
നാട്ടിൽ നല്ല മഴയാണെന്നും മഴയത്തോടിക്കിതച്ച് ബസിൽ കയറിയെന്നും വയനാടുനിന്ന് ഒരു സുഹൃത്ത് മെസേജയച്ചു. ഇവിടെ പെറില്ലോയിലെ പൊരിവെയിലത്തിരുന്ന് ഞാനാ മെസേജ് വായിച്ചു. വെയിലത്ത് ഉണങ്ങാനിരിക്കുന്നത് ഇന്നാട്ടുകാർക്ക് പതിവാണല്ലോ. എന്നാ നമ്മക്കങ്ങനെയാണോ ?
ഇത്തിരി വെയിലാറിയിട്ട് പുറത്തിരുന്നാ പോരെന്ന് ഞാൻ ഓൾഗയോട് ചോദിക്കും....
"ഓജി എ ബോണ ജൊർണാത. " ഇന്ന് എന്ത് നല്ല ദിവസാ എന്ന് ഓൾഗ
ഉവ്വ . ഈ തീ കോരി ഇടണ വെയില് നല്ലതാത്രെ. ഒന്ന് പോ എൻ്റെ അമ്മാമേ എന്ന എൻ്റെ മുഖഭാവത്തിലേക്ക് ഓൾഗയുടെ ആക്ഷൻ ക്വസ്റ്റ്യൻ
എന്താ നിനക്ക് വെയിലിഷ്ടല്ലേ ?
എനിക്കി തീവെയിൽ ഇഷ്ടമേയല്ല
ഇതെന്നിലെ കറുപ്പിൻ്റെ കട്ടികൂട്ടും.
ഞാനൊളിപ്പിച്ച് വച്ച കുത്തും കോമയും തെളിയിച്ചെടുക്കും
പൂത്തു നിൽക്കുന്ന സ്വപ്നങ്ങളെ കരിയിച്ചുണക്കും
അവസാന നനവും ഒപ്പിയെടുത്തൂഷരയാക്കും
അടക്കിയാലുമടങ്ങാത്ത ദാഹത്താൽ വലയിക്കും
മരുപ്പച്ചകൾ തേടിയോടാൻ പ്രേരിപ്പിക്കും
തിളങ്ങുന്ന പകൽക്കെണികളിൽ കൊണ്ടു ചാടിക്കും
അതിനാൽ .....
ഈ തീപകൽ എനികിഷ്ടമേയല്ല നൊണ്ണാ ...... എന്ന ഭാവസാന്ദ്രമായ എൻ്റെ കവിതാ ശകലങ്ങൾ കേട്ട് കണ്ണു നിറച്ച് ഓൾഗ പറയും.
"നോൺ തി പ്രിഒക്കുപ്പാരെ. സിയേദി ദേന്ത്രോ. അമോരേ.... വായ് " വെഷമിക്കണ്ട. നീ അകത്തിരുന്നോ. പ്രിയപ്പെട്ട കുട്ടി നീ പോകൂ ..... "
ഈയിടെയായി ഓൾഗ എൻ്റെ വഴിക്ക് വന്ന് തുടങ്ങുന്നതിൻ്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. അമോരേ.......എന്ന് ഇടയ്ക്കൊക്കെ സ്‌നേഹത്തോടെ വിളിക്കുന്നുണ്ട്. തല്ലുപിടുത്തം ഈയിടെ തീരെ കുറവാണ്. വട്ടെളകുമ്പോ മലയാളം കഥകളും കവിതകളും വായിച്ച് കേൾപ്പിക്കും. എന്താന്നറിയില്ല . ആള് ഒക്കെ ആവും അപ്പോ. വികാരസാന്ദ്രമായ എൻ്റെ വായനയാണോ അതോ എന്തെടുത്താ ഇവൾടെ തലമണ്ട തല്ലി പൊട്ടിക്കണ്ടന്നാലോയ്ച്ചാണോ എന്നറിയില്ല. ഇപ്പൊ സ്മൂത്തായി പോകുന്നുണ്ട്. ഗിയർ എപ്പ വേണേലും മാറാം.
ഇതെഴുതിക്കൊണ്ടിരുന്നപ്പോ പെട്ടെന്ന് അന്തരീക്ഷം മാറി. മഴക്കോള് കാണാനുണ്ട്. കാറ്റ് വീശുന്നുണ്ട്. എനിക്കിഷ്ടം ഈ കാലവസ്ഥയാണ്. മയിലിനെപോലെ പീലിവിടർത്തിയാടാൻ പ്രേരിപ്പിക്കുന്ന അന്തരീക്ഷം.