Image

ടെക്സസിൽ വീണ്ടും ജനവിധി തേടി ഇന്ത്യൻ-അമേരിക്കൻ ജഡ്ജ് ജൂലി മാത്യു; ഇത് വൻനേട്ടം

Published on 25 June, 2026
ടെക്സസിൽ വീണ്ടും ജനവിധി തേടി ഇന്ത്യൻ-അമേരിക്കൻ ജഡ്ജ്  ജൂലി മാത്യു; ഇത് വൻനേട്ടം

ഹൂസ്റ്റൺ: ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജും  ഇന്ത്യൻ-അമേരിക്കൻ നിയമവിദഗ്ധയുമായ ജൂലി മാത്യു വീണ്ടും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി പൊതുതിരഞ്ഞെടുപ്പിലേക്ക്. മാർച്ചിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെട്ടെങ്കിലും, പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്ന് ഫോർട്ട് ബെൻഡ് കൗണ്ടി കോടതി നമ്പർ 3-ലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ജൂലിയെ വീണ്ടും നാമനിർദേശം ചെയ്തിരിക്കുകയാണ്. 

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് ജനിച്ച ജൂലി മാത്യു,1986 ലാണ് തന്റെ പത്താം വയസ്സിൽ  മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കൻ നീതിന്യായ രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമാണ്. ഫോർട്ട് ബെൻഡ് കൗണ്ടി ബെഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ വംശജയും അമേരിക്കയിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതാ ജഡ്ജുമാരിലൊരാളുമാണ് അവർ.

നിയമരംഗത്ത് ദീർഘകാല പരിചയമുള്ള ജൂലി, സിവിൽ, ക്രിമിനൽ, പ്രൊബേറ്റ് കേസുകളിൽ അഭിഭാഷകയായി പ്രവർത്തിച്ചതിനുശേഷമാണ് ജുഡീഷ്യറിയിലേക്ക് എത്തിയത്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജായും ജുവനൈൽ ഇന്റർവെൻഷൻ ആൻഡ് മെന്റൽ ഹെൽത്ത് കോടതിയുടെ രൂപീകരണത്തിലും അവർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

2023-ൽ രണ്ടാമതും ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ട ജൂലി, നിയമനീതി എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുക, കുടുംബങ്ങൾക്കും കുട്ടികൾക്കും കൂടുതൽ പിന്തുണ നൽകുന്ന നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കെതിരെയാണ് ജൂലി മാത്യു ജനവിധി തേടുക. ടെക്സസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹം ഉൾപ്പെടെ നിരവധി സംഘടനകൾ അവരുടെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഭർത്താവ് ജിമ്മി മാത്യു കാസർഗോഡ് സ്വദേശിയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക