Image

മലയും മനുഷ്യനും ( കവിത : സിംപിൾ ചന്ദ്രൻ )

Published on 25 June, 2026
മലയും മനുഷ്യനും ( കവിത : സിംപിൾ ചന്ദ്രൻ )

വലിയൊരു മലയായിരുന്നുഞാനാകാശ -

മരികെ,ത്തൊടാമൊരു വിരൽ നീട്ടിയാൽ,

തെളിനീരുമായെന്റെ പാദത്തിലുമ്മവ -

ച്ചൊരുപാടു പുഴകളുണ്ടായിരുന്നു.

പുല്ലും മരങ്ങളും വളളിയും തീർക്കുന്ന

പച്ചപ്പുതപ്പു പുതച്ചിരുന്നു.

ആനയും പാമ്പും പുലിയും മയിലുമാ-

യൊരുപാടു തോഴരുണ്ടായിരുന്നു.

നിറമുള്ള പൂക്കളാൽ പട്ടുടുത്തു,കുയിൽ -

പ്പാട്ടിന്റെ താരാട്ടു കേട്ടുറങ്ങി

മഞ്ഞും മഴയും വെയിലും, തഴുകുന്ന

കാറ്റും,മനോഹരമെന്റെ ലോകം!

ഒരുദിനം വരവായ് ഞാനറിയാത്തൊരാൾ,

കൂട്ടർ പേടിച്ചുചൊല്ലീ 'മനുഷ്യൻ'!

നമ്മളെ, നമ്മുടെ ഭൂമിയെ,ക്കൊല്ലുവാൻ

ഭൂമിയിൽത്തന്നെ പിറന്നോൻ!

മണ്ണും മലയും കുഴിച്ചുതുരന്നവൻ

കെട്ടുകൾ കെട്ടിപ്പടുക്കും.

ചങ്കിടിപ്പോടെ ഞാൻ നില്ക്കുമ്പോളെൻ 

നെഞ്ചുപൊട്ടിച്ചു യന്ത്രക്കരത്താൽ

നൂറുനൂറായിരം കഷണങ്ങളായുടൽ

ചിതറിത്തെറിച്ചങ്ങു പോകെ

ഞെട്ടിത്തരിച്ചുപോയ് കാലുറപ്പിച്ചൊരാ

മണ്ണും പുഴ, പിന്നെ കാടും!

മഴപെയ്ത രാത്രിയിൽ പുഴ ഭ്രാന്തിയാ-

യന്നു മണ്ണിന്റെ മാറും പിളർന്നു

അരുതെന്നു പറയുവാൻ ഞാനില്ല,

അവരെന്റെ

പ്രാണന്റെ പ്രാണനാം തോഴർ!

കുത്തിയൊലിച്ചുപോയ്സർവ്വതും നീ കെട്ടി

പ്പൊക്കിയതെല്ലാമടക്കം

'ഞാനിനിയെന്തിനോ?' നിലവിളിച്ചന്നു നിൻ

നെഞ്ചിലെ പ്രാണനും പോയി!

മലയല്ല ഞാനിന്നു കല്ലുകളാ,ണെന്റെ

കഷണങ്ങൾ കൂട്ടിപ്പടുത്ത

കല്ലറയ്ക്കുള്ളിലുറങ്ങുന്ന നിന്നോടു

പറയാനെനിക്കിത്രമാത്രം

മരണം നിനക്കുമെനിക്കുമൊരുപോലെ

പരമമാം സത്യമതത്രേ!

ചോദിച്ചുവാങ്ങി വരിക്കുവാനെന്തിത്ര

പ്രിയതരമാണോ മരണം!

ഇത്ര പ്രിയതരമാണോ മരണം?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക