Image

മുഖംമൂടികളും ചുവന്ന റോസാപ്പൂവും (ബുക് റിവ്യൂ, കെ. ആര്‍ മോഹന്‍ദാസ്)

Published on 24 June, 2026
മുഖംമൂടികളും ചുവന്ന റോസാപ്പൂവും (ബുക് റിവ്യൂ, കെ. ആര്‍ മോഹന്‍ദാസ്)

 

ലാലിരംഗനാഥിന്‍റെ മുഖംമൂടികളും ചുവന്ന റോസാപ്പൂവും കണ്ണു നനയിക്കുന്ന ചില സ്നേഹക്കരുതല്‍ പോലെയാണ്. അമ്മ എന്ന പദം കവിതയായി വിടരുന്ന ആദ്യ രണ്ടു ദലങ്ങള്‍ എന്നെ ബോബിയച്ചന്‍റെ ( ബോബി ജോസ് കട്ടിക്കാട് ) കൂട്ട് എന്ന പുസ്തകത്തിലെ,, ഒരോരോ ഋതുക്കൾ എന്ന അധ്യായത്തിലെ  അവളുടെ കണ്ണീർ നനവിലേക്കാണ്

കൂട്ടിക്കൊണ്ടുപോയത്. വായനയ്ക്കിടയിൽ എൻ്റെ കണ്ണുകളിലെ ആ നനവ് കടപ്പാടോടുകൂടി ഇവിടെ ചേർക്കുന്നു:

…..

മ്മയുടെ മരണം അവളെ വല്ലാതെ ഉലച്ചു. സാധാരണ ജീവിതത്തിലേക്ക് എത്തുവാൻ അത്ര വേഗം കഴിഞ്ഞില്ല. പതുക്കെപ്പതുക്കെ സമാധാനം വീണ്ടെടുക്കുമ്പോൾ അവളാദ്യം ചെയ്‌തത് ആ ദിവസങ്ങളിലൊക്കെ അവളോടു ചേർന്നു നിന്ന നല്ല മനുഷ്യർക്ക് നന്ദിയുടെ ഏതാനും വരികൾ കുറിക്കുകയായിരുന്നു. അതവൾക്ക് വലിയ ആശ്വാസമായി അനുഭവപ്പെട്ടു. ഏതാനും ദിവസങ്ങൾ അതിൽത്തന്നെ അവൾ മനസ്സിനെ ഏകാഗ്രമാക്കി.

അവസാനത്തെ കുറിപ്പ് തീർന്നുകഴിഞ്ഞപ്പോൾ ദീർഘനിശ്വാസത്തോടെ ഭർത്താവിനോടവൾ പറഞ്ഞു: "നാളെ നിങ്ങളിത് ഒന്നു പോസ്റ്റ് ചെയ്യുന്നതോടെ എൻ്റെ ജീവിതത്തിലെ കഠിനമായ ഒരു അധ്യായം അവസാ നിക്കുകയാണ്. അമ്മയില്ലാതെ ജീവിക്കാൻ പറ്റുമോയെന്ന് ഇനി എനിക്ക് ശ്രമിച്ചു തുടങ്ങണം." 

അയാൾ കത്തുകൾ എല്ലാമെടുത്തു, 'നിശ്ചയമായും" എന്ന് മന്ത്രിച്ചു.

മാസങ്ങൾക്കു ശേഷം അയാളുടെ ടെന്നിസ് ബാഗ് നിലത്തു കിടക്കുന്നതു കണ്ടു. അതെടുത്തു മാറ്റുമ്പോൾ അതിൻ്റെ സൈഡ് പോക്കറ്റ് വീർത്തിരിക്കുന്നു. അവളെഴുതിയ എല്ലാ കത്തുകളും അതിനകത്തുണ്ടായി രുന്നു. അവൾ വല്ലാതെ തളർന്നുപോയി. എൻ്റെ വിചാരങ്ങൾ അയാൾക്കിത്രയും നിസ്സാരമായിട്ടാണോ അനുഭവപ്പെട്ടത്? എനിക്കിത്രയും പ്രധാനപ്പെട്ടൊരു കാര്യം എത്ര എളുപ്പത്തിൽ അയാൾ മറന്നു!

അവൾ കരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അയാൾ മുറിയിലേക്ക് വന്നത്. കാര്യം ഊഹിച്ചെടുക്കാനുള്ള വിവേകം അയാൾക്കുണ്ട്. മുട്ടിന്മേൽ നിന്ന് അവളുടെ കാൽമുട്ടുകളിലേക്ക് ചാഞ്ഞ് അയാൾ മാപ്പു പറഞ്ഞു. എന്തു പരിഹാരത്തിനും അയാൾ തയാറാണ്; ഓരോരോ കത്തും നേരിട്ടു കൊണ്ടുപോയി കൊടുക്കാൻ വരെ.

അവളോർത്തു: ഏതളവിലും അയാളെ ലജ്ജിതനാക്കാനുള്ള കാരണമെനിക്കുണ്ട്. എന്നാൽ, അതല്ല എൻ്റെ വഴി. തൻ്റെ നിരാശയും ക്ഷോഭവും കൊണ്ട് അയാളെ ശിക്ഷിക്കാനായി തനിക്കവകാശമില്ലെന്ന് അവളോർത്തു. ക്ഷോഭം ഒരു ചെറിയ കാലത്തിനു വേണ്ടിയുള്ളതാണ്; ബന്ധങ്ങളാകട്ടെ എല്ലാ കാലത്തേക്കും. ആ നിമിഷത്തിൽ അവൾ അയാളെ പിടിച്ചുയർത്തി ചുംബിച്ചു. തനിക്ക് ഇന്നോളം പരിചയമില്ലാത്ത വിധത്തിൽ ഭംഗിയും ആഴവും അലിവുമുള്ള ഒരു സ്ത്രീയാണല്ലോ തൻ്റെ കൂട്ടുകാരി എന്നോർത്ത് അയാളുടെ മിഴികൾ നിറഞ്ഞൊഴുകി….

(കൂട്ട് : ബോബി ജോസ് കട്ടിക്കാട്)

ഒരെഴുത്തുകാരിയുടെ  ഉള്ളിൽ നിറഞ്ഞു കവിയുന്ന സ്വപ്‌നങ്ങളുടെയും, മോഹഭംഗങ്ങളുടെയും, സ്നേഹ ഭാവങ്ങളുടെയും ബാല്യകൗമാരനഷ്ടബോധങ്ങളുടെയും ഭാവതീവ്ര മായ ആവിഷ്കാരങ്ങളാണ് മുഖംമൂടികളും ചുവന്ന റോസാ പ്പൂവും വായനക്കാര്‍ക്കു നല്‍കുന്നത്. ഈ രചനകൾ അനുവാചകരെ വിസ്‌മയിപ്പിക്കുന്നു. 

തന്‍റെ ജീവിതവിഹ്വലതകളെ ഉള്ളിലൊളിച്ചിരിക്കുന്ന സഹജാവബോധത്തോടെ എഴുത്തുകാരി മനോഹരമായി വരച്ചുകാട്ടുന്നു. 

കരൾ പറിച്ചെടുത്തുകാട്ടുന്ന ആത്മാർത്ഥതയോടെയും തീവ്രതയോടെയും കഥാകാരിയായ ലാലി രംഗനാഥ് കഥയുടെ ആത്മാവിലേക്കു നേരെ കടന്നുചെല്ലുകയും നമ്മെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.  മുൻവിധികളില്ലാതെ താനേ വാർന്നു വീഴുന്നുവെന്ന പ്രതീതി ജനിപ്പിക്കും വിധത്തിലുള്ളതാണ് ലാലി രംഗനാഥിൻ്റെ കഥയും കഥാപാത്രങ്ങളും സത്യസന്ധത അതിന്റെ മുഖമുദ്രയായി നമുക്കനുഭവപ്പെടുന്നു.  കഥകളില്‍ ഭദ്രയും മുഖംമൂടികളും അസ്തമയവുമെല്ലാം വായനകഴിഞ്ഞാലും മനസ്സില്‍ മായാമുദ്രകള്‍ പതിപ്പിക്കും.

എൻ ചില്ലയിൽ രണ്ടുപക്ഷികളൊ-

ന്നിച്ചു പ്രേമസൗഭാഗ്യം നുകരുന്നതും 

ചുണ്ടോടു ചുണ്ടു ചേർത്തന്യോന്യം, 

നെയ്തിടും സ്വപ്‌നങ്ങൾ പങ്കുവെച്ചീടുന്നതും 

വേനലിൽ ചൂടേറ്റു പുളയുന്ന പഥികർക്ക്-

തണലിലാശ്വാസം പകരുന്നതും, 

ശിഖരങ്ങളോരോന്നും ഭവനം പണിയുവാൻ നീറുന്ന നോവിലും നൽകുന്നതും, 

മറ്റൊരു ജീവനിലിറ്റുവീണാശ്വാസ

പ്പെയ്ത്തായി മാറുകിൽ ജന്മപുണ്യം…

കവി ഒരു നന്മമരമായി വേരാഴ്ത്തി, സ്നേഹത്തിന്‍റെയും കരുണയുടെയും തണൽ വിരിച്ച് ഓരോ ഹൃദയത്തെയും ചേർത്തുപിടിക്കുന്ന അപൂർവ നിമിഷങ്ങളുടെ ജീവസ്പന്ദനമാണ് ഈ വരികൾ.ഈ വരികളിൽ കവി വെറും വാക്കുകളുടെ ശിൽപ്പിയല്ല; മനുഷ്യസ്നേഹത്തിന്‍റെ നന്മമരമായി മാറി, ജീവിതച്ചൂടില്‍  തളർന്ന മനസ്സുകൾക്ക് ആശ്വാസത്തിന്റെ തണൽ പകരുന്ന ഹൃദയസ്പർശിയായ സാന്നിധ്യമാണ്.കവി ഒരു നന്മമരമായി പൂത്തുലഞ്ഞ്, വാക്കുകളെ തണലും സ്നേഹവും പ്രത്യാശയുമായി പകർന്നുനൽകുന്ന നിമിഷങ്ങളാണ് ഈ വരികളിൽ മിടിച്ചുകൊണ്ടിരിക്കുന്നത്.

87 പേജുകളിലൊതുങ്ങിയ ഈ പുസ്തകം ഒരു വായനാനുഭവം മാത്രമല്ല; മിഴിനീർ പുരണ്ട ഹൃദയസ്പന്ദനങ്ങളാണ്. 

മുഖംമൂടികളും ചുവന്ന റോസാപ്പൂവും എന്ന ഈ പുസ്തകത്തിലെ ഓരോ താളും മിഴിനീർ നനഞ്ഞ ഓർമ്മകളുടെ ഇതളുകളാണ്. ഓരോ വാക്കും ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്ന് പൊഴിഞ്ഞ ആത്മസാക്ഷ്യവും ഓരോ വരിയും ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിക്കുന്ന അനുഭവവുമാണ്.

ജീവിതത്തിന്‍റെ വേദനകളും പ്രതീക്ഷകളും സ്നേഹവും കരുണയും വാക്കുകളാക്കി ചാർത്തിയ ഈ രചനകളിൽ, ഒരു നന്മമരമായി വായനക്കാരന് തണലേകുന്ന കവിയുടെ ഹൃദയം വ്യക്തമായി അനുഭവിക്കാം. ഓരോ വരിയും മനസ്സിനെ തൊടുന്ന സ്നേഹസ്പർശമാണ്; ഓരോ പേജും ആത്മാവിനെ ചേർത്തുപിടിക്കുന്ന ഒരു അനുഭവം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക