
മലയാള സിനിമയില്‍ ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജും. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏത്തറ്റം വരെ പോകാനും ഇരുവരും തയ്യാറാണ്. ഇപ്പോഴിതാ പുതിയ ചിത്രം ഖലീഫയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാന്‍ഫോര്‍മേഷന്‍ ശ്രദ്ധ നേടുകയാണ്. നടന്റെ 20 ' സിലേക്ക് വീണ്ടും തിരിച്ചു പോയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ താന്‍ കണ്ടത്തില്‍വെച്ച് ഏറ്റവും ഫ്‌ലെക്‌സിബിള്‍ ആയ നടന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് പൃഥ്വിരാജ്.
'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഫ്‌ലെക്‌സിബിളായിട്ടുള്ള നടന്‍ മമ്മൂക്കയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പേര് പറഞ്ഞാല്‍ കയ്യടി കിട്ടും എന്നുള്ളത് കൊണ്ടല്ല ഇത് പറയുന്നത്. മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും അദ്ദേഹം അതുതന്നെയായി മാറിയിട്ടുണ്ടെന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. 'അമരം' സിനിമയിലെ അച്ചൂട്ടിയായി കാണുമ്പോള്‍ അദ്ദേഹം ഒരു യഥാര്‍ഥ മുക്കുവനാണെന്ന് തോന്നും. 'ദി കിംഗ്' സിനിമയില്‍ കളക്ടറായിട്ടാണ് കാണുന്നതെങ്കില്‍ അതും അത്രത്തോളം വിശ്വസനീയമാകും.
ആ രീതിയില്‍ കഥാപാത്രങ്ങളിലേക്ക് പൂര്‍ണമായും ലയിച്ചുപോകാന്‍ കഴിയുന്ന നടനാണ് മമ്മൂക്ക. ഒരു അഭിനേതാവ് എന്ന നിലയില്‍ വേഗത്തില്‍ എളുപ്പത്തില്‍ കഥാപാത്രങ്ങളിലേക്ക് ഫിസിക്കലി ലയിക്കാന്‍ അദ്ദേഹത്തിന് പറ്റുന്നു എന്ന എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ പ്രചോദിപ്പിച്ചിട്ടുള്ളതും അതാണ്,' പൃഥ്വിരാജ് പറഞ്ഞു.
ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആണ് ഐ നോബഡി. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറില്‍ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കിടിലന്‍ ഫൈറ്റ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും. ജൂലൈ 9 ന് ചിത്രം ആഗോളതലത്തില്‍ റീലീസ് ചെയ്യും. ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. നിലവാരത്തിന്റെയും സിനിമാറ്റിക് അനുഭവത്തിന്റെയും ഉറപ്പായി മാറിയിരിക്കുന്ന ജേക്ക്സ് ബിജോയ് - പ്രിഥ്വിരാജ് കൂട്ടുക്കെട്ട് ഇത്തവണയും ട്രെന്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.