
ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതര ജനാധിപത്യവാദിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഭരണകാലത്ത് ജനിച്ച എന്റെ തലമുറയ്ക്ക് സ്വാഭാവികമായും അദ്ദേഹവും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുമായിരുന്നു ആരാധനാബിംബങ്ങള്‍. ഹൃദ്യമായ ചിരിയോടെ സംഭാഷണത്തില്‍ മുഴുകിയ ഗാന്ധിജിയുടെയും ചാച്ചാ നെഹ്രുവിന്റെയും ആ മനോഹരമായ ഫോട്ടോ ഇതെഴുതുമ്പോഴും എന്റെ ചുമരിലുണ്ട്. പ്രിയപ്പെട്ട ഇന്ദു എന്ന് സംബോധനചെയ്തുകൊണ്ട് ചാച്ചാ നെഹ്രു മകള്‍ച്ചയച്ച കത്തുകള്‍ വായിക്കാനിടയായതോടെ നെഹ്രുവിനോടെന്നപോലെ പുസ്തകവായനയോടും കുട്ടിക്കാലത്തുതന്നെയുണ്ടായ ആഭിമുഖ്യം ഗാഢമായ കാലത്താണ് ഇന്ദു എന്ന ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുന്നതും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതും. അരനൂറ്റാണ്ടിനുമുമ്പ്, ഇന്ത്യയിലെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുമ്പോള്‍ അതുവരെയുണ്ടായിരുന്ന ജനാധിപത്യക്രമത്തിന്റെ സവിശേഷതയെക്കുറിച്ചോ അതിന് അവലംബമായ ഭരണഘടനയെക്കുറിച്ചോ ഇന്ത്യയെന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഉദാരമാനവികതയെക്കുറിച്ചോ ഗൗരവപൂര്‍വ്വം ആലോചിക്കാനിടയായിട്ടില്ലാത്ത ഒരു ജൂനിയര്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.

ഗാന്ധിയും നെഹ്രുവും
അതേസമയം വായനയെയും സാഹിത്യത്തെയും ഗൗരവകരമായിക്കണ്ടിരുന്ന ഒരാളെന്ന നിലയില്‍ സഖാവ് പി.ഗോവിന്ദപ്പിള്ളയുടെയും ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന എം.എന്‍.കുറുപ്പിന്റെയും പ്രേരണയാല്‍ ഇന്നത്തെ പു.ക.സയുടെ മുന്നോടിയായിരുന്ന ദേശാഭിമാനി സ്റ്റഡി സര്‍ക്കിളുമായി അടുത്ത ബന്ധംപുലര്‍ത്താനുമിടയായി. അക്കാലത്താണ് ഇടതുപക്ഷത്തോടും, വിശേഷിച്ച് മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുമുള്ള ആഭിമുഖ്യം ശക്തമായത്. ഏതെങ്കിലുമൊരു സംഘടനയുടെ അച്ചടക്കം അംഗീകരിച്ചുകൊണ്ട് അതിന്റെ അംഗമോ പ്രവര്‍ത്തകനോ ആവാനുള്ള വൈമുഖ്യംമൂലം ഞാന്‍ വെറുമൊരു സഹയാത്രികന്‍ മാത്രമായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ നിലവില്‍വന്നതോടെ രാജ്യത്തെമ്പാടും നടക്കുന്ന പൗരാവകാശലംഘനങ്ങളെക്കുറിച്ച് രഹസ്യമായി ലഭിച്ചുകൊണ്ടിരുന്ന വാര്‍ത്തകള്‍ വെറുമൊരു കാഴ്ച്ചക്കാരനായിരുന്ന എന്നെ ക്രമേണ പാര്‍ട്ടിയുമായി അടുക്കുവാന്‍ നിര്‍ബ്ബന്ധിതനാക്കിയെന്നതാണ് വാസ്തവം.
പാര്‍ട്ടിയുമായി എന്നെ അടുപ്പിച്ച കല്‍പ്പറ്റയിലെ ഇ.എസ്. കൃഷ്ണമൂര്‍ത്തിയെന്ന മുതിര്‍ന്ന പാര്‍ട്ടി സഖാവ് വഴി ലഭിച്ചിരുന്ന എസ്. എഫ് ഐയുടെ ഇംഗ്ലീഷിലുള്ള സൈക്ലോസ്‌റ്റെല്‍ചെയ്ത ബുള്ളറ്റിന്‍ രഹസ്യമായി ക്ലാസുകളിലെത്തിക്കുകയെന്ന ചുമതലയാണ് ഞാനാദ്യമായി ഏറ്റെടുത്തത്. എസ്.എഫ്.ഐ ന്യൂസ് ലെറ്റര്‍ പോലെതന്നെ രഹസ്യമായെത്തിയിരുന്ന ആര്‍.എസ്. എസ്സിന്റെ കുരുക്ഷേത്രം എന്നൊരു വാര്‍ത്താ പത്രികയും പതിവായി കോളജിലെത്തിയിരുന്നു. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പുണ്ടായിരുന്നതിനാല്‍ ഈ രണ്ട് രഹസ്യ പ്രസിദ്ധീകരണങ്ങളിലൂടെയാണ് രാജ്യമെമ്പാടും നടക്കുന്ന സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചും പൊലീസതിക്രമങ്ങളെക്കുറിച്ചും അറിയാന്‍ കഴിഞ്ഞിരുന്നത്. ആ അറിവാണ് വാസ്തവത്തില്‍ എന്നെ കൂടുതല്‍ക്കൂടുതല്‍ രാഷ്ട്രീയത്തോടടുപ്പിച്ചത്.

സുലോചന രാമകൃഷ്ണനും അജിതയും
ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്കുവേണ്ടിയുള്ള ഗാനമേളയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ഗായകന്‍ കിഷോര്‍ കുമാറിന് ആകാശവാണി വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത എസ്.എഫ്.ഐ ബുള്ളറ്റിനിലൂടെയാണ് ഞങ്ങളറിയുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെല്ലാം ജയിലില്‍ അടയ്ക്കപ്പെട്ടതിനുശേഷമായിരുന്നു ഇത്. ഏകാധിപതികളെപ്പോലെ വാഴുന്ന പ്രധാനമന്ത്രി ഇന്ദിരയും യൂത്ത് കോണ്‍ഗ്രസ് നേതാവായി ഉയര്‍ത്തപ്പെട്ട മകന്‍ സഞ്ജയ് ഗാന്ധിയും കേരളത്തിലെ വലതുപക്ഷ ഗവണ്‍മെന്റും അടിയന്തരാവസ്ഥയുടെ മറവില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകളുടെകൂടി പശ്ചാത്തലത്തില്‍ കിഷോര്‍ കുമാറിന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഞങ്ങള്‍ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്നു കറുപ്പ് ബാഡ്ജണിഞ്ഞ് നടത്തിയ മൗനജാഥയോടെയാണ് അതിന് നേതൃത്വം നല്‍കിയ ഞാന്‍ രഹസ്യപ്പൊലീസിന്റെ നോട്ടപ്പുള്ളിയായത്. അതിനിടെ മൃണാള്‍സെന്നിനെയും സത്യജിത് റായിയെയും പോലുള്ള സംവിധായകരുടെ ആര്‍ട്ട് സിനിമകള്‍ പ്രദര്‍ശിപ്പിക്കുവാനായി കോളജില്‍ ഞങ്ങളാരംഭിച്ച ഫിലിം സൊസൈറ്റി സജീവമായതോടെ പലരും ഞങ്ങളെ നക്‌സലൈറ്റുകളായി മുദ്രകുത്തിയെന്നതാണ് തമാശ. നക്‌സലൈറ്റ് ഗ്രൂപ്പുകളില്‍പ്പെട്ട ചിലരെല്ലാം വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെങ്കിലും ഞങ്ങളാരും അതിന്റെ ഭാഗമായിരുന്നില്ല. നക്‌സലൈറ്റ് മുദ്ര ചാര്‍ത്തപ്പെടുകയും പൊലീസിനെ പേടിച്ച് നടക്കേണ്ടിവരികയുംചെയ്ത ആ കാലത്താണ് നമ്മള്‍ വിട്ടുനിന്നാലും നമ്മെ വരിഞ്ഞുമുറുക്കുന്ന യാഥാര്‍ത്ഥ്യമാണ് രാഷ്ട്രീയം എന്ന തിരിച്ചറിവിലേക്ക് ഞാനുണര്‍ന്നത്. അധികാര കേന്ദ്രങ്ങളില്‍നിന്നെല്ലാം എത്രയോ അകലെ ജീവിക്കുന്ന എന്നെപ്പോലുള്ള നിസ്സാരരായ മനുഷ്യരെപ്പോലും വേട്ടയാടുന്ന ഒരു ഭരണകൂടയന്ത്രത്തെ ഭയന്നുജീവിക്കാന്‍ നിര്‍ബ്ബന്ധിതമായ ആ ഇരുണ്ട കാലമാണ് ജനാധിപത്യത്തിന്റെ വിലയെന്തെന്ന് എന്നെ പഠിപ്പിച്ചതും. അക്കാലത്ത് പ്രചാരമാര്‍ജ്ജിച്ച ആധുനിക സാഹിത്യവുമായുള്ള തന്മയീഭാവംമൂലം അരാഷ്ട്രീയവാദിയായി സ്വയം സങ്കല്‍പ്പിച്ചിരുന്ന എന്നെ രാഷ്ട്രീയബോധത്തിലേക്കുണര്‍ത്തിയതും അടിയന്തരവസ്ഥയാണ്.

സുലോചന
പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലാത്ത നിരപരാധികളായ യുവാക്കളെയുമെല്ലാം രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തി ജയിലിലടയ്ക്കുകയും പൗരാവകാശങ്ങള്‍ എടുത്തുകളയുകയും പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് എര്‍പ്പെടുത്തുകയും അടിയന്തരാവസ്ഥയെ അനുകൂലിച്ചില്ലെന്നതിന്റെ പേരില്‍ കിഷോര്‍ കുമാറിനെപ്പോലുള്ള വലിയ കലാകാരന്മാര്‍ പ്രതികാരനടപടികള്‍ക്കിരയാവുകയുംചെയ്ത ആ ഇരുണ്ട കാലത്ത് ഇന്ദിരയെയും അവരുടെ ഏകാധിപത്യഭരണത്തെയും ഇരുപതിന പരിപാടിയെയും സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയെയും പ്രകീര്‍ത്തിക്കുവാന്‍ കേരളത്തിലെ ചില സാംസ്‌കാരിക നായകന്മാരും നായികമാരും മത്സരിക്കുന്ന കാലവുമായിരുന്നു അത്. അവരിലൊരാളായ സുഗതകുമാരിയുടെ പ്രിയദര്‍ശിനി നിന്നെ സ്‌നേഹിക്കുന്നു ഞാന്‍ എന്ന കവിതയും അവരുടെ യൂത്ത് കോണ്‍ഗ്രസ് വേദിയിലെ പ്രഭാഷണവും സുഗതകുമാരിക്കവിതകളുടെ ആസ്വാദകനായ എനിക്ക് വലിയ ആഘാതമായിരുന്നു. പാര്‍ട്ടിയുമായുള്ള അനൗപചാരിക ബന്ധംമൂലം യുവജനസംഘടയുടെ പ്രാദേശിക സെക്രട്ടറിയായി അതിനകം ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സുഗതകുമാരിയെയും അടിയന്തരാവസ്ഥാനുകൂലികളായ വലതുപക്ഷ സാംസ്‌കാരികപ്രവര്‍ത്തകരെയും വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ ഒരു ലഘുലേഖ അച്ചടിച്ച് പ്രസിദ്ധീകരിച്ചതോടെ സംഘടനയുടെ സെക്രട്ടറിസ്ഥാനത്തുനിന്ന് നിഷ്‌കാസിതനായെന്നുമാത്രമല്ല, ഞാനൊരു നക്‌സലൈറ്റാണെന്ന് പാര്‍ട്ടിയും നാട്ടുകാരും ഉറപ്പിക്കുകയുംചെയ്തു. അക്കാലത്ത് വയനാട്ടില്‍ സ്‌കൂള്‍ അദ്ധ്യാപകരായിരുന്ന മധുമാസ്റ്റര്‍, സിവിക് ചന്ദ്രന്‍, ദാമോദരന്‍, ബാലകൃഷ്ണന്‍, ഇലക്കാട് മുരളീധരന്‍ തുടങ്ങിയ നക്‌സലൈറ്റ് പ്രവര്‍ത്തകരുമായുള്ള പരിചയം അവരുടെ സംശയത്തെ ബലപ്പെടുത്തുകയുംചെയ്തു. ഇടതുപക്ഷ കലാ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളോടല്ലാതെ നക്‌സലൈറ്റുകളുടെ ഗൂഢവാദപരവും അപ്രായോഗികവുമായ രാഷ്ട്രീയ നിലപാടുകളോട് അന്നുമിന്നും എനിക്കൊരു ആഭിമുഖ്യവുമുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കാട്ടിലൊരു പഴുക്കില കൊഴിഞ്ഞാല്‍പ്പോലും വിലപിക്കുന്ന ലോലഹൃദയരായി ഭാവിക്കുന്ന സുഗതകുമാരിയെപ്പോലുള്ള എഴുത്തുകാര്‍ ഏകാധിപതികളുടെ വാഴ്ത്തുപാട്ടുകാരാവുന്നതിനേക്കാള്‍ വലിയ അശ്ലീലമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന നിര്‍ദ്ദോഷമായൊരു ലഘുലേഖയായിരുന്നു അത്. ലഘുലേഖ പിന്‍വലിക്കപ്പെട്ടെങ്കെിലും അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന ആര്‍.എസ് .എസ്സ് ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരി വാരിക അത് പ്രാധാന്യത്തോടെ പുന:പ്രസിദ്ധീകരിക്കുകയുംചെയ്തു. (പില്‍ക്കാലത്ത് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെ പരോക്ഷമായി ന്യായീകരിച്ചുകൊണ്ട് സുഗതകുമാരി ഇന്ത്യാ ടുഡേ മലയാളം പതിപ്പിന് നല്‍കിയ അഭിമുഖത്തെ മുന്‍നിര്‍ത്തി ഞാനെഴുതിയ വിമര്‍ശനക്കുറിപ്പില്‍ ആ പഴയ കഥയും ആവര്‍ത്തിച്ചിരുന്നു. അത് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയില്‍ പ്രസിദ്ധീകരിച്ചത് സുഗതകുമാരിയുടെ ബന്ധുകൂടിയായ സഖാവ് പി. ഗോവിന്ദപ്പിള്ളയായിരുന്നുവെന്ന സ്വകാര്യ കൗതുകവുമുണ്ട്..)

ഒ കെ ജോണി
അടിയന്തരാവസ്ഥക്കാലത്ത് രഹസ്യപ്പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന ഞാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകള്‍കൊണ്ടുമാത്രമാണ് തലനാരിഴയക്ക് അത്ഭുകരമായി രക്ഷപ്പെട്ടത്. അടുത്ത പരിചയക്കാരില്‍പ്പലരും അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുകയുംചെയ്തു. ഒന്നിലേറെത്തവണ എന്നെക്കാണാനും പുസ്തകങ്ങള്‍ കൈമാറാനും വീട്ടിലെത്തിയിരുന്ന നക്‌സലൈറ്റ് പ്രവര്‍ത്തകരായിരുന്ന മീനങ്ങാടിയിലെ മുഹമ്മദാലിയും സുലോചനയുമാണ് തടവില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് ഒരു മാസംതികയുന്നതിനുമുമ്പ് മിസ നിയമപ്രകാരം അറസ്റ്റിലായ സുലോചനയെ ഒരു മാസത്തോളം ലക്ഷ്മണയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചതിനുശേഷമാണ് പതിനാറ് മാസക്കാലം കണ്ണൂര്‍ ജയിലിലടച്ചത്. അന്നത്തെ പൊലീസ് മര്‍ദ്ദനത്തോടെ നിത്യരോഗിയായി വിശ്രമജീവിതം നയിക്കുന്ന മുഹമ്മദാലിയെ പിന്നീടൊരിക്കലേ കാണാനിടയായിട്ടുള്ളൂ. ഈ കുറിപ്പെഴുതുന്നതിനിടെ ഓര്‍മ്മ പുതുക്കാനായി ഫോണില്‍ വിളിച്ചപ്പോള്‍ സുലോചന പറഞ്ഞു: ' അന്ന് കുറേ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നുവെങ്കിലും എന്നെ സാമൂഹികപ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയജീവിയാക്കിമാറ്റിയത് അടിയന്തരാവസ്ഥയിലെ ദുരനുഭവങ്ങളാണ്. അല്ലെങ്കില്‍ മഹാഭൂരിപക്ഷം സ്ത്രീകളെയുംപോലെ 'ഞാനുമെന്റെ കുടുംബവും ഒരു തട്ടാനും' എന്ന മട്ടിലായിപ്പോയേനെ എന്റെ ജീവിതം.' പാവപ്പെട്ട ഗ്രാമീണ സ്ത്രീകള്‍ക്കായുള്ള ഒരു സന്നദ്ധസംഘടനയുടെ സജീവപ്രവര്‍ത്തകയാണ് ഈ പ്രായത്തിലും, പ്രാരബ്ധങ്ങള്‍ക്കിടയിലും സുലോചന.
അടിയന്തരാവസ്ഥക്ക് അയവുവരുത്താന്‍ ഇന്ദിരാഗാന്ധി നിര്‍ബ്ബന്ധിതമായ കാലത്താണ് പരിചയക്കാരനായ സിവിക് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് സാംസ്‌കാരികവേദി എന്നൊരു സംഘടനരൂപീകരിക്കുന്നത്. വയനാട്ടില്‍ ഒരു സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും അതിന്റെ കണ്‍വീനറാകണമെന്നുമുള്ള സിവിക് ചന്ദ്രന്റെ നിര്‍ബ്ബന്ധത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു. സിവിക്ക് തന്നെയായിരുന്നു അതിന്റെ മുഖ്യ സംഘാടകന്‍. സച്ചിദാനന്ദനും അന്തരിച്ച കഥാകൃത്ത് യു.പി.ജയരാജും പങ്കെടുത്ത, ജനകീയ പങ്കാളിത്തത്തോടെ നടത്തപ്പെട്ട ആ ദ്വിദിന ക്യാമ്പില്‍വെച്ചാണ് സാംസ്‌കാരികവേദിയുടെ പ്രസിദ്ധീകരണമായ പ്രേരണയുടെ പ്രഥമലക്കം പ്രകാശനംചെയ്തത്. ഒരു സംഘടനയുമായും ബന്ധമില്ലാത്ത എന്നെപ്പോലുള്ള സാഹിത്യ-കലാ തല്‍പ്പരരായ യുവാക്കളെ ആകര്‍ഷിക്കാനുള്ള നക്‌സലൈറ്റുകളുടെ ഒരു ഗൂഢപദ്ധതിയുടെകൂടി ഭാഗമായിരുന്നു ആ ക്യാമ്പ്. അതെന്തായാലും, തീവ്രവിപ്ലവരാഷ്ട്രീയത്തില്‍നിന്ന് ഇസ്ലാമിക മതമൗലികവാദികളുടെ വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ പിന്നണിപ്പടയാളികളായി പണിയെടുക്കുമ്പോഴും വിപ്ലവനാട്യം ഉപേക്ഷിക്കാത്ത സിവിക് ചന്ദ്രനെപ്പോലുള്ള മുതിര്‍ന്ന ആക്ടിവിസ്റ്റുകളുടെ വലയിലകപ്പെടാതെ മാനം രക്ഷിക്കാനായെന്നതുമാത്രമാണ് അടിയന്തരാവസ്ഥയെക്കുറിച്ചോര്‍ക്കുമ്പോഴുള്ള ഏക ആശ്വാസം.
ഒന്നരപ്പതിറ്റാണ്ടുകാലമായി, ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണഘടനാസ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്ന സമഗ്രാധിപത്യസ്വഭാവം പ്രകടിപ്പിക്കുന്ന ഒരു ഭരണകൂടം അടിച്ചേല്‍പ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നിഴലില്‍ ഇരുന്നുകൊണ്ടാണ് അരനൂറ്റാണ്ടിനുമുമ്പ് വെറും 21 മാസം നീണ്ടുനിന്ന ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ അടിയന്തരാവസ്ഥയെക്കുറിച്ച് നാമിപ്പോള്‍ ഓര്‍മ്മിക്കുന്നത്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങള്‍തന്നെ ജനങ്ങള്‍ക്കെതിരാവുന്ന പ്രവണതയെ ഏഴര പതിറ്റാണ്ടുകാലം ഒട്ടൊക്കെ അതിജീവിക്കുവാന്‍ നമുക്ക് കഴിഞ്ഞത് എഴുതപ്പെട്ട മഹത്തായ ഒരു ഭരണഘടനയുടെ പരിരക്ഷ ഉണ്ടായിരുന്നതുകൊണ്ടാണ്. എന്നാല്‍, പ്രഖ്യാപിക്കപ്പെട്ട ഒരു അടിയന്തരാവസ്ഥ ഇല്ലാതെതന്നെ ഭരണഘടന നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യംപോലുള്ള പ്രാഥമികമായ പൗരാവകാശങ്ങളെപ്പോലും കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ നിരോധിക്കുവാനും പ്രതിപക്ഷത്തെ രാജ്യദ്രോഹികളായി ചിത്രീകരിക്കുവാനും കഴിയുമെന്നാണ് ഇന്നത്തെ ഇന്ത്യനവസ്ഥ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. ഭരണഘടനാസ്ഥാപനങ്ങളെ സങ്കുചിതമതാല്‍പ്പര്യങ്ങള്‍ക്കായി വരുതിയിലാക്കുവാനും ഭരണകൂടത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും മാദ്ധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയുമെല്ലാം കള്ളക്കേസുകളില്‍പ്പെടുത്തി നിശ്ശബ്ദരാക്കാനും തടവിലിട്ട് പീഡിപ്പിക്കുവാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യനവസ്ഥയെ വേണമെങ്കില്‍ അടിയന്തരാവസ്ഥയുടെ പ്രച്ഛന്നരൂപത്തിലുള്ള ഒരാവര്‍ത്തനമായി വിശേഷിപ്പിക്കുകയുമാവാം. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ക്കിടന്ന് രോഗിണിയായി മരിച്ച സ്‌നേഹതാ റെഡ്ഡിയെ ഓര്‍മ്മിക്കുന്നവര്‍പോലും ജി.എന്‍. സായിബാബയെയും സ്റ്റാന്‍ സ്വാമിയെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും പോലുള്ളവരെക്കുറിച്ച് സംസാരിക്കുവാന്‍ ഭയപ്പെടുന്ന കാലമാണിത്.
സ്വാതന്ത്ര്യപ്രാപ്തിയോടെതന്നെ ശക്തിപ്രാപിച്ച ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന് തങ്ങള്‍ ഭാഗഭാക്കായിട്ടില്ലാത്ത ദേശീയപ്രസ്ഥാനത്തെത്തെയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെയും പിന്തള്ളിക്കൊണ്ട് സ്വന്തം വര്‍ഗ്ഗീയരാഷ്ട്രീയത്തെ ബദലായി പ്രതിഷ്ഠിക്കുവാനുള്ള അനുകൂലസാഹചര്യം സൃഷ്ടിച്ചത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയായിരുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്തുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇടംനേടാനും ക്രമേണ ഭരണാധികാരം ഉറപ്പിക്കുവാനും കഴിഞ്ഞതോടെയാണ് മതേതര ജനാധിപത്യം എന്ന ഇന്ത്യയുടെ മഹത്തായ സങ്കല്‍പ്പം മതാധിഷ്ഠിത രാഷ്ട്രസങ്കല്‍പ്പത്തിലേക്ക് പരിണമിച്ചത്. കോണ്‍ഗ്രസിനുമേല്‍ ബിജെപി നേടിയ ആ വിജയം വാസ്തവത്തില്‍ ജനാധിപത്യത്തിന്റെതന്നെ പരാജയമാണ്. 1975-ല്‍ സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിക്കും അവരുടെ പാര്‍ട്ടിക്കും അതിന് കനത്ത വില നല്‍കേണ്ടിവന്നു. പഴയ അടിയന്തരാവസ്ഥയേക്കാള്‍ ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഇതുപോലൊരു സന്ദര്‍ഭം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വേറെയുണ്ടായിട്ടില്ല.
1975-ല്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കേ അടിയന്തരാവസ്ഥയിലെ പൊലീസ് വാഴ്ച്ചയെ ഭയന്ന് ജീവിക്കേണ്ടിവന്ന യുവാക്കളില്‍ ഒരാളായതിനാല്‍ അന്നത്തെ പ്രഖ്യാപിത അടിയന്തരാവസ്ഥയും ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവുന്നുമുണ്ട്. ഇന്നത്ത ദുര്‍ബ്ബലമായ പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ ഹിന്ദുത്വ അജണ്ടകള്‍ക്കനുസൃതമായി ഭരണഘടന പൗരന് നല്‍കുന്ന സമസ്താവകാശങ്ങളും കവര്‍ന്നെടുക്കുവാന്‍ ബി.ജെ.പി ഭരണകൂടത്തിന് അനായാസം കഴിയുന്നുമുണ്ട്. ഈ ഏകാധിപത്യപ്രവണതയെ അവര്‍ പ്രതിരോധിക്കുന്നത് 1975-ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെച്ചൂണ്ടിയാണെന്നതാണ് കൗതുകകരമായൊരു വൈപരീത്യം.
ബിജെപി ഭരണകൂടത്തിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നിസ്സാരവല്‍ക്കരിക്കുവാനോ സാധൂകരിക്കുവാനോ ആണ് അമ്പത് വര്‍ഷങ്ങള്‍ക്കുശേഷവും അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്നത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതെന്നും വിസ്മരിച്ചുകൂടാ. അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറയുന്നവര്‍ ഇന്നത്തെ ഭരണകൂടാതിക്രമങ്ങളെക്കുറിച്ച് മൗനംപാലിക്കുന്നത് സംഘപരിവാര ഭക്തികൊണ്ട് മാത്രമായിരിക്കണമെന്നില്ല; ഭയം കൊണ്ടുമാവാം. ഈ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ദുസ്വപ്നംപോലെ കഴിഞ്ഞുപോയ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത് ആത്മവഞ്ചനയും ജനവഞ്ചനയുമാണ്.