
ന്യൂഡൽഹി: രാജ്യസഭയിലെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ജോർജ് കുര്യൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ഇന്നലെ അദ്ദേഹം നൽകിയ രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. കേന്ദ്രമന്ത്രിയാകുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതുകൊണ്ട് മാത്രമാണ് തനിക്ക് ഈ പദവി ലഭിച്ചതെന്നും രാജിക്കു പിന്നാലെ ജോർജ് കുര്യൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. സുപ്രധാനമായ ഈ ചുമതല നൽകിയതിന് പ്രധാനമന്ത്രിയോട് അദ്ദേഹം പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.
ന്യൂനപക്ഷ ക്ഷേമം, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അറുപത്തഞ്ചുകാരനായ അദ്ദേഹം. കഴിഞ്ഞ ജൂൺ 21-നാണ് ജോർജ് കുര്യന്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. ഇതോടെയാണ് പദവി ഒഴിയാൻ അദ്ദേഹം നിർബന്ധിതനായത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജോർജ് കുര്യന് രാജ്യസഭയിലേക്ക് നറുക്കുവീണത്. സിന്ധ്യ ഒഴിഞ്ഞ സീറ്റിലേക്ക് 2024 ഓഗസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നും എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുൻപ് തന്നെ, മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9-ന് ജോർജ് കുര്യൻ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റിരുന്നു.