
സ്വാതന്ത്ര്യം മോഹിക്കുന്ന ഓരോ ഇന്ത്യാക്കാരനും ഒരിക്കലും മറക്കരുതാത്ത ഒരു കെട്ട കാലം ;എന്നെന്നും നില നില്‍ക്കുന്ന കറുത്ത പാഠങ്ങള്‍

ചിത്രം : പി ആര്‍ രാജന്‍
ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തില്‍ തീരാക്കളങ്കമായ അടിയന്തരാവസ്ഥയുടെ 21 മാസം നീണ്ട ഇരുണ്ട ദിനരാത്രങ്ങള്‍ക്ക് തുടക്കമിട്ട 2026 ജൂണ്‍ 25 നു അമ്പത്തി ഒന്ന് വര്‍ഷം തികയുന്നു .അടിയന്തരാവസ്ഥാ പ്രഖ്യാപനം നടന്നിട്ട് അര നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഇന്നും അത് സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ നമ്മെ വേട്ടയാടുന്നു .ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ധീരരായ സ്വാതന്ത്ര്യ സമരസേനാനികളുടെ ചിന്തയിലും സങ്കല്‍പ്പത്തിലും നിറഞ്ഞു നിന്ന ,വിലങ്ങുകളും വിലക്കുകളും ഇല്ലാത്ത ,സ്വാതന്ത്ര്യത്തിന്റെ പറുദീസ ബുള്‍ഡോസര്‍ ഭരണത്തിനും നിര്‍ബന്ധിത വന്ധ്യംകരണത്തിനും കസ്റ്റഡി മരണങ്ങള്‍ക്കും ഉദ്യോഗസ്ഥരാജിനും കടുത്ത സെന്‍സര്‍ഷിപ്പിനും വിധേയമായി .1977 മാര്‍ച്ച് 23 നു ഉപരാഷ്ട്രപതി ബി ഡി ജട്ടി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഉപദേശത്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ ഒരിക്കല്‍ കൂടി സ്വാതന്ത്ര്യം പിറന്നു . അതിന്റെ വില എത്രയോ വലുതായിരുന്നു എന്നറിയിച്ചു കൊണ്ടു . അധികാരത്തെ എങ്ങനെ അടിച്ചമര്‍ത്തലിന് നിയമപരമായി തന്നെ ഉപയോഗിക്കാനാകും എന്ന് വരും ഭരണകൂടങ്ങള്‍ക്ക് അത് പറയാതെ പറഞ്ഞു കൊടുത്തു .അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ അടിച്ചമര്‍ത്തല്‍ നടത്താനാകുമെന്ന് ഇന്ദിരയും സഞ്ജയ ഗാന്ധിയും അവരുടെ അനുചരരും വ്യക്തമായി കാട്ടിത്തന്നു . എന്ത് കൊണ്ടു ഇന്നും അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഓര്‍മ്മകള്‍ കുടുതല്‍ പ്രസക്തമാകുന്നു ?
അടിയന്തരാവസ്ഥക്കാലത്ത് സാങ്കേതികമായി സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാവുന്ന ,വാര്‍ത്താവിനിമയ സൗകര്യം കൊണ്ടും ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടും വരുതിയില്‍ നിര്‍ത്താവുന്ന ഒരു യുണിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രീകൃതമായ ഇന്ത്യ ആയിരുന്നില്ല നിലവില്‍ ഉണ്ടായിരുന്നത് . .കേന്ദ്രത്തില്‍ ഭരണം കോണ്‍ഗ്രസ്സിനു ആയിരുന്നു എങ്കിലും അതിശക്തരായ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്ന കാലം കൂടിയായിരുന്നു അത് .അതേ പോലെ ഡല്‍ഹിയെ കേന്ദ്രീകരിച്ചു നിന്നിരുന്ന സഞ്ജയ് ഗാന്ധിയുടെയും അനുചരന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ എല്ലാ ഇടത്തേക്കും പൂര്‍ണ്ണതോതില്‍ വ്യാപിച്ചില്ല .എങ്കിലും സഞ്ജയ് നയിച്ച യൂത്ത് കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ 70 ലക്ഷമായി കുതിച്ചുയര്‍ന്നു .അവര്‍ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളിലെ എന്ന പോലെ പാര്‍ട്ടിയുടെ കണ്ണും കാതും ആയി പ്രതിയോഗികളെ വരിഞ്ഞു മുറുക്കി .ഇവിടെയും താരതമ്യേനെ തെക്കും വടക്കുമായി ഒരു വിഭജനം തന്നെ കാണാം . ഇന്ത്യയുടെ ഹൃദയ മേഖലയില്‍ നിന്ന് വ്യത്യസ്തമായി ചെറിയ അളവില്‍ മാത്രമേ ദക്ഷിണ ഇന്ത്യയില്‍ അടിച്ചമര്‍ത്തല്‍ ഉണ്ടായുള്ളൂ .അതാകട്ടെ 77 ഇലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ ജനവിധിയില്‍ പ്രതിഫലിക്കുകയും ചെയ്തു .

ചിത്രം : പി ആര്‍ രാജന്‍
അടിയന്തരാവസ്ഥയുടെ തുടക്കം
കോണ്‍ഗ്രസില്‍ സിണ്ടിക്കേറ്റിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ നിലം പരിശാക്കുകയോ അപ്രസക്തരാക്കുകയോ ചെയ്തു കൊണ്ടാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ പുതിയ കൂറ്റുകാര്‍ അധികാര രാഷ്ട്രീയം പിടിച്ചെടുത്തത് .കാമരാജ് ,നിജലിംഗപ്പ ,സഞ്ജീവറെഡഡിപോലെയുള്ളവര്‍ നയിച്ച പഴയ സംഘടനാകോണ്‍ഗ്രസ്സിന്റെ ചാരത്തിലൂടെയായിരുന്നു ഇന്ദിരയുടെ ഉയിര്‍ത്തെഴുനേല്പ്പു..ബംഗ്ലാദേശിന്റെ രൂപീകരണത്തില്‍ കലാശിച്ച ,ഇന്ത്യ പാക് യുദ്ധത്തിലൂടെ അതിശയകരമായ പ്രതിച്ഛായ നേടിയ ഇന്ദിര അത് മുതലാക്കി നേരത്തെ ലോകസഭ പിരിച്ചു വിട്ടു നടത്തിയ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നേടി.പുരുഷ മന്ത്രിമാരുടെ ഒരു സംഘത്തെ നയിക്കുന്ന ഏക വനിത എന്ന പേരും അവര്‍ സ്വായത്തമാക്കി .ഇതാകട്ടെ ഇന്ദിരയാണ് ഇന്ത്യ ഇന്ത്യയാണ് ഇന്ദിര എന്ന കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി കെ ബറുവയുടെ കുപ്രസിദ്ധമായ മുദ്രാവാക്യത്തിനു വഴിതെളിച്ചു .അങ്ങനെ വൈതാളികന്മാരാല്‍ ചുറ്റപ്പെട്ടു കഴിയുമ്പോഴായിരുന്നു 1971 ലെ പൊതു തെരഞ്ഞെടുപ്പില്‍ റായി ബറേലിയില്‍ നിന്നുള്ള അവരുടെ തെരഞ്ഞെടുപ്പു വിജയം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത് . ഇന്ദിരയുടെ കീഴില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന യശ്പാല്‍ കപൂര്‍ ഉദ്യോഗത്തിലിരിക്കെ അവര്‍ക്കായി പ്രവര്‍ത്തിച്ചു എന്നായിരുന്നു ഒരു ആരോപണം .1971 ജനുവരി ഏഴു മുതലാണ് അദ്ദേഹം ഇന്ദിരയുടെ പ്രചാരണ മാനേജര്‍ ആയത് .ഏഴു ദിവസം കഴിഞ്ഞു അദ്ദേഹം രാജി വെച്ചു 25നു രാജി സ്വീകരിക്കപ്പെട്ടു .അതേപോലെ പ്രചാരണ യോഗങ്ങളില്‍ വേദി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം .പൊതുവേ ഇത് നടക്കുന്നതാണെന്ന് വാദം ഉയര്ന്നുവെങ്കിലും ജഡ്ജി അത് ശരി വെച്ചില്ല ഒരു ലക്ഷം വോട്ടിനായിരുന്നു രാജ് നാരായണ്‍ തോറ്റത് എന്നതും ഇവിടെ സ്മരണീയം .... ഒരു പാര്‍ക്കിംഗ് ടിക്കറ്റിനു ഭരണം പോകേണ്ട നില എന്ന് ഗാര്‍ഡിയന്‍ ഇതേ പറ്റി എഴുതി .
ഹൈക്കോടതി വിധിയായിരുന്നു അടിയന്തര പ്രതികരണത്തിന് കാരണമെങ്കിലും ഇന്ത്യ മുഴുവന്‍ പുകയുകയായിരുന്നു. എല്ലാം കൈപ്പിടിയില്‍ എന്ന് കരുതിയിരുന്ന ഇന്ദിരയെ ഭീതിയിലാഴ്ത്തിയ തെരഞ്ഞെടുപ്പു ഫലമായിരുന്നു1975 ജൂണ്‍ 12 നു ഗുജറാത്തില്‍ ഉണ്ടായത് .ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു .ജനത മോര്‍ച്ചയാണ് അവിടെ വിജയിച്ചത് .അതായത് സംഘടനാ കോണ്‍ഗ്രസ്. നൂറിലേറെ തവണ പ്രധാന മന്ത്രി തന്നെ അവിടെ പ്രചാരണം നടത്തിയെങ്കിലും ഗുജറാത്തില്‍ 182 ഇല്‍ 75(140) സീറ്റുകള്‍ മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ .ഇതിനു പുറമേയായിരുന്നു ജയപ്രകാശ് നാരായണന്റെ നേത്രത്വത്തില്‍ അഴിമതിക്കും സ്വേഛാധിപത്യത്തിനും നേരെ നടന്നു വന്ന സമ്പൂര്‍ണ്ണ വിപ്ലവം . ജൂണ്‍ 25 നു രാംലീല മൈതാനത്തു ജെ പിയുടെ നേതൃത്വത്തില്‍ ഒരു വമ്പന്‍ പ്രകടനം നടത്തി പ്രക്ഷോഭം രാജ്യവ്യാപകമാകാന്‍ ശ്രമിക്കവെയായിരുന്നു ഇന്ദിര അതിനു കടുത്ത മറുപടി തേടിയത് .രാജ്യവ്യാപകമായി ജൂണ്‍ 29 നു പ്രക്ഷോഭം വ്യാപിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരിക്കെ ആയിരുന്നു ഇടിവെട്ടുപോലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം

ചിത്രം : പി ആര്‍ രാജന്‍
ബംഗ്ലാദേശ് വിമോചനവും അടിയന്തരാവസ്ഥയും
പശ്ചിമ പാകിസ്ഥാന്‍ കിഴക്കന്‍ പാകിസ്ഥാന് നേരെ നടത്തിയ ആക്രമണത്തില്‍ കിഴക്കന്‍ ബംഗാളിനൊപ്പം നിന്ന് പാക് സൈന്യത്തെ കീഴടക്കിയത് ഇന്ദിര ഗാന്ധിയുടെ തൊപ്പിയില്‍ സ്വര്‍ണ്ണത്തൂവലുകള്‍ ചാര്‍ത്തി .അവരെ ദുര്‍ഗയെന്നും ജാന്‍സി റാണിയെന്നുമെല്ലാം പ്രതിയോഗികള്‍ വരെ വിളിച്ചു .യു എസിനെയും ചൈനയെയും വെല്ലു വിളിച്ചായിരുന്നു ആ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയം .ചിറ്റഗോങ്ങില്‍ ജനറല്‍ നിയാസിയുടെ നേതൃത്വത്തില്‍ പാക് സൈന്യം ലഫ് ജനറല്‍ അറോറയുടെ മുന്നില്‍ അടിയറവു പറയവേ ഇന്ദിരയുടെ രാഷ്ട്രീയ ഗ്രാഫ് ആകാശം മുട്ടെ ഉയര്‍ന്നു . വ്യക്തിപൂജ ഉയര്‍ന്ന തലത്തില്‍ എത്തി .ബംഗ്ലാദേശ് രൂപികരിച്ച 19 71 ഡിസംബര്‍ മൂന്നിന് തന്നെ ഇന്ത്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .വൈദേശികമായ ഭീഷണി നേരിടാന്‍ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ഈ നീക്കം .കാല്‍ നൂറ്റാണ്ടു മുന്‍പ് ഭരണഘടന എഴുതിയവര്‍ ആഭ്യന്തരമായും വൈദേശികമായും ഭീഷണി ഉണ്ടായാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം എന്ന് ഭരണഘടനയുടെ 352 വകുപ്പില്‍ വ്യവസ്ഥ ചെയ്തിരുന്നു .ആ അടിയന്തിരാവസ്ഥ നില നില്‍ക്കുമ്പോള്‍ ആയിരുന്നു പുതിയ പ്രഖ്യാപനം .ആഭ്യന്തര മന്ത്രി ബ്രഹ്മാനന്ദ റെഡഡി തന്നെ അത് ചൂണ്ടിക്കാട്ടുകയും ചെയ്തു .വൈദേശിക ആക്രമണത്തെ ചൊല്ലിയായിരുന്നു ആദ്യ പ്രഖ്യാപനം എന്നും ഇത് ആഭ്യന്തര ഭീഷണിയെ തുടര്‍ന്നാണെന്നും നിയമജ്ഞനും ഇന്ദിരയുടെ അടുത്ത ഉപദേശകനുമായ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ അവയെ വേര്‍തിരിച്ചു വാദിച്ചു അദ്ദേഹവുമായാണ് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപനവുമായി 25 നു വൈകുന്നേരം രാഷ്‌ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ അടുത്തു പോയത് .മന്ത്രിസഭ ചേര്‍ന്നായിരുന്നില്ല പ്രഖ്യാപനം തയാറാക്കിയത് . മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരുന്നില്ല ആ തീരുമാനം . .അടുത്ത ദിവസം രാവിലെ ഏഴുമണിക്ക് മന്തിസഭാ യോഗം ചേര്‍ന്നപ്പോള്‍ പ്രതിരോധ മന്ത്രി സ്വരന്‍ സിംഗ് അതിന്റെ സാംഗത്യം ചോദ്യം ചെയ്തു .ഇന്ദിര നിശ്ശബ്ദത പാലിച്ചു .മറ്റുള്ളവര്‍ക്ക് ആ നിശബ്ദതയുടെ അര്‍ഥം നന്നായി മനസ്സിലായി .അധികാരത്തിന്‍റെ എച്ചില്‍ കഷണങ്ങള്‍ കഴിച്ചു തടിച്ചിരുന്ന ആ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇന്ദിരയുടെ മുന്‍പില്‍ മറുവാക്ക് പറയാന്‍ നാവു പൊന്തുമായിരുന്നില്ല.മാത്രമല്ല അത് അവരുടെ ഏകാധിപത്യ പ്രവണതകളെ പുറത്തു കൊണ്ടു വരുകയും ചെയ്തു .നിയമപരമായിരുന്നു തന്‍റെ നടപടികള്‍ എന്ന് വാദിക്കാന്‍ സമര്‍ത്ഥമായിരുന്നു ഇന്ദിര കരുക്കള്‍ നീക്കിയത് .
അടിയന്തരാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നത് അബുവിന്‍റെ കാര്‍ട്ടൂണ്‍ ആണ് .രാഷ്ട്രപതി ഫക്രുദീന്‍ അഹമ്മദ് ബാത്ത് ടബ്ബില്‍ ഇരുന്നു പ്രഖ്യാപനത്തില്‍ ഒപ്പ് വെച്ചുകൊണ്ടു ഇനി വേറെ ബില്ലുണ്ടോ എന്ന് ചോദിക്കുന്ന നിശിതമായ പരിഹാസചിത്രം ...പക്ഷെ ഏറെ സമയം എടുത്തു രാത്രി 11 4 5നാണു ആ പ്രഖ്യാപനത്തില്‍ അദ്ദേഹം ഒപ്പ് ചാര്‍ത്തിയത് .അതോടെ അര്‍ദ്ധരാത്രിയില്‍ എല്ലാവരുടെയും വാതിലില്‍ പോലീസ് മുട്ടി . പ്രതിപക്ഷ നേതാക്കള്‍ ,ജെ പി ,ജെപി പ്രസ്ഥാനവുമായി സഹകരിക്കുന്നവര്‍ കോണ്‍ഗ്രസിലെ തന്നെ വിമതര്‍ ,പത്ര ഉടമകള്‍ തുടങ്ങിയവര്‍ ആയിരുന്നു അന്ന് രാത്രി അറസ്റ്റ് ചെയ്യപ്പെട്ടത് ജയ പ്രകാശ് നാരായണന്‍ ,മൊറാര്‍ജി ദേശായി , മധു ലിമയെ ,ജനസംഘ് നേതാവ് എല്‍ കെ അദ്വാനി ,സി പി എം നേതാവ് ജ്യോതി ബസു ,റായി ബറെലിയില്‍റെ ഇന്ദിരക്കെതിരെ മത്സരിച്ച രാജ് നാരായണ്‍,കോണ്‍ഗ്രസിലെ യുവ തുര്‍ക്കികള്‍ മോഹന്‍ ധാരിയ ,ചന്ദ്ര ശേഖര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍ ആയവരില്‍ ഉള്‍പ്പെടുന്നു .നേരത്തെ തന്നെ അവരുടെ പട്ടികകള്‍ തയ്യറാക്കിയിരുന്നു എന്ന് വ്യക്തം .അതോടൊപ്പം ന്യൂഡല്‍ഹിയില്‍ പത്രങ്ങളിലേക്കുള്ള വൈദ്യുതി കട്ട് ചെയ്തു ..വാര്‍ത്തകള്‍ പുറത്തു വരരുതെന്നതായിരുന്നു ഉദ്ദേശം ..21 മാസങ്ങള്‍ നീണ്ട കിരാത ഭരണത്തിന്‍റെ തുടക്കമായിരുന്നു അത് .അതോടൊപ്പം കടുത്ത സെന്‍സര്‍ഷിപ്പും തുടങ്ങി . .
അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന മൗലിക അവകാശങ്ങള്‍ സസ്പെന്‍ഡ ചെയ്യപ്പെട്ടു . ഇന്ത്യന്‍ പൗരന്‍ അധികാര ശക്തികളുടെ കൈകളിലെ കളിപ്പാവയായി .സ്വത്തിനും ജീവനുമുള്ള അവകാശം ,സ്വതന്ത്രമായ ആവിഷ്കാരത്തിനും സംസാരത്തിനുമുള്ള അവകാശം, ആയുധമില്ലാതെ സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശം തുടങ്ങിയ പൌരനു ഭരണഘടന ഉറപ്പു നല്‍കിയ അവകാശങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതായെന്നു സര്‍ക്കാര്‍ കരുതി . ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളപ്പെട്ടു .എച് ആര്‍ ഖന്നയാണ് ശക്തമായി മൌലികാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത് .ഒരു പക്ഷെ കടമ നിര്‍വഹിക്കാതെ പോയ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ തിളക്കമുള്ള അധ്യായമായി അദേഹത്തിന്റെ വിയോജനകുറിപ്പ്. മൌലികാവകാശം സംരക്ഷിക്കാന്‍ വിധിയെഴുതിയ ആ ധീരനായ ജഡ്ജിക്ക് ചീഫ് ജസ്ടീസ് പദവി നഷ്ടമായി പിന്നിട് അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനു ശേഷം ശേഷം മൌലികാവകാശം ഭരണഘടനയുടെ ആധാരശിലയാണെന്നും അതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്നും സുപ്രീം കോടതി തന്നെ തിരുത്തി .അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലും വ്യക്തമായ നിയന്ത്രണം വരുത്തി .രാജ്യം ഇതേ പൊലെയൂള്ള വെല്ലുവിളികള്‍ നേരിടുന്ന ഈക്കാലത്ത് രണ്ടാം നമ്പര്‍ കോടതിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇപ്പോഴും ചര്‍ച്ചയാകുന്നു എന്നത് ആ പാവനമായ വ്യക്തിത്വത്തിന്റെ മഹത്വം വ്യക്തമാക്കുന്നു .
ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരെയുണ്ടായ ആക്രമണവും മന്ത്രിമാരെയും എം എല്‍ ഏ മാരെയും തെരഞ്ഞു പിടിച്ചു രാജി വെയ്പിച്ചതും ഇന്ദിരയുടെ വഴിപിഴച്ച രാഷ്ട്രീയ പോക്കില്‍ ആശങ്ക പൂണ്ട ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവത്തിനുള്ള ആഹ്വാനവും ആണ് ഇന്ദിര സര്‍ക്കാരിനെ പിടിച്ചുലച്ചത്.( യു പി ഏ സര്‍ക്കാരിനെതിരെ പിന്നിട് അണ്ണാ ഹസാരെയും ജന്തര്‍ മന്ദിറില്‍ ഇതേ മാര്‍ഗം ഫലവത്തായി ഉപയോഗിച്ചു ).നിയമപരമല്ലാത്ത നിര്‍ദേശങ്ങള്‍ അധികാരികളില്‍ നിന്നു ഉണ്ടായാല്‍ അത് തിരസ്കരിക്കണമെന്നു അദ്ദേഹം ബ്യൂറോക്രസിയോടും സൈന്യത്തോടും ജൂണ്‍ 25 നു രാം ലീല മൈതാനിലെ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു .തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തിന്റെ അനിഷേധ്യമായ ധാര്‍മ്മിക പ്രഭാവം മൂലം അത്തരമൊരു ആഹ്വാനം ആപല്‍ക്കരമാകാനുള്ള സാധ്യത വലുതായിരുന്നു .രാജ്യത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരുന്ന ആര്‍ എസ് എസ് ജെ പി പ്രസ്ഥാനത്തിന് ശക്തമായ പിന്തുണ നല്‍കിയതോടെ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകും എന്ന സൂചന ശക്തിപ്പെട്ടു .കോണ്‍ഗ്രസ്സില്‍ ആകട്ടെ മോഹന്‍ ധാരിയയും ചന്ദ്ര ശേഖറും അടങ്ങുന്ന യുവ തുര്‍ക്കികള്‍ ഇന്ദിരക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തി .ഈ സാഹചര്യത്തിലാണ് കുപ്രസിദ്ധമായ ഗൂഡാലോചന സിദ്ധാന്തങ്ങള്‍ രംഗപ്രവേശം ചെയ്തത് . വിദേശ കരങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്നു അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന് മുന്‍പും പിന്‍പും ഇന്ദിര ആവര്ത്തിച്ചു . ഇതിനു തൊട്ടു മുന്‍പ് സുപ്രീം കോടതിയിലെ വി ആര്‍ കൃഷ്ണയ്യരുടെ വെക്കേഷന്‍ ബെഞ്ച് അലഹബാദ് ഹൈ കോടതി വിധിക്ക് സ്റ്റേ നല്‍കി .സഭയില്‍ വോട്ട് ചെയ്യരുത് , ശമ്പളം കൈപ്പറ്റരുത് എന്നീ ഉപാധികളോടെയായിരുന്നു സ്റ്റേ .പ്രതിപക്ഷം ഇതൊരു വലിയ അവസരമായി കണ്ടു .

ചിത്രം : പി ആര്‍ രാജന്‍
കിരാതമായ നരനായാട്ട്
തിരിഞ്ഞു നോക്കുമ്പോള്‍ കംബോഡിയ ,റഷ്യ ,ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ഏകാധിപത്യങ്ങളെ പോലെ ഇന്ത്യയിലെ ഇന്ദിര ഭരണം രാജ്യത്തെ മുഴുവന്‍ തടവറയാക്കുകയോ ലക്ഷക്കണക്കിന് പേരെ തോക്കിന്‍ കുഴലിനു ഇരയാക്കുകയോ ചെയ്തില്ല പോള്‍പോട്ടിനെ പോലെ ഇരകളുടെ തലയോടുകള്‍ കൊണ്ടു വലിയ കാഴ്ച ബംഗ്ലാവും ഉണ്ടാക്കിയില്ല .എന്തിനു.സിവില്‍ സര്‍വീസ് പോലും ഉടച്ചു വാര്‍ത്തില്ല .കസ്റ്റഡി മരണംതാരതമ്യേനെ കുറവായിരുന്നുവെന്നു ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെങ്കിലും വ്യക്തമാക്കുന്നു . തുര്‍ക്ക് മാന്‍ ഗേറ്റ് പോലെയുള്ള ഇടങ്ങളില്‍ നടത്തിയ പോലിസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണവും താഴെയായിരുന്നു .പക്ഷേ അതി ശക്തമായ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ ഏറിയ, ഗാന്ധിയന്‍ ആദര്‍ശം പിന്തുടരുന്ന പാര്‍ട്ടി ജനാധിപത്യം വെടിഞ്ഞു ഭരണം പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിച്ചു .കോണ്‍ഗ്രസ് ഭരണം ഇല്ലെങ്കില്‍ നാട് അറബിക്കടലില്‍ എന്ന രീതിയില്‍ പ്രതികരിച്ചു എന്നത് രാഷ്ട്രീയമായി അധാര്‍മ്മികമായിരുന്നു .മാത്രമല്ല അവര്‍ കോളോണിയല്‍ നിയമങ്ങള്‍ പുറത്തെടുത്തു ജനങ്ങളെ പൊറുതി മുട്ടിച്ചു .മിസയും ഡി ഐ ആറും കോഫെപോസയും ഉപയോഗിച്ചു പ്രതിയോഗികളെ അവര്‍ നിശ്ശബ്ദരാക്കി .അല്ലെങ്കില്‍ വിചാരണയില്ലാതെ തടവില്‍ വെച്ചു .പില്‍ക്കാലത്ത് ടാഡ ആയും യു ഏ പി ഏ ആയും ഈ നിയമം പുനര്‍ജനിച്ചു.
സഞ്ജയ ഗാന്ധി അധികാര കേന്ദ്രമാകുന്നു
ഇതില്‍ ഏറ്റവും നൃശംസമായത് പ്രധാനമന്ത്രി ഇന്ദിരയുടെ രണ്ടാമത്തെ മകന്‍ സഞ്ജയ് ഗാന്ധി ഭരണഘടനക്ക് അതീതനായി ഒരു അധികാര കേന്ദ്രമായി പ്രവര്‍ത്തിച്ചു എന്നതാണ് .അദ്ദേഹത്തിന്‍റെ സഞ്ജയ് ഗാന്ധി ബ്രിഗേഡ് ഭരണത്തിലും പുറമെയും വലിയ അധികാര കേന്ദ്രമായി . പ്രധാനമന്ത്രിയുടെ ഇരുപതിന പരിപാടിയോടൊപ്പം സഞ്ജയിന്റെ അഞ്ചിന പരിപാടിയും രാജ്യത്തെ പ്രധാന വ്യവഹാരമായി .ആകാശവാണിയും “കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയാന്‍ തയാറായ ദിനപത്രങ്ങളും”അത് കൊണ്ടു പൂരം സൃഷ്ടിച്ചു . നഗര ശുദ്ധീകരണവും നിര്‍ബന്ധിത വന്ധ്യംകരണവുമായിരുന്നു ഇതില്‍ സഞ്ജയിന്റെ ഇഷ്ട പദ്ധതികള്‍ . ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചു ഒരു ലക്ഷത്തി പതിനായിരം പേരെ ഈ കാലയളവില്‍ അറസ്റ്റ് ചെയ്തു തടങ്കലില്‍ ആക്കി . ഒരു കോടി പത്തു ലക്ഷം പേരെ നിര്‍ബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കി .ചേരികളുടെ നിര്മാരജ്ജനത്തില്‍ വീടുകള്‍ നഷ്ടമായവരുടെ സംഖ്യ ഭീമമായിരുന്നു .തുര്‍ക് മാന്‍ ഗേറ്റിലെ ആക്രമണം ആയിരുന്നു ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയത്.ഡല്‍ഹിയില്‍ മാത്രം അറുപതിനായിരത്തോളം പേര്‍ക്ക് വസതി നഷ്ടപ്പെട്ടുവെന്നു അനൗദ്യോഗിക കണക്കുകള്‍ പറയുന്നു . ബുള്‍ഡോസര്‍ രാജ് നിലവില്‍ വന്നു .കസ്റ്റഡി മരണങ്ങളുടെ കഥകളും മെല്ലെ പുറത്തു വന്നു കൊണ്ടിരുന്നു .പലപ്പോഴും രഹസ്യ ലഘുലേഖകളായി ആയിരുന്നു അവ രംഗത്ത് വന്നത് .

സെന്‍സര്‍ ഷിപ് എന്ന ഉമ്മാക്കി
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാത്രി ഡല്‍ഹിയില്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗിലെക്കുള്ള വൈദുതി നിര്‍ത്തി വെച്ചു .അധികാരികള്‍ അംഗീകരിക്കുന്ന വാര്‍ത്തകള്‍ മാത്രമേ വെളിച്ചം കാണാവൂ എന്നായിരുന്നു നിര്‍ദ്ദേശം .ഇതിനായി സെന്‍സര്‍ ഓഫീസര്‍മാരെ നിയോഗിച്ചു അതല്ലെങ്കില്‍ സ്വയം നിയന്ത്രണം ...ഇതിനെ എതിര്‍ത്ത അല്ലെങ്കില്‍ വഴങ്ങാത്ത ദിനപത്രങ്ങള്‍ പൂട്ടിച്ചു .സെമിനാറും മെയിന്‍ സ്ട്രീമും ഒര്‍ഗനൈസരും രാക്ക് രാമാനം അപ്രത്യക്ഷമായി കാര്‍ട്ടൂണിസ് ശങ്കര്‍ ശങ്കേര്‍സ് വീക്കിലി നിര്‍ത്തി.ചോയുടെ തുഗ്ലക്കും. സഞ്ജയ ഗാന്ധിയെ വിമര്‍ശിച്ച അമൃത നഹാതയുടെ കിസാ കുര്‍സി കാ എന്നാ സിനിമ പിടിച്ചെടുത്തു .അത് അവസാനം മാരുതി ഫാക്ടറിയില്‍ കത്തി നശിച്ചു ആകാശവാണിയിലും ടി വിയിലും .കിഷോര്‍ കുമാറിന്‍റെ ഗാനത്തിന് വിലക്ക് ഉണ്ടായി . ഗുല്‍സാറിന്റെ ആന്ധി വിലക്കപ്പെട്ടു .യു ആര്‍ അനന്തമൂര്‍ത്തിയുടെ സംസ്കാര എന്ന ചിത്രത്തില്‍ അഭിനയിച്ച സ്നേഹലതാ റെഡ്ഡി കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നു മരിച്ചു .സര്‍ക്കാരിന് തലവേദന ആയിരുന്ന ജോര്‍ജ് ഫെര്നാണ്ടസിനെ അന്വേഷിച്ചായിരുന്നു അവരെ പോലിസ് കസ്റ്റഡിയില്‍ എടുത്തത് .ഫെര്‍ണാണ്ടസിന്റെ രണ്ടു സഹോദരന്മാരും ,മൈക്കളും ലോറന്‍സും ,ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി . മൃതപ്രായനായാണ് ലോറന്‍സ് ഫെര്‍നാണ്ടസ് പോലിസ് കസ്റ്റഡിയില്‍ നിന്ന് പുറത്തു വന്നത് .
കസ്റ്റഡി മരണങ്ങള്‍ വര്‍ദ്ധിക്കുന്നു
കേരളത്തില്‍ കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ്വിദ്യാര്‍ഥി പി രാജന്റെ അറസ്റ്റ് ആയിരുന്നു ദേശീയതലത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവം .അതെ പോലെ വര്‍ക്കല വിജയന്‍റെ കസ്റ്റഡി മരണവും . .പക്ഷെ അതെല്ലാം പുറത്തു വരുന്നത് അടിയന്തിരാവസ്ഥ പിന്‍വലിച്ച ശേഷമാണ് .അതിന്റെ നേട്ടം ഉണ്ടാക്കിയത് സി പി എമ്മും .കരുണാകരന്‍ ഭരണത്തില്‍ പങ്കാളി ആയിരുന്ന സി പി ഐ ആ കുട്ടുകെട്ടിന്റെ പേരില്‍ ഇന്നും പ്രതിക്കൂട്ടില്‍ ആണ് ..പി രാജന്‍റെ മരണത്തിനു ശേഷം നിരവധി കസ്റ്റഡി മരണങ്ങള്‍ ഉണ്ടായെങ്കിലും ഇന്നും സി അച്യുതമേനോന്‍ ആണ് രാഷ്ട്രീയത്തിലെ ഏറ്റവും കാപാലികനായ നേതാവ് എന്നത് ഒരു വൈചിത്ര്യമാകാം .ഏറെ ആക്രമിക്കപ്പെട്ട കെ കരുണാകരനെ ഇടതു പക്ഷത്തേക്ക് സ്വാഗതം ചെയ്യാനും പാര്‍ട്ടിക്ക് മടി ഉണ്ടായില്ല എന്നത് പ്രായോഗിക രാഷ്ട്രീയത്തിലെ സിനിസിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണം .വയനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ സുലോചനയായിരുന്നു ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനു ഇരയായ മറ്റൊരു വ്യക്തി .പി രാജനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട എബ്രഹാം ബെന്‍ഹറും എങ്ങനെയോ ജീവിതത്തില്‍ തിരിച്ചു വന്നു . ഇ എം എസ് , പിണറായി വിജയന്‍ , എം വി രാഘവന്‍, രാധാകൃഷ്ണ മേനോന്‍ ,കെ വേണു,പ്രഭാകരന്‍ തുടങ്ങി ഒരു പറ്റം പേര്‍ ജയിലില്‍ ആയി .കക്കയത്തും ശാസ്താം കോട്ടയിലും സ്ഥാപിച്ച പോലിസ് ക്യാമ്പില്‍ നടന്ന പീഡനം അന്ന് നക്സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ഡി ഐ ജി ജയറാം പടിക്കല്‍ ക്ലോസ്ഡ സര്‍ക്ക്യൂട്ട് ടി വിയില്‍ കണ്ടു രസിച്ചു .”ആന്ധ്രയില്‍ പിടികൂടിയ ഒട്ടേറെ നക്സലുകളെ ഉന്മൂലനം ചെയ്തു . ഇവിടെ ആയതു കൊണ്ടാണ് നിങ്ങള്‍ ജീവനോടെ ഇരിക്കുന്നതെന്ന് ജയറാം പടിക്കല്‍ കെ വേണുവിനോട് പരിഹാസരൂപേണെ പറഞ്ഞു .
ഈച്ചര വാരിയരുടെ നീണ്ട നിയമയുദ്ധം
എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന പി രാജനെ 1976 മാര്‍ച്ച് ഒന്നിന് കോഴിക്കോട് യുണിവേസ്സിറ്റിയില്‍ നിന്ന് അറസ്റ്റ് ചെയ്തു കക്കയം ക്യാമ്പില്‍ ക്രൂരമായി മര്‍ദ്ദിച്ചു.ഇരുമ്പ് ഉലക്ക കൊണ്ടുള്ള ഉരുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു പി രാജന്‍ .അബോധാവസ്ഥയില്‍ ആയ രാജനെ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു പോലിസ് ഉദ്യോഗസ്ഥന്‍ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് ഈച്ചര വാരിയര്‍ എന്നോടു പറയുകയുണ്ടായി പിന്നിട് ജഡം പഞ്ചസാരയില്‍ പൊതിഞ്ഞു കത്തിച്ചു കക്കയം ഡാമില്‍ താഴ്ത്തിയെന്നും .പക്ഷെ പി രാജനെ കസ്റ്റഡിയില്‍ എടുത്തുവെന്നോ കൊല്ലപ്പെട്ടുവെന്നോ സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല വാരിയരുമായി അടുപ്പം ഉണ്ടായിരുന്ന മുഖ്യമന്ത്രി സി അച്ചുത മേനോനും കൈ മലര്‍ത്തുകയാണുണ്ടായത് .കേരളം കണ്ട പ്രഗല്‍ഭനായ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജിവിതത്തിലെ കറുത്ത പാടായി അത് മാറി .പക്ഷെ മകന് വേണ്ടി ശക്തമായ നിയമ യുദ്ധമാണ് വാരിയര്‍ നടത്തിയത് .അവസാനം അദ്ദേഹം സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ രാജനെ ഹാജരാക്കാന്‍ കേരള ഹൈ കോടതി നല്‍കിയ ഉത്തരവാണ് ആ ചെറുപ്പക്കാരന്റെ ഹത്യയിലേക്ക് വിരല്‍ ചൂണ്ടിയത് .അടിയന്തിരാവസ്ഥക്കു ശേഷം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു മുഖ്യ മന്ത്രിയായ കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം തന്നെ രാജി വെയ്ക്കേണ്ടി വന്നു ..നീണ്ട നിയമയുദ്ധങ്ങള്‍ക്ക് അവസാനം കരുണാകരന്‍ രക്ഷപെട്ടുവെങ്കിലും അതുമായി ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ ജയിലില്‍ ആയി .അടിയന്തരാവസ്ഥയിലെ പോലിസ് ക്രൂരതക്ക് എതിരെയുള്ള ശക്തമായ താക്കീതായി ആ നിയമ യുദ്ധം .പക്ഷെ അതൊന്നും പിന്നിടുള്ള ഭരണകൂടങ്ങളെ സ്വാധീനിച്ചതായി ഇന്നും കാണുന്നില്ല . .
വ്യക്തി പൂജയും അധികാര പ്രമത്തതയും അരക്ഷിത ബോധവും ആണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് വഴി തെളിച്ചതെങ്കില്‍ രാഷ്ട്രീയ വൈതാളികരും അനൗദ്യോഗിക ഗൂണ്ടകളും സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ വാര്‍ത്തെടുത്ത യൂത്ത് കോണ്‍ഗ്രസ് ബ്രിഗേഡും ആണ് ഇന്ദിരയുടെ ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചത് തുടക്കത്തില്‍ കോണ്‍ഗ്രസിലെ തന്‍റെ വിശ്വസ്തരെ ആശ്രയിച്ചിരുന്ന ഇന്ദിരക്ക് അവരും തന്‍റെ നടപടികള്‍ ശു ഷ്ക്കാന്തിയോടെ നടത്തുമെന്ന് വിചാരിച്ചിരുന്ന ബ്യൂറോക്രസിയും അനഭിമതര്‍ ആയതോടെ സഞ്ജയ ഗാന്ധിയുടെ കുട്ടിപ്പട്ടാളം ആണ് ആശ്രയമായി മാറിയത് .ഭസ്മാസുരന് വരം കൊടുക്കുന്ന പോലെയായിരുന്നു അത് .
പുതിയ ഭരണത്തിന്‍റെ തുടക്കത്തില്‍ ,തന്‍റെ ഭരണത്തിന്‍റെ ആറാം വര്‍ഷത്തില്‍ ഇന്ദിര ഇരുപതിന പദ്ധതികള്‍ ആവിഷ്ക്കരിച്ചു . അവയാകട്ടെ പഴയ പല പരിപാടികളുടെയും പുനാരവിഷ്ക്കാരം മാത്രമായിരുന്നു .തൊഴിലും ഭക്ഷ്യ സുരക്ഷയും ഭൂപരിഷ്ക്കരണവും നടപ്പാക്കാന്‍ അവര്‍ ഉത്സാഹിച്ചുവെങ്കിലും സംസ്ഥാനങ്ങളില്‍ ആ ചുമതല വഹിച്ചിരുന്ന മന്ത്രിമാര്‍ അതിനു തുരങ്കം വെച്ചു .മിച്ച ഭൂമി നല്‍കാനുള്ള ശ്രമം ഭാഗികകമായി മാത്രമാണ് നടപ്പായത്.അതാകട്ടെ ബീഹാറിലും മറ്റും ജന്മികളും പുതിയ ഉടമകളും തമ്മിലുള്ള സംഘര്‍ഷത്തിനു വഴി തെളിക്കുകയും ചെയ്തു ചില ഇടത്ത് കാടായിരുന്നു മിച്ച ഭൂമിയായി കണ്ടത്. മിച്ച ഭൂമി കണ്ടെത്താന്‍ ഏറെ സമയം അനുവദിച്ചത് വഴി പലര്‍ക്കും തങ്ങളുടെ ബന്ധുക്കള്‍ക്ക് അവ വീതം വെച്ചു നല്‍കാനും കഴിഞ്ഞുവെന്ന് കേരളത്തിലെ അനുഭവം ചൂണ്ടി കാട്ടുന്നു .
വളരെ സമര്‍ഥമായി പുരോഗമനത്തിന്റെ പേരും ജനനന്മ എന്ന വാദവും മുഴക്കി ഭരണഘടന സ്ഥാപനങ്ങളെ ഒന്നാകെ തകര്‍ക്കുന്ന സവിശേഷതയാണ് അടിയന്തരാവസ്ഥയില്‍ കണ്ടത് .അതിനു നിയമത്തിന്‍റെ അകമ്പടി നല്‍കാനും ശ്രമമുണ്ടായി ..കോണ്‍ഗ്രസ്സിന്റെ തന്നെ പ്രമുഖ തൊഴിലാളി സംഘടനയായ ഐ എന്‍ ടി യു സി ഉള്‍പ്പടെ എല്ലാ തൊഴിലാളി സംഘടനകളെയും ഇന്ദിര നിര്‍വീര്യമാക്കി എതിര്‍ത്ത സി ഐ ടിയു വിന്റെ നേതാക്കന്മാര്‍ ജയിലില്‍ ആയി .
നിര്‍ബന്ധിത വന്ധ്യംകരണം
ഇന്ദിര ഭരണത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴായിരുന്നു സഞ്ജയ് ഗാന്ധി യൂത്ത് കോണ്‍ഗ്രസിന് ഒരു സൈദ്ധാന്തിക മുഖം നല്‍കാന്‍ ശ്രമിച്ചത് ..കോണ്‍ഗ്രസ്സിനു ചെയ്യാനാവാത്ത കാര്യം യൂത്ത് കോണ്‍ഗ്രസ് ചെയ്യും എന്നായിരുന്നു അംബിക സോണിയെ പോലെയുള്ള പുതിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടത് ഇതിനിടെ ഇന്ദിരയുമായി അടുത്ത ബന്ധമുള്ള സിദ്ധാര്‍ത്ഥ ശങ്കര്‍ റായിയേയും പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയെയും സഞ്ജയ് നിര്‍വീര്യരാക്കി .വി സി ശുക്ല , പ്രണബ് മുഖജി ,ജഗദീഷ് ടൈറ്റ്ലര്‍, കമല്‍ നാഥ് തുടങ്ങിയവരായിരുന്നു സഞ്ജയിന്റെ പുതിയ സഹ യാത്രികര്‍ .
ഇരുപതിന പരിപാടികള്‍ വേണ്ടത്ര ഊര്‍ജ്ജം കൈവരിക്കാതിരിക്കുമ്പോഴാണ് സഞ്ജയ് തന്‍റെ അഞ്ചിന പരിപാടി പ്രഖ്യാപിക്കുന്നത് .അതില്‍ പ്രധാനം ചേരി നിര്‍മ്മാര്‍ജനം ചെയ്തു കൊണ്ടുള്ള നഗര സൗന്ദര്യവല്‍ക്കരണവും വന്ധ്യം കരണവുമായിരുന്നു .ഇതോടൊപ്പം യൂത്ത് കോണ്‍ഗ്രസ്സിനെ ഒരു തിരുത്തല്‍ ശക്തിയായി സമൂഹത്തില്‍ സ്ഥാപിക്കുകയും ചെയ്തു .അധികാരം ഇന്ദിരയുടെ കൈകളില്‍ നിന്ന് മെല്ലെ സഞ്ജയിന്റെ കയ്യിലേക്ക് മാറിപ്പോകുകയായിരുന്നു .ഇന്ദിര യെ ചിലര്‍ അത് ധരിപ്പിച്ചുവെങ്കിലും അവര്‍ക്ക് മകനെതിരെ നീങ്ങാനുള്ള ശക്തിയോ താല്പര്യമോ ഉണ്ടായിരുന്നില്ല .
സഞ്ജയിന്റെ പുതിയ ആശയങ്ങളുടെതുടര്‍ച്ചയായിരുന്നു തുര്‍ക്കുമാന്‍ ഗേറ്റിലെ ചേരി നിര്‍മ്മാര്‍ജ്ജനവും തുടര്‍ന്നുണ്ടായ വെടിപ് വെയ്പ്പും .അത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെങ്ങും ഉണ്ടായി പ്രത്യേകിച്ചും വടക്കന്‍ സംസ്ഥാനങ്ങളില്‍ .നിര്‍ബന്ധിത വന്ധ്യംകരണവും ബുള്‍ഡോസര്‍ ഭരണവും ജനങ്ങളുടെ രോഷത്തിനു കാരണമായി .
തെരഞ്ഞെടുപ്പിന് ആഹ്വാനവുമായി എ കെ ആന്റണി .
ഇതിനിടെയാണ് ഗോഹട്ടിയില്‍ കോണ്‍ഗ്രസ് എ ഐ സിസി യോഗം ചേരുന്നത് .അവിടെ വ്യക്തി ആരാധനയും സഞ്ജയ സ്തുതിഗീതങ്ങളും തുടര്‍ന്നു.അടിയന്തിരാവസ്ഥയെ വിമര്‍ശിച്ചില്ല എങ്കിലും അന്ന് അവിടെ ഏ കെ ആന്റണി ഉടനെ തെരഞ്ഞെടുപ്പു നടത്തണമെന്ന് പരസ്യമായി നിര്‍ദ്ദേശിച്ചുവെന്ന് ആര്യാടന്‍ മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു നിരുപദ്രവകരമായ ഒരു നിര്‍ദ്ദേശം ആയിരുന്നു എങ്കിലും സഞ്ജയ് കത്തി നിന്ന ആ കാലത്ത് അങ്ങനെ പറയാന്‍ അദ്ദേഹത്തിനു ധൈര്യം ഉണ്ടായി.
ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന തീപ്പൊരി നേതാവ്
അടിയന്തിരാവസ്ഥയുടെ ആദ്യ നാളുകളില്‍ സര്‍ക്കാര്‍ കാട്ടിയ പല ഉമ്മാക്കികളും ഫലിച്ചുവെങ്കിലും വന്ധ്യംകരണവും ചേരി നിര്‍മ്മാര്‍ജ്ജനവും സെന്‍സര്‍ഷിപ്പും അറസ്റ്റുകളും കസ്റ്റഡി മരണവും നീണ്ട ഒരു രാത്രിയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നു ശക്തമായ സൂചന നല്‍കി .പക്ഷെ പ്രതിപക്ഷത്തു നിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടായില്ല.വിനോബ് ഭാവെ ഇന്ദിര സര്‍ക്കാരിനെ ആശിര്‍വദിച്ചു .പ്രമേഹം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നു ജയിലില്‍ നിന്ന് വിട്ടയച്ച ജെ പിമറ്റൊരു മുന്നേറ്റത്തിനു നേതൃത്വം കൊടുക്കാന്‍ അശക്തനായിരുന്നു .പല പ്രതിപക്ഷ നേതാക്കളും ഇരുപതിന പരിപാടിക്ക് പിന്തുണ നല്‍കി ഒപ്പിട്ടു ജയില്‍ മോചിതരായി .പക്ഷേ തമിഴ് നാട്ടില്‍ കരുണാനിധിയുടെ സര്‍ക്കാരിന്‍റെ പിന്തുണയോടെ ഒളിവില്‍ കഴിഞ്ഞ സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി .അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു .ഒളിവില്‍ കഴിയവേ മരീന കടല്‍ക്കരയില്‍ പ്രഭാത സവാരി നടത്തുമ്പോള്‍ അദ്ദേഹം പ്രതിഷേധിക്കാന്‍ ഇടുക്കി ഡാം തകര്‍ക്കണമെന്ന ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു .സഹയാത്രികനായ ആര്‍ എം മനക്കലാത്തു എന്നോടു പറഞ്ഞതാണിത് .അതില്‍ അപകടംമണത്തു അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതോടെ ഫെര്‍ണാണ്ടസിനെ പോലിസ് അറസ്റ്റ് ചെയ്തു .ബറോഡ ഡൈനാമിറ്റ് കേസില്‍ ആയിരുന്നു അറസ്റ്റ് .ജയിലില്‍ നിന്ന് ബീഹാറിലെ മുസാഫറാബാദ് സീറ്റില്‍ മത്സരിച്ച അദ്ദേഹം റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ജയിച്ചത് .ബാലറ്റിലൂടെ സാധാരണ ജനങ്ങള്‍ അടിയന്തിരാവസ്ഥക്കു മറുപടി നല്‍കുകയായിരുന്നു .77 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ജനതാപാര്‍ട്ടി 295 സീറ്റ് ഭൂരിപക്ഷം നേടി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു .കോണ്‍ഗ്രസ്സിനു 153 സീറ്റും ലഭിച്ചു . അതില്‍ 92 സീറ്റുകള്‍ തെക്ക് നിന്നായിരുന്നു . അടിയന്തിരാവസ്ഥയിലെ ക്രൂരതകള്‍ താഴേത്തട്ടിലേക്ക് ഇറങ്ങി ചെല്ലാത്ത ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തിരികെ വന്നു തമിഴ് നാട് ആയിരുന്നു ഒരു അപവാദം .
കേരളത്തില്‍ നക്സലുകളുടെ നേതൃത്വത്തില്‍ ചെറിയ പ്രതിഷേധങ്ങള്‍ നടന്നുവെങ്കിലും പോലിസ് ക്യാമ്പുകളില്‍ അവരില്‍ പലരും ഹോമിക്കപ്പെട്ടു .അത് സി പി എമ്മിന്റെ വളര്‍ച്ചക്ക് കാരണമായി . .കൌതുകകരമായ കാര്യം പി രാജന്റെ പേരില്‍ ഒരു സ്മാരകം നിര്മ്മിക്കുന്നതിനു അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് അടിയന്തിരാവസ്ഥയില്‍ പോരാടിയവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ആവശ്യവും നടപ്പായില്ല അങ്ങനെ വന്നിരുന്നെങ്കില്‍ നക്സലുകള്‍ ആകുമായിരുന്നു അതിന്റെ പ്രധാന ഗുണഭോക്താക്കള്‍ എന്ന അറിവായിരുന്നു രണം .ടി എന്‍ ജോയിയെ പോലുള്ള ഇരകള്‍ അങ്ങനെ കടുത്ത ദാരിദ്ര്യത്തില്‍ മരിച്ചു .
ഇന്ത്യയിലെ മാധ്യമങ്ങളെ സര്‍ക്കാര്‍ തെളിക്കുന്ന വഴിക്ക് കൊണ്ടു വരാന്‍ എത്ര എളുപ്പമാണെന്ന് അടിയന്തരാവസ്ഥ തെളിയിച്ചു .സെന്‍സര്‍ ഷിപ്പ് യാഥാര്‍ത്ഥ്യമായി എന്നത് മാത്രമല്ല വാര്‍ത്തകളുടെ സ്രോതസ് തന്നെ നിയന്ത്രിക്കാന്‍ അവര്‍ വാര്‍ത്താ എജന്‍സികളെ ഒന്നാക്കി . ഹിന്ദു എഡിറ്റര്‍ ജി കസ്സ്തുരിയെ ചെയര്‍മാന്‍ ആക്കിയായിരുന്നു സമാചാര്‍ ഭാരതി പിറവിയെടുത്തത് . .അനഭിമതരേ അവര്‍ പുറത്താക്കുകയോ അപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുകയോ ചെയ്തു .കുല്‍ദീപ് നയ്യാരെ ജയിലില്‍ അടച്ചു . വി പി രാമചന്ദ്രനെ റാഞ്ചിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു . ഇന്ദിരയുടെ അടിയന്തരം എന്ന ലഘുലേഖ എഴുതിയ മാതൃഭൂമിയിലെ ലേഖകന്‍ പി രാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തില്‍ നിന്ന് ആദ്യം അറസ്റ്റ് ചെയ്യപെടുന്ന പത്ര പ്രവര്‍ത്തകന്‍ .പരിവര്‍ത്തനവാദി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആയിരുന്നു അറസ്റ്റ് . നേതാവ് എം ഏ ജോണും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു.
രാജ്യം അങ്ങനെ കുടുതല്‍ കൂടുതല്‍ ഇരുളിലേക്ക് പോകുമ്പോഴായിരുന്നു തെരഞ്ഞെടുപ്പിനെ പറ്റി ഇന്ദിര ആലോചിച്ചത് സഞ്ജയ് എതിരായിരുന്നു എങ്കിലും തിരികെ വരാനാകും എന്ന പ്രതീക്ഷയില്‍ ആകാം ഇന്ദിര തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത് .ഒരു ഏകാധിപതി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം . പക്ഷെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു വിദേശ രാജ്യങ്ങളുടെ സമ്മര്‍ദ്ദം ഇതിനൊരു കാരണമാകാം. സഞ്ജയ് അനിയന്ത്രിതമായി ഉയര്‍ന്നു വരുന്നതും ഇന്ദിരയെ ഭീതിപ്പെടുത്തിയിരിക്കണം .
ഒരു കാര്യംതീര്‍ച്ചയായിരുന്നു. പരാജയപ്പെട്ടാല്‍ മറ്റു പല ഏകാധിപത്യ രാജ്യങ്ങളിലെ പോലെ പുതിയ ഭരണകൂടത്തില്‍ നിന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു .വിദേശത്തേക്ക് പോകുന്ന കാര്യം പോലുമവര്‍ ആലോചിച്ചിരുന്നു എന്ന് കൂമി കപൂര്‍ എഴുതുന്നു പക്ഷെ ഒരു പ്രതികാര നടപടിയും ഉണ്ടാകില്ല എന്ന് മൊറാര്‍ജി ഭരണകൂടം ഉറപ്പു നല്‍കി .രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും അവ തനിക്കു അനുകൂലമായി മാറ്റിയായിരുന്നു അവര്‍ പുറത്തിറങ്ങിയത് . ഷാ കമ്മിഷനില്‍ ഹാജരായ അവര്‍ അവിടെയും എല്ലാം നിയമപരമായിരുനു എന്ന് വാദിക്കാനായിരുനു ശ്രമിച്ചത് .ന്യുറംബെര്‍ഗ് പോലെയുള്ള ഒരു വിചാരണയോ അന്വേഷണമോ ഉണ്ടായില്ല .തങ്ങള്‍ക്കു ലഭിച്ച പരിമിതമായ പരാതികളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് .വിലപെട്ട രേഖ ആണെങ്കിലും ഈ പരിമിതി അതിനുണ്ട് ..പിന്നിട് ജനതാപാര്‍ട്ടി പിളര്‍ന്നു.ചരന്‍ സിംഗ് പ്രധാനമന്ത്രിയായി 1980 ഇലെ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി അവര്‍ അധികാരത്തില്‍ എത്തി . ആ വര്‍ഷം സഞ്ജയ ഗാന്ധി ഒരു ഗ്ലൈഡര്‍ അപകടത്തില്‍ മരിക്കുകയും ഇന്ദിര 84 ഇല്‍ ഖലിസ്ഥാന്‍ തീവ്രവാദികളാല്‍ കൊല്ലപെടുകയും ചെയ്തതോടെ ആ കാലഘട്ടം ഒരു ഓര്‍മ്മ മാത്രമായി. അതുമായി ബന്ധമുള്ളവര്‍ ആണെങ്കിലും പിന്നിടുള്ള കോണ്‍ഗ്രസ് തലമുറ അത് തങ്ങളുടെ ചരിത്രത്തില്‍ നിന്ന് തന്നെ തുടച്ചു നീക്കി പക്ഷെ അതിന്റെ ഓര്‍മ്മകളും പാഠങ്ങളും ബി ജെപിക്കും സര്‍ക്കാരിനു നല്ല വിളവെടുപ്പാണ് നല്‍കുന്നത് .
ഒരവസരത്തില്‍ ഇന്ദിര ഒരു ചരിത്ര പേടകം തയ്യാറാക്കി തങ്ങളുടെ ചരിത്രം ഭദ്രമാക്കി കുഴിച്ചിട്ടു .പക്ഷെ യഥാര്‍ത്ഥ ചരിത്രപേടകം ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആണ്.എല്ലാ അതിക്രമങ്ങളും പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയിട്ടില്ല എങ്കിലും ഈ റിപ്പോര്‍ട്ട് ആ കാലത്തെ പറ്റി ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നു .അത് പോലെ കുല്‍ദീപ് നയ്യരുടെ ജഡ്ജ്മെന്റ് പോലെ നിരവധി നേരിട്ടുള്ള സാക്ഷ്യങ്ങള്‍ ഇന്നും ലഭ്യമാണ് ക്രിസ്റ്റോഫ് ജാഫര്‍ലോട്ട് ,പ്രതിനവ് അനില്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഇന്ത്യാസ് ഫസ്റ്റ് ഡിക്റ്റെറ്റര്‍ ഷിപ് വളരെ സമഗ്രമായ കൃതിയാണ് .അതെ പോലെ അക്കാലത്തെ സംഭവങ്ങള്‍ സ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഡിജിറ്റല്‍ ആയി സംരക്ഷിച്ചിരിക്കുന്നു.അശോകയുണിവേര്സിറ്റിയിലും രേഖകള്‍ സംരക്ഷിച്ചിരിക്കുന്നു .കേരളത്തില്‍ കുടുതലായി സാഹിത്യരൂപത്തിലാണ് ചരിത്രം സൂക്ഷിക്കപ്പെടുന്നത് എന്നതും ഒരു കൌതുകം .
എത്ര തേച്ചു മാച്ചു കളഞ്ഞാലും അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ സ്വതന്ത്ര ഇന്ത്യയെ ചൂഴ്ന്നു നില്‍ക്കും .നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ എത്ര കാര്‍ക്കശ്യത്തോടെയാണ് നമുടെ ഭരണഘടന തയ്യാര്‍ ആക്കിയതെങ്കിലും അതില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടിരിക്കുന്ന അവകാശങ്ങളും നിയമങ്ങളും എന്തിനും തയ്യാറായി ഒരുമ്പെട്ടിറങ്ങുന്ന ഒരു ഭരണാധികാരിക്കോ ഒരു പ്രസ്ഥാനത്തിനോ തകര്‍ത്തു ജനങ്ങളെ അരക്ഷിതരാക്കാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം മറക്കരുത് ..ഡിജിറ്റല്‍ ലോകത്തില്‍ ആരെയും ബന്ദികള്‍ ആക്കാവുന്ന ഈ കാലത്ത് നിതാന്തമായ ജാഗ്രത മാത്രമാണ് അതിനു ഒരു പ്രതിവിധി .പക്ഷെ വേലി തന്നെ വിളവു തിന്നുന്ന ഈ കാലം മറികടക്കാന്‍ ശക്തമായ സന്നാഹങ്ങള്‍ ഉണ്ടാകണം .ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഒന്നിച്ചു പരാമവധി ശ്രമിച്ചാല്‍ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം സ്ഥിരമായി നിലനില്‍ക്കൂ .സ്വതന്ത്ര ഇന്ത്യ എന്ന ആശയം ചിരമായി നില്‍ക്കാന്‍ ഓരോ നിമിഷവും ഓരോ മുന്നറിയിപ്പായി മാറണം .