
ഇസ്രായേല്‍ ഗവണ്‍മെന്റും സുരക്ഷാ സേനയും ഗാസയിലെ പലസ്തീന്‍ കുട്ടികളെ മനഃപൂര്‍വ്വം ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയാണെന്ന് വ്യക്തമാക്കുന്ന യു.എന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലോകത്തെ ഞെട്ടിക്കുന്നതാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് കണ്ടെത്തിയ ഐക്യരാഷ്ട്ര സഭാ കമ്മീഷന്റെ തലവന്‍ ഇന്ത്യന്‍ ജഡ്ജിയും മുന്‍ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ശ്രീനിവാസന്‍ മുരളീധറാണ്. ഗാസയിലെ പലസ്തീനികളുടെ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ ഇസ്രയേല്‍ മനഃപൂര്‍വം കുട്ടികളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ 7-നും 2025 ഒക്ടോബര്‍ 7-നും ഇടയില്‍ ഗാസയില്‍ കുറഞ്ഞത് 20,179 പലസ്തീന്‍ കുട്ടികളെങ്കിലും കൊല്ലപ്പെടുകയും 44,143 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ കൊല്ലപ്പെട്ട ആകെ പലസ്തീനികളുടെ എണ്ണത്തിന്റെ ഏകദേശം 30 ശതമാനത്തോളം വരും ഇത്. വീടുകള്‍, അഭയകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, കൂടാതെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ അഭയം പ്രാപിച്ച അനാഥാലയങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ വെച്ചാണ് കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കൃത്യതയാര്‍ന്ന സ്‌നൈപ്പറുകളുടെയും ഡ്രോണുകളുടെയും വെടിയുണ്ടകളാല്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവങ്ങളും കമ്മീഷന്‍ പരിശോധിച്ചു. ഇത് പല സാഹചര്യങ്ങളിലും കുട്ടികളെ ഇസ്രായേല്‍ സൈന്യം കൃത്യമായി ലക്ഷ്യമിട്ട് ഉപദ്രവിച്ചതാണെന്ന് സൂചിപ്പിക്കുന്നു. കമ്മീഷന്‍ അഭിമുഖം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്, പല കേസുകളിലും നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ വെടിവയ്പ്പിലെ കൃത്യത കാണിക്കുന്നു എന്നാണ്. ഇത് കുട്ടികളെ കൃത്യമായ ലക്ഷ്യനിര്‍ണ്ണയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വെടിവെച്ചതാണെന്നും, ഇസ്രായേല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ അബദ്ധത്തിലോ അല്ലാതെയോ ഉണ്ടായ വെടിവെയ്പ്പിന്റെ ഫലമല്ലെന്നും തെളിയിക്കുന്നു. 2025 ഒക്ടോബറിലെ വെടിനിര്‍ത്തലിന് ശേഷവും, ഇസ്രായേല്‍ സൈനിക നിയന്ത്രണത്തിലുള്ള മേഖലകളെ അടയാളപ്പെടുത്തുന്ന 'മഞ്ഞരേഖ'യ്ക്ക്' സമീപമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കുട്ടികള്‍ കൊല്ലപ്പെടുന്നത് തുടരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍, ഗാസയിലെ വംശഹത്യ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവയ്ക്കും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ യുദ്ധക്കുറ്റങ്ങള്‍ക്കും ഇസ്രായേല്‍ സേന ഉത്തരവാദികളാണെന്ന് പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച ഇസ്രായേല്‍, തങ്ങള്‍ സിവിലിയന്മാരെയോ കുട്ടികളെയോ മനഃപൂര്‍വം ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തമാക്കി. ആക്രമണങ്ങള്‍ പലസ്തീന്‍ കുടുംബങ്ങളില്‍ ദീര്‍ഘകാലത്തേക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് നവജാതശിശുക്കളുടെ അതിജീവനത്തെ ബാധിക്കുകയും, ഗര്‍ഭഛിദ്രങ്ങളും വൈകല്യങ്ങളോടെയുള്ള ജനനങ്ങളും വര്‍ദ്ധിപ്പിക്കുകയും, കുട്ടികളുടെ പുനരുല്‍പ്പാദന ശേഷിയെത്തന്നെ തകര്‍ക്കുകയും ചെയ്തു. പലസ്തീന്‍ കുട്ടികള്‍ക്കെതിരെ ഇസ്രായേല്‍ സേന ലൈംഗിക അതിക്രമങ്ങള്‍ ഒരു പീഡനമുറയായി ഉപയോഗിച്ചതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ഗാസയ്ക്ക് പുറമെ, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ ഇസ്രായേല്‍ അധിനിവേശത്തിലുള്ള വെസ്റ്റ് ബാങ്കിലും പലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടു. മാത്രമല്ല, അവര്‍ അന്യായമായ തടങ്കലിനും പീഡനങ്ങള്‍ക്കും ഇരയായതായി കമ്മീഷന്‍ കണ്ടെത്തി. ഇസ്രായേല്‍ സുരക്ഷാ സേന പലസ്തീന്‍ കുട്ടികളെ സുരക്ഷാ ഭീഷണിയായി കാണാന്‍ തുടങ്ങിയെന്നും ഇത് മാരകമായ ബലപ്രയോഗത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാതൊരുവിധ ഭീഷണിയും ഉയര്‍ത്താതിരുന്നിട്ടും കുട്ടികളെ സ്‌നൈപ്പര്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് ആസൂത്രിതമാണെന്നും കമ്മീഷന്‍ പറഞ്ഞു.
എന്നാല്‍ ഈ കണ്ടെത്തലുകള്‍ ഇസ്രായേല്‍ തള്ളിപ്പറഞ്ഞു. ജനീവയിലെ ഇസ്രായേലിന്റെ നയതന്ത്ര പ്രതിനിധി ഈ റിപ്പോര്‍ട്ടിനെ 'അപകീര്‍ത്തികരമായ ഒരു നാടകം' എന്ന് വിശേഷിപ്പിക്കുകയും, കമ്മീഷന്‍ 'സ്ഥിരീകരിക്കപ്പെടാത്ത, രണ്ടാംകിട ഉറവിടങ്ങളെയാണ്' ആശ്രയിച്ചതെന്ന് ആരോപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വംശഹത്യ ആരോപണങ്ങള്‍ ഇസ്രായേല്‍ അധികൃതര്‍ നിരന്തരം നിഷേധിക്കുന്നുണ്ട്. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം, സിവിലിയന്‍ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരരെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നതെന്നും അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമാണെന്നും അവര്‍ അവകാശപ്പെടുന്നു. ഹമാസ് സിവിലിയന്മാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും ഇസ്രായേല്‍ ആരോപിക്കുന്നു.
കമ്മീഷന്റെ കണ്ടെത്തലുകള്‍ നിയമപരമായി ബസാധുതയുള്ളതല്ല. ഇസ്രായേല്‍ ഇതിന്റെ അന്വേഷണങ്ങളുമായി സഹകരിക്കാന്‍ വിസമ്മതിച്ചിട്ടുമുണ്ട്. 2021 മെയ് മാസത്തില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് ഈ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്. ഇസ്രായേലിലും അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലും നടക്കുന്ന അന്താരാഷ്ട്ര മാനുഷിക-മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങള്‍ അന്വേഷിക്കുകയാണ് ഇതിന്റെ സ്ഥിരം ചുമതല. താല്‍ക്കാലിക വസ്തുതാന്വേഷണ സംഘങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ മേഖലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും മനുഷ്യാവകാശ കൗണ്‍സിലിനും യു.എന്‍ പൊതുസഭയ്ക്കും റിപ്പോര്‍ട്ട് നല്‍കാനും ഈ കമ്മീഷന് അധികാരമുണ്ട്.
1948-ലെ വംശഹത്യ കണ്‍വെന്‍ഷന്‍ നിരോധിച്ച അഞ്ച് വംശഹത്യ നടപടികളില്‍ നാലെണ്ണവും ഇസ്രായേല്‍ ചെയ്തതായും ഇസ്രായേലി ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ വംശഹത്യ ലക്ഷ്യത്തെ സൂചിപ്പിക്കുന്നതായും കമ്മീഷന്‍ 2025 സെപ്റ്റംബറില്‍ നിഗമനത്തിലെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ട്. ഗാസയിലെ തങ്ങളുടെ നടപടികളുടെ പേരില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത നിയമനടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. വംശഹത്യ ആരോപണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ പ്രത്യേക നടപടികള്‍ നിലവില്‍ തുടരുകയാണ്. അതോടൊപ്പം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഈ യുദ്ധവുമായി ബന്ധപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരെ, പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ കൂടുതല്‍ ക്രൂരതകള്‍ ഉണ്ടാകുന്നത് തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അന്താരാഷ്ട്ര സമൂഹം നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഏകദേശം രണ്ട് പതിറ്റാണ്ടോളം ഇന്ത്യന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായിരുന്ന പ്രമുഖ ഇന്ത്യന്‍ നിയമജ്ഞനാണ് യു.എന്‍ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവായ ജസ്റ്റിസ് എസ് മുരളീധര്‍. ഈ കാലയളവില്‍ അദ്ദേഹം നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ കൗണ്‍സലായി സേവനമനുഷ്ഠിക്കുകയും നിരവധി പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ അമിക്‌സ് ക്യൂറിയായി ഹാജരാവുകയും ചെയ്തിട്ടുണ്ട്. 2002-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടിയ അദ്ദേഹം 2002 മുതല്‍ 2006 വരെ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പാര്‍ട്ട് ടൈം അംഗമായിരുന്നു. 2006 മെയ് മാസത്തില്‍ അദ്ദേഹം ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2021 ജനുവരിയില്‍ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം 2023 ഓഗസ്റ്റില്‍ വിരമിച്ചു. ഒറീസയിലെ അദ്ദേഹത്തിന്റെ കാലാവധി കോടതി രേഖകളുടെ ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെയുള്ള ഭരണപരമായ പരിഷ്‌കാരങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. 2023 ഒക്ടോബറില്‍ ഇന്ത്യന്‍ സുപ്രീം കോടതി അദ്ദേഹത്തെ സീനിയര്‍ അഡ്വക്കേറ്റായി നാമനിര്‍ദ്ദേശം ചെയ്യുകയും അദ്ദേഹം വീണ്ടും നിയമരംഗത്തേക്ക് മടങ്ങുകയും ചെയ്തു.