Image

അപരിചിതനായ ഒരു സുഹൃത്ത് (മധുശാലയിൽ 5: എസ് സുന്ദര്‍ദാസ്)

Published on 23 June, 2026
അപരിചിതനായ ഒരു സുഹൃത്ത് (മധുശാലയിൽ 5: എസ് സുന്ദര്‍ദാസ്)

അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുവാനും പരസ്പരം തുറന്നുപറയുവാനുമുള്ള ഒരു വേദികൂടിയാണ് ബാറുകൾ എന്ന് വിളിക്കുന്ന  മദ്യശാലകൾ. അരണ്ട വെളിച്ചത്തിൽ, എതിരിലിരിക്കുന്ന   അപരിചിതൻ ഒരു തുറന്ന പുസ്തകമായി തന്റെ ജീവിതം എന്റെ മുന്നിൽ നിവർത്തിവെക്കുന്നു; വിസ്മയത്തോടെ ഞാനത് വായിക്കുന്നു. അത്തരക്കാരിൽ ചിലരെ വീണ്ടും പതിവ് മദ്യശാലകളിൽ കണ്ടുമുട്ടുന്നു. ഒരു തുടർക്കഥപോലെ വീണ്ടും അവരുടെ ജീവിതത്തിന്റെ പുതിയ അദ്ധ്യായങ്ങൾ. കൊച്ചിയിലെയും ചെന്നൈയിലെയും മദ്യശാലകളിലെ അനുഭവങ്ങളാണ് ഇവയിലേറെയും. ചെന്നൈയിലെ തിരക്കേറിയ അനധികൃത ബാറുകളിൽപോലും (അവ മിക്കതും രാഷ്ട്രീയക്കാർ നടത്തുന്നവയോ അവരുടെ ഒത്താശയോടെ നടത്തപ്പെടുന്നവയോ ആണ്) ഇത്തരം ‘അഭിമുഖങ്ങൾ’ സാധ്യമായിട്ടുണ്ട്. അത്തരം മദ്യശാലകളുടെ പുറത്ത് കുടിയന്മാരെ ഉദ്ദേശിച്ച് ചെറിയ കടകൾ നടത്തുന്നവരിൽ ചിലരും ഈ കുറിപ്പുകളിലെ  കഥാപാത്രങ്ങളാണ്. അവയിൽ ചിലതാണ് ഇവിടെ  പങ്കുവെയ്ക്കുന്നത്....

ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. ചെന്നൈയിൽ ജോലി ചെയ്യുന്ന കാലം. അക്കാലത്ത് ബാങ്ക് ജീവനക്കാരനായ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. ഒഴിവുദിവസങ്ങളിൽ എല്ലാ കലാപരിപാടികളും ഞങ്ങൾ ഒരുമിച്ചായിരുന്നു.  രോഹനുമായി (യഥാർത്ഥ പേര് ഇതല്ല) ഞായറാഴ്ചകളിൽ ഒരു മദ്യശാലയിൽ ചെല്ലാറുണ്ടായിരുന്നു. അക്കാലത്ത് മദ്യപാനം ഒരു ആഭിചാര ക്രിയപോലെ സങ്കീർണമായ ചടങ്ങായിരുന്നു. ഞങ്ങൾ രണ്ടുപേരുംകൂടി വാങ്ങുന്നത് ഒരു ക്വാർട്ടർ ബോട്ടിൽ റം ആയിരുന്നു. അതിന് അകമ്പടിയായി ഒരു രണ്ടുമൂന്ന് പാക്കറ്റ്    വെള്ളം, ഒരു ചെറിയ പാക്കറ്റ് അച്ചാർ , ഒന്നോ രണ്ടോ ചെറിയ  പാക്കറ്റ് കടല   രണ്ട് പ്ലാസ്റ്റിക് ഗ്ലാസ്സുകൾ എന്നിവയൊക്കെ സജ്ജമാക്കും. രണ്ട്മൂന്ന് തവണകളായി വിഷമിച്ച് അത്രയും മദ്യം അകത്താക്കും. ഞായറാഴ്ചകളിൽ ഉച്ചയൂണിനുമുമ്പുള്ള  ഒരു സ്ഥിരം കലാപരിപാടിയായിരുന്നു അത്. മദ്യപാനം ശീലമായിട്ടില്ലാത്ത, എന്നാൽ ശീലമാക്കാൻ ശ്രമിക്കുന്ന ആ കാലത്തെ പരിഭ്രമം ഓർക്കുമ്പോൾ ഇപ്പോൾ ചിരിവരും. ഞാനും സുഹൃത്തും മദ്യപിക്കുന്നതിനിടയിൽ ആ  ചെറിയ മദ്യഷാപ്പിൽ പലരും വന്നുപോകും. ഇങ്ങനെ വന്നുപോകുന്നവരിൽ ഒരാളെ ഞങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. അഥവാ അയാൾ ഞങ്ങളെ ശ്രദ്ധിച്ച്‌ തുടങ്ങി.

അയാളുടേത് ഒരു പ്രത്യേക പ്രകൃതമായിരുന്നു. അവിടെ വരുന്നവരിൽ അധികം പേരും ഉച്ചത്തിൽ സംസാരിക്കുകയും വഴക്കുകൂട്ടുകയും ചെയ്യുന്നവരും നാലുപാടും തുപ്പിയും ഉച്ചിഷ്ടങ്ങൾ വിതറിയും വൃത്തികേടാക്കുന്നവരുമായിരുന്നു. എന്നാൽ അയാൾ വൃത്തിയുള്ള വസ്ത്രം ധരിച്ച്, അതും വെള്ള ഷർട്ടും മുണ്ടും, അപ്പോൾ കുളികഴിഞ്ഞ് എത്തിയതുപോലെ നെറ്റിയിൽ ഒരു ഭസ്മക്കുറിയുമായി ഷാപ്പിൽ കയറിവരുന്നു. ആരുമായും സംസാരിക്കാതെ, അവിടത്തെ ബഹളങ്ങളൊന്നും  തന്നെ ബാധിക്കുകയില്ലെന്നപോലെ, അയാൾ നേരെ കൗണ്ടറിൽ ചെന്ന് ഒരു പൈന്റ്‌ ബ്രാണ്ടിയും ഒരു പാക്കറ്റ്     വെള്ളവും  വാങ്ങി ഞങ്ങളുടെ എതിർവശത്ത് വന്ന നിൽക്കും. അവിടെ ഇരിക്കാൻ ഒന്നുമില്ല. മദ്യക്കുപ്പിയും ഗ്ലാസ്സും വെക്കാൻ നീളത്തിൽ വീതികുറഞ്ഞ ഒരു പടി ഉണ്ടാകും.  വെള്ളം  പാക്കറ്റിന്റെ ഒരറ്റം കടിച്ചുതുറന്ന്  വലതുകൈയിലെ പിടിക്കും. ഇടതുകൈകൊണ്ട് കുപ്പി തുറന്ന് മദ്യം നേരെ വായിലേക്ക് ഒഴിക്കും. രണ്ട് തവണകൊണ്ട് കുപ്പിയിലെ മദ്യം തീരും. ഓരോ തവണയും പാക്കറ്റിലെ വെള്ളം പകുതിവീതം മദ്യത്തിന് അകമ്പടി സേവിക്കും. ചുണ്ട് തുടച്ച് ഒരു നിമിഷംകണ്ണടച്ച്   പ്രാർത്ഥിക്കുന്നതുപോലെ അയാൾ നിൽക്കും. പിന്നെ ഇറങ്ങി നടക്കും. അയാളുടെ അതി വേഗ മദ്യാസപാനവും തെരുവിലൂടെ അയാൾ ധൃതിയിൽ നടന്നുപോകുന്നതും പലപ്പോഴും കൗതുകത്തോടെ ഞങ്ങൾ നോക്കിനിൽക്കും.

ഒരു ദിവസം  ഞങ്ങൾക്ക് മനസ്സിലായി, അയാൾ ഞങ്ങളെ പുച്ഛത്തോടെ ശ്രദ്ധിക്കുന്നുണ്ടെന്ന്. രണ്ടുമദ്യപന്മാർ ചേർന്ന്   ഒരു  ക്വാർട്ടർ ബോട്ടിൽ തീർക്കാൻ പാടുപെടുന്നത് അയാൾ പരിഹാസച്ചിരിയോടെ അറിയുന്നുണ്ടെന്ന്അതുകൊണ്ട് ക്ര്യതഹസ്തനായ, പരിചയസമ്പന്നനായ  ആ   മദ്യപന്റെ മുന്നിൽ ഞങ്ങൾ അല്പം ജാള്യതയോടെ ആണ് നിന്നിരുന്നത്. ചിലപ്പോൾ പരിഹാസത്തോടൊപ്പം സൗഹൃദവും ആ ചിരിയിലുണ്ടെന്ന് തോന്നിയിരുന്നു. അയാൾ ഒരു മരപ്പണിക്കാരനായിരുന്നുവെന്ന് ആരോ പറഞ്ഞ് ഞങ്ങൾ അറിഞ്ഞു. ഞായറാഴ്ച്ച പണിയില്ലാത്തതുകൊണ്ടാകാം അയാൾ മദ്യപിക്കുന്നതെന്ന് ഞങ്ങൾ കരുതി. ഏതായാലും ആഴ്ചകളും മാസ ങ്ങളും മാത്രമല്ല ഏതാനും  വർഷങ്ങളും  കടന്നുപോയപ്പോൾ അയാൾ ഒരു ചിരപരിചിതനെപ്പോലെ ആയി. എന്നാൽ അപ്പോഴും ഞങ്ങൾ തമ്മിൽ എന്തെങ്കിലും സംസാരിക്കുക ഉണ്ടായിട്ടില്ല.

കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാനും സുഹൃത്തും ആ മദ്യശാലയിൽ പോകാതായി. പിന്നെയും ചില  വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കേരളത്തിലെത്തി. ഞാൻ കൊച്ചിയിൽ താമസമാക്കി. സുഹൃത്തിനെ അപൂർവമായേ കാണാറുണ്ടായിരുന്നുള്ളു. ഒരു ദിവസം മറ്റൊരു സുഹൃത്ത് പറഞ്ഞിട്ടാണ് അറിഞ്ഞത്, രോഹൻ കോഴിക്കോട്ട് ഒരു ആശുപത്രിയിലാണെന്ന്. അപ്പോഴേക്കും രോഹൻ ഒരു കടുത്ത മദ്യപാനായിക്കഴിഞ്ഞിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. മദ്യപാനത്തോടൊപ്പം പുകവലിയും. ഒരു ദിവസം ഒരു അഞ്ച് പാക്കറ്റ് സിഗരറ്റെങ്കിലും വേണം. രണ്ടുംകൂടിയായപ്പോൾ ആരോഗ്യം പാടെ തകർന്നു. രോഹന്റെ ഭാര്യയ്മ് രണ്ട് മക്കളും ജോലിയായി മറ്റിടങ്ങളിലായിരുന്നു.

. ആശുപത്രിയിൽ രോഹൻ തനിച്ചാണെന്ന്  അറിഞ്ഞപ്പോൾ ഞാൻ ഉടനെ അവിടെ എത്തി. ഗുരുതരാവസ്ഥയിലായിരുന്നു അവൻ. രണ്ടുദിവസം ഞാൻ ആശുപത്രിയിൽ കൂടെ ന്നു. കുറച്ചുദിവസം കൂടി അവിടെ കിടക്കേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഡിസ്ചാർജ് ചെയ്യണമെന്ന വാശിയിലാണ് റോഷൻ. ഒടുവിൽ മദ്യപാനവും പുകവലിയും തുടരില്ലെന്നും ഒരു മെയ് നഴ്‌സിനെ കൂടെ നിർത്താമെന്നും സമ്മതിച്ചത് കൊണ്ട് എന്റെ കൂടി ശുപാർശയിൽ രോഹൻ ആശുപത്രി വിട്ടു. എന്നാൽ അതൊന്നും പാലിക്കാത്തതുകൊണ്ടാകണം രോഗം ഗുരുതരമാകുകയും ഇതാ നും നാളുകൾക്കുള്ളിൽ അവൻ മരണപ്പെടുകയും ചെയ്തു.

ഏതാനും നാളുകൾക്ക് ശേഷം എനിക്ക്  ചെന്നൈയിൽ പോകേണ്ട ആവശ്യം വന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് ചെ ന്നൈയിൽ എത്തുന്നത്. നഗരം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. വിസ്മയകരമെന്നുപറയട്ടെ എന്റെയും രോഹന്റെയും പതിവ് മദ്യശാല അതുപോലെതന്നെ നിൽക്കുന്നു. അന്നൊരു ഞായറാഴ്ചയും സമയം മധ്യാഹ്നവുമാണ് എന്നൊന്നും ഓർക്കാതെ ഞാൻ അവിടേക്ക് കയറിച്ചെന്നു. പഴയതുപോലെ ഒരു ക്വാർട്ടർ ബോട്ടിൽ റാം വാങ്ങി. ഞാൻ  മദ്യം കഴിക്കാൻ തുടങ്ങുമ്പോൾ അതാ ശുഭ്രവസ്ത്രവും ഭസ്മക്കുറിയുമായി പഴയ, അപരിചിതനായ സുഹൃത്ത്  കയറിവരുന്നു.  അയാൾ അല്പം തടിച്ചിരിക്കുന്നു. ചെന്നിയിൽ നരകയറിയിരിക്കുന്നു. അയാളുടെ കാഴ്ച്ചയിൽ എനിക്കും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടായേക്കും. അതുകൊണ്ട് അയാൾ എന്നെ തിരിച്ചറിയണമെന്നില്ല. എങ്കിലും അറിയാതെ ഞാൻ  ചിരിച്ചു. അപ്രതീക്ഷിതമായി, വിശാലമായി ചിരിച്ചുകൊണ്ട് അയാൾ അടുത്തുവന്ന് എന്റെ കൈ പിടിച്ച് " ഉങ്ക നന്പൻ എങ്കേ," എന്ന്  അന്വേഷിച്ചു.

ആദ്യമായാണ് അയാളുടെ സംസാരം ഞാൻ കേൾക്കുന്നത്. ഞാൻ  രോഹൻ മരണപ്പെട്ടവിവരം പറഞ്ഞു.  ഒരു നിമിഷം അയാൾ എന്നെ സൂക്ഷിച്ചുനോക്കി. പിന്നെ കൗണ്ടറിൽ ചെന്ന് പതിവിന് മാറ്റം  വരുത്താത്തവിധം പൈന്റ്‌ ബ്രാണ്ടിയും ഗ്ലാസ്സുമായി വന്നു. എന്റെ മുഖത്തുനോക്കാതെ മദ്യത്തിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് അയാൾ രണ്ട് തവണകൊണ്ട് അത് കുടിച്ചുതീർത്തു. ചുണ്ടുതുടച്ച് എന്റെ തോളിൽ കൈവെച്ച് അയാൾ പറഞ്ഞു: ഉങ്ക നന്പൻ റൊമ്പ നല്ലവർ....  ഒരിക്കലും തമ്മിൽ സംസാരിച്ചിട്ടില്ലാത്ത, പേരുപോലും അറിയാത്ത രോഹാനുവേണ്ടി  ഒരു കണ്ണീർക്കണം അയാളുടെ ഇടതുകണ്ണിൽ തുളുമ്പി നിൽക്കുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു .    

എസ് സുന്ദര്ദാസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക