Image

മതിലും മനസ്സൊരുക്കവും (കഥ: ജോണ്‍ വേറ്റം)

Published on 26 June, 2026
മതിലും മനസ്സൊരുക്കവും (കഥ: ജോണ്‍ വേറ്റം)

സക്കറിയയോടും മേരീസയോടും കൃഷ്ണകുമാര്‍ വിശദീകരിച്ചു:   “ദാമ്പത്യജീവിതത്തിനും കുടുംബജീവിതത്തിനും തമ്മില്‍ വ്യത്യാസമുണ്ട്. വിവാഹത്തോടെ ആരംഭിക്കുന്ന, രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണ് ദാമ്പത്യജീവിതം. ആദര്‍ശദാമ്പത്യം എന്നാല്‍ രണ്ട് വ്യക്തികള്‍ തങ്ങളുടെ കുറവുകളോടെ പരസ്പരം തിരഞ്ഞെടുത്ത്, ആ തിരഞ്ഞെടുപ്പിനെ ബഹുമാനിച്ചു ജീവിക്കുന്നതാണ്. അത് പ്രശ്നങ്ങളില്ലാത്ത ജീവിതമല്ല. എല്ലാ  പ്രയാസങ്ങളെയും ഒന്നിച്ച് നേരിടുന്നതാണ്‌. ദാമ്പത്യജീവിതത്തില്‍ കുട്ടികള്‍ വരുമ്പോള്‍‍, മാതാപിതാക്കള്‍ അവരോടൊപ്പം താമസിക്കുമ്പോള്‍, അത് ഒരു കുടുംബമായി വികസിക്കുന്നു. ദാമ്പത്യജീവിതത്തിലെ ശ്രദ്ധ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം, സ്നേഹം, ധാരണ, ലൈംഗികത, സ്വകാര്യത എന്നിവക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്. അത് വ്യക്തിപരവും രണ്ടുപേരുടെയും ലോകവുമാണ്. പ്രധാനമായും പരസ്പരം സന്തോഷിപ്പിച്ച്, ഒരുമിച്ച് ജീവിതം  കെട്ടിപ്പടുക്കുക എന്നതാണ്. ദാമ്പത്യജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടാവും. അന്യോന്യം വിശ്വസിക്കുന്നതാണ് പ്രധാനം.”   
സക്കറിയ പ്രതികരിച്ചു: എനിക്കും ഭാര്യക്കും സത്യസന്ധമായ ബന്ധവും  ആശയവിനിമയവും ഉണ്ട്. സന്തോഷവും സങ്കടവും പരാതിയുമൊക്കെ മറച്ചുവെക്കാതെ പറയും. വിശ്വാസം നഷ്ടപ്പെട്ടാല്‍ തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമാണ് എന്നൊക്കെ ഞങ്ങള്‍ക്കറിയാം. 

അപ്പോള്‍, മേരീസ കൃഷ്ണകുമാറിനോട് ആകാംക്ഷയോടെ ചോദിച്ചു: വിവാഹം കഴിഞ്ഞാലും ഓരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളും ഉത്തരവാദിത്തങ്ങളും ഉദ്ദേശങ്ങളും ഉണ്ടായിരിക്കുമല്ലോ. അത് മനസ്സിലാക്കി, പങ്കാളിയെ ശ്വാസംമുട്ടിക്കാതെ ജീവിക്കുവാന്‍ അവളുടെ ഭര്‍ത്താവ് അനുവദിക്കേണ്ടതല്ലേ?
കൃഷ്ണകുമാര്‍ ഉത്തരം പറഞ്ഞു: വിവാഹത്തിലൂടെ രണ്ട് വ്യത്യസ്ത വ്യക്തികള്‍ ഒന്നിക്കുകയാണെന്ന് ഓര്‍ക്കണം. തീര്‍ച്ചയായും നൂറ് ശതമാനം യോജിപ്പ് ഉണ്ടാവില്ല. ചെറിയ ചെറിയ തെറ്റുകള്‍ ക്ഷമിക്കണം. പിന്നെ, അടുപ്പമെന്നത് ശാരീരികം മാത്രമല്ല. മാനസിക പിന്തുണ കൂടിയുണ്ട്‌.  

ഗൗരവത്തോടെ മേരീസ ചോദിച്ചു: സ്വന്തഭാര്യയുടെ ആവശ്യങ്ങളെന്തെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഒരു ഭര്‍ത്താവിന് ഉത്തരവാദിത്തമില്ലേ? ഭര്‍ത്തവുണ്ടെങ്കിലും, ഒറ്റപ്പെട്ടതുപോലെയാണ് ഭാര്യയുടെ അനുഭവമെങ്കില്‍, അത് എങ്ങനെ പരിഹരിക്കും?    

കൃഷ്ണകുമാര്‍ ഉത്തരം പറയുന്നതിനു മുന്‍പ് സക്കറിയ ചോദിച്ചു: “ഒരു കാര്യം ചെയ്യണമെന്നു ഭര്‍ത്താവ് പറയുമ്പോള്‍, അതിന്‍റെ ആവശ്യവും ഉദ്ദേശവും മനസ്സിലാക്കാതെ, വെറുപ്പും വിദ്വേഷവും മനസ്സില്‍ കൊണ്ടുനടക്കു ന്ന സ്ത്രീകളെ എങ്ങനെ സന്തോഷിപ്പിക്കും?” 
അതിനും കൃഷ്ണകുമാര്‍ മറുപടി പറയുന്നതിനുമുന്‍പ്, മേരീസ ധൃതിയില്‍ ചോദിച്ചു: കുടുംബ രഹസ്യം മറ്റുള്ളവരെ അറിയിക്കാന്‍ ഒരു ഭാര്യക്ക് ഒട്ടും താല്‍പര്യമില്ല. എന്നിട്ടും, കുടുംബകാര്യങ്ങള്‍ മറ്റുള്ളവരോട് പറയുന്ന ഭര്‍ത്താവുണ്ട്. അദ്ദേഹത്തിന് ഭാര്യ ഡ്രൈവിംഗ് പഠിക്കുന്നതും, ഉദ്യോഗസ്ഥയാകുന്നതും ഇഷ്ടമല്ല. അതുകൊണ്ട്, വേലക്കാരിയെപ്പോലെ അടുക്കളയില്‍ ജീവിക്കുന്ന സ്തീകളുണ്ട്. അവരെപ്പറ്റി സാറിന്‍റെ അഭിപ്രായമെന്താണ്? 
കൃഷ്ണകുമാര്‍ മന്ദഹസിച്ചു. സാന്ത്വനീയ ശബ്ദത്തില്‍ വ്യക്തമാക്കി: “ഇതൊന്നും വലിയ കാര്യമല്ല. ഡ്രൈവിംഗ് എപ്പോള്‍ വേണമെങ്കിലും പഠിക്കാം. അത് പഠിച്ചിട്ടും ഡ്രൈവ് ചെയ്യാത്തവരും ഉണ്ട്”.
മേരീസ തുടര്‍ന്നു: “വിദ്യാഭ്യാസയോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള സ്ത്രീകളെ മനപ്പൂര്‍വ്വം ജോലിക്ക് വിടാത്ത ഭര്‍ത്താക്കന്‍മാരുണ്ട്‌. അവരെപ്പറ്റി എന്ത് പറയുന്നു”.

“തീര്‍ച്ചയായും അതിന് എന്തെങ്കിലും കാരണം കാണും. അതെന്താണെന്ന് ഭാര്യ ചോദിച്ചറിയണം. പഠിപ്പുണ്ടെങ്കിലും ജോലിക്കുപോകാന്‍ ഇഷ്ടപ്പെടാത്തവരും ഉണ്ട്. നിങ്ങള്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കണം”. 
സക്കറിയയും മേരീസയും അന്യോന്യം നോക്കി. ഓഫീസ് മുറിയില്‍ നിറഞ്ഞ നിശ്ശബ്ദതയെ മുറിച്ചുകൊണ്ട്, സക്കറിയ പറഞ്ഞു: എനിക്ക് ബാധ്യതകളുണ്ട്.  അതെല്ലാം തീര്‍ക്കാനും മറ്റ് ഉദ്ദേശങ്ങള്‍ സാധിക്കാനും സമയമെടുക്കും. അതുകൊണ്ട് എല്ലാ കാര്യങ്ങളും കരുതലോടെയാണ് ചെയ്തത്.  

സക്കറിയ പറഞ്ഞുതീരുന്നതിനുമുന്‍പ് മേരീസ കൃഷ്ണകുമാറിനെ നോക്കി. ശാന്തമനസ്സോടെ വിശദീകരിച്ചു: “ഒരു നല്ല ജോലിക്ക് വേണ്ട എല്ലാ  വിദ്യാഭ്യാസയോഗ്യതയും, പ്രവര്‍ത്തനപരിചയവും എനിക്കുണ്ട്. ഞാന്‍ ഈ നാട്ടില്‍ വരുന്നതിനു മുന്‍പ് കോളജില്‍ പ്രഫസറായിരുന്നു. ഉദ്യോഗത്തിലൂടെ ലഭിക്കുന്നത് ധനം മാത്രമല്ലല്ലോ. ജോലി ചെയ്തു ശീലിച്ചവര്‍ക്ക് വെറുതേ വീട്ടില്‍ ഇരിക്കുന്നത് മുഷിപ്പാണ്. എന്തുകൊണ്ടോ ഞാന്‍ ജോലിക്ക്പോകുന്നത്‌   എന്‍റെ ഭര്‍ത്താവിനിഷ്ടമല്ല. കെട്ടപ്പെട്ടവളെപ്പോലെ കഴിയേണ്ട ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. പക്ഷേ, പരാതിയില്ല. സഹിക്കുന്നു”.   
“ഇതത്ര സങ്കീര്‍ണ്ണമായ കാര്യമായി കരുതണ്ടാ. സന്മനസ്സും യോഗ്യതയും ഉള്ളവര്‍ക്ക് ജോലികിട്ടും. ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ആഗ്രഹങ്ങളും ഉദ്ദേശങ്ങളും നടക്കാതെ വരുന്നതിന്‍റെ പിന്നില്‍ തക്കതായ കാരണമുണ്ടാവും. അവ ഉഭയസമ്മതപ്രകാരം പരിഹരിക്കണം. അത് സാധ്യമല്ലാതെ വരുമ്പോള്‍ മാത്രമാണു് നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നത്‌. ദാമ്പത്യജീവിതത്തില്‍ പരസ്പര ധാരണ ആവശ്യമാണ്”.    

ചിന്തയില്‍ മുഴുകിയിരുന്ന സക്കറിയ പ്രതികരിച്ചു: “സഹകരണം ഉള്ളവര്‍ക്ക്, ഒരു ദാമ്പത്യജീവിതത്തില്‍ ഉണ്ടാകുന്ന ഏത്‌ പ്രശ്നവും പരിഹരിക്കാന്‍ കഴിയും. മനുഷ്യന്‍റെ ജീവിതസാഹചര്യങ്ങളെ മാറ്റിമറിക്കുന്നത് അവന്‍റെ   ഒഴിച്ചുകൂട്ടാനാവാത്ത ആവശ്യങ്ങളും അപ്രതീക്ഷിതമായുണ്ടാകുന്ന സംഗതികളുമാണെന്ന് പെണ്ണുങ്ങളും തിരിച്ചറിയണ്ടേ?”  

സക്കറിയയുടെയും മേരീസിന്‍റെയും വ്യക്തി താല്‍പര്യങ്ങള്‍ക്ക് ചേര്‍ച്ചയില്ലെന്ന് കണ്ട കൃഷ്ണകുമാര്‍ നിഷ്പക്ഷതയോടെ പറഞ്ഞു: “കുറ്റപ്പെടുത്തിയും ഭയപ്പെടുത്തിയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് നല്ല രീതിയല്ല. ആശയവും ഉദ്ദേശവും ഭിന്നിക്കുമ്പോള്‍, ഞാന്‍ മാത്രം ശരി എന്ന ചിന്ത ഒഴിവാക്കണം. നമുക്ക് എങ്ങനെ ഇക്കാര്യത്തില്‍ ഒത്തുചേരാം എന്നനിലപാട് സ്വീകരിക്കണം. ശബ്ദം ഉയര്‍ത്തരുത്. പരസ്പരം കുറ്റപ്പെടുത്തരുത്‌. ചെറിയ കാര്യങ്ങള്‍ പോലും കൂടിയാലോചിച്ച് ചെയ്യണം കുറ്റം കണ്ടാലും, പൊറുത്ത് മുന്നോട്ട് പോകുന്ന ദമ്പതികളാണ് ഏറ്റവും സന്തോഷിക്കുന്നത്. അവരുടെ പ്രത്യേകത എന്തെന്നാല്‍, ഒരുപോലെയാകല്‍ അല്ല ഒരേ ലക്ഷ്യത്തിലേക്ക് കൈകോര്‍ത്ത് നടക്കലാണ്. ഒരേ താളത്തില്‍ വലിച്ചാലെ തോണി അനായാസം മുന്നോട്ട് പോവുകയുള്ളു. നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കാര്യം വ്യക്തമാണ്. ഡ്രൈവിംഗ് പഠിക്കണ്ട, ഉദ്യോഗത്തിന് പോകണ്ടാ എന്നീ നിബന്ധനകള്‍ മുഖാന്തിരം ഭര്‍ത്താവിന്‍റെ ഇഷ്ടം ഭാര്യയുടെ സ്വാതന്ത്ര്യത്തിന് മുകളില്‍ വരുന്നു എന്നതാണ്. സക്കറിയയുടെ ആ തീരുമാനം തെറ്റാണെന്നും തോന്നാം. ദാമ്പത്യമെന്നാല്‍ ഒരാള്‍ മറ്റൊരാളെ അടക്കിവാഴുകയെന്നതല്ല. സന്തോഷവും സുരക്ഷയും വളര്‍ച്ചയും ഉണ്ടാക്കാന്‍ പരസ്പരം സഹായിക്കണം. ഇപ്പോ ഴത്തെ നിലപാട് ഭാര്യയെ നിരാശയിലേക്കും ദുഖത്തിലേക്കുമെത്തിക്കാം.” 

“ഞാന്‍ പറയുന്നതുകൂടെ കേള്‍ക്കണം. ഞങ്ങളുടെ ദാമ്പത്യജീവിതം ആരംഭിച്ചിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റേണ്ടതാണന്ന് അറിയാം. പക്ഷേ, ഒരു പ്രശ്നമുണ്ട്. അത് പരിഹരിക്കാന്‍ അവള്‍ സഹകരിക്കുന്നില്ല. എന്‍റെ ഉപദേശം സ്വീകരിക്കുന്നുമില്ല. അതുകൊണ്ടാണ് ഇവിടെ വിളിച്ചുകൊണ്ടുവന്നത്”.
മേരീസ അസ്വസ്ഥയായി. അവള്‍ എഴുന്നേറ്റു. സക്കറിയായോട് പറഞ്ഞു: “നമുക്ക് പോകാം”. സക്കറിയ കോപത്തോടെ അവളെ നോക്കി. മേരീസ ഇരുന്നു. സൗമ്യതയോടെ കൃഷ്ണകുമാര്‍ ചോദിച്ചു: “നിങ്ങള്‍ എന്താണ്   പറയാന്‍ മടിക്കുന്നത്‌? വാസ്തവമാറിയാതെ അഭിപ്രായം പറയാനും  പരിഹാരം നിര്‍ദ്ദേശിക്കാനും സാദ്ധ്യമല്ല. അറിവില്ലായ്മയാല്‍ അപകടം    ഉണ്ടാക്കുന്നവര്‍ അനവധിയാണ്. നന്മയല്ലാതെ ആര്‍ക്കും ഒരു ദോഷവും ഉണ്ടാകുവാന്‍ പാടില്ല എന്നതാണ്‌ ഞങ്ങളുടെ ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം.” 

‘പ്രാധാന്യമുള്ള ചില കാര്യങ്ങള്‍ എത്ര കരുതലോടെ ചെയ്താലും, ചിലപ്പോള്‍ പാകപ്പിഴ ഉണ്ടാകും. അങ്ങനെ സംഭവിക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ അറിവുള്ളവരുടെ സഹായം തേടുന്നത് തെറ്റാണോ? കുടുംബകാര്യം പരസ്യമാകരുതെന്ന നിര്‍ബന്ധം എനിക്കുമുണ്ട്. എങ്കിലും, ഒരു പ്രയാസം  ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കണമല്ലോ. ഒരേകാര്യം തന്നെ ഒരാള്‍ക്ക് വലുതായിട്ടും മറ്റേയാള്‍ക്ക് നിസ്സാരമായിട്ടും തോന്നും. അതാണ്‌ ഇപ്പോള്‍ ഞങ്ങളുടെ പ്രശ്നം. കുറച്ചുകാലം കഴിഞ്ഞിട്ട് കുടുംബജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് കരുതിയതാണ്. പക്ഷേ, ഫലിച്ചില്ല. ഭാര്യ ഗര്‍ഭിണിയാണ്. അത് എന്‍റെ എല്ലാ ഉദ്ദേശങ്ങള്‍ക്കും പദ്ധതികള്‍ക്കും തടസ്സമായി.”     
രണ്ടുപേരേയും നോക്കി മന്ദഹസിച്ചുകൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു: അത് പരിഹരിക്കാം. താല്‍ക്കാലിക രീതികളും, സ്ഥിരം രീതികളും, പ്രകൃതിദത്ത രീതികളും ഉണ്ട്. അതുമായി ബന്ധപ്പെട്ട ഡോക്ടറെ കണ്ടാല്‍ മതി.  
സ്വല്പ ജാള്യതയോടെ സക്കറിയ പറഞ്ഞു. അതിന്‍റെ ആവശ്യം ഭാര്യക്ക് മനസ്സിലാകുന്നില്ല. ഇപ്പഴത്തേത്‌ ഒഴിവാക്കണം. അത്രേയുള്ളൂ.

“അതിന് ഭാര്യ സമ്മതിക്കണം. നിങ്ങള്‍ രണ്ടുപേരുടെയും ഉഭയസമ്മതം    ഡോക്ടര്‍ക്ക് ആവശ്യമില്ല. ഗര്‍ഭിണിയുടെ സമ്മതം മാത്രം മതി. ചില സ്ഥലത്ത് നിയമം ബാധകമാണ്. ഇന്ത്യയിലാകട്ടെ, 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രെഗ്നന്‍സി(MTP) ആക്ട്  പ്രകാരം ഭ്രൂണഹത്യ ഗര്‍ഭിണിയായ ഭാര്യക്ക് മാത്രമുള്ളതാണ്. ഭാര്യയുടെ ശരീരവും ആരോഗ്യവും നേരിട്ടു ബാധിക്കുന്നതിനാല്‍, ഭ്രൂണഹത്യക്ക് ഗര്‍ഭിണി സമ്മതിക്കണം.  ഇവിടെ  വ്യത്യസ്തനിയമം ഉണ്ട്. അതുകൊണ്ട് അന്തിമതീരുമാനം അവര്‍ക്കുള്ളതാണ്.  

മൗനമായിരുന്ന് വിശദീകരണം കേട്ട മേരീസ കൃഷ്ണകുമാറിനോട് ചോദിച്ചു: “എന്നെ നിര്‍ബന്ധിക്കുന്നത് വലിയൊരു കുറ്റം ചെയ്യാനാണെന്നു സാറിന് മനസ്സിലായോ? ഈ ലോകത്തും പരലോകത്തും പുണ്യം കിട്ടാത്ത ഒരു പാപം ചെയ്യിക്കാനല്ലെ നിങ്ങള്‍ രണ്ടുപേരും ശ്രമിക്കുന്നത്. ഒരു ജീവനെ രക്ഷിക്കാതെ, അതിനെ എങ്ങനെ നശിപ്പിക്കാമെന്ന്‌ പഠിപ്പിക്കുകയാണ്. അത് പഠിക്കാനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. ശരിയല്ലേ?

തിരിച്ചടി ഏറ്റപോലെ കൗണ്‍സിലര്‍ പരുങ്ങി. തന്ത്രപരമായി വെളിപ്പെടുത്തി: “കൊലപാതകത്തിന് പ്രേരിപ്പിക്കുന്നതത്‌ കുറ്റകരമാണ്. അതിന് ഞാന്‍ ആരെയും ഉപദേശിക്കാറില്ല. ഒരു കുഞ്ഞിനെ നഷ്ടപ്പെടുത്തുന്നതിനെക്കാള്‍ നല്ലത് അതിനെ വളര്‍ത്തുന്നതുതന്നെയാണ്. അതിന്‍റെ ചിരിയില്‍ അമ്മയുടെ വേദന ഒഴുകിപ്പോകും. അതിന്‍റെ വളര്‍ച്ചയില്‍ അച്ഛനും അഭിമാനിക്കാം. കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്ക് കുറ്റബോധം കൂടാതെ ജീവിക്കനാവില്ല. 
മേരീസ ആദരവോടെ അറിയിച്ചു: എനിക്ക് എന്‍റെ കുഞ്ഞിനെ കൊല്ലാന്‍ കഴിയില്ലെന്ന് ഞാന്‍ ഭയക്കാതെ പറഞ്ഞിട്ടുണ്ട്. ദൈവവിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അതിന്‍റെ ജീവന്‍ രക്ഷിക്കാന്‍ തീരുമാനിച്ചത് എനിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ്. അത് മനസ്സിലാക്കണം 

കൃഷ്ണകുമാര്‍ നിഷ്പക്ഷതയോടെ ഉപദേശിച്ചു: “കേട്ടിടത്തോളം ഭാര്യയുടെ തീരുമാനം ഒരുവശത്ത്‌. ഭര്‍ത്താവിന്‍റെ ആശങ്കകള്‍ മറുവശത്ത്‌. അതുകൊണ്ട്, ഇക്കാര്യത്തില്‍ ഒറ്റക്കൊരു തീരുമാനമെടുക്കാന്‍ പ്രയാസം. നിങ്ങള്‍ രണ്ടുപേരും സംസാരിച്ച് ഒരു തീരുമാനമെടുക്കുകയാണ് വേണ്ടത്.” 
വീട്ടിലേക്ക് മടങ്ങുമ്പോള്‍, സക്കറിയയുടെ മനസ്സ് കലുഷിതമായിരുന്നു. തന്‍റെ   പരിശ്രമം ഫലിക്കില്ലെന്നു തോന്നി. വീട്ടിലെത്തുവോളം ഭാര്യയോട് മിണ്ടിയില്ല.

അന്ന് മേരീസ വിളമ്പി വച്ച അത്താഴം അയാള്‍ കഴിച്ചില്ല. അക്കാരണത്താല്‍ അവളും ഭക്ഷിച്ചില്ല. പതിവുപോലെ രണ്ട്പേരും ചേര്‍ന്നുകിടന്നില്ല. സുഖമായി ഉറങ്ങിയില്ല. 
നിരാശക്കും നിസ്സഹായതക്കുമുപരി, അപമാനിതയായി എന്ന ചിന്തയും, തനിക്ക് സ്വാതന്ത്യമില്ലെന്ന ബോധവും മേരീസയെ വിട്ടുപോയില്ല. ഉദ്യോഗവും കുടുംബജീവിതവും ഒന്നിച്ച്കൊണ്ടുപോകാമെന്ന പ്രതീക്ഷ എങ്ങനെ എപ്പോള്‍  സഫലമാകുമെന്ന് സ്വയം ചോദിച്ചു. തന്നെ ചൂഴ്ന്നുനില്‍ക്കുന്ന സമ്മര്‍ദ്ദകരമായ സാഹചര്യം ഒഴിവാകാന്‍ അവള്‍ പ്രാര്‍ത്ഥിച്ചു.

പിറ്റേന്ന് സക്കറിയ ജോലിക്കുപോയില്ല. വിവാഹമോചനക്കേസുകള്‍ നടത്തുന്ന വക്കിലിനെ കണ്ടു. സംസാരിച്ചു. വിവാഹമോചനം നേടാതെ, ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചാലും, കോടതിയില്‍ വിവാഹമോചനം നേടിയില്ലെങ്കില്‍, നിയമപരമായി ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണെന്നും, ഭാര്യയെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും വക്കില്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിച്ചാല്‍, മാനസിക പീഡനം നല്‍കുന്നുവെന്ന് ഭാര്യക്ക് കോടതിയില്‍  പരാതിപ്പെടാമെന്നും വക്കീല്‍  വിശദീകരിച്ചു. 

നിരാശനായി തിരിച്ചു പോരുമ്പോള്‍, നിസ്സഹായത മനസ്സില്‍ നിറഞ്ഞു. നന്ദി യില്ലത്തവനും ഭോഷനും നിന്ദയുള്ളവനുമെന്നു ഭാര്യ തെറ്റിദ്ധരിക്കുന്നു. എന്‍റെ സ്നേഹത്തിന്‍റെ ആഴം അവള്‍ കാണുന്നില്ല, എന്‍റെ ദു:ഖം അവള്‍ അറിയുന്നില്ല എന്ന് വിചരിച്ചു. “ഈ വിവാഹം വേണ്ടായിരുന്നു” എന്ന് സക്കറിയയ്ക്ക് തോന്നി.  
തന്നില്‍ നിന്നും ഭര്‍ത്താവ് അകന്നുപോകുമെന്ന്‌ മേരീസ ഭയന്നു. സ്വന്ത ഇഷ്ടത്തിനെതിരായി ഉണ്ടാകുന്ന കുഞ്ഞിനെ അയാള്‍ വേറുക്കുമെന്നു സംശയിച്ചു. എന്ത്‌ ചെയ്യണമെന്നറിയാതെ കുഴങ്ങി. വിങ്ങിക്കരഞ്ഞു.
സന്തോഷമില്ലാത്ത, അസുഖകരമായ ഒരു മാസം കടന്നുപോയി.

രാത്രിയില്‍, സക്കറിയ വന്നപ്പോള്‍ മേരീസ എളിമയോടെ പറഞ്ഞു: എന്‍റെ അടിവയറ്റില്‍ ചെറിയ വേദനയുണ്ട്. നാളെ ഒരു ഗൈനക്കൊളജിസ്റ്റിനെ കാണണം. 
“തയ്യാറായിക്കോളു. രാവിലെ പോകാം” മറ്റൊന്നും സക്കറിയ ചോദിച്ചില്ല. എങ്കിലും, മേരീസയുടെ മനസ്സ് കുളിര്‍ത്തു.  
                                                                          
ഗൈനക്കോളജിസ്റ്റിന്‍റെ മുറിയില്‍ ഭാര്യയെ ഇരുത്തിയിട്ട്, സക്കറിയ       സ്വീകരണമുറിയില്‍ ചെന്നിരുന്നു. ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത അനുഭവങ്ങളെക്കുറിച്ച് ചിന്തിച്ചു. ഓരോരുത്തര്‍ക്കും നിയന്ത്രിക്കാന്‍ പറ്റുന്നത്‌ അവരവരുടെ പ്രവര്‍ത്തികളും പ്രതികരണങ്ങളും മാത്രമാണെന്നു തോന്നി. സ്വയം പറഞ്ഞു: “എന്‍റെ നേരുള്ള മനസ്സിനെ അവള്‍ കാണുന്നില്ല!” 
വീട്ടിലേക്ക് മടങ്ങവേ, ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ മേരീസ വിശദീകരിച്ചു: “ചെക്കപ്പ് നടത്തണം. കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യമാണ് പ്രധാനം.      ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് മാതമേ കഴിക്കാവു. ആദ്യമൂന്നുമാസം പ്രത്യേകം ശ്രദ്ധിക്കണം.” അത് കേട്ടെങ്കിലും, ഭര്‍ത്താവ് മിണ്ടിയില്ല. അയാളുടെ മനസ്സില്‍ ഭാരം കൂടിവന്നു.

ഭര്‍ത്താവിന്‍റെ ആശങ്കപ്പെടുത്തുന്ന പെരുമാറ്റം മേരീസയെ ഭയപ്പെടുത്തി. മനസ്സില്‍ വിദ്വേഷം സൂക്ഷിക്കുന്നവരുടെ പ്രവര്‍ത്തികളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. അവര്‍ കുറ്റം ചെയ്യാന്‍ മടിക്കത്തില്ല. തന്‍റെയും കുഞ്ഞിന്‍റെയും രക്ഷക്ക് എന്ത് ചെയ്യണമെന്ന് ദീര്‍ഘമായി ചിന്തിച്ചു.  
അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍, മേരീസ ഓര്‍മ്മപ്പെടുത്തി: “അമ്മച്ചിയെ കാണാന്‍ പോകണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇച്ചായന്‍ അതെപ്പറ്റി ഒന്നും പറഞ്ഞില്ല.” നീട്ടിയൊന്നു മൂളിയതല്ലാതെ സക്കറിയ മറുപടി പറഞ്ഞില്ല. അയാള്‍ ചരിഞ്ഞുകിടന്ന് ഉറങ്ങി. നിരാശയോടെ ആലോചനയില്‍ മുഴുകി മേരീസയും കിടന്നു. മനസ്സില്‍ സങ്കടം പൊങ്ങിവന്നു.

മൂന്നുദിവസം കഴിഞ്ഞു. പതിവുപോലെ, രാത്രിയില്‍ സക്കറിയ വന്നു. എയര്‍ ടിക്കറ്റും അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള തുകയും ഭാര്യയെ ഏല്‍പ്പിച്ചു. വിശാലബന്ധുരമായൊരു പുതുവഴിയിലേക്കുള്ള വാതില്‍ തുറന്നുവെന്നു കരുതി മേരീസയുടെ ഹൃദയം കൃതാര്‍ത്ഥമായി. 
പിറ്റേ ആഴ്ചയില്‍, ആകാശം സൈന്ദുരീകരിച്ച നേരത്ത്, വേദനക്കുമപ്പുറം മൗനമായ്‌ പെയ്യുന്ന പ്രാര്‍ത്ഥനയോടെ, മേരീസ വിമാനത്തില്‍ കയറി. അവളുടെ പറയാത്ത തീരുമാനം എന്തെന്നറിയാതെ, സക്കറിയ മടങ്ങി!

    ____________________
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക