
സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം ഇപ്പോള്‍ റീറിലീസിനൊരുങ്ങുകയാണ്. 1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന് തയ്യാറാവുകയാണ്. സിനിമയുടെ ട്രെയ്ലര്‍ പുറത്തുവന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചില്‍ വെച്ച് സിബി മലയിലുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് മോഹന്‍ലാല്‍.
'ഞാന്‍ സിനിമയില്‍ വന്നിട്ട് 50 വര്‍ഷമായി. തിരനോട്ടം കഴിഞ്ഞ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഓഡിഷന് അതിന്റെ അവസാനദിവസമാണ് ഞാന്‍ ചെല്ലുന്നത്. അവിടെവെച്ച് ഒരു സീന്‍ തന്നിട്ട് അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞു. അന്നവിടെ സംവിധായകന്‍ ഫാസില്‍, ജിജോ, സിബി മലയില്‍ എന്നിവരുണ്ട്. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും ഇപ്പോള്‍ ഇതിവിടെ പറയാതിരിക്കാന്‍ പറ്റില്ല. നൂറിലാണ് മാര്‍ക്ക് തരുന്നത്. അന്ന് ഓരോരുത്തരും മാര്‍ക്ക് തന്നപ്പോള്‍ എനിക്ക് ഏറ്റവും നല്ല മാര്‍ക്ക് തന്ന് സഹായിച്ചയാളാണ് സിബി. നൂറില്‍ രണ്ടുമാര്‍ക്ക്. പക്ഷേ പില്‍ക്കാലത്ത് അദ്ദേഹമെനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങളും സമ്മാനിച്ചു. എന്റെ ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിരീടത്തിനായിരുന്നു. ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരവും അതേ ചിത്രത്തിലൂടെ കിട്ടി. അതുകഴിഞ്ഞ് ഭരതത്തിനും പുരസ്‌കാരം ലഭിച്ചു. താങ്ക്യൂ സിബി. അദ്ദേഹത്തിനൊപ്പം ഒരുപാട് നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചു', മോഹന്‍ലാലിന്റെ വാക്കുകള്‍.
ചിത്രം ജൂലൈയില്‍ പുറത്തിറങ്ങും. കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേര്‍ന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസില്‍ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.