
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലന്‍. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങിനും പ്രകടനങ്ങള്‍ക്കും വലിയ കയ്യടികള്‍ ലഭിക്കുന്നുണ്ട്. കളക്ഷനിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.
കേരളത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. എട്ട് കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കേരള കളക്ഷന്‍. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ നടി ഫര്‍സാന പാലത്തിങ്കല്‍, ബാലനായി വേഷമിട്ട ആദിശേഷന്‍, സിനാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ ആണ് പ്രധാനമായും എല്ലാവരും എടുത്തുപറയുന്നുണ്ട്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ സിനിമയെ പുകഴ്ത്തുകയാണ്. ചിദംബരം മൂന്നാം തവണയും ഞെട്ടിച്ചെന്നും പ്രകടനങ്ങള്‍ എല്ലാം മികച്ചതാണെന്നും നടന്‍ ബേസില്‍ ജോസഫ് അഭിപ്രായപ്പെട്ടു.
ബാലന്‍ ഒരു ക്ലാസിക് ആണെന്നും ചിദംബരത്തിന്റെ മാസ്റ്റര്‍പീസ് ആണ് ചിത്രമെന്നും റാപ്പര്‍ വേടന്‍ ചിത്രം കണ്ടതിന് ശേഷം പ്രതികരിച്ചു. ബാലന്‍ തന്നെ ഇമോഷണലാക്കിയെന്നും സിനിമയുടെ ടെക്നികല്‍ ടീം ഗംഭീരമായി പണിയെടുത്തിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഗൗരി കിഷന്‍, നീരജ് മാധവ്, പ്രകാശ് വര്‍മ, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തെ അഭിനന്ദിച്ചു. രോമാഞ്ചം, ആവേശം എന്നീ വമ്പന്‍ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വഹിക്കുന്ന സിനിമയാണിത്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.