Image

ചിത്രം വരയ്ക്കുന്ന കുട്ടികൾ (ചെറുകഥ: ശ്രീലേഖ എൽ.കെ)

Published on 26 June, 2026
ചിത്രം വരയ്ക്കുന്ന കുട്ടികൾ (ചെറുകഥ: ശ്രീലേഖ എൽ.കെ)

"ഒരു വട്ടവും അയിന്റെ നടുവിലൂടെ ഒരു വരയും. അപ്പൊ ഭൂമിയായി "

" വര ചെരിച്ചു വരക്കണമെന്ന് മാഷ് പറഞ്ഞിട്ടില്ലേ"

" ന്നിട്ട്? അയിന്റെ മേലെ പാർക്കുന്ന മ്മളൊക്കെ വീഴൂല്ലേ "

" ഭൂഗുരുത്വബലം ന്നുള്ള …"

" ന്റെ ബാപ്പാന്റെ പീട്യലെ പണിക്കാരനാ ന്റെ അച്ഛൻ. ഞാ പറയുന്നത് കേട്ടാൽ മതി യ്യ് "

പറഞ്ഞു വന്നത് അവന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അവളുടെ കടുത്ത ചില വാക്കുകളിൽ അവൻ പലപ്പോഴും തോറ്റു പോകുക പതിവാണ്.

തർക്കം നിന്നു. അവൻ നിശബ്ദനായി.

തബ്സീന മുഹമ്മദ് സി കെ തട്ടം വലിച്ചിട്ട് ചേലിൽ ഒന്ന് ചിരിച്ചു. അമ്പിളി വട്ടം പോലെ മുഖം തിളങ്ങി.

" ഈ ഭൂമിന്റെ ഒത്ത നടുക്ക് ആണ് ന്റെ വലിയ പൊര. "

തബ്സീന വട്ടത്തിനകത്ത് ഒരു വലിയ കുത്തിട്ടു.

" ഉപ്പാന്റെ ഉമ്മ ആ വലിയ കോലായീലെ കസേരയിലിരുന്ന് കഥ പറേന്നുണ്ട്. കണ്ടാ യ്യ്?"

അവന്റെ ചെവിക്കടുത്തേക്ക് അവൾ മുഖം അടുപ്പിച്ചു.

"നിക്കൊരു രഹസ്യം കേൾക്കണോ?"


വര :മറിയം ജാസ്മിന്‍

ഏതോ സെന്റിന്റെ മണം. അവനത് മൂക്കിലേക്ക് വലിച്ചു. ഇല്ല, ഇന്നാട്ടിൽ ആർക്കും ഈ മണമില്ല.

" എന്റെ ഉമ്മുമ്മാന്റെ ഉപ്പ സുൽത്താൻ ആയിരുന്നു. "

അവന് ബഷീറിന്റെ ഉപ്പുപ്പാന്റെ ആനയുടെ കഥ ഓർമ്മ വന്നു.പക്ഷേ ചിരിച്ചില്ല. താൻ പറയാതെ ചിരിക്കാൻ പാടില്ലെന്നാണ് അവളുടെ നിയമം.

അഥവാ അങ്ങനെ ഉണ്ടായാൽ തബ്സീന  കൂർത്ത നഖം കൊണ്ട് നുള്ളി വേദനിപ്പിക്കും. അവന് കരച്ചിൽ വരും. നഖം കൊണ്ട് വാണ്ടു പോയ തൊലി തുപ്പല് കൂട്ടി തടവുമ്പോൾ അവൾ പിന്നെയും കളിയാക്കും.

" കെട്ട ചെക്കൻ. ഇന്റെ തുപ്പൽ മണത്തിട്ട് നിക്കാൻ പറ്റുന്നില്ല.പോയി കുളി"

അവൻ ഒന്നൂടെ കരിയും.

തിരിച്ചു വേദനിപ്പിക്കാൻ കഴിയാഞ്ഞിട്ടല്ല. പക്ഷേ അച്ഛൻ അവരുടെ പണിക്കാരനാണ് എന്ന ഓർമ്മ വരും. അത് വല്ലാതെ അങ്ങ് തളർത്തിക്കളയും.

" എന്റെ ഉമ്മുമ്മാന്റെ നെഞ്ചത്തുന്നാണ് ആയിരത്തൊന്ന് കഥകളുണ്ടായത്.നിയ്ക്ക് അത് വല്ലോം അറിയാമോ മണ്ടാ "

തബ്സീനയുടെ ഉപ്പ അടക്കം ഒമ്പത് പേർ നുണഞ്ഞ ഉണങ്ങിയ ആ അമ്മിഞ്ഞകൾ അവളും ചെറുപ്പത്തിൽ നുണഞ്ഞിട്ടുണ്ട്.

മധുരക്കഥകൾ ഊറ്റി കുടിച്ചിട്ടുണ്ട്.

ആ നെഞ്ചിലെ പാൽ മുഴുവൻ അവർ പറയുന്ന കഥകൾ ആണെന്ന് അവൾ പറയും.

രാത്രിയിലെ നക്ഷത്രങ്ങൾ ഹൂറി മാരുടെ കണ്ണുകൾ ആണെന്നും അവർ ഭൂമിയിലെ മനുഷ്യരെ എപ്പോഴും കണ്ടു കൊണ്ടിരിക്കുകയാണെന്നും അങ്ങനെയാണത്രെ അവൾ അറിഞ്ഞത്.

ഉമ്മൂമ്മയേക്കാൾ അറിവൊന്നും ഭൂമിയിൽ ആർക്കും ഇല്ലെന്ന് തബ്സീന വിശ്വസിക്കുന്നു. സ്കൂളിലെ മാഷമ്മാർ വരെ ഉമ്മൂമ്മയുടെ മുന്നിൽ ഒന്നുമല്ല. അവർ ആകാശത്തിലെ നക്ഷത്രങ്ങളെ വരെ എണ്ണിക്കഴിഞ്ഞുവത്രെ.

ജിന്നുകളും മലക്കുകളുമടക്കം കോടാനു കോടി ജീവജാലങ്ങൾ നിറഞ്ഞ ഒരു അത്ഭുതലോകം.

ഉറക്കത്തിൽ കണ്ട ആ ലോകത്തിലെ കാഴ്ചകളുടെ കഥകൾ ഉച്ച നേരങ്ങളിൽ അവൾ കൂട്ടുകാർക്ക് പറഞ്ഞുകൊടുത്തു.

അവൾക്ക് ചുറ്റിലും എപ്പോഴും കുട്ടികൾ ആരാധനയോടെ കൂട്ടം കൂടി.

അവൾ കൊണ്ട് വന്ന ബദാം പരിപ്പുകളുടെ പച്ച കൊറിക്കാൻ കുട്ടികൾ എല്ലാരും വരി വരിയായി കാത്തിരുന്നു.

അസൂയ മൂത്ത ചില ചെക്കന്മാർ അവളെ കളിയാക്കാനായി സുൽത്താന്റെ മോളെ എന്ന് ഉറക്കെ കൂവും.

"ഇബിലീസുങ്ങള്. ന്റെ മൂമ്മ്മാനോട് പറഞ് എല്ലാറ്റിനേം ഞാ വട്ടം കറക്കുന്നുണ്ട്. ഉമ്മൂമ്മക്ക് ജാല വിദ്യ അറിയാലോ."

അവൾ തട്ടം വലിച്ചിട്ട് ഉന്നം തെറ്റിയ കല്ലുകൾ അവർക്ക് നേരെ എറിയും.

മാഷമ്മാര് വരെ തബ്സീന മുഹമ്മദിനെ ഒന്നും പറയാറില്ല. അവളുടെ അച്ഛൻ പി ടി എ പ്രസിഡന്റ് ആണ്. ഇടയ്ക്ക് അയാൾ കൊണ്ട് വരുന്ന പെരുത്ത സമ്മാനങ്ങൾ എല്ലാവർക്കും തുല്യമായി പങ്കിടാൻ മാത്രം ഉണ്ടാവും.

അപ്പോൾ ഓളുടെ ഭൂമി ചിലപ്പോൾ പരന്നോ അതിന്റെ അച്ചുതണ്ട് കുത്തനയോ ഒക്കെ തന്നെ ആവും.ആരും ചോദ്യം ചെയ്യാനില്ല.

അവനു കരച്ചിൽ വന്നു. ക്ലാസ്സിൽ അവളാണ് ലീഡർ. മാർക്ക് കൂടുതൽ കിട്ടിയിട്ട് പോലും അവനത് ആവാൻ പറ്റിയില്ല. അവന്റെ അച്ഛൻ പീടികയിലെ തൊഴിലാളി ആണ്. അവളുടെ ഉപ്പ മുതലാളിയും.

സ്കൂളിനപ്പുറത്തെ ലൈബ്രറിയിൽ വർഗ്ഗസമരവും സോഷ്യലിസവും പറയുന്ന പുസ്തകങ്ങൾ ഉണ്ട്. അവിടെ ഇരിക്കുന്നവരിൽ ചിലരുടെ സംസാരത്തിൽ തുല്യമായി ജീവിക്കാനുള്ള അവകാശങ്ങളെ പറ്റി പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ, താനും ക്ലാസ്സ്‌ ലീഡർ ആവുന്ന ഒരു ദിവസത്തെ കുറിച്ചാണോ ഇവർ പറയുന്നതെന്ന് അവനു തോന്നും.

തബ്സീന ഫ്യൂഡലിസ്റ്റ് ആണെന്ന് വിളിച്ചു പറഞ്ഞ് അവളുടെ മൈലാഞ്ചി ഇട്ട കൈയിൽ നുള്ളുന്നതും, ഭൂമിടെ അച്ചുതണ്ട് ചരിഞ്ഞതാണെനന്ന് അവളെക്കൊണ്ട് കൊണ്ട് പറയിക്കുന്നതുമായ ഒരു ദിവസമാണ് യഥാർത്ഥ സോഷ്യലിസം വരൂ എന്നും അവൻ കരുതുന്നുണ്ട്.


വര :മറിയം ജാസ്മിന്‍

ബെല്ലടിച്ചപ്പോൾ അവൻ ക്ലാസ്സിലേക്ക് പതുക്കെ നടന്നു. സാമൂഹ്യപാഠം ക്ലാസ്സിൽ  ഇന്ത്യയുടെ മാപ്പിൽ അയൽ രാജ്യങ്ങൾ അടയാളപ്പെടുത്താൻ പറഞ്ഞിട്ടുണ്ട്.

അവന് അതൊക്കെ അറിയാം. പച്ച മലകൾ കടന്നാൽ ഹിമാലയം. അതിനപ്പുറം പല രാജ്യങ്ങൾ.

ഒറ്റ ഭൂമിയായ രാജ്യം ചോര കൊണ്ട് അതിരിട്ട് രണ്ടുമൂന്നു കഷണങ്ങൾ ആയതു പറഞ്ഞത് രാത്രി ആയുധ പരിശീലനം നടത്തുന്ന ചേട്ടന്മാരാണ്. ഭൂമി തൊട്ട് വണങ്ങി, തലങ്ങും വിലങ്ങും മറിഞ്ഞ്, അവർ മണിക്കൂറുകൾ ചിലവാക്കും. ചിലപ്പോൾ പഠനക്ലാസുകൾ ആവും നടക്കുക.

ഇരുന്നിരുന്ന് അവനോട് ഉറങ്ങിപോകും. ഒടുക്കം ആരെങ്കിലും ചിലർ ഉണർത്തി, വീട്ടിലേക്ക് ഓടുമ്പോഴാണ് കേട്ടതിൽ പല കാര്യങ്ങളും അവൻ പുനരാലോചിക്കുക.

ആക്കൂട്ടത്തിൽ തബ്സീന മുഹമ്മദ്‌ എന്ന പെൺകുട്ടിയെ വട്ടം കറക്കാനുള്ള ചിലത് അവന് കിട്ടും. പിറ്റേന്നത് പൊട്ടിച്ചിരിക്കുള്ള വകയാകും എന്നോർത്ത് അവനന്ന് ഉറക്കം വരില്ല.

അവൾ വരച്ച വട്ടം പോലുള്ള ഭൂമിയിൽ നിന്ന് പൊട്ടു പോലുള്ള ആ വീട്ടിൽ നിന്ന്, ഇടിഞ്ഞു പൊളിഞ്ഞ അവളുടെ കഥകൾ പെറുക്കിക്കൂട്ടി " ഞ്ഞി പോടാ ഇബിലീസേ " എന്ന കരച്ചിലോടെ അവൾ തല കുമ്പിടുന്നത് ഓർത്ത് അവന് സന്തോഷം തോന്നി.

ഉറക്കത്തിൽ അവൻ നാലാം ക്ലാസ്സിലെ ക്ലാസ്സ്‌ ലീഡർ ആയി. ബോർഡിൽ തബ്സീന മുഹമ്മദ്‌ എന്ന പേര് ക്ലാസ്സിൽ വർത്തമാനം പറഞ്ഞവരുടെ കൂട്ടത്തിൽ ആദ്യം എഴുതി. കണക്ക് മാഷിന്റെ വലിയ ചൂരലിൽ ഒന്ന് അവളെ ആദ്യമായി തൊട്ടു. അവൾ പിന്നെയും കരഞ്ഞു.

ഉറക്കം ഉണർന്നപ്പോൾ അവന് ചിരി വന്നു. തൊട്ട് മുകളിലെ വീട്ടിൽ അവളുണ്ട്. കിതാബ് പഠിപ്പിക്കുന്നത് ഉസ്താദ് നേരിട്ട് വീട്ടിൽ വന്നാണ്. അതിന്റെ അഹങ്കാരം കൂടി അവൾക്കുണ്ട്.

അവൻ സാമൂഹ്യപാഠം പുസ്തകത്തിൽ  വിട്ടു പോയത് കൂട്ടിചേർക്കുക എന്ന ഹോം വർക്കിൽ ഇന്ത്യയുടെ ഭൂപടത്തിലെ അതിരുകൾ എഴുതി.

വരച്ചു വെച്ച വരകൾക്ക് അപ്പുറത്ത് മിന്നുന്ന തട്ടമിട്ട് തബ്സീന നിൽക്കുന്നു.

" ഞാൻ അങ്ങോട്ട് വന്നോട്ടെ?? "

അവൾ ചോദിച്ചു.

അവന് പിന്നിൽ അപ്പോഴേക്കും ആളുകൾ

നിറഞ്ഞു. കൂട്ടത്തിൽ രാത്രി ക്ലാസ്സിലെ ചേട്ടന്മാരുണ്ട്. അത് ഒരു ആരവമാകുന്നു. ആരവം അവളോട് ചോദിക്കുന്നു

" രേഖകൾ?? "

വര :മറിയം ജാസ്മിന്‍

വരച്ച വട്ടത്തിലെ ഭൂമിയിൽ അവൾ അവളുടെ വീടിന്റെ അടയാളമായ കറുത്ത കുത്ത് കാണിച്ചു കൊടുക്കുന്നു.

ആരവങ്ങളുടെ ശ്രുതി പരിഹാസത്തിന്റെ ഉച്ചസ്ഥായിൽ എത്തുന്നു.

" ന്റെ ഉമ്മുമ്മടെ ഉപ്പൂപ്പന്റെ വലിയ പുരയാണിത്. ന്റെ ഉമ്മൂമ്മ ന്റെ ഉപ്പൂപ്പ സുൽത്താൻ ആയിരുന്നു. "

തബ്സീന കരയുന്നു.

അവന് സങ്കടം വരുന്നുണ്ടായിരുന്നു. കൂട്ടുകാരിയാണ്. അവൾ തന്ന കുപ്പായമാണ് തനിക്കുള്ളതിൽ ഏറ്റവും നല്ലതിൽ ഒന്ന്. അവളുടെ ഉമ്മ തരുന്ന കോഴിക്കറിയെക്കാൾ രുചിയിൽ അവൻ വേറൊന്നും രുചിച്ചിട്ടില്ല.

എന്നാലും അവൾക്കിവിടെ അവകാശമില്ലാത്ത മണ്ണാണെന്ന് മറ്റുള്ളവർ പറയുമ്പോൾ വിശ്വസിക്കാതെ എങ്ങനെ.

പർവതങ്ങൾ കടന്നാൽ അവളുടെ രാജ്യമാണ്. അവിടെ ചിലപ്പോൾ തബ്സീന മുഹമ്മദ്‌ രാജകുമാരിമാരെപ്പോലെ ജീവിക്കാനുള്ള മഹലുകൾ ഉണ്ടാവും. കൈയിൽ മൈലാഞ്ചി ചുവപ്പിച്ച്, ബദാം പരിപ്പുകൾ കൊറിച്ച് അവൾ കഥ കേൾക്കും.

കർപ്പൂരം പുകച്ച് ദാസിമാർ അവളുടെ കറുത്ത മുടിയിഴകളെ സുഗന്ധപൂരിതമാക്കും. അവൾക്കവിടെ സുഖമായിരിക്കും.

അതിരുകൾ പൂരിപ്പിച്ചു കഴിയുന്നതിന് മുൻപ് തൊട്ടടുത്ത് വലിയ ഒച്ചയിൽ അവന്റെ പെൻസിൽ കൈയിൽ നിന്ന് മുറ്റത്തേക്ക് തെറിച്ചു വീണു.

ആ ചെറിയ പുരയെ മറയ്ക്കുന്ന തബ്സീനയുടെ വലിയ വീട് ജേ സീ ബി കൈകൾ കൊണ്ട് കോരിയെടുക്കുന്നു.

അതിന്റെ തുമ്പിൽ അതിശയത്തോടെ അവൾ. പിന്നേയത് വലിയ നിലവിളിയാകുന്നു. അവൾ കൈയിൽ എടുത്ത ചിലതിൽ അവനുള്ള എന്തോ പലതുണ്ട്.

അവനത് എത്തി പിടിക്കാൻ ശ്രമിച്ചു. കണ്ണീരു മൂടി ഒന്നും കാണാൻ പറ്റുന്നില്ല. അവൾ തട്ടം കൊണ്ട് കണ്ണു തുടയ്ക്കുന്നു.

കോലായിൽ വലിയ വർത്തമാനം പറഞ്ഞ് കൊണ്ടിരുന്ന വല്യമ്മൂമ്മ കഥ മറന്ന് അവളെ നെഞ്ചോട് ചേർക്കുന്നുണ്ട്.

അവളുടെ മലയാളപുസ്തകം പേജുകളായി ചിതറി കിടക്കുന്നു. അതിൽ അവൾ ഈണത്തിൽ പാടുന്ന പദ്യമുണ്ട് .

" ഒന്നാനം പൈങ്കിളി

ഓരടി പൈങ്കിളി…."

അവൾ കവിത ചൊല്ലാൻ മിടുക്കിയാണ്. ബാലകലോത്സവത്തിന് അവൾക്കാണ് എപ്പോഴും അതിന് സമ്മാനം കിട്ടുക.

കട്ടിയുള്ള മിനുസമുള്ള കടലാസ്സിൽ തബ്സീന മുഹമ്മദ്‌ സി കെ, സ്ഥാനം ഒന്ന്, കവിതാപാരായണം എന്നത് അവന് കാട്ടി കൊടുക്കുമ്പോൾ അവൾ അഭിമാനത്തോടെ ചിരിക്കും.

" ഡാ. എന്റെ ഉമ്മുമ്മടെ ചോരായാ ഇത്. സായിപ്പൻമാരെ ഇദ്ദേശത്തുന്ന് ഓടിച്ച ഉപ്പുപ്പന്റെ മോള്. ന്റെ ഉമ്മൂമ്മ. അവരുടെ മാപ്പിള പാട്ട് കേട്ടാണത്രേ ഉപ്പൂപ്പ നിക്കാഹ് ചെയ്തേ "

അവളുടെ നുണക്കുഴികൾ തെളിയും.

" നിക്കല്ലാതെ ആർക്ക് കിട്ടാനാ ഒന്നാം സ്ഥാനം.ഞാൻ ന്നെ ക്ലാസ്സ്‌ ലീഡറും "

വലിയ ബുൾഡൊസർ പൊടി പരത്തി കൊണ്ട് അവന് മുന്നിലൂടെ പോയി. ആളുകളുടെ കോലാഹലം നിലയ്ക്കുന്നതും ചിലർ ആഘോഷത്തോടെയും മറ്റു ചിലർ നിസ്സഹായതയുടെയും പിരിയുന്നു.

അവന്റെ അച്ഛൻ ഇനി മുതൽ ആരുടെയും പണിക്കാരനല്ല. തബ്സീനയ്ക്ക് ഇനിയും അവനെ പരിഹരിക്കാൻ പറ്റുകയുമില്ല.

" പീടികേലെ പണി പോയി. ഇനിയിപ്പോ ങ്ങനെ ജീവിക്കും. നിയ്ക്ക് വേറെ പണി അറിയൂല്ലല്ലോ മുത്തപ്പാ "

എന്ന് അച്ഛൻ പിറുപിറുക്കുന്നു.

തബ്സീനയുടെ ഉപ്പ നാളുകൾക്കു മുൻപേ പോയികഴിഞ്ഞിരുന്നു എന്നോ, ജയിലിൽ ആണെന്നോ ആർക്കോ അറിയാവുന്ന രഹസ്യമായികഴിഞ്ഞിരുന്നു.

പൊടിപടലങ്ങൾ അടങ്ങിയപ്പോൾ,

അവൾ അതിരുകൾ കടന്ന് പോകുന്നതും, നാലാം ക്ലാസ്സിലെ പാഠങ്ങളിൽ ചോര പുരണ്ടതും അവൻ കണ്ടു.

" എനിക്ക് ക്ലാസ്സ്‌ലീഡർ ആവണമെന്നില്ല. അത് തബ്സീന മുഹമ്മദ്‌ തന്നെ ആവട്ടെ. അവൾക്കാണ് ആരേക്കാൾ അതിന് കൊതി. ആ കൊതിയേക്കാൾ വലുതായി ഒന്നുമില്ല"

അത്തവണ തബ്സീന മുഹമ്മദ്‌ സി കെ എന്ന പെൺകുട്ടി ക്ലാസ് രജിസ്റ്ററിൽ നിന്ന് പേര് വെട്ടി പോയത് അവൻ മറന്നു പോയിരുന്നു.

ചരിഞ്ഞു പോയ ചില അച്ചുതണ്ടുകൾ ഉറപ്പിക്കാൻ അവൻ ശ്രമിക്കുകയായിരുന്നു, അപ്പോഴും.

  • ശ്രീലേഖ എൽ കെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക