
തന്‍റെ ദൈവങ്ങള്‍ കാലഹരണപ്പെട്ടുപോകും എന്ന് ഹോമറിന് അറിയില്ല .പക്ഷെ ദീപ്തമായ ഭാവനയില്‍ ഒരുക്കിയെടുത്ത ആ വാഗ്മയ ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ ഇന്നും നമ്മുടെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നു
ഒരു കവിതയില്‍ എന്താണ് നമ്മെ ആകര്‍ഷിക്കുന്നത് ?ഈണം?മുദ്രവാക്യ സ്വഭാവം?നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഇമേജുകള്‍ ?ആശയ ഗാംഭീര്യം ?കാലത്തെ അതിലംഘിക്കുന്ന ചിന്തയുടെയും ഇമെജുകളുടെയും ആവിഷ്ക്കാരം ?ഏതു തരം വായനക്കാരനാണ് നിങ്ങള്‍ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത് .ഏതു വാക്കുകളും ഈണതിനു വഴങ്ങുമെന്നത് കൊണ്ടു വരി മുറിച്ച കേകയിലെ അഭ്യാസപ്രകടനങ്ങള്‍ പോലും കവിതയായി ചിലര്‍ കരുതാം .ഓരോരുത്തര്‍ക്കും അവരവര്‍ ആഗ്രഹിക്കുന്ന കവിത .പല പാട്ടുകളും അതീവ ഹൃദ്യമായ ഗാനങ്ങള്‍ പോലും ഇങ്ങനെ ചെറിയ വാചകങ്ങള്‍ ചേര്‍ത്തു വെച്ച സംഗീതാവിഷ്ക്കാരമാണ്.അത് ഭരണ വിരുദ്ധമോ സാമ്രാജ്യത്വ വിരുദ്ധമോ ആകുമ്പോള്‍ അതിനു മുദ്രാവാക്യ സ്വഭാവം കൈവരുന്നു .ഈണവും ആഹ്വാനവും ചേരുമ്പോള്‍ അത് മനസ്സിനെ കുടുതല്‍ മദിക്കും സാധാരണക്കാരനെ ആകര്‍ഷിക്കും .പക്ഷെ ഇവിടെയും കവിത അകന്നു നില്‍ക്കുകയാണ് .നമ്മെ ചിന്തിപ്പിക്കുന്ന കുടുതല്‍ അഗാധമായി നമുടെ ഭാവനയെയും ചിന്തയേയും ഉദ്ദീപിപ്പിക്കുന്ന വരികളായി അത് മാറുമ്പോഴേ നല്ല കവിത രൂപപ്പെടു.അത് കാലത്തെ കവച്ചു വെയ്ക്കുന്നതും കാലികവുമാകണം.ഒരു കാലത്ത് രാഷ്ട്രീയമായി ശരിയെന്നു തോന്നിയതാവില്ല കാലത്തെ കവച്ചു വെയ്ക്കുന്ന കവിത .

ക്രിസ്തുവിനു മുന്‍പ് അപ്പോളോയും അഥിനി ദേവിയും സ്യുസും ഒളിമ്പസ്സില്‍ യഥാര്‍ത്ഥ ദൈവങ്ങളായി വാഴുമ്പോഴാണ് ഹോമര്‍ തന്‍റെ ഇലിയഡും ഒഡിസിയും രചിക്കുന്നത് .അല്ലെങ്കില്‍ സോഫോക്ലീസും യൂറിപിഡിസും നാടകങ്ങള്‍ രചിക്കുന്നത് .
അന്നത്തെ യഥാര്‍ത്ഥ പേഗന്‍ ദൈവങ്ങള്‍ക്ക് മുന്‍പില്‍ അവരെ കണ്ടും അവരുടെ ചെയ്തികളെ വാഴ്ത്തിയും കുറ്റപ്പെടുത്തിയും അന്ധനായ ഹോമര്‍ ഒരു യുദ്ധത്തിന്‍റെ കഥ എഴുതുന്നു ആ യുദ്ധത്തില്‍ ,തട്ടി കൊണ്ടുപോകപെട്ട ഹെലന്‍ രാജ്ഞിയായി വാഴുമ്പോള്‍ അവരെ മോചിപ്പിക്കാന്‍ പോയവരും തട്ടികൊണ്ട് പോയവരും യുദ്ധത്തിലും പ്രയാനത്തിലും ഏതാണ്ട് പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യപ്പെടുന്നു .ദൈവങ്ങളുടെ ചെയ്തികളെ മനുഷ്യന്‍റെ കണ്ണിലൂടെ നോക്കി കാണുകയാണ് ഹോമര്‍ ചെയ്തത് .ആ ദൈവങ്ങള്‍ കുറെ കാലത്തിനു ശേഷം കാലഹരണപ്പെട്ടുപോകും എന്ന് കവിക്കറിയില്ല .പക്ഷെ ദീപ്തമായ ഭാവനയില്‍ ഒരുക്കിയെടുത്ത ആ വാഗ്മയ ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍, കഥസന്ദ്ര്ഭങ്ങള്‍ ഇന്നും നമ്മുടെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നു .,മനുഷ്യനെപോലെ ക്രോധവും ക്രൂരതയും സ്നേഹവുമെല്ലാം കാണിച്ച പാവം ദൈവങ്ങള്‍ ഇന്നും നമ്മുടെ ചിന്തകളില്‍ നന്മ തിന്മകളെ പറ്റി ,ധീരതയെപറ്റി , നഷ്ടങ്ങളെ പറ്റി പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു .മനുഷ്യന്‍റെ നിസ്സഹായതയില്‍ നിന്ന് രചിച്ച കാവ്യമാണ് അത് .മനുഷ്യനെ വെച്ചു പന്താടുന്ന ദൈവങ്ങളുടെ കഥയാണത് .കാലമേറെയായിട്ടും ഇന്നും അവ പ്രസക്തമായി നിലകൊള്ളുന്നു .അത് കാലത്തെ വെല്ലുന്ന ചിന്തയുടെ കഥാപാത്ര സൃഷ്ടിയുടെ , കാവ്യ ബിംബങ്ങളുടെ ശക്തിയാണ് .എത്ര ദൈവങ്ങള്‍ ഇല്ലാതായാലും ആ അന്ധനായ കവിയുടെ തൂലികയില്‍ നിന്നുള്ള വാക്കുകള്‍ ഓരോ തലമുറയെയും മദിപ്പിച്ചു കൊണ്ടിരിക്കും .

ജീവിതാന്ത്യത്തില്‍ അന്ധനായി മാറിയ കവി ജോണ്‍ മില്‍ട്ടന്‍റെ കാര്യമെടുക്കുക .ഇന്നും വിശ്വസിക്കപ്പെടുന്ന ഒരു മത ലോകത്തില്‍ നമുക്ക് അറിവില്ലാത്ത സ്വര്‍ഗ്ഗ നരകങ്ങളാണ് അദ്ദേഹത്തിന്‍റെ കണ്ണില്‍ തെളിയുന്നത് .അദ്ദേഹത്തിന്‍റെ കണ്ണില്‍ ഈശ്വരന്‍ ജനിക്കുകയും ചെകുത്തന്മാര്‍ക്ക് പുതിയ ജീവന്‍ ലഭിക്കുകയും ചെയ്യുന്നു . കാണപ്പെടാത്ത ഒരു ലോകം യഥാതഥമായി അവരിപ്പിക്കുക എന്ന വെല്ലുവിളി നേരിട്ടയാളാണ് ദാന്തെയും .
എന്താണ് അവരെ അടയാളപ്പെടുത്തിയത് ?മനുഷ്യനോടുള്ള അഗാധമായ പ്രണയം. . തീ മനുഷ്യര്‍ക്ക് ദൈവങ്ങളില്‍ നിന്ന് മോഷ്ടിച്ചാണെങ്കിലും നല്‍കാമെന്നു പ്രോമത്യൂസ് കരുതുന്നു .രാജനീതി എതിരാണെങ്കിലും സഹോദരന്‍റെ ജഡം അടക്കം ചെയ്യുക സഹോദരി എന്ന നിലയില്‍ തന്‍റെ കടമ ആണെന്ന് ആന്റിഗണി കരുതുന്നു .പ്രതികാരത്തില്‍ വെന്തുരുകുന്ന മീഡിയ .ഇതെല്ലാം ആ പേഗന്‍ കാലത്തിന്‍റെ സംഭാവനയാണ് .അവ,വ്യക്തിയും സംഭവവും , കാലത്തെ അതിലംഘിക്കുന്ന ബിംബങ്ങളായി മാറുന്നു .
കാലത്തെ മറികടക്കുന്ന ചിന്ത എന്ന് പറയുമ്പോഴാണ് അവ എത്രമാത്രം കാലത്തില്‍ ഇഴുകി ചേര്‍ന്നിരിക്കണമെന്നു കൂടി നാം ഓര്‍ക്കേണ്ടത് .ആശാന്‍ കവിത എഴുതിമ്പോള്‍ ഉപയോഗിക്കുന്ന ഇമേജുകള്‍ ആ കാലവും കാവ്യസംസ്കാരവും നല്‍കിയവ മാത്രമേ ആവൂ .അദ്ദേഹത്തിന്റേതു വീണ പൂവും പക്ഷികളും മൃഗങ്ങളും ഉള്ള ഒരു ലോകമാണ് . .ആശാന് നിലവിലുള്ള കാവ്യബിംബങ്ങളി നിന്നുള്ള മോചനം അസാധ്യമായിരുന്നു അത് അദ്ദേഹം ആശയപ്രകടനത്തില്‍ ശക്തമായ ബിംബമാക്കി മാറ്റി എന്നതാണ് അദ്ദേഹത്തിന്‍റെ ഗാംഭീര്യം .വീണപൂവില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന തന്‍റെ മാനസ പ്രണയിനിയെ ആയാലും ,സീതയെ ആയാലും , ആ കാലഘട്ടത്തിന്‍റെ കണ്ണില്‍ ഏറ്റവും പുരോഗമനപരമായ കാഴ്ച്ചപ്പാടോടെയാണ് അദേഹം അവതരിപ്പിച്ചത് .ആ കാവ്യബിംബങ്ങളെ പറ്റി അസാധാരണമായ ഒരു മൗലിക പഠനമാണ് ഡോ .ലക്ഷ്മി പി ജൂണിലെ സാഹിത്യ ചക്രവാളത്തില്‍ എഴുതിയ ലേഖനത്തില്‍ നടത്തുന്നത് .നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കവിക്കു ലഭിക്കാവുന്ന വലിയ ആദരം .
അദേഹം എഴുതിയിരുന്ന അതേ കാലത്താണ് ടി എസ് എലിയട്ടും യേറ്റ്സും ആധുനികതയുടെ വരവറിയിച്ചത് . എന്തിനു ടാഗോറിന്റെ മിസ്റ്റിക് കവിതകള്‍ പുറത്തു വന്നത് .അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന കവിയായിരുന്നു ടാഗോര്‍ എങ്കിലും അദേഹം തനിക്ക് ചേര്‍ന്നൊരു ലോകത്തിന്റെ കവിതകളാണ് രചിച്ചത് . അത് അന്നത്തെ കവിതാ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു എങ്കിലും ആ കാവ്യസംസ്കാരത്തില്‍ അടിയുറച്ചതായിരുന്നു . മാറ്റുവിന്‍ ചട്ടങ്ങളെ പോലെ മുദ്രവാക്യപരത വരുന്ന കാവ്യ ശകലങ്ങള്‍ ഉണ്ടെങ്കിലും ആത്യന്തികമായ സ്നേഹത്തില്‍ കൊരുത്ത പൂക്കളാണ് അദ്ദേഹത്തിന്‍റെ കവിതകള്‍ .കാലത്തെ ഭേദിക്കുന്ന ചിന്തകളുടെ സമാഹാരം .
ഉപബോധമനസ്സില്‍ സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് മനോവിശ്ലേഷണത്തിലൂടെ അറിയുകയേ നിര്‍വാഹമുള്ളു .ലീലയെ ലക്കാന്‍ കഴ്ചപാടിലൂടെ നോക്കിക്കാണുന്ന ഡോ സുഹാസിനി ആ ലോകത്തിലേക്ക് എത്തിനോക്കിയിരിക്കാം .
എന്തായാലും കാലം മാറുന്നത് അനുസരിച്ചു കാവ്യ ബിംബങ്ങളിലും ചിന്തകളിലും മാറ്റം ഉണ്ടായേതീരു .അതായത് ഇന്നത്തെ ഒരു കവിക്ക് പഴകിയ ബിംബങ്ങള്‍ അര്‍ത്ഥഗര്‍ഭമായി ഉപയോഗിക്കാന്‍ എളുപ്പമല്ല അത് തേഞ്ഞ പദപ്രയോഗം മാത്രമായി മാറും .അതിനു പുതിയ നവീനമായ ആശയങ്ങളും അതിനു ചേര്‍ന്ന വര്‍ത്തമാനകാല ബിംബങ്ങളും കണ്ടെത്തണം .നമ്മുടെ ജീവിതത്തിലെ മാറ്റങ്ങള്‍ അനുസരിച്ചുള്ള ബിംബങ്ങള്‍ ഇന്നത്തെ കവിതയില്‍ പ്രതിഫലിക്കണം .വിസ്ലാവ സിമ്പോര്സ്ക്കയില്‍ എന്നത് പോലെ .അവരുടെ കാവ്യലോകത്തില്‍ ലോകവും ജീവജാലങ്ങളും നിത്യ ജീവിതവൃത്തിയുമെല്ലാം അര്‍ത്ഥഗര്‍ഭമായ ബിംബങ്ങള്‍ ആകുന്നു.അങ്ങനെ കവിത എഴുതുന്ന എത്രപേര്‍ ഉണ്ട് ഇന്ന് നമുക്കിടയില്‍ ?