Image

സുഭദ്രാമ്മ (കഥ: ഷാജുമോൻ ജോസഫ് മാറാടി)

Published on 25 June, 2026
സുഭദ്രാമ്മ (കഥ: ഷാജുമോൻ ജോസഫ്  മാറാടി)

നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. പാൽക്കാരനും, പത്രക്കാരനും എത്തിയിട്ടില്ല. കാക്കകളുടെ കൂട്ടക്കരച്ചിൽ കേട്ടിട്ടാണ് ഞാൻ പുറത്തേക്കിറങ്ങിയത്. കാക്കകളുടെ കരച്ചിലിനൊപ്പം ആരുടെയൊക്കെയോ ഉച്ചത്തിലുള്ള ശകാരവും കേൾക്കാം.
                 ഗേറ്റ് തുറന്ന് ഇടവഴിയിലേക്കിറങ്ങിയപ്പോൾ മനസ്സിലായി ഭവാനിയമ്മയുടെ വീട്ടുപടിക്കലാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നതെന്ന്.
                  എന്റെ വീട്ടിലേക്ക് വലിച്ചിരിക്കുന്ന കറണ്ടുകമ്പിയിൽ കുടുങ്ങി മരണവെപ്രാളപ്പെടുന്ന കാക്കയെ രക്ഷപെടുത്തുവാൻ കൂട്ടം കൂടിയിരിക്കുന്ന കാക്കപ്പടയുടെ കരച്ചിലാണത് .
                   ഞാനവിടെ എത്തിയപ്പോഴേക്കും കമ്പിയിൽ കുടുങ്ങിയ കാക്ക ഇഹലോകവാസം വെടിഞ്ഞിരുന്നു. എന്നെ കണ്ടപാടെ ഞാനാണ് അവരുടെ കാക്കച്ചായന്റെ മരണത്തിനുത്തരവാദി എന്ന മട്ടിൽ എല്ലാംകൂടി എന്റെ ചുറ്റിലും വട്ടമിട്ടുപറന്ന് എണ്ണിപ്പെറുക്കി കരച്ചിലായി. എന്റെ വീട്ടിലേക്കു വലിച്ചിരിക്കുന്ന കറണ്ടുകമ്പിയിൽ കുടുങ്ങി മരിച്ചതിനാൽ ഞാനാണത്രെ കാക്കച്ചായന്റെ  മരണത്തിനുത്തരവാദി!. ഇത് ആര് കേട്ടാലും കാക്കകളുടെ പക്ഷം പിടിക്കും. ഒന്നാമത് കാക്ക ഒരു വന്യ ജീവി. ഞാനാണെങ്കിൽ പരദേശവാസിയും.
               വഴിയോരത്തു നിൽക്കുന്ന മാവിന്റെ ഉണക്കച്ചില്ലവീണ് കമ്പി പൊട്ടി രണ്ടു ദിവസമായി കറന്റില്ലാതെ ഇരുട്ടിൽത്തപ്പി നടക്കുകയായിരുന്നു. ഒരു ലിറ്ററിന്റെ 'ജോണിച്ചായനെ'                    കറണ്ടാപ്പീസിലേക്കു അയച്ചതിൽപ്പിന്നീടാണു് ഇന്നലെ മുതൽ വെളിച്ചം കണ്ടു തുടങ്ങിയത്.
              കാക്കകളെല്ലാം കൂടി തന്റെ തല കൊത്തിപ്പറിച്ചു ആളെ കൂട്ടുന്നതിന് മുമ്പ് പ്രാണരക്ഷാർത്ഥം ഭവാനിയമ്മയുടെ തൊടിയിലേക്കു ചാടിക്കയറി. 'കല്ലു കരട്  കാഞ്ഞിരക്കുറ്റി മുള്ളു മുരട് മൂർഖൻ പാമ്പ് ' എല്ലാം ചവിട്ടിതാണ്ടി ഒരുവിധം അവരുടെ മുറ്റത്ത് എത്തി.
               ഉമ്മറത്തെ കോലായിലെ അരമതിലിൽ വടക്കോട്ട് കാലും നീട്ടി തൂണിൽ ചാരി കാക്കകളെ ശകാരിച്ചുകൊണ്ടു ഭവാനിയമ്മ ഇരിപ്പുണ്ടായിരുന്നു.
                മുൻവശത്തെ മുറ്റമടിച്ചുകൊണ്ടിരുന്ന മറ്റൊരമ്മ എന്നെ കണ്ടപ്പോൾ മുണ്ടിന്റെ കോന്തല അഴിച്ചിട്ടു മടിശീല വലിച്ചു ബ്ലൗസിന്റെ കഴുത്തിൽ ഉടക്കിവച്ചു ഭവ്യതയോടെ നിന്നു. എന്നെ കണ്ടപ്പോൾ കാക്കകളോടുള്ള ശകാരം രണ്ടാളും നിറുത്തി.
                  സൂര്യപ്രകാശം ഉമ്മറത്തേക്ക് എത്തിത്തുടങ്ങി. കൈവിരലുകൾക്കിടയിലൂടെ ഭവാനിയമ്മ മുറുക്കാൻ മുറ്റത്തേക്ക് തുപ്പാൻ തുനിഞ്ഞപ്പോൾ മറ്റേ അമ്മ കോളാമ്പി തരപ്പെടുത്തി കൊടുത്തു. മുറ്റത്തേക്ക് കയറി വന്നിരിക്കുന്നത് ആരെന്ന് കൈപ്പത്തി കൊണ്ട് സൂര്യപ്രകാശത്തെ മറച്ചുകൊണ്ട് ഭവാനിയമ്മ തിരിച്ചറിഞ്ഞു.
         "വരൂ വരൂ എത്ര നാളായി കണ്ടിട്ട്. കുഞ്ഞു വന്നെന്നറിഞ്ഞു. കാറ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാറുണ്ട്. എന്നാലും ഇത്രേം ദിവസി ആയിട്ടും ഇവിടൊന്നു വന്നില്ലാല്ലോ ."
              "വന്നിട്ട് നാലഞ്ചു ദിവസായി. ആകെ തെരക്കാർന്നു. അസമയത്താവും വരവും പോക്കുമെല്ലാം. ഇതിലെ പോവുമ്പോഴെല്ലാം ഉമ്മറത്തേക്ക് നോക്കാറുണ്ട്. ആരെയും കാണാഞ്ഞതുകൊണ്ടാണ് കയറാതിരുന്നത്. കഴിഞ്ഞ രാത്രീം വളരെ വൈകീട്ടാണ് വന്നു കിടന്നത്. എഴുന്നേൽക്കുന്നതെ ഉണ്ടാരുന്നൊള്ളു. കാക്കകളുടെയും പിന്നെ ആരുടെയൊക്കെയോ അസാധാരണമായ ബഹളം കേട്ടപ്പോൾ വന്നതാണ്." ഞാൻ പറഞ്ഞു.
              "ഈ കാക്കക്കൂട്ടം നിസ്സാര കാര്യത്തിന് വന്ന് ബഹളം വയ്ക്കും . ഒരാവശ്യത്തിന് ഒറ്റ ഒരെണ്ണത്തിനേം കാണോമില്ല. പരമേശ്വരൻ നായരുടെ അടിയതിരത്തിനു ബലിച്ചോറു തിന്നാൻ ആകുന്ന വിളിച്ചിട്ടു ആരും വന്നില്ല. ഒരെണ്ണം ആ പുളിമരത്തിൽ വന്നിരുന്നു കൊഞ്ഞനം കാട്ടീട്ടു പോയി. മറ്റൊരെണ്ണം പോറ്റിസാറിന്റെ മാവിൻ കൊമ്പിലും വന്നിരുന്നു. അവറ്റകൾക്കിപ്പോൾ 
'മന്തിയും കുന്തിയും' മറ്റു കുന്ത്രാണ്ടങ്ങളും ഒക്കെ മതീത്രെ!. ഇത്തവണ തനിച്ചേ ഉള്ളോ?"
         "ഉം തനിച്ചേള്ളൂ. അക്കരെപ്പറമ്പ്
വിററതിന്റെ ചില കടലാസോക്കെ ഒപ്പിടാനൊണ്ടാരുന്നു. അതുകൊണ്ടു വന്നതാ. "
             "അല്ല കയറിയിരീന്നു പറയാൻ ഞാൻ മറന്നു. ഈ ഇടെയായീട്ടു മറവി ലേശം കൂടുതലാ. സുഭദ്രേ, കസേര ഇങ്ങിട് പുറത്തേക്കിടൂ."
                "ഇല്ല ഞാനീ അരമതിലിൽ ഇരു ന്നോളാം. പരമേശ്വരൻ നായർ ചാര് കസേരയിലും ഞാനീ അരമതിലിലും എന്തുമാത്രം ഇരുന്നിട്ടുള്ളതാ."
          "സുഭദ്ര, വകയിൽ ഒരമ്മാവന്റെ മകളാണ്. പത്തു മുപ്പതു വർഷായിട്ട് അടിമാലിയിൽ ഭർത്താവിനോടൊപ്പം ചായക്കട നടത്ത്വാരുന്നു. അഞ്ചാറു കൊല്ലം മുമ്പ് ഭർത്താവ് മരിച്ചു. ഒരു മകനും, മകളും. മകളും ഭർത്താവും ഗൾഫിലാണ്. മകന് വലിയ പഠിത്തമൊന്നുമില്ല. എന്നാലും ബിവറേജിൽ നല്ല ശമ്പളമുള്ള ജോലിയുണ്ട്. മകനോടൊപ്പമായിരുന്നു താമസം. മകന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കുട്ടികൾ വലുതായി സ്കൂളിൽ പോകുന്നിടം വരെ അമ്മയെ കാര്യമായിരുന്നു. ഇപ്പോൾ അമ്മയെ മോനും വേണ്ടാ, മരുമോള്ക്കും വേണ്ടാ. സുഭദ്രക്കാണെങ്കിൽ മക്കൾ - കൊച്ചുമക്കൾ എന്നു വച്ചാൽ ജീവനാ. കുറ്റം ആരുടെ കൈയ്യിലോ?. കലികാലം എന്നല്ലാതെ എന്താ?."
                   ഇതിനിടയിൽ സുഭദ്രാമ്മ കസേര എടുത്തു ഇറയത്തിട്ടിരുന്നു.
             "കട്ടൻ ചായ കുടിക്വോ?"  കട്ടൻ ചായയുമായി പാൽപുഞ്ചിരിയോടെ സുഭദ്രാമ്മ ഉമ്മറത്തേക്ക് വന്നു.
  "മണി എട്ടു കഴിഞ്ഞു. എന്നിട്ടും പാൽക്കാരൻ വന്നില്യാ."    കട്ടൻ ചായക്ക് കാരണക്കാരൻ പാൽക്കാരനാണെന്ന ധ്വനിയായിരുന്നു അത്.
            അടിമാലിയിലെ ചായക്കടകളിൽ നിന്നും കിട്ടുന്ന ഏലക്കാ ചായയുടെ പറഞ്ഞറിയിക്കാനാവാത്ത സ്വാദ് ആ ചായക്കുണ്ടായിരുന്നു.
           "അര മണിക്കൂർ സമയം താരാങ്കിൽ ഞാൻ നല്ല പുട്ടുണ്ടാക്കി  തരാം.".   ഇത് പറഞ്ഞിട്ട് സുഭദ്രാമ്മ അകത്തേക്ക് പോയി. ആദ്യമായി കാണുന്നതാണെങ്കിലും നല്ല പരിചയം പോലെ ആയിരുന്നു അവരുടെ പെരുമാറ്റം.
             "എനിക്ക് ഒരു കൂട്ടിനായി ഞാൻ വിളിച്ചിട്ടു വന്നതാ. സോമന്റെ മകൻ ഗോപു ഉണ്ടായിരുന്നപ്പോൾ അത്താഴമൂണ് കഴിഞ്ഞു അവനെന്നും ഇവിടെ വന്നു കിടക്കുവാരുന്നു. ഞാനല്ലേ അവനെ വളർത്തി വലുതാക്കിയത്!. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ അവനു സായിപ്പിന്റെ
നാട്ടിൽ പോയി പഠിക്കണത്രെ!. സോമന് വീതം കൊടുത്ത പുരയിടം പണയം വച്ചാണ് ഗോപൂനെ പഠിക്കാൻ വിട്ടിരിക്കണെ. ഗോപൂന്റെ പഠിത്തം ഒന്നും ആകും മുമ്പേ സോമനെ അങ്ങ് വിളിച്ചില്ലേ എന്റെ ഭഗവാനെ!."
            ഭവാനിയമ്മ അകാലത്തിൽ മകൻ മരിച്ച ദുഖമോർത്തു നിശ്വസിച്ചു. സോമനെ ഓർത്തപ്പോൾ എനിക്കും ദുഃഖം അടക്കാനായില്ല. ഞങ്ങൾ ഒരേ പ്രായക്കാർ ആയിരുന്നു.
             പുഞ്ചിരിക്കുന്ന മുഖവുമായി സുഭദ്രാമ്മ വീണ്ടും ഉമ്മറത്തേക്ക് വന്നു.
    "ഭവാനിച്ചേച്ചി നിങ്ങളെക്കുറിച്ചൊക്കെ എപ്പോഴും പറയാറുണ്ട്. ഇപ്പോൾ നേരിൽ കാണാൻ സാധിച്ചൂല്ലോ. ഇനി എന്നാ തിരിച്ചു പോണത്?"
                 ഉത്തരം കിട്ടാൻ കൂട്ടാക്കാതെ ഒരു മകനെ പോലെയോ, കൂടപ്പിറപ്പിനെ പോലെയോ തന്നോട് സംസാരം തുടർന്നുകൊണ്ടിരുന്നു.
            "ചേച്ചി വിളിച്ചിട്ടു വന്നതാ. കാവിലെ കുംഭ ഭരണി ഉത്സവം കൂടി. ഈ വർഷം ഉത്സവം ബഹു കേമമായിരുന്നു. പഴയ കാലത്തേ കഥാപ്രസംഗമൊക്ക ഉണ്ടായിരുന്നു. ഇനി മീന ഭരണി ഉത്സവം കൂടി കൂടീട്ടെ പോകുന്നുള്ളൂ. അത് കഴിഞ്ഞു പോയാൽ മതീന്നാ ചേച്ചി പറേണെ."
             "അതു കഴിഞ്ഞിട്ട് പോയാൽ മതീല്ലോ. എന്തിനാ ധൃതി കൂട്ടണെ?" ഞാൻ ആരാഞ്ഞു.
                "അപ്പു എപ്പോഴാ വരണേ വിളിച്ചണ്ട് പോവാൻ എന്നറിയില്യാ . അവൻ ജോലി കഴിഞ്ഞു വരുമ്പോൾ എന്നെ കാണണെത്രെ!."
               അത് വെറുതെയാണെന്ന അർത്ഥത്തിൽ ഭവാനിയമ്മ എന്നെ കണ്ണിറുക്കി കാണിച്ചു.
              "എന്നാൽ ഇനി ഞാൻ പോട്ടെ. പിന്നെ കാണാം.".  യാത്ര പറഞ്ഞിറങ്ങിയപ്പോൾ അമ്മമാർ ചോദിച്ചു പുട്ടു കഴിക്കാൻ നിൽക്കുന്നില്ലേ എന്ന്.
              "രാവിലെ ഞാൻ ഒന്നും കഴിക്കാറില്ല. കഴിക്കാനായി പിന്നെ എപ്പോഴെങ്കിലും വരാം."
               പിന്നെ എപ്പോൾ കണ്ടാലും രണ്ടമ്മമാരും പ്രേത്യേകിച്ചു സുഭദ്രാമ്മ -
"വരൂ ഊണ് കഴിച്ചിട്ട് പോകാം കാപ്പി കഴിച്ചിട്ട് പോകാം " എന്നൊക്കെ. അവിടെ കാര്യമായിട്ട് ഒന്നും ഉണ്ടായിട്ടു പറയുന്നതല്ല, എന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണെന്നു എനിക്കറിയാം.
               ഞാൻ തമാശക്ക് ചോദിക്കും
"ഊണിനു എന്താ ഉള്ളത് ?"
            "മോര് കാച്ചിയതും, കായ മെഴുക്കുപുരട്ടിയും , പപ്പടവും,അച്ചാറും തരാം."
              ഞാൻ പറയും "എനിക്കതൊന്നും പറ്റൂല്ല. നല്ല ഇറച്ചിയും മീനുമൊക്കെ വേണം."
        "ഏയ് ഞങ്ങളാരും ഇറച്ചിയും മീനൊന്നും വീട്ടിൽ കയറ്റൂല്യാ."
            "അയ്യോ എന്നാപ്പിന്നെ എനിക്ക് ഊണും വേണ്ടാ."     എല്ലാവരും കൂട്ടത്തോടെ ചിരിക്കും.
            "അപ്പു ജോലി കഴിഞ്ഞു വരുമ്പോൾ മിക്കപ്പോഴും പാർസൽ വാങ്ങിക്കൊണ്ടു വരും. അവനും, മരുമോളും, പിള്ളേരും കഴിക്കും. ഞാൻ തൊടൂല്യാ."
             പിന്നെയും എപ്പോൾ കണ്ടാലും ഊണ് കഴിക്കാം. കാപ്പി കഴിക്കാം എന്നൊക്കെ പറഞ്ഞു ക്ഷണിക്കും ചെല്ലൂല്ല എന്നറിയാമെങ്കിലും.
              രണ്ടു മൂന്ന് ദിവസത്തേക്ക് ഞാനൊരു യാത്രയിലായിരുന്നു. തിരികെ വന്നപ്പോൾ അമ്മമാർക്ക് ഓരോ സമ്മാനപ്പൊതിയുമായാണ് വന്നത്. വീടെത്തുന്നതിനു മുമ്പ് ഭവാനിയമ്മയുടെ പടിക്കൽ കാർ നിറുത്തി. ഭവാനിയമ്മ പതിവുപോലെ ഉമ്മറത്തെ അരമതിലിൽ കാലുകൾ നീട്ടി തൂണിൽ ചാരി ഇരിപ്പുണ്ടായിരുന്നു.
                 എന്നെ കണ്ടതേ ഭവാനിയമ്മ പൊട്ടിക്കരഞ്ഞു. കരയുന്നതിനിടെ എന്തൊക്കെയോ പതം പറയുന്നുണ്ടായിരുന്നു. എപ്പോഴോ കരച്ചിൽ നിറുത്തിയപ്പോൾ അവർ പറഞ്ഞു "മിനിയാന്ന് ഞായറാഴ്ച അവധി ആയിരുന്നല്ലോ. അപ്പു ഓട്ടോ വിളിച്ചു വന്നു അമ്മയെ കൂട്ടീട്ടു പോകാൻ. അവളാണെങ്കിൽ ഉച്ചയൂണ് കഴിച്ചതുപോലുമില്ല. ഓട്ടോക്കാരൻ ധൃതി വെക്കുന്നെന്നു പറഞ്ഞു അവനൊട്ടു കഴിക്കാൻ സമ്മതിച്ചതുമില്ല. അമ്മ ബന്ധു വീടുകളിൽ പോയിനിൽക്കുന്നതു അവനൊട്ടു താല്പര്യവുമായിരുന്നില്ല. പോകുന്ന വഴി പെട്ടെന്ന് മഴ വന്നു. വണ്ടി തെന്നി മരത്തിലിടിച്ചതാ. ഒറ്റ നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞില്ലേ എന്റെ   ഈശ്വരന്മാരെ." 
                ഭവാനിയമ്മ പറഞ്ഞത് വിശ്വസിക്കാനാവാതെ ഞാൻ അന്ധാളിച്ചു നിന്നു. എനിക്കൊന്നു കരയുവാൻ പോലും കഴിഞ്ഞില്ല. സമ്മാനപ്പൊതി ഭവാനിയമ്മയുടെ കാൽക്കൽ വെച്ചിട്ടു ഞാൻ കാറിലേക്കോടി. കാക്കകൾ വീണ്ടും തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക