Image

മെസിക്ക് റെക്കോര്‍ഡ്, പിന്നാലെ എംബാപ്പെ (സനില്‍ പി. തോമസ്)

Published on 23 June, 2026
മെസിക്ക് റെക്കോര്‍ഡ്, പിന്നാലെ എംബാപ്പെ (സനില്‍ പി. തോമസ്)

പെനാല്‍റ്റി പാഴാക്കിയപ്പോള്‍ മെസിക്ക് നിര്‍ഭാഗ്യത്തിന്റെ ദിവസമെന്നു കരുതിയവരെ അമ്പരപ്പിച്ച് പിന്നീട് രണ്ടു തവണ മെസി ഓസ്ട്രിയയുടെ വല ചലിപ്പിച്ചു. ഇതോടെ ലോകകപ്പില്‍ 18 ഗോള്‍ അടിച്ച് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ അള്‍ജീരിയയ്‌ക്കെതിരെ ഹാട്രിക് നേടിയ മെസി ജര്‍മ്മന്‍ താരം മിറോസ്ലാവ് ക്‌ളോസെയുടെ 16 ഗോള്‍ നേട്ടത്തിന് ഒപ്പമെത്തിയിരുന്നു. ആറാം ലോകകപ്പ് കളിക്കുന്ന മെസി 2010 ലെ തന്റെ രണ്ടാം ലോകകപ്പില്‍ മാത്രമാണ് ലക്ഷ്യം കാണാതെ പോയത്.

ക്ളോസെ 2002 മുതല്‍ 2014 വരെ തുടരെ നാല് ലോകകപ്പില്‍ കളിച്ച് നാലിലും ഗോള്‍ നേടിയാണ് 16 ഗോള്‍ എന്ന റെക്കോര്‍ഡ് സ്ഥാപിച്ചത്. ക്‌ളോസെ 21 മത്സരങ്ങളിലാണ് 16 ഗോള്‍ നേടിയത്. ഇതിനൊപ്പമെത്താന്‍ മെസി 27 മത്സരങ്ങളില്‍ ബൂട്ടു കെട്ടി. ഇരുപത്തെട്ടാം മത്സരത്തിലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ നേട്ടത്തിനു പിന്നാലെ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ ഇറാഖിനെതിരെ ഇരട്ടഗോള്‍ അടിച്ച് ലോക കപ്പിലെ ഗോള്‍ നേട്ടം 16 ആക്കി. 16 മത്സരങ്ങളില്‍ ആണ് എംബാപ്പെ അത്രയും ഗോള്‍ നേടിയത്. യുവത്വം ബാക്കി നില്‍ക്കെ, എംബാപ്പെ മെസിയുടെ റെക്കോര്‍ഡ് തിരുത്താന്‍ സാധ്യതയേറെയാണ്.

കളി ജീവിതത്തില്‍ 61 ഹാട്രിക്(ക്‌ളബുകള്‍ക്ക് 50, രാജ്യത്തിന് 11) നേടിയ മെസി തുടരെ ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയ മൂന്നാമത്തെ കളിക്കാരനായി. 1958 ല്‍ ഫ്രാന്‍സിനു വേണ്ടി ജസ്റ്റ് ഫോണ്ടെയ്‌നും 1970 ല്‍ ബ്രസീലിനു വേണ്ടി ജയര്‍സിഞ്ഞോയും ആണ് ഇതിനു മുമ്പ് തുടരെ ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ അടിച്ചത്. അവര്‍ ഇരുവരും ഒറ്റ ലോകകപ്പില്‍ നേട്ടം കൈവരിച്ചപ്പോള്‍ മെസി 2022 ല്‍ ഖത്തറില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗോള്‍ അടിച്ചു തുടങ്ങിയത്  ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും തുടർന്നു. 2026 ല്‍ ആദ്യ രണ്ടു കളികളിലും ഗോള്‍ വല ചലിപ്പിച്ചു. അഥവാ 2022-ല്‍ നാല് മത്സരങ്ങളുടെ തുടര്‍ച്ചയായി 2026 ല്‍ രണ്ടു മത്സരങ്ങളില്‍ കൂടി ഗോള്‍ നേട്ടം.
ഇതേ സമയം  ഓസ്ട്രിയക്കെതിരായ വിജയത്തോടെ അര്‍ജന്റീനയും ഇറാഖിനെതിരായ വിജയത്തോടെ ഫ്രാന്‍സും നോക്കൗട്ട് റൗണ്ടില്‍ കടന്നു. സെനഗലിനെ കീഴടക്കി നോര്‍വേയും മുന്നേറി. നേരത്തെ മെക്‌സിക്കോയും യു.എസും ജര്‍മ്മനിയും റൗണ്ട് ഓഫ് 32ല്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചയോടെ 48 മത്സരങ്ങള്‍ പൂര്‍ത്തിയാകും. അതോടെ എല്ലാ ടീമുകളും രണ്ടു മത്സരങ്ങള്‍ പിന്നിട്ടിരിക്കും. ആദ്യ റൗണ്ടില്‍ 24 മത്സരങ്ങള്‍ കൂടിയുണ്ട്. ജൂണ്‍ 28വരെയാണ് ആദ്യറൗണ്ട് മത്സരങ്ങള്‍.

റൗണ്ട് ഓഫ് 32 ല്‍ ഇനി 26 ടീമുകള്‍ക്കുക്കൂടി അവസരമുണ്ട്. 12 ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരിലെ മികച്ച എട്ടു ടീമുകളുമാണ് രണ്ടാം ഘട്ടത്തില്‍ കളിക്കുക. തുടരെ സംഭവിച്ച സമനിലകളാണ് പല പ്രമുഖ ടീമുകളുടെയും നോക്കൗട്ട് റൗണ്ട് പ്രവേശനം വൈകിക്കുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം തുടങ്ങിയ വമ്പന്‍മാരൊക്കെ അപ്രതീക്ഷിത സമനിലയില്‍പ്പെട്ടു. ബ്രിട്ടന്‍ ആദ്യ കളി ജയിച്ചു നില്‍ക്കുകയാണ്. ഘാനയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ വിജയിച്ചാല്‍ നോക്കൗട്ട് ഉറപ്പിക്കാം.
ബ്രസീലിന്റെ നെയ്മര്‍ മൂന്നാം മത്സരത്തിന് ഇറങ്ങുമെന്നാണു പ്രതീക്ഷ. പോര്‍ച്ചുഗല്‍-ഉസ്ബക്കിസ്ഥാന്‍ മത്സരത്തില്‍ സൂപ്പര്‍താരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലെത്തുമെന്നു കരുതാം. ഇന്ന് ഗോള്‍ അടിച്ചാല്‍ തുടര്‍ച്ചയായി ആറു ലോകകപ്പിലും ഗോള്‍ നേടിയ താരമെന്ന തിളക്കമേറിയ റെക്കോര്‍ഡ് ക്രിസ്റ്റിയാനോയ്ക്കു സ്വന്തമാകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക