
പരമപിതാവാം ദൈവത്തെ,
കണികാണാന്‍ കഴിയാത്തോര്‍ക്കും,
നല്‍ക്കണിയേകുന്നതിരുദൈവം
അച്ഛനുമമ്മയുമീമന്നില്‍.
'അപ്പന്‍', അപ്പം നല്‍കിയവന്‍,
അദ്ധ്വാനത്തിന്‍ പ്രതിപുരുഷന്‍;
ഒളിമങ്ങാത്ത വെളിച്ചമായി,
എന്നെ നയിക്കുന്നീ വഴിയില്‍....
അറിവിന്‍ കൈത്തിരി കത്തിച്ച
അര്‍ത്ഥ തലങ്ങള്‍ തുറന്നിട്ട,
സ്‌നേഹത്തിന്‍ കരവലയത്തില്‍
വലുതായിട്ടും 'കൊച്ചായ്' ഞാന്‍.
കഥകള്‍ കേട്ടു രസിച്ചീടാന്‍,
ഫലിതം കേട്ടു ചിരിച്ചീടാന്‍;
ഉപദേശങ്ങള്‍ ശ്രവിച്ചീടാന്‍;
പ്രതിസന്ധികളില്‍ മുന്നേറാന്‍.
ഹൃദയക്കോവിലിലിന്നോളം,
നിര്‍വൃതി ദായകമാം പൂജ,
പിതൃസ്മരണയിലെന്‍ യാത്ര,
ദിനരാത്രങ്ങളില്‍ മുന്നോട്ട്...
പതിനെട്ടിന്‍ പടിവാതില്ക്കല്‍,
എന്നെ വിരഹാതുരയാക്കീ
മരണത്തില്‍ മഞ്ചലിലേറി,
മറഞ്ഞു വിശ്രമതീരത്ത്.
അരനൂറ്റാണ്ടു കഴിഞ്ഞിട്ടും,
അരൂപിയായ്ക്കരുത്തേകുന്ന;
ഇടയ്ക്കിടെ കുളിരോളങ്ങള്‍,
ഇളക്കിടുന്നാ മുഖചിത്രം;
അപ്പന്‍ അപ്പം നല്‍കിയവന്‍,
പ്രിയങ്കരനാം ഗുരുനാഥന്‍,
മനസ്സില്‍ കണ്ണാടിയിലൂടെ
മഹത്തര ദൃശ്യങ്ങള്‍ മാത്രം.
നിശ്ശബ്ദതയുടെ സംഗീതം,
നിദ്രയിലാഴ്ത്തും നിമിഷങ്ങള്‍;
സ്മരണാഞ്ജലിയോടിപ്പുത്രി-
നമിക്കുന്നങ്ങേ പദമുദ്ര!