
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ പാസ്റ്റര്‍ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന 'സ്‌നേഹത്തണല്‍' എന്ന വൃദ്ധസദനത്തില്‍ അന്തേവാസികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെയുണ്ടായ ക്രൂരമര്‍ദനവും ബാലവേലയും വിവാദമായതിന് പിന്നാലെ ഇതേ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഒരു ഓഡിറ്റോറിയത്തിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഏലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന് നേരെ നടന്ന ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് സമ്മിശ്ര പ്രതികരണങ്ങള്‍ക്കാണ് വഴിവച്ചത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തില്‍ പാസ്റ്റര്‍ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അവരെ ഹാളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് മതപരമായ ചടങ്ങുകള്‍ നടത്താന്‍ അവകാശമുണ്ടെന്നും, വ്യക്തികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടല്ല, മറിച്ച് നിയമപരമായ നടപടികളിലൂടെയാണ് നേരിടേണ്ടതെന്നും വിശ്വാസികള്‍ വാദിച്ചു. ഇതിനിടെ, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനമുണ്ടായ വൃദ്ധസദനത്തിന്റെ ഔദ്യോഗിക അംഗീകാരം സാമൂഹ്യനീതി വകുപ്പ് റദ്ദാക്കുകയാണ്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാന്‍ ചെന്നീര്‍ക്കര പഞ്ചായത്ത് നോട്ടീസ് നല്‍കുകയും ചെയ്തു. പ്രാര്‍ത്ഥനാ കേന്ദ്രത്തിന് സ്ഥിരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സോ അനുമതിയോ നല്‍കാന്‍ നിയമപരമായി കഴിയില്ലെന്ന് ചെന്നീര്‍ക്കര പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി കട്ടപ്പന അണക്കര സ്വദേശിയായ 17-കാരന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് നല്‍കിയ പരാതിയാണ് ഈ വിവാദങ്ങള്‍ക്ക് ആധാരം. പത്തനംതിട്ടയിലെ ഈ സ്ഥാപനത്തില്‍ താമസിക്കുന്നതിനിടെ താന്‍ ശാരീരിക പീഡനത്തിനും നിര്‍ബന്ധിത ജോലിക്ക് ഇരയായതായി കുട്ടി പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കട്ടപ്പന പോലീസ് കേസെടുക്കുകയുണ്ടായി. സ്ഥാപനത്തിലെ പീഡന ആരോപണങ്ങളെക്കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്‌ളിയു.സി) അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ അന്തേവാസികള്‍ ഇവിടെ ചൂഷണത്തിനും പീഡനത്തിനും ഇരയായിട്ടുണ്ടാകാം എന്നതിന്റെ സൂചനകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്രേ. ശാരീരിക ഉപദ്രവം, നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, ചൈല്‍ഡ് ലേബര്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സ്ഥാപനത്തിന്റെ മാനേജര്‍ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ജീവനക്കാര്‍ കുറ്റക്കാരെങ്കില്‍ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ലഭിക്കട്ടെ എന്ന് പാസ്റ്റര്‍ ബിനു വാഴമുട്ടം ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു. അതേസമയം, അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് പത്തനംതിട്ട സി.ഡബ്ല്യു.സി അധ്യക്ഷ ലീന സുഭാഷ് പറഞ്ഞു. സ്ഥാപനത്തില്‍ പീഡനങ്ങള്‍ പതിവായിരുന്നുവെന്നാണ് അന്തേവാസികളില്‍ നിന്ന് ശേഖരിച്ച മൊഴികള്‍ സൂചിപ്പിക്കുന്നതെന്ന് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോള്‍ കോശി വെളിപ്പെടുത്തി. കുട്ടികളെ ഭയപ്പെടുത്താനും നിയന്ത്രിക്കാനും പെപ്പര്‍ സ്‌പ്രേ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ നടത്തിപ്പുകാര്‍ ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്. അധികൃതര്‍ ഈ ആരോപണങ്ങളില്‍ അന്വേഷണം തുടരുകയാണ്. സ്ഥാപനത്തില്‍ കൂടുതല്‍ അന്തേവാസികള്‍ പീഡനത്തിനോ ചൂഷണത്തിനോ ഇരയായിട്ടുണ്ടോ എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും പരിശോധിച്ചുവരികയാണ്.
നോര്‍ത്ത് ഇന്ത്യയിലെ മാതൃകയില്‍ ഇവിടെയും ആരാധന സ്വാതന്ത്ര്യം തടയാന്‍ ആഗ്രഹിക്കുന്നവരുടെ പ്രകടനമാണ് ആരാധനാലയത്തില്‍ കണ്ടതെന്നും ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-28-ന്റെ ലംഘനമാണെന്നും ആക്ഷേപമുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 25 മുതല്‍ 28 വരെ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ് മതസ്വാതന്ത്ര്യം. ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ ഈ അവകാശങ്ങളുടെ ലംഘനം വളരെ ഗൗരവമുള്ള ഭരണഘടനാ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ബിനു വാഴമുട്ടത്തിന്റേത് ഒരു ദേവാലയമല്ല, സ്വകാര്യ ഓഡിറ്റോറിയമാണെന്നും വാടക്കയ്ക് എടുത്തു സ്ഥിരമായി പ്രര്‍ത്ഥയ്ക്ക് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും നിയമ പ്രശനമുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തേണ്ടതാണ്.
''ഇത്തരത്തില്‍ എ.സി ഓഡിറ്റോറിയം പണിഞ്ഞിട്ട്, സഭാഹാള്‍, വര്‍ഷിപ്പ് സെന്റര്‍, പാരീഷ് ഹാള്‍ എന്നൊക്കെ പേരിട്ട് ടാക്‌സ് വെട്ടിക്കും. ഇതേ ഹാള്‍ തന്നെ കല്യാണമടക്കമുള്ള പരിപാടിക്ക് വാടകയ്ക്ക് നല്‍കുമെന്നതാണ് പിന്നാമ്പുറകാഴ്ച. നിയമപരമായി സഭയെന്ന ഒരു അംഗീകാരവും കാണില്ല ഇത്തരം ആള്‍ക്കുട്ട സംഘടനകള്‍ക്ക്. ഇത്തരം തട്ടിക്കൂട്ട് ചാരിറ്റബിള്‍ ട്രസ്റ്റുകളേയും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സഭകളെന്ന വ്യാജേന പ്രവര്‍ത്തിക്കുന്നവയുടേയും തലപ്പത്ത് ഇരിക്കുന്നവരുടെയുമൊക്കെ ഉദ്ദേശം പണസമ്പാദനം തന്നെ. ഇവരൊന്നും നിഷ്‌കാമ കര്‍മ്മികളോ, പുണ്യം കിട്ടാനോ അല്ല ഇത്തരം പണസമ്പാദന സുവിശേഷ അത്ഭുത വിടുതല്‍, ജീവകാരുണ്യങ്ങളൊക്കെ നടത്തുന്നത്. ഉദ്ദേശം ദീപസ്തംഭം മാഹാശ്ചര്യം തനിക്കും കിട്ടണം പണം അത്രതന്നെ...'' എന്നാണ് ഒരു സ്ഥലവാസിയുടെ പ്രതികരണം. ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഹാള്‍ ഒഴിയണമെന്ന് കെട്ടിട ഉടമ നോട്ടീസ് നല്‍കിയിരുന്നു.
കേരളത്തില്‍ പെന്തകോസ്ത്-ബ്രദറന്‍ സുവിശേഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ആരാധനാലയങ്ങളുണ്ട്. ചെറുതും വലുതുമായ സംഘടിത ശക്തികളായ വിശ്വാസ സമൂഹം കാലാകാലങ്ങളായി കേരളത്തില്‍ ജീവിച്ചുവരുന്നു. ദൈവവുമായുള്ള നേരിട്ടുള്ള വ്യക്തിപരമായ ബന്ധത്തിനും, പരിശുദ്ധാത്മാവിനാലുള്ള സ്‌നാനത്തിലൂടെയുള്ള ദൈവാനുഭവത്തിനും പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിനുള്ളിലെ ഒരു നവീകരണ പ്രസ്ഥാനമായ പെന്തെക്കോസ്ത് വിഭാഗം പ്രത്യേക പ്രാധാന്യം നല്‍കുന്നു. ബൈബിളിലെ പ്രവൃത്തികളുടെ പുസ്തകം രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നതുപോലെ, യേശുക്രിസ്തുവിന്റെ അനുയായികളുടെ മേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന സംഭവത്തെയാണ് ക്രൈസ്തവര്‍ ഇതിലൂടെ അനുസ്മരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തില്‍ പെന്തെക്കോസ്ത് പ്രസ്ഥാനം സ്ഥാപിതമായത്.
എന്നാല്‍ പ്രാര്‍ത്ഥനയുടെയും ആത്മീയതയുടെയും കാരുണ്യത്തിന്റെയും മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും പ്രായമായവരും ക്രൂരമായ പീഡനങ്ങള്‍ക്കും നിര്‍ബന്ധിത തൊഴിലിനും ഇരയായി എന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. കുറ്റാരോപിതര്‍ എത്ര വലിയ പദവിയിലുള്ളവരായാലും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ-മത വ്യത്യാസങ്ങള്‍ക്കപ്പുറം നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ഉറപ്പാക്കാന്‍ അധികാരികള്‍ക്ക് കഴിയണം. കാരുണ്യ പ്രവര്‍ത്തനത്തിന്റെയും അഗതിമന്ദിരങ്ങളുടെയും പേരില്‍ നടക്കുന്ന അനധികൃത കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ ഓഡിറ്റിംഗും പരിശോധനയും നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സാമൂഹിക നീതി വകുപ്പും കൂടുതല്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.
വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ, ക്രമസമാധാന നില തകരാതെ നോക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. അതേസമയം, തങ്ങള്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെയോ വ്യക്തികളുടെയോ തണലില്‍ ഇത്തരം ക്രൂരതകള്‍ നടക്കുന്നുണ്ടോ എന്ന് കണ്ണുതുറന്നു പരിശോധിക്കാന്‍ വിശ്വാസികളും തയ്യാറാകണം. ബലഹീനരായ മനുഷ്യരെയും കുഞ്ഞുങ്ങളെയും ചൂഷണം ചെയ്യുന്ന മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധവും ബോധവല്‍ക്കരണവും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പീഡനത്തിന് ഇരയായവര്‍ക്ക് നീതിയും അര്‍ഹമായ പുനരധിവാസവും ലഭ്യമാക്കുകയും വേണം. ക്രൈസ്തവര്‍ പെന്തക്കോസ്ത് വിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതെ നില്‍ക്കുമ്പോള്‍ ഇവിടെ ബി.ജെ.പിയുടെ ഇടപെടലിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.