
ന്യൂഡൽഹി; പാസ്പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. പാസ്പോർട്ട് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയോടെ ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. പാസ്പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരും.
പുതുക്കിയ നിരക്കനുസരിച്ച് സാധാരണ വിഭാഗത്തിൽ 36 പേജുകളുള്ള സാധാരണ പുതിയ പാസ്പോർട്ടിനും അത് പുതുക്കുന്നതിനും 2,500 രൂപയാണ് ഫീസ്. തത്കാൽ (Tatkal) വിഭാഗത്തിൽ ഇതേ പാസ്പോർട്ടിന് 5,000 രൂപ നൽകണം. മുതിർന്നവർക്കും 15 മുതൽ 18 വയസ്സുവരെയുള്ള പ്രായപൂർത്തിയാകാത്തവർക്കും ഈ നിരക്ക് ബാധകമായിരിക്കും. 60 പേജുകളുള്ള പാസ്പോർട്ട് ബുക്ക്‌ലെറ്റിന് സാധാരണ വിഭാഗത്തിൽ 3,500 രൂപയും തത്കാൽ വിഭാഗത്തിൽ 6,000 രൂപയുമാണ് പുതിയ നിരക്ക്.
പാസ്പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് ലഭിക്കുന്നതിനുള്ള നിരക്കിലാണ് ഏറ്റവും വലിയ വർദ്ധനവ് വരുത്തിയിരിക്കുന്നത്. 36 പേജുള്ള പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പുതിയതിന് സാധാരണ വിഭാഗത്തിൽ 5,000 രൂപയും തത്കാൽ വിഭാഗത്തിൽ 7,500 രൂപയും നൽകണം. 60 പേജുള്ളതാണെങ്കിൽ ഇത് യഥാക്രമം 6,000 രൂപയും 8,500 രൂപയുമായിരിക്കും. പ്രായപൂർത്തിയാകാത്ത അപേക്ഷകരുടെ 36 പേജുള്ള പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ സാധാരണ വിഭാഗത്തിൽ 4,250 രൂപയും തത്കാൽ വിഭാഗത്തിൽ 6,750 രൂപയും ഈടാക്കും.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് , സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ സേവനങ്ങളുടെ ഫീസ് ഇന്ത്യയ്ക്കകത്ത് 750 രൂപയായി നിശ്ചയിച്ചു. ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് 1,000 രൂപയായിരിക്കും ഫീസ്. വിദേശത്തുനിന്നുള്ള സേവനങ്ങൾക്ക് എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് 15 യു എസ് ഡോളറും (USD) ഐഡന്റിറ്റി സർട്ടിഫിക്കറ്റുകൾക്ക് 50 യു എസ് ഡോളറും നൽകണം. ഈ സേവനങ്ങൾക്ക് തത്കാൽ സൗകര്യം ലഭ്യമാകില്ല.