Image

ചിദംബരത്തിന്റെ ‘ബാലൻ’ ചിത്രത്തെ വാനോളം പുകഴ്ത്തി സത്യൻ അന്തിക്കാട്

Published on 23 June, 2026
ചിദംബരത്തിന്റെ   ‘ബാലൻ’  ചിത്രത്തെ വാനോളം പുകഴ്ത്തി സത്യൻ അന്തിക്കാട്

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ആഗോള വിജയത്തിന് ശേഷം സംവിധായകൻ ചിദംബരം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ബാലൻ’ എന്ന ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ട് അത്യന്തം വികാരഭരിതനായി തൻ്റെ അഭിപ്രായം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മുതിർന്ന സംവിധായകൻ സത്യൻ അന്തിക്കാട്. 

ന്യൂജെൻ സിനിമകളെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകളുള്ള ഈ കാലത്ത്, മനസ്സിനെ കൊളുത്തിവലിക്കുന്ന ഒരു വിഷയവും അത് ഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ‘ബാലൻ’ എന്ന് അദ്ദേഹം തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. ചിത്രം കണ്ടപ്പോൾ തനിക്ക് പി.എൻ മേനോൻ, ഭരതൻ, കെ.ജി ജോർജ്ജ് തുടങ്ങിയ പ്രതിഭകളെയാണ് ഓർമ്മ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ‘വിനോദയാത്ര’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ചിദംബരത്തെ ആദ്യമായി കണ്ട ഓർമ്മകളും സത്യൻ അന്തിക്കാട് പങ്കുവെച്ചു. അന്ന് അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നത് കാണാൻ അമ്മയോടൊപ്പം വന്ന, വെറുമൊരു ‘ബാലൻ’ മാത്രമായിരുന്നു ചിദംബരം. സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് അന്ന് പറഞ്ഞ ആ കുട്ടി, ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി നമ്മുടെ മുമ്പിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഓരോ വാക്കും ഓരോ ഷോട്ടും ചിദംബരം അത്രമേൽ ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. ജിത്തു മാധവൻ, ഷൈജു ഖാലിദ് അടക്കമുള്ള മികച്ച അണിയറപ്രവർത്തകരുടെ കൂട്ടായ്മയിൽ സംഗീതവും എഡിറ്റിംഗും കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴചേർന്നു പോകുന്ന കാഴ്ചയാണ് സിനിമയെന്നും അദ്ദേഹം പ്രശംസിച്ചു.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തെയും സത്യൻ അന്തിക്കാട് പ്രത്യേകം അഭിനന്ദിച്ചു. ചിത്രത്തിലേക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തിയ നടൻ ഗണപതിക്ക് ഒരു വലിയ സെല്യൂട്ട് നൽകിയ അദ്ദേഹം, പവിത്രൻ എന്ന കഥാപാത്രമായി ജീൻ പോൾ ലാൽ ഞെട്ടിച്ചുവെന്നും ഒട്ടും താരപരിവേഷമില്ലാതെ സ്വാഭാവികമായി ടൊവിനോ തോമസ് ചിത്രത്തിൽ പെരുമാറിയെന്നും കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക