Image

അസംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ പരാജയപ്പെട്ടത് തിരിച്ചടിയായി

Published on 24 June, 2026
അസംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ പരാജയപ്പെട്ടത് തിരിച്ചടിയായി

ന്യൂയോർക്ക്: മൂന്ന് ടീമിലാണ്  ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ ജെന്നിഫർ രാജ്‌കുമാർ ഡമോക്രാഠിക് പ്രൈമറിയിൽ പരാജയപ്പെട്ടത് ഇന്ത്യൻ സമൂഹത്തിനു തിരിച്ചടിയായി. അസംബ്ലിയിലെ ആദ്യ ഇന്ത്യൻ വംശജയും ഹിന്ദുവുമാണ് അവർ.

ക്വീൻസിലെ 38-മത് ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക (ഡിഎസ്എ)  സ്ഥാനാർഥി ഡേവിഡ് ഓർക്കിൻ 59 ശതമാനം വോട്ട് നേടിയപ്പോൾ ജെന്നിഫർ രാജ്‌കുമാറിന് 41 ശതമാനമാണ് ലഭിച്ചത്

തനിക്കെതിരെ  മതപരമായ വിവേചനമുണ്ടെന്ന് അവർ നേരത്തെ ആരോപിച്ചിരുന്നു.  തന്റെ ഹിന്ദു വിശ്വാസത്തെ അടിസ്ഥാനമാക്കി എതിരാളിയുടെ അനുയായികൾ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്നാണ് അവർ ആരോപിച്ചത്.

എതിരാളി ആയിരക്കണക്കിന് ഡോളർ ചെലവഴിച്ച് താൻ 'ഒരു വിദേശ സർക്കാരിന്റെ ഏജന്റാണ്' എന്ന തരത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അവർ ആരോപിച്ചു.

2021 മുതൽ ഈ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന രാജ്കുമാറിനെതിരെ, കുടിയേറ്റ അവകാശ സംഘടനയായ മെയ്ക് ദി റോഡ് ന്യൂയോർക്കിലെ സ്റ്റാഫ് അറ്റോർണിയായ ഡേവിഡ് ഓർക്കിനാണ് മത്സരരംഗത്തുള്ളത്. റിഡ്ജ്‌വുഡ്, ഗ്ലെൻഡെയിൽ, വുഡ്ഹേവൻ, റിച്ച്മണ്ട് ഹിൽ, ഓസോൺ പാർക്ക് എന്നീ ക്വീൻസ് പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് 38-ാം അസംബ്ലി ഡിസ്ട്രിക്റ്റ്.

ജനുവരിയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഓർക്കിൻ, കുടിയേറ്റം, ജീവിതച്ചെലവ് നിയന്ത്രണം, തൊഴിലാളി സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണത്തിന്റെ കേന്ദ്രവിഷയങ്ങളാക്കിയത്. അദ്ദേഹത്തിന് അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടസിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്.

അതേസമയം, ന്യൂയോർക്ക് സിറ്റി യൂണിഫോംഡ് ഫയർ ഓഫീസേഴ്‌സ് അസോസിയേഷൻ, ടി ഡബ്ലിയു യു  ലോക്കൽ 100, ഡിസി 37 എന്നിവ ഉൾപ്പെടെ നിരവധി തൊഴിലാളി യൂണിയനുകളുടെ പിന്തുണ രാജ്കുമാറിന് ലഭിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെയും അധ്യാപകരുടെയും കെട്ടിട സേവന മേഖലയിലെ ജീവനക്കാരുടെയും സംഘടനകളും അവരെ പിന്തുണയ്ക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിയമപരമായ വിവാദങ്ങളും ഉയർന്നിരുന്നു. രാജ്കുമാറിന്റെ ഹർജി രേഖകളിൽ വ്യാജ ഒപ്പുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാരോപിച്ച് ഓർക്കിൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, നടപടിക്രമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ക്വീൻസ് കോടതി കേസ് തള്ളുകയും രാജ്കുമാറിനെ ബാലറ്റിൽ നിലനിർത്തുകയും ചെയ്തു.

അന്ന് ഈ കേസ് ക്വീൻസ് വോട്ടർമാരെയും പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ വോട്ടർമാരെയും വോട്ടവകാശത്തിൽ നിന്ന് അകറ്റാനുള്ള ഡിഎസ്എയുടെ മോശം ശ്രമമാണെന്ന് രാജ്കുമാർ പ്രതികരിച്ചിരുന്നു.

പൗരാവകാശ അഭിഭാഷകയായ ജെനിഫർ രാജ്കുമാർ, ക്വീൻസിൽ കുടിയേറിയ ഇന്ത്യൻ പ്രവാസികളുടെ മകളാണ്. 2020-ൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവർ, ന്യൂയോർക്ക് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ വനിതയും ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വിശ്വാസിയുമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക