Image

സൂസൻ പാലാത്രയുടെ അഞ്ചു നോവലെറ്റുകൾ : അമ്പാട്ട് സുകുമാരൻനായർ - മുൻ മംഗളം ചീഫ് എഡിറ്റർ

Published on 25 June, 2026
സൂസൻ പാലാത്രയുടെ അഞ്ചു നോവലെറ്റുകൾ : അമ്പാട്ട് സുകുമാരൻനായർ - മുൻ മംഗളം ചീഫ് എഡിറ്റർ

സൂസൻ പാലാത്രയുടെ അഞ്ചു നോവലെറ്റുകളാണ് അവതാരികയെഴുതാൻ എന്നെയേല്പിച്ചത്. ഞാനമ്പരന്നുപോയി. അവതാരികയെഴുതി വലിയ പരിചയമൊന്നുമില്ലാത്ത ഞാൻ ഉത്തരവാദിത്വമുള്ള ആ ഭാരിച്ച കർമ്മം ആശങ്കയോടെ ഏറ്റെടുത്തു.
ആദ്യത്തേത്  സാറാക്കുട്ടിയുടെ അതിജീവനം:
സത്യം പറയട്ടേ, അത്യാധുനികതയുടെ അജീർണതകളും ജാഡയും ദുരൂഹതയുമൊന്നുമില്ലാത്ത ലളിതസുന്ദരമായ ഒരു സാഹിത്യോപഹാരം. ബുദ്ധിജീവികളെന്ന് സ്വയം ഭാവിക്കുന്ന ഇന്നത്തെ അത്യാധുനികരായ എഴുത്തുകാർ തങ്ങളുടെ കഥകളിലും നോവലുകളിലും പ്രകൃതിയെയും നമ്മുടെ പ്രാക്തനസംസ്കാരത്തെയും ആചാരമര്യാദകളെയും പവിത്രമായ മാനുഷികബന്ധങ്ങളെയും അപ്പാടെ അവഗണിച്ചുകൊണ്ട് ഭാഷയിലും സാഹിത്യത്തിലുമൊക്കെ ഒരു പൊളിച്ചെഴുത്തു നടത്തുന്നതിനുള്ള പാഴ്‌വേല നടത്തുന്നതായാണ് കാണുന്നത്.
ആ വഴിക്കൊന്നും സഞ്ചരിക്കാതെ ജാഡകളില്ലാതെ ലളിതസുന്ദരഭാഷയിൽ നമ്മുടെ നാട്ടിൻപുറത്തുള്ള ഒരു പുരാതനത്തറവാട്ടിൽ ജീവിക്കുന്ന ഒരു ക്രൈസ്തവകുടുംബത്തിൻ്റെ യഥാതഥമായ ജീവിതമാണ് കൃത്രിമമായ വർണ്ണപ്പകിട്ടുകളൊന്നുമില്ലാതെ വരച്ചുകാട്ടുന്നത്. പല താവഴികളുള്ള ആ തറവാട്ടിൽ രക്തബന്ധങ്ങൾതമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ആഴത്തിലുള്ള സാഹോദര്യബന്ധങ്ങളും സാമ്പത്തികമായ ഉച്ചനീചത്വങ്ങളും സ്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ഈ നോവലിൽ പ്രകടമാണ്. ശുദ്ധമനസ്കയും നിർമ്മലസ്നേഹത്തിൻ്റെ  പ്രതിരൂപവുമായ സാറാക്കുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ കഥയുടെ ചുരുളഴിയുന്നത്.
തെങ്ങും കമുകും മാവും പ്ലാവും ഞാവലും നെല്ലിയും മറ്റനേകം ഫലവൃക്ഷങ്ങളുമെല്ലാമുള്ള ചേതോഹരമായ ഒരു ഗ്രാമം. ആ ഗ്രാമത്തിലുള്ള ഒരു പുരാതനത്തറവാട്ടിലാണ് സാറാക്കുട്ടി ഇല്ലായ്മയുടെയും വല്ലായ്മയുടെയും ചുമടുംതാങ്ങി അതിജീവനം നടത്തുന്നത്. പണ്ടൊക്കെ കപ്പയും നെല്ലും കാപ്പിയും കുരുമുളകും ചേനയും ചേമ്പും കാച്ചിലും കിഴങ്ങുമൊക്കെയായിരുന്നു നമ്മുടെ കാർഷികോത്പന്നങ്ങൾ. കപ്പയും ചക്കയും മീനുമായിരുന്നു സാധാരണമായി നാട്ടിൻപുറത്തുകാരുടെ പ്രധാനഭക്ഷണം.
സാറാക്കുട്ടിയുടെ ബാല്യം വായനക്കാരുടെ ചിന്താമണ്ഡലങ്ങളെ ഉന്മിഷത്താക്കുന്നു. അതിജീവനത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും അസാമാന്യമനക്കരുത്തിൻ്റെയും മൂർത്തിമദ്ഭാവങ്ങൾ  നോവലെറ്റിലുടനീളം ത്രസിച്ചുനില്ക്കുന്നു.  ഫിലിപ്പൂട്ടി നേരിടുന്ന ദുരന്തത്തിൽനിന്ന് അയാളെ കരകയറ്റാൻ സാറാക്കുട്ടി പ്രകടിപ്പിക്കുന്ന അസാമാന്യവൈഭവം എടുത്തുപറയേണ്ടതാണ്. 
കഥ മുഴുവനും അവതാരികയിലൂടെ വെളിപ്പെടുത്തുന്നതു ശരിയല്ലല്ലോ.
സൂസൻ്റെ കഥാകഥനരീതി ശ്ലാഘനീയമാണ്. ഭാഷ സുന്ദരവും അകൃത്രിമവും ലളിതവുമാണ്. വായനക്കാരെ വശീകരിക്കുന്ന, അവരുടെ ഹൃദയാന്തരാളത്തിൽ പലവട്ടം തേങ്ങലുണർത്തുന്ന ഈ നോവലെറ്റ് ഗ്രന്ഥകാരിയുടെ മനോനൈർമല്യംകൂടെ വെളിപ്പെടുത്തുന്നതാണെന്ന് സഹൃദയരായ അനുവാചകർക്ക് ബോധ്യമാകും.

          സിംലാൻ്റി
ദാമ്പത്യജീവിതത്തിലുണ്ടാകുന്ന പൊരുത്തവും പൊരുത്തക്കേടുകളും ഒരു ജീവിതത്തെ എത്രമാത്രം മാറ്റിമറിക്കുന്നു എന്നതിനുദാഹരണമാണ് സിംലാൻ്റി. ഭാര്യാഭർത്താക്കന്മാർതമ്മിലുണ്ടാകുന്ന അലോസരങ്ങൾ, ദൂരവ്യാപകമായ ദുരന്തങ്ങൾക്ക് കാരണമായിത്തീരാറുണ്ട്. സിംലാൻ്റി എന്ന നീണ്ടകഥയുടെ പ്രമേയം അപൂർവ്വമായി പല കുടുംബങ്ങളിലും കണ്ടെത്താൻ കഴിയുന്നതാണ്. ഉലഞ്ഞുപോയ ദാമ്പത്യബന്ധത്തെ വിളക്കിച്ചേർക്കുക ഏറെ ദുഷ്കരമാണ്. ചാരുതയോടെ കഥ പറയാനുള്ള സൂസൻ്റെ കഴിവ് മികവുറ്റതുതന്നെ. ജീവിതത്തിലെ അതിലോലമായ സൂക്ഷ്മഭാവങ്ങളെപ്പോലും അപഗ്രഥിച്ച് അനുവാചകഹൃദയങ്ങളിലേക്ക് സംക്രമിപ്പിക്കാനുള്ള മികവ് ദൈവദത്തമാണ്. വേറിട്ടുപോയ ഹൃദയബന്ധങ്ങളെ സംയോജിപ്പിക്കാനുള്ള ഒരു മകളുടെ സ്നേഹമസൃണമായ ശ്രമം വിഫലമായില്ല. ഹൃദയബന്ധങ്ങൾ നേർത്ത പട്ടുനൂലുകൊണ്ട് കോർത്തിണക്കിയതാണ്. അതൊന്നു പൊട്ടിപ്പോയാൽ വീണ്ടും ഏച്ചുകെട്ടുക അസാധ്യമാണ്. "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന  പഴഞ്ചൊല്ലിന് ഈ നോവലെറ്റിൽ  പ്രസക്തിയേറുന്നതായി കാണാം. മനഃശാസ്ത്രപരമായ അപഗ്രഥനമാണ് സൂസൻ പാലാത്ര ഈ കഥരചനയിലൂടെ നടത്തിയിട്ടുള്ളത്. അപഗ്രഥിക്കാൻ ശ്രമിക്കുന്തോറും ദുരൂഹമായിത്തീരുന്ന ഒന്നാണ് മനുഷ്യമനസ്സ്. തറവാടിത്തത്തിൻ്റെ ഉന്നിദ്രരൂപമാണ് എത്സമ്മ. എത്സമ്മ സിംലയിൽനിന്ന് നാട്ടിലേക്കു വന്നത് മക്കളെ മലയാളം പഠിപ്പിക്കാനാണ്. അതിനു കൊടുക്കേണ്ടിവരുന്ന വില തൻ്റെ ദാമ്പത്യജീവിതമാണ്. എന്നിട്ടും ദുരന്തങ്ങളെ സമചിത്തതയോടെ അഭിമുഖീകരിച്ചുകൊണ്ട് സ്വഭാവത്തിൽ ആഭിജാത്യം പുലർത്തിക്കൊണ്ട് ക്ലേശപൂർണ്ണമായ ജീവിതത്തിലൂടെ മക്കളെ പഠിപ്പിച്ച്, വളർത്തി, മിടുക്കരാക്കി. മനസ്സും വികാരവുമുള്ള ഏതൊരു മനുഷ്യനെയും അലട്ടുന്ന ഘനമുഹൂർത്തങ്ങൾ സൃഷ്ടിക്കുക എന്നത് ഒരു എഴുത്തുകാരിയുടെ വിജയമാണ്. അത്തരം ഘനമുഹൂർത്തങ്ങൾ സൃഷ്ടിച്ച് സൂസൻ ഈ കഥാരചനയിൽ വിജയം വരിച്ചിരിക്കുന്നു. വ്യത്യസ്തമായ ഇതിവൃത്തത്തിലൂടെ പാത്രസൃഷ്ടിയിലൂടെ ശ്രദ്ധേയമാണ് സിംലാൻ്റി എന്ന ഈ ലഘുനോവൽ.

   ദൂസരീ ഔരത്ത്

സൂസൻ പാലാത്രയുടെ എല്ലാ നോവലെറ്റുകളും വായനയുടെ സുഖം പകരുന്നവതന്നെ. പ്രമേയവും ആഖ്യാനരീതിയും മികവുറ്റതാണ്. ദാമ്പത്യജീവിതത്തിലെ അശാസ്ത്രീയമായ ഇടപെടലുകൾ, കുടുംബജീവിതത്തെ അലങ്കോലമാക്കുന്ന സംഗതികൾ,  ഭദ്രമായ കുടുംബജീവിതം ആഗ്രഹിക്കുന്നവരുടെ ഹൃദയത്തിൽ പോറലുണ്ടാക്കും. എല്ലാ കഥകളിലും സ്നേഹത്തിൻ്റെ അമൃതകുംഭങ്ങളായ ഓരോരോ കഥാപാത്രങ്ങളുണ്ടാകും. അത്തരം കഥാപാത്രങ്ങളെ ചാരുതയോടെ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവിൻ്റെ അവിവേകമായ പെരുമാറ്റംമൂലം നല്ല കുടുംബിനികളിലുണ്ടാകുന്ന മാനസികപീഡനങ്ങൾ നിസ്സാരങ്ങളല്ല. പക്ഷേ, എല്ലാ പുരുഷന്മാരും അത്തരക്കാരല്ല. ഭാര്യയുടെ സ്നേഹം കൊതിക്കുന്ന പുരുഷന്മാരുമുണ്ട്. ഭാര്യമാരുടെ സ്നേഹമസൃണമായ പെരുമാറ്റം പുരുഷഹൃദയങ്ങളെ വെണ്ണപോലെ മൃദുലമാക്കും. സ്വന്തം കുടുംബത്തിനുവേണ്ടി, ഭാര്യയുടെ ഏതഭിലാഷവും നിറവേറ്റിക്കൊടുക്കുന്നതിനുവേണ്ടി സ്വന്തം സുഖവും സന്തോഷവുമെല്ലാം പരിത്യജിച്ച് ത്യാഗപൂർണ്ണമായ ജീവിതം നയിക്കുന്ന എത്രയോ ഭർത്താക്കന്മാരുമുണ്ട്. അവരുടെ വേദനകളും സങ്കടങ്ങളും നല്ല കുടുംബിനിയും നല്ല എഴുത്തുകാരിയുമായ സൂസൻ കാണാതെപോകരുത്. അവരുടെ വേദനകളും സമൂഹത്തിൽ അവതരിപ്പിക്കണം. സ്ത്രീഹൃദയങ്ങളുടെ നൈർമ്മല്യം വർണ്ണാഭമായ ലോകം നെഞ്ചേറ്റുകതന്നെ ചെയ്യും. ഇനിയും മികവുറ്റ രചനകൾ എഴുതുവാൻ ജഗത്പിതാവ് അനുഗ്രഹിക്കട്ടേ.

               വിമല  

മറ്റൊരു നീണ്ടകഥയാണ് വിമല. എല്ലാക്കഥകളും വിശകലനം ചെയ്യേണ്ട കാര്യമില്ലല്ലോ. നമ്മുടെ നാടിൻ്റെ യഥാതഥമായ രൂപമാണ് വിമല എന്ന നോവലെറ്റ്. കണ്ണുകളെ ഈറനണിയിച്ച മാസ്മരികരചനാപാടവം ഇതിൽ പ്രകടമാണ്. ദുഃഖപര്യവസായിയായ ഈ കഥ വായിച്ചപ്പോൾ നമ്മുടെ കൊച്ചുകേരളത്തിൽ നാളുകളായി നടന്നുകൊണ്ടിരിക്കുന്ന പല ദുഃഖസംഭവങ്ങളും മനസ്സിലൂടെ മിന്നിമറഞ്ഞുപോയി, സംഭവങ്ങൾ എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ.  നാടിൻ്റെ ഇന്നത്തെ ഈ ദുരവസ്ഥ എത്ര ഭീകരമാണ് എന്ന് ഈ നോവലെറ്റ് വെളിവാക്കും.  ഗ്രന്ഥകാരിക്ക് സമൂഹത്തിനോടുള്ള പ്രതിബദ്ധത ഈ നോവലിലുടനീളം തെളിഞ്ഞുനില്ക്കുന്നു. സമൂഹത്തിന് നല്ലൊരു സന്ദേശം നല്കുന്ന നീണ്ടകഥയാണിത്.  ''മഴ പെയ്തുതീർന്നാലും മരം പെയ്തുകൊണ്ടിരിക്കും" എന്നു പറയുന്നതുപോലെ. ഈ  നോവലെറ്റ് വായിച്ചുതീർന്ന് ദിവസങ്ങൾ കഴിഞ്ഞാലും ഇതിലെ കഥാപാത്രങ്ങളായ വിമലയും അഭിനന്ദും മനസ്സിൽനിന്ന് മാഞ്ഞുപോവില്ല. ഏതൊരു മനുഷ്യനും കർമ്മഫലം അനുഭവിക്കണം. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം എന്ന കഥാകാരിയുടെ വിധിയെഴുത്ത് ചിന്തോദ്ദീപമാണ്. തൽഫലമായുണ്ടായ കഥാന്ത്യത്തിലെ  കാവ്യനീതിയിവിടെ പ്രസക്തമാണ്.  
         
 ഒറ്റരൂപാനാണയങ്ങൾ

നിഷ്കളങ്കമായ, ലളിതസുന്ദരമായ ഒരു രചനയാണ്, ഒറ്റരൂപാനാണയങ്ങൾ. വാക്കുകളുടെ പ്രയോഗം കൂടുതൽ സുന്ദരമാണ്, പ്രസവദ്വാരത്തിങ്കൽ എന്നൊക്കെ മാന്യമായി ഹൃദയാവർജ്ജകമായി എഴുതാനുള്ള സൂസൻ്റെ  അസാമാന്യവൈഭവം ഈ നോവലെറ്റിൽ പ്രകടമാണ്. ഈ ലഘുനോവലിലെ ലീലക്കുട്ടി, കുഞ്ഞുലക്ഷ്മിയമ്മ എന്നീ കഥാപാത്രങ്ങൾ ജീവസ്സുറ്റതാണ്. രണ്ടു രീതിയിൽ പെരുമാറുന്ന രണ്ടു മുത്തശ്ശിമാർ. ഒരാൾ ലീലക്കുട്ടിക്കു  വാത്സല്യം ചൊരിയുമ്പോൾ മറ്റേയാൾ തുപ്പൽക്കോളാമ്പി കഴുകിക്കുന്നു.  കുടുംബാസൂത്രണഫിലിംഷോ കാണാൻ അമ്മയും മക്കളും അയല്ക്കാരുമൊക്കെയായുള്ള പോക്കുവരവും കാഴ്ചയും  നാടിൻ്റെ അന്നത്തെ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ നോവലെറ്റിൽ പ്രതിപാദിച്ചിട്ടുള്ള മതസാഹോദര്യം എടുത്തുപറയേണ്ട ഒന്നാണ്. കേവലം കുട്ടിയായിരുന്ന ലീലക്കുട്ടി കുഞ്ഞുസോദരൻ്റെ അപ്പിത്തുണികൾ തോട്ടിലിട്ടുകഴുകുന്നതൊക്കെ ഈറനണിഞ്ഞ കണ്ണുകളോടെയാണ് വായിച്ചത്. അവൾ  തോട്ടിലൂടെ ഒഴുകിപ്പോയ സംഭവം  ലീലക്കുട്ടി വീട്ടുകാരറിയാതെ മറച്ചുപിടിക്കുന്നു. കാരണം,  തുണിയലക്കിലൂടെ ലഭിക്കുന്ന കുശാലായ ഭക്ഷണം നഷ്ടപ്പെടാതിരിക്കാൻ. 'നാട്ടിൻപുറം നന്മകളാൽ സമൃദ്ധം'   എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുംവിധം മുള്ളനാക്കുഴിവീട്ടുകാർ ലീലക്കുട്ടി അപകടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നു. നല്ല എഴുത്ത്, നിഷ്കളങ്കമായ, ലളിതസുന്ദരമായ രചനാവിലാസംകൊണ്ട് ഈ നോവലെറ്റും ശ്രദ്ധേയമാണ്. 
ഇനിയും ഇതുപോലെയുള്ള  മികവുറ്റ നല്ല കഥകൾ രചിക്കുവാൻ ജഗത്പിതാവ് സൂസനെ അനുഗ്രഹിക്കട്ടേ.

സൂസൻ പാലാത്രയുടെ തൂലികത്തുമ്പിൽനിന്ന് അടർന്നുവീണ സാറാക്കുട്ടിയുടെഅതിജീവനം, സിംലാൻ്റി, ദൂസരി ഔരത്ത്, വിമല, ഒറ്റരൂപനാണയങ്ങൾ എന്ന ഈ അഞ്ചു നോവലെറ്റുകൾ അതീവസന്തോഷത്തോടെ, ചാരിതാർത്ഥ്യത്തോടെ സഹൃദയസമക്ഷം ഞാൻ അവതരിപ്പിക്കുന്നു. സൂസൻ പാലാത്രക്ക് അഭിനന്ദനങ്ങൾ.

 

സൂസൻ പാലാത്രയുടെ ലഘുനോവലുകളുടെ പ്രകാശനവും കവിയരങ്ങും


28/6/2026 ഞായറാഴ്ച 2.30 പി. എം.ന്  തിരുവഞ്ചൂർ ലൈബ്രറിയിൽ,  'സൂസൻ പാലാത്രയുടെ ലഘുനോവലുകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും കവിയരങ്ങും ശ്രീ എബി പാലാത്രയുടെ അധ്യക്ഷതയിൽ തിരുവഞ്ചൂർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ  നടത്തുന്നു. മുൻമന്ത്രി ശ്രീ വി.എൻ. വാസവനാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്. 
സമ്മേളനത്തിന്റെ ഉദ്ഘാടനം  അഡ്വ. ഫിൽസൺ മാത്യുസ് നിർവഹിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക