Image

സെബീന റാഫി ; 'ചവിട്ടുനാടകം' എന്ന കലാരൂപത്തിന്റെ രക്ഷക : ആർ. ഗോപാലകൃഷ്ണൻ

Published on 22 June, 2026
സെബീന റാഫി ; 'ചവിട്ടുനാടകം' എന്ന കലാരൂപത്തിന്റെ രക്ഷക : ആർ. ഗോപാലകൃഷ്ണൻ

'കാറൽമാൻ ചരിതം' 'നെപ്പോളിയൻ ചരിതം' ഇത്യാദി കഥകൾ കേരളത്തിലെ ഒരു പ്രാചീന കലയുടെ ഉള്ളടക്കമായി എന്നത് വിസ്മയകരമാണ്- എന്നാൽ ചവിട്ടു നാടകത്തിന്റെ കാര്യത്തിൽ ഇത്ഒരു വാസ്തവമാണ്. 'ചവിട്ടുനാടക'ത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ വശങ്ങളെക്കുറിച്ചുള്ള ആദ്യ സാംസ്‌കാരിക ഗവേഷണം നടത്തിയത്, സെബീന റാഫി ആണ്. എഴുത്തുകാരി എന്ന നിലക്കുള്ള മറ്റു സംഭാവനകൾക്ക് ഇതിനു ശേഷമുള്ള ഒരു പ്രാധാന്യമേ കല്പിക്കാനാകൂ...

നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്നു പോഞ്ഞിക്കര റാഫിയുമായി ചേർന്നുള്ള സഹിത്യ- സാംസ്‌കാരിക പ്രവർത്തമായിരുന്നു ഇവരുടേത്.

ഗോതുരുത്ത് മനയ്ക്കിൽ‍ കുടുംബാംഗമായിരുന്നു. അച്ഛൻ ജോസഫ്, അമ്മ മറിയാമ്മ. ജനനം: 1924 ഒക്ടോബർ 6-ന്. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. ചരിത്രകാരനും സാഹിത്യകാരനുമായ പോഞ്ഞിക്കര റാഫിയുടെ ഭാര്യയാണ്.1963 -ൽ ആണ് ഈ വിവാഹം.

വളരെ ചെറുപ്പത്തിൽത്തന്നെ ചവിട്ടുനാടകങ്ങൾ കണ്ടു വളരാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു.

ദീര്‍ഘനാളത്തെ പഠനത്തിനുശേഷം ചവിട്ടുനാടകത്തെക്കുറിച്ച് ഒരു പഠനഗ്രന്ഥം ടീച്ചര്‍ എഴുതി. 1964-ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചവിട്ടുനാടകത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ വശങ്ങളെക്കുറിച്ചും ചവിട്ടുനാടക കർത്താക്കളെക്കുറിച്ചും പ്രാചീന നടന്മാരെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന 'ചവിട്ടുനാടകം'എന്ന കൃതി രചിച്ചു. ചവിട്ടുനാടകത്തെക്കുറിച്ചുള്ള രേഖപ്പെടുത്തലുകളിൽ ആധികാരിക ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു.

മദ്ധ്യ കേളത്തിലെ പടിഞ്ഞാറൻ തീരദേശങ്ങളില്‍ സജീവമായി ഉണ്ടായിരുന്ന 'ചവിട്ടുനാടകം' എന്ന കലാരൂപത്തിന്റെ രക്ഷകയായിരുന്നു അവര്. അക്കാലങ്ങളിൽ അവർ അറിയപ്പെട്ടത് 'സെബീന മനയ്ക്കിൽ' എന്ന പേരിലാണ്. ചവിട്ടുനാടകസമിതിയില്‍, സെബീന നേതൃപരമായ പങ്കുവഹിക്കുകയും 1956-ല്‍ 'സാഹിത്യപരിഷത്ത്' മാസികയില്‍ ചവിട്ടുനാടകത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിക്കുകയയും ചെയ്തു. മഹാകവി വള്ളത്തോള്‍ അടക്കമുള്ള കലാപ്രേമികളുടെ ശ്രദ്ധയില്‍പ്പെട്ടു ഈ ലേഖനം.

1957-ലെ കോട്ടയം പരിഷത്ത് സമ്മേളനത്തില്‍ ഗോതുരുത്തിലെ ചവിട്ടുനാടകസംഘത്തിന് 'വീരകുമാരന്‍' നാടകത്തിലെ ഭാഗം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. പള്ളിമുറ്റങ്ങളില്‍ നിന്ന് ചവിട്ടുനാടകത്തിന് ആദ്യമായി മോചനം ലഭിച്ചതും അന്നായിരുന്നു.

നാടകംകണ്ട് ആകാശവാണി ഡയറക്ടര്‍ ജനറല്‍ ജെ.സി. മാത്തൂര്‍, ആകാശവാണി ഡ്രാമ പ്രൊഡ്യൂസര്‍ ആദി രംഗാചാര്യ, മറാഠി സാഹിത്യകാരന്‍ മാമാവരേക്കര്‍, ബംഗളി നാടകകൃത്ത് സച്ചിന്‍സെന്‍ഗുപ്ത, ഗുരു ഗോപിനാഥ് തുടങ്ങിയ പ്രമുഖര്‍ നല്ല അഭിപ്രായം പറഞ്ഞു. ടീച്ചറുടെ പ്രവര്‍ത്തനം സജീവമാകുന്നതിന് ഇത് സഹായിച്ചു.

1960-ല്‍ കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍, റിപ്പബ്‌ളിക്ദിന പരിപാടിയില്‍, 'ചവിട്ടുനാടകം' അവതരിപ്പിക്കുന്നതിന് മുന്‍കൈ എടുത്തതും സെബീനയാണ്. ജവാഹര്‍ലാല്‍ നെഹ്രു നാടകംകണ്ട് 'കാറല്‍സ്മാന്‍' നാടകത്തിലെ റോള്‍ദോന്റെ തൊപ്പിയെടുത്ത് തലയില്‍ വെച്ചു.

എന്‍.എസ്. മാധവന്റെ 'ലന്തന്‍ ബത്തേരിയിലെ ലുത്തിനീയകള്‍' എന്ന നോവല്‍ ചവിട്ടുനാടകസംഘത്തിന്റെ ഡല്‍ഹിയാത്ര വിശദമാക്കിയിട്ടുണ്ട്. പോഞ്ഞിക്കരസംഘം പോയതായാണ് മാധവന്‍ ചിത്രീകരിക്കുന്നത്. യഥാര്‍ഥത്തില്‍ ഗോതുരുത്തിലെ നാടകസംഘമാണ് ഡല്‍ഹിയില്‍ പോയത്.

കലാപ്രവര്‍ത്തനത്തിനുമുമ്പ് സാഹിത്യകാരിയെന്ന നിലയില്‍ സെബീന ടീച്ചര്‍ അംഗീകാരം നേടിയിരുന്നു. ആദ്യമായി പ്രസിദ്ധപ്പെടുത്തിയ പുസ്തകം 'ക്രിസ്തുമസ് സമ്മാനം' എന്ന ചെറുകഥ സമാഹാരമാണ്. 'ശുക്രദശയുടെ ചരിത്രം' എന്ന ഗ്രന്ഥവും രചിച്ചു.

പോഞ്ഞിക്കര റാഫിയുമൊത്ത് രചിച്ച കലിയുഗത്തിന് 1971-ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.

ഗ്രന്ഥകാരി എന്നനിലയിലും ചരിത്രഗവേഷക എന്നനിലയിലും ശ്രദ്ധേയമായ സംഭാവന നല്‍കിയ സാഹിത്യകാരിയായിരുന്നു സെബീന റാഫി.

റാഫി അന്തരിക്കുന്നതിനു രണ്ടു വർഷം മുമ്പ് 1990 ജൂൺ 22-ന് സബീന നിര്യാതയായി.

കൃതികൾ: 'ക്രിസ്തുമസ് സമ്മാനം'; 'ചവിട്ടുനാടകം'; 'കലിയുഗം' (പോഞ്ഞിക്കര റാഫിയുമൊത്ത്); 'ശുക്രദശയുടെ ചരിത്രം' (പോഞ്ഞിക്കര റാഫിയുമൊത്ത്)

 

 

 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക