
അപൂര്‍വ്വമായി ഉണ്ടാകുന്ന മികച്ച മലയാള സിനിമയാണ് ബാലന്‍
മലയാള സിനിമ മറന്ന ലാളിത്യവും വൈവിധ്യവും സ്ക്രീനില്‍ തിരികെ കൊണ്ടുവരികയാണ് ചിദംബരം സംവിധാനം ചെയ്ത ബാലനില്‍ .മഞ്ഞുമ്മല്‍ ബോയ്സിന്റെ തിളക്കമാര്‍ന്ന വിജയം കൈമുതല്‍ ആയുണ്ടെങ്കിലും ലളിത മധുരമായി അനായാസമെന്നു തോന്നിപ്പിക്കുന്ന യഥാതഥ മിഴിവുള്ള ഷോട്ടുകളും സീനുകളും കഥ സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്ന ഒരു സിനിമ ചെയ്യുക എന്നത് സംവിധായകന് വലിയ വെല്ലുവിളിയാണ്..അതിലെ പ്രധാന കഥാപാത്രങ്ങള്‍ ഒരു പുതു മുഖ നടിയും ഒരു ബാലനടനുമാണ് എന്നത് അതിന്റെ വൈഷമ്യം വര്‍ദ്ധിപ്പിക്കുന്നു .പല അടരുകളുള്ള കഥ പറയുകയാണ് ചിത്രത്തില്‍ സംവിധായകനും കഥാകൃത്ത് ജിതിന്‍ മാധവനും .ഒരു ഗ്രാഫിക് നോവലില്‍ എന്ന പോലെ ഹൃദ്യമായ വരകളോടെ തുടങ്ങുന്ന കഥയുടെ നീണ്ട അടരുകള്‍ അവ ഒരു കുട്ടി ജയിലില്‍ വരഞ്ഞിട്ടതാണെന്ന അറിവ് പ്രേക്ഷകനില്‍ വലിയ ഞെട്ടല്‍ ഉളവാക്കുന്നു .ജയിലില്‍ കുറ്റവാളിയായി ശിക്ഷ അനുഭവിക്കുന്ന അമ്മയുടെ കൂടെ കഴിഞ്ഞ കുട്ടിയുടെ പ്രായത്തിനും അപ്പുറമുള്ള വളര്‍ച്ച ആ കണ്ണുകളിലും പശ്ചാത്തലത്തിലും നമുക്ക് ദര്‍ശിക്കാം .നീണ്ട ഉയരം കൂടിയ മതിലുകളും കൃത്യ സമയത്ത് മുഴങ്ങുന്ന മണിയൊച്ചകളും നിറഞ്ഞ ആ ജയിലിന്റെ പശ്ചാത്തലത്തില്‍ നിന്ന് സിനിമ നാടിന്റെയും കാടിന്റെയും ഏകാന്ത സുന്ദരമായ ലോകത്തേക്ക് പറിച്ചു നടപ്പെടുന്നുവെങ്കിലും ചിത്രം മുഴുവനും അമ്മയും മകനും നിറഞ്ഞു നില്‍ക്കുന്നു .ഇടക്ക് വരുന്ന അമ്മച്ചിയും സാഡിസ്റ്റ് ആയ പവിത്രന്‍ എന്ന പോലീസുകാരനും ചിത്രത്തിന്‍റെ മിഴിവ് വര്‍ദ്ധിപ്പിക്കുന്നു .ബാലന്‍ പവിത്രന്‍ ആയി വളരെണ്ടിയിരുന്നുവോ എന്ന സംശയം നമുക്ക് തോന്നാം .ഒരു പക്ഷെ കാലഗണന മൂലമാകാം അത് സംവിധായകന്‍ ശ്രദ്ധിക്കുന്നില്ല, അല്ലെങ്കില്‍ ഒഴിവാക്കുന്നു
മകനെ കൈവെള്ളയില്‍ വെച്ചു വളര്‍ത്തുന്ന ആ അമ്മക്ക് ഏതു നിമിഷവും തന്നെ തന്‍റെ ഭൂതകാലം ആക്രമിക്കുമെന്ന് നന്നായറിയാം .അത് കൊണ്ടുതന്നെ അവരുടെ നിരവധി പലായനങ്ങളും ജീവിതവുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങളും അത്ര അനായാസമല്ല .ബാലന്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു ഓരോ അടിയിലും .ചുവടു തെറ്റാതെ .പക്ഷെ ആ അമ്മയുടെ കാലുകളിടറുന്നു.ഒരു നിമിഷത്തില്‍ എല്ലാം താളം തെറ്റുന്നു.
മറ്റാരും ഇല്ലാത്ത ഒരു ചെറുപ്പക്കാരിയായ സ്ത്രീയുടെ ജീവിതവുമായുള്ള പോരാട്ടങ്ങള്‍ യാതൊരു ഒച്ചയും ബഹളവുമില്ലാതെ സംവിധായകന്‍ നമ്മെ കാട്ടൂന്നു .അമ്മയായി അഭിനയിക്കുന്ന ഫര്‍സാന പാലത്തിങ്കല്‍ തികഞ്ഞ കണിശതയോടെ അമ്മയായും ഒളിവില്‍ കഴിയുന്ന സ്ത്രീയായും അഭിനയിക്കുന്നു .ബാലനായ ആദി കേശവന്‍ ആകട്ടെ അവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കുന്നു. അവരുടെ ആശങ്കകള്‍ പ്രേക്ഷരുടെ ഭീതിയാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് സംവിധാന മികവ് .

കുഞ്ഞുങ്ങളോടു ഒബെസ്ഷന്‍ ഉള്ള സ്നേഹം അവതരിപ്പിക്കുന്ന നിക്കോള്‍ കിഡ്മാന്റെ അതെര്സ് പോലെയുള്ള സിനിമകള്‍ നമുക്ക് മുന്നില്‍ ഉണ്ട് .പക്ഷെ ഇവിടെ അമ്മയുടെ നിസ്സഹായതക്കാണ് മുന്‍തൂക്കം .എത്ര ശ്രമിച്ചാലും പിന്‍വിളിക്കുന്ന ഭൂതകാലത്തിന്റെ തടവ്കാരിയാണ് അവര്‍ .മകനാണ് അവര്‍ക്ക് എല്ലാം . മകനു അമ്മയും .
ആദ്യപകുതിയിലെ ഈ ഒതുക്കം രണ്ടാം ഭാഗത്ത് കുറയുന്നു എങ്കിലും ബാലന്റെ സ്വാഭാവികമായ വളര്‍ച്ചയില്‍ ഈ ഭാഗം പ്രധാനമാണ് .ടോവിനോയെ പോലെയുള്ള ഒരു നടനെ കുറച്ചു കൂടി ശക്തമായി അവതരിപ്പിക്കാമായിരുന്നു .പക്ഷെ ആ വീഴ്ച മോഹനമായ ദൃശ്യ ഭംഗി മറികടക്കുന്നു .ആ അമ്മയും മകനും വീണ്ടും കണ്ടു മുട്ടുമോ എന്നതാണ് ചോദ്യം. അതിനു ഉത്തരം നല്‍കുന്നതിലെ സവിശേഷതയാണ് ചിത്രത്തിന്‍റെ മനോഹാരിതയും.
യാഥാര്‍ത്യത്തെ അവതരിപ്പിക്കുന്ന പോലെ അതിനെ മറികടക്കാനും നല്ല കലക്ക് കഴിയണം .അവിടെയാണ് ചിദംബരം വിജയിക്കുന്നത് .ബാലന്റെ വിജയം ആത്യന്തികമായി നല്ല സിനിമയുടെ വിജയം ആകുന്നതും അത് കൊണ്ടു തന്നെ
-പി എസ്