻ
തഥാഗതനാകാൻ കഴിയാത്തതിന് മാത്രമേ തഥാഗതനാകാൻ കഴിയൂ
ഭ്രൂണരഹിതം
തഥാഗതഗർഭം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക