
ആധുനിക കേരളചരിത്രത്തിലെ വിശേഷപ്പെട്ട ഒരധ്യായമാണ് അച്യുതമേനോന്റെ ജീവിതകഥ എന്നതു നിസ്തർക്കമാണ്. ആ ജീവിതം ചരിത്രത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെങ്കിലും ലിഖിതചരിത്രത്തിൽ വളരെക്കുറച്ചുമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
സി.അച്യുതമേനോൻ സമഗ്രമായ ഒരു ആത്മകഥ എഴുതിയിട്ടില്ല. ചില ബാല്യകാലസ്മരണകൾക്കും ഓർമ്മയിലെ ഏടുകൾക്കും അദ്ദേഹം അക്ഷരരൂപം നൽകിയിട്ടുണ്ടെന്നതു ശരിതന്നെ. ആധുനിക കേരളചരിത്രത്തിലെ വിശേഷപ്പെട്ട ഒരധ്യായമാണ് അച്യുതമേനോന്റെ ജീവിതകഥ എന്നതു നിസ്തർക്കമാണ്. ആ ജീവിതം ചരിത്രത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെങ്കിലും ലിഖിതചരിത്രത്തിൽ വളരെക്കുറച്ചുമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
അവിസ്മരണീയങ്ങളായ നിരവധി അനുഭവങ്ങളും ആശയപ്രകാശനത്തിന് അനുയോജ്യമായ ഭാഷാശൈലിയുമുള്ള അച്യുതമേനോൻ ആത്മകഥ എഴുതാതിരുന്നത് എന്തുകൊണ്ടാവാം? കേരളത്തിലെ സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കൾ, എ.കെ.ജിയും ഇ.എം.എസ്.നമ്പൂതിരിപ്പാടും എം.എൻ.ഗോവിന്ദൻനായരും ആത്മകഥ എഴുതിയിട്ടുണ്ട്. 'ആത്മം' പൊതുവേ കുറവായ ആത്മകഥകളാണ് അവ, വിശേഷിച്ചും ഇ.എം.എസിന്റേത്. എന്തുകൊണ്ടിങ്ങനെ? കാരണം, അവരുടെ ജീവിതം ജനജീവിതവുമായി അത്രമാത്രം ഇഴുകിച്ചേർന്നവയാകയാൽ, 'ആത്മം' തന്നെ 'പരജീവിത'മായിരുന്നു.
അച്യുതമേനോനോട് ആത്മകഥയെഴുതാൻ പലരും സ്‌നേഹപൂർവ്വമായ നിർബന്ധം ചെലുത്തിയിരുന്നു. വ്യക്തികളും പത്ര-മാസികാസ്ഥാപനങ്ങളും മറ്റും. അദ്ദേഹം പക്ഷേ വിനീതനായി ഒഴിഞ്ഞുമാറുകയായിരുന്നു. അതിന് അച്യുതമേനോൻ പറഞ്ഞ കാരണങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ: ''എഴുതിയാൽ സത്യമെഴുതണം. ജീവിച്ചിരിക്കുന്ന പലരേയും വെറുതേ വേദനിപ്പിക്കേണ്ടിവരും. അതിനു ഞാൻ തയ്യാറല്ല.''
അച്യുതമേനോന്റെ ഡയറിക്കുറിപ്പുകൾ (കറന്റ് ബുക്‌സ്, തൃശ്ശൂർ, 2002) എന്ന പുസ്തകം ആത്മകഥയുടെ കുറവ് പരിഹരിക്കുന്നില്ലെങ്കിലും, ആത്മകഥ എഴുതാത്ത വ്യക്തിയുടെ ജീവിതചിത്രങ്ങൾ എന്ന നിലയിൽ വിലപ്പെട്ടതാണ്. അച്യുതമേനോന്റെ കത്തുകളും വിലപ്പെട്ട രേഖയാണ് (കെ.വി.കെ. വാരിയർക്കെഴുതിയ കത്തുകളുടെ സമാഹാരത്തെക്കുറിച്ച് ഈ പംക്തിയുടെ മുൻലക്കങ്ങളിലൊന്നിൽ പരാമർശിച്ചിട്ടുണ്ട്.)

അച്യുത മേനോന്‍ പ്രസംഗിക്കുന്നു (ഫോട്ടോ: പുനലൂർ രാജൻ)
1976 മുതൽ 1989 തുടക്കം വരെയുള്ള കാലയളവിലെ ചില ദിവസങ്ങളിലെ വിശേഷങ്ങളാണ് അച്യുതമേനോൻ ഡയറിയിൽ എഴുതുന്നത്. താൻ ബന്ധപ്പെട്ട വ്യക്തികൾ, ഔദ്യോഗികവും വ്യക്തിപരവുമായ വിവരങ്ങൾ, ഗുണദോഷവിചിന്തനങ്ങൾ, എഴുത്തിനെക്കുറിച്ചുള്ള കുറിപ്പുകൾ, സാഹിത്യരചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുടങ്ങിയവ. പുസ്തകത്തിന്റെ മുഖവുരയിൽ കെ.വി.സുരേന്ദ്രനാഥ് (ആശാൻ) പറയുന്നതുപോലെ, ''ഇന്ത്യയും രാജ്യാന്തരങ്ങളും അതതു സന്ദർഭങ്ങളിൽ നേരിടേണ്ടിവന്നിട്ടുള്ള പ്രശ്‌നങ്ങൾ ആരെക്കാളും ഭംഗിയായി പഠിച്ചു മനസ്സിലാക്കുവാനും സ്വന്തം രചനകളിലൂടെ പ്രകാശിപ്പിക്കാനും ആ കാലഘട്ടത്തിലുടനീളം അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു. നിഷ്‌കളങ്കമായ മനുഷ്യസ്‌നേഹമാണ് എല്ലാ പ്രവർത്തനങ്ങൾക്കും പിന്നിൽ അച്യുതമേനോനെ നയിച്ച ചേതോവികാരം-ആ ഹൃദയവിശുദ്ധിയും ആത്മാർത്ഥയും അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളെ ആകെക്കൂടി സമാകർഷകമാക്കുന്നു.''
ഡയറിക്കുറിപ്പുകൾ അവതരിപ്പിച്ച ടി.എൻ.ജയചന്ദ്രൻ എഴുതിയ കുറിപ്പിലും അച്യുതമേനോന്റെ ജീവിതവുമായി അതിനെ ഇഴചേർക്കുന്നു. ''അച്യുതമേനോന്റെ ജീവിതശൈലിയുടെ പ്രധാന ഘടകങ്ങളിലൊന്നായ കൃത്യനിഷ്ഠയുടെ ഭാഗമായിരുന്നു ഡയറികളും കത്തുകളും. ജീവിതായോധനം തുടങ്ങി ഏറെത്താമസിയാതെതന്നെ അദ്ദേഹം ഡയറി എഴുതിത്തുടങ്ങിയതായി അറിയാം. പക്ഷേ അദ്ദേഹം തിരഞ്ഞെടുത്ത രാഷ്ട്രീയമാർഗ്ഗം അപകടം നിറഞ്ഞതായതുകൊണ്ട്, ആദ്യകാലങ്ങളിലെ ഡയറികളിലേറെയും സർക്കാരിന്റെ കിങ്കരന്മാർ പിടിച്ചെടുക്കുകയോ അദ്ദേഹം തന്നെ നശിപ്പിക്കുകയോ ചെയ്തിരുന്നു.''
അച്യുതമേനോന്റെ ലളിതജീവിതം, 'മഞ്ഞുതുള്ളിയിൽ കാടെന്നപോലെ,' ഈ ഡയറിക്കുറിപ്പുകളിൽ തെളിഞ്ഞുകാണുന്നു. ചില 'എൻട്രി'കൾ വായിച്ചാൽ ഇന്നാരും വിശ്വസിച്ചെന്നുവരില്ല. ഉദാഹരണങ്ങൾ:
1977 ജൂലൈ 14: ''സബ്ട്രഷറിയിൽ പോയി പെൻഷൻ ഒപ്പിട്ടുവാങ്ങിച്ചു. മാർച്ച് 22 മുതൽ ജൂൺ 30 വരെയുള്ള പെൻഷൻ 1496 ക. കിട്ടി. ഹാവു. വലിയ ആശ്വാസമായി.''

പുനലൂര്‍ രാജന്‍ മോസ്കോയില്‍
1977 ജൂലൈ 25: ''നല്ലനാട്ടു കുട്ടൻ മേനോൻ റിട്ടയർ ചെയ്യുമ്പോൾ ഒരു പണക്കിഴി നൽകുന്നതിലേക്കായി 25 ക. കൊടുത്തു. 50 രൂപാ കൊടുക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതിക്ക് കൂടുതൽ കൊടുക്കാൻ കഴിവില്ല.''
സാഹിത്യരചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അച്യുതമേനോൻ തുറന്നെഴുതുന്നു.
1976 മാർച്ച് 6: ''മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചവസാനിപ്പിച്ചു. അത്ര കേമമൊന്നും ആയിട്ടില്ല.''
1977 സെപ്തംബർ 21: ''മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രം വായിക്കാനെടുത്തു. വളരെ കേമമായി തോന്നിയില്ല. എന്തോ, ഐ.എ.എസ്സുകാരുടെ ജീവിതരീതിയോടുള്ള വെറുപ്പാണോ? എന്തോ.''
1978 ജനുവരി 6: ''കെ.പി.ജി. തർജ്ജമ ചെയ്ത മയകോവ്‌സ്‌കിയുടെ ''ലെനിൻ'' വായിച്ചു. ഒരു രസവും ആവേശവും തോന്നിയില്ല. മയകോവ്‌സ്‌കിയുടേതാണോ കുറ്റം, കെ.പി.ജിയുടേതാണോ എന്നറിഞ്ഞുകൂടാ. ചില നല്ല വരികൾ ഇടയ്ക്കു കാണാം എന്നതൊഴിച്ചാൽ.''
1978 മെയ് 21: ''കാക്കനാടന്റെ അടിയറവ് വായിച്ചു. നല്ല ശക്തനായ എഴുത്തുകാരൻ. പക്ഷേ എന്തുകാര്യം. വൃത്തികേട് എഴുതുന്നതും സഹിക്കാം. അതു നല്ലതിലേക്കുള്ള വഴി വെട്ടാനാണെങ്കിൽ. ഇത് അങ്ങനെയെന്നു തോന്നുന്നില്ല.''
1985 ഏപ്രിൽ 11: ''വാക്കിന്റെ സൗന്ദര്യശാസ്ത്രം എന്ന ബാലചന്ദ്രൻ വടക്കേടത്തിന്റെ പുസ്തകം വായിച്ചു. Greatly disappointing എന്തൊക്കെയോ പറഞ്ഞിരിക്കുന്നു. അതുതന്നെ അന്തവും കുന്തവുമില്ലാത്ത ഭാഷയിൽ. ഇതൊന്നും encourage ചെയ്യാൻ പാടില്ല.''
അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ വളരെ ശ്രദ്ധിച്ചും പിശുക്കോടെയുമാണ് അക്കാലം രേഖപ്പെടുത്തിയിരിക്കുന്നത്: ചില ഉൽക്കണ്ഠകൾ ഡയറിയിൽ അദ്ദേഹം പങ്കിടുന്നു.
1976 മാർച്ച് 7: ''രാവിലെ പുറപ്പെടുന്നതിനു മുമ്പ് രാജേശ്വരറാവു വന്ന് ചില കാര്യങ്ങൾ സംസാരിച്ചു. സഞ്ജയന്റെ വികൃതികൾ അസഹ്യമാകുന്നു. പ്രധാനമന്ത്രിക്കുള്ള പിന്തുണയെപ്പോലും ദുർബലപ്പെടുത്തുന്നു...''
1976 മേയ് 15: ''രാത്രി എം.എസ്.നമ്പൂതിരിയും ടി.വി. ഈച്ചരവാരിയരും കൂടി കാണാൻ വന്നു. വാരിയരുടെ മകനെ പോലീസ് പിടിച്ചുകൊണ്ടുപോയതിനെപ്പറ്റി അന്വേഷിക്കാനാണ്.''
1976 മേയ് 16: ''(ജയറാം) പടിക്കലിനെ കണ്ടു സംസാരിച്ചു. പി.രാജൻ ഒളിവിലാണെന്നും പോലീസിനു പിടികിട്ടിയില്ലെന്നും തറപ്പിച്ചു പറഞ്ഞു.
1976 ആഗസ്ത് 17: ''പോലീസിന് എന്തു തോന്ന്യവാസവും കാട്ടാമെന്നായിട്ടുണ്ട്. ഇതെന്തു കാലം!''
1977 ജൂലൈ 8: ''അടിയന്തരാവസ്ഥയെ പിന്താങ്ങിയത് ശരിയോ തെറ്റോ എന്ന പ്രശ്‌നം വന്നു. ഇന്ദ്രജിത് ഗുപ്ത, ഫറൂഖി, ഞാൻ എന്നിവർ തെറ്റായിപ്പോയി എന്നു പറഞ്ഞു. അതാണു CEC യുടെ അഭിപ്രായമെങ്കിൽ സെക്രട്ടറിയേറ്റിൽ നിന്നു താൻ രാജിവയ്ക്കുന്നു എന്നു ഡാങ്കെ പറഞ്ഞു. ഭൂപേശ് ഗുപ്ത നേരെ മറിച്ചും പറഞ്ഞു. അതായത് അടിയന്താരവസ്ഥയെ അനുകൂലിച്ചാൽ അവർ നാഷണൽ കൗൺസിലിൽപോലും ഉണ്ടാകില്ല എന്ന്.''
1977 ജൂലൈ 27: ''വൈകുന്നേരം നടക്കാൻ പോയി. പാർക്കിൽ കുറച്ചുനേരം ഇരുന്നു. തിരിച്ചുവരുമ്പോൾ കുറേ ചെറുപ്പക്കാർ-കോളേജ് വിദ്യാർത്ഥികളാണെന്നു തോന്നുന്നു-''രാജൻ എവിടെ?.'' എന്ന് ഉറക്കെ വിളിച്ചുചോദിച്ചു കളിയാക്കാൻ ശ്രമിച്ചു. കേൾക്കാത്ത ഭാവത്തിൽ ഞാൻ നടന്നുപോരികയും ചെയ്തു.''
ഈ ഡയറിക്കുറിപ്പുകളുടെ പ്രാധാന്യം ഇത്രയും എഴുതിയതിൽനിന്നുതന്നെ ഏറെക്കുറെ മനസ്സിലാക്കാനാവും. അച്യുതമേനോൻ പറയാതെ വിട്ട കാര്യങ്ങളെക്കുറിച്ചും നമുക്കു ധാരണ കിട്ടും.