
മുന്നണി വേണ്ടെന്ന് പറഞ്ഞാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ലെന്നും അനുവദിച്ചാല്‍ പ്രഖ്യാപിച്ച നികുതിയില്‍ വില്‍ക്കുമെന്നും മദ്യനയം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞതിന് പിന്നില്‍ വീര്യമുള്ള വിവാദമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിനുശേഷം, കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച തീരുമാനത്തില്‍ പ്രതിപക്ഷം, സ്വന്തം മുന്നണിയിലെ ചില വിഭാഗങ്ങള്‍, മതനേതാക്കള്‍ എന്നിവരില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കടുത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപന കാര്യത്തില്‍ മുന്നണിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നാണ് വി.ഡി സതീശന്‍ ഇന്ന് വ്യക്തമാക്കിയത്.
ബക്കാഡി കമ്പനിയുമായി ആദ്യമായി സംസാരിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രി ആയിരുന്നപ്പോഴായിരുന്നു. വീര്യം കുറഞ്ഞ മദ്യത്തില്‍ നടപടി തുടങ്ങിയത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ബക്കാര്‍ഡിയുമായി ആര് സംസാരിച്ചിട്ടാണ് നടപടി തുടങ്ങിയത് വിദേശ മദ്യ ചട്ടത്തില്‍ അമെന്‍ഡ്‌മെന്റ് വരുത്തിയത് ഇടതു സര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യ ഉത്പന്നങ്ങളുടെ ഇതര സംസ്ഥാനങ്ങളിലെ നികുതി പരിശോധിച്ചാണ് നികുതി കുറച്ചത്. കേരളത്തിലായിരുന്നു ഏറ്റവും കൂടുതല്‍ നികുതി ഉണ്ടായിരുന്നത്. എം.വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രി ആയിരുന്ന കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. വിദേശമദ്യ ചട്ടത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിനായി ഭേദഗതി വരുത്തി എന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
2026-27 ലെ പുതുക്കിയ ബജറ്റില്‍, 20 ശതമാനം വരെ ആല്‍ക്കഹോളുള്ള മദ്യത്തിന്റെ വില്പന നികുതി വന്‍തോതില്‍ കുറച്ച വ്യവസ്ഥയാണ് ഈ വിവാദങ്ങള്‍ക്ക് കേന്ദ്രബിന്ദു. ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചത്, കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള മദ്യത്തിന് അതിലെ ആല്‍ക്കഹോളിന്റെ അളവ് അനുസരിച്ച് 120 ശതമാനം, 175ശതമാനം എന്നിങ്ങനെ നികുതി ചുമത്തുമെന്നാണ്. നിലവില്‍ സംസ്ഥാനത്ത് എല്ലാത്തരം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിനും 251ശതമാനം ആണ് നികുതി. 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളെയാണ് കുറഞ്ഞ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളായി തരംതിരിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് വില്‍ക്കുന്ന വിസ്‌കി, റം, ബ്രാന്‍ഡി ഉള്‍പ്പെടെ ഭൂരിഭാഗം മദ്യത്തിലും ഏകദേശം 42 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് 251ശതമാനം നികുതിയാണ് ചുമത്തുന്നത്.
ബജറ്റ് രേഖകള്‍ പ്രകാരം, 0.5 ശതമാനം മുതല്‍ 10 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 120 ശതമാനം വില്പന നികുതിയും, 10 ശതമാനം മുകളില്‍ 20ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയവയ്ക്ക് 175 ശതമാനം നികുതിയും ഈടാക്കും. ആല്‍ക്കഹോളിന്റെ തീവ്രത അളക്കുന്നത് ് വോളിയം ബൈ വോളിയം ആയിട്ടാണ്. അതായത് ഒരു പാനീയത്തിലെ ശുദ്ധമായ ആല്‍ക്കഹോളിന്റെ അനുപാതം. ഉദാഹരണത്തിന്, 10 ശതമാനം ആല്‍ക്കഹോള്‍ ഉള്ള ഒരു പാനീയത്തിന്റെ ഓരോ 100 മില്ലി ലിറ്ററിലും 10 മില്ലി ശുദ്ധമായ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടാകും.
നികുതി കുറയ്‌ക്കേണ്ടി വന്നതിന് സര്‍ക്കാര്‍ പറയുന്ന കാരണം എന്താണ് എന്നാണ് പൊതുവെ ഉയര്‍ന്ന ചോദ്യം. ഈ തീരുമാനം ഒരു പുതിയ നയമല്ലെന്നും, മുന്‍പത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ തുടര്‍ച്ച മാത്രമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളെ കുറഞ്ഞ ആല്‍ക്കഹോള്‍ പാനീയങ്ങളായി തരംതിരിച്ചത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് എക്‌സൈസ് മന്ത്രി എം ലിജു ആവര്‍ത്തിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമായ നികുതി ഘടനയില്‍ വ്യക്തത വരുത്താനാണ് പുതുക്കിയ ബജറ്റിലെ നികുതി മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബജറ്റില്‍ പറയുന്നു.
സംസ്ഥാനത്തെ മദ്യത്തിന്റെ ഉത്പാദനം, വില്‍പന, വിതരണം, നികുതി എന്നിവ നിയന്ത്രിക്കുന്ന കേരളത്തിന്റെ വാര്‍ഷിക നയമാണ് അബ്കാരി നയം. 2022-23-ലെ അബ്കാരി നയത്തിന് കീഴില്‍, 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബിയറും വൈനും ഒഴിച്ച് കുറഞ്ഞ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍' ആയി തരംതിരിക്കാന്‍ എല്‍.ഡി.എഫ് വിദേശ മദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. പ്രാദേശികമായി ലഭ്യമായ പഴങ്ങള്‍, ധാന്യങ്ങള്‍, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിക്കുന്ന പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനുമായി ഒരു നിയന്ത്രണ ചട്ടക്കൂട് ഉണ്ടാക്കുക എന്നതായിരുന്നു ആ മാറ്റത്തിന്റെ ലക്ഷ്യം. അന്ന് ഈ വിഭാഗം അവതരിപ്പിച്ചെങ്കിലും പ്രത്യേക നികുതി ഘടന നിശ്ചയിച്ചിരുന്നില്ല.
നികുതി സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ എടുത്ത ഒരു ഭരണപരമായ തീരുമാനമാണെന്നും, ഇത്തരം 'കുറഞ്ഞ ആല്‍ക്കഹോളുള്ള പാനീയങ്ങള്‍' കേരളത്തില്‍ വില്‍ക്കണോ വേണ്ടയോ എന്നത് യു.ഡി.എഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു നയപരമായ തീരുമാനമാണെന്നും എക്‌സൈസ് മന്ത്രി എം ലിജു പറയുന്നു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരനില്‍ നിന്നും മുഖ്യമന്ത്രി സതീശന് കടുത്ത ഭാഷയിലുള്ള കത്ത് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മദ്യനിരോധനത്തിനായി ശക്തമായി വാദിച്ച സുധീരന്‍, സതീശന്‍ പ്രഖ്യാപിച്ച നികുതിയിളവ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും മദ്യ-മയക്കുമരുന്ന് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമെന്ന കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തിന് വിരുദ്ധമാണെന്നും പറഞ്ഞു.
കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രധാന സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കളും ന്യൂനപക്ഷ സമുദായ നേതാക്കളും ഈ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നു. നികുതിയിളവ് സംബന്ധിച്ച ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പാര്‍ട്ടിയുടെ മുഖപത്രമായ 'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.
ക്രൈസ്തവ സഭാ നേതാക്കളും നികുതി കുറച്ചതിനെ വിമര്‍ശിച്ചിട്ടുണ്ട്. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന് കീഴിലുള്ള മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന കമ്മിറ്റി, ഇത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണെന്നും യുവാക്കളെ മദ്യപാനത്തിലേക്ക് നയിക്കുമെന്നും കുറ്റപ്പെടുത്തി. ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ നീക്കത്തെ സമിതി പ്രതിരോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. കുറഞ്ഞ ആല്‍ക്കഹോളുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നത് യുവാക്കളെ കൂടുതല്‍ ദോഷകരമായ ലഹരിവസ്തുക്കളില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന വാദത്തില്‍ യാതൊരു കഴമ്പുമില്ലെന്നും പല സഭാ നേതാക്കളും പറഞ്ഞു.
ഒരു സ്വകാര്യ മദ്യ ഉത്പാദകര്‍ക്ക് ലാഭമുണ്ടാക്കാനാണ് ഈ നികുതി കുറയ്ക്കല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. കര്‍ണാടക ആസ്ഥാനമായുള്ള ഒരു മദ്യക്കമ്പനി നേരത്തെ കുറഞ്ഞ നികുതി നിരക്കുകള്‍ ആവശ്യപ്പെട്ട് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ സമീപിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ തീരുമാനം ആ കമ്പനിക്ക് അമിത ലാഭം കൊയ്യാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷും മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. എങ്കിലും, ഈ നീക്കം ഒരു വലിയ നയവ്യതിയാനത്തെ സൂചിപ്പിക്കുന്നതാണെന്ന വാദങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.