
പുറകിലുയരുന്ന അത്തിക്കാവിൻ്റെ പുതിയ ശബ്ദത്തിന് കാതോർക്കാതെ ഇറങ്ങിനടക്കുമ്പോൾ ചേർത്തുപിടിച്ച് വളർത്തിയ ഹൃദയങ്ങളുടെ പിൻവിളികൾ ബഷീറിനെ തടയുന്നുണ്ടായിരുന്നു.
അതിലൊരു ഹൃദയം നിലച്ച വിവരമറിഞ്ഞാണ് ആറുമാസത്തിനിപ്പുറം ബഷീർ വീണ്ടും അത്തിക്കാവിലെത്തിയത്.
മനസ്സിലാക്കാൻ ശേഷിയുള്ള ഒരാളെങ്കിലുമില്ലാത്തിടത്ത് ഭാഷയ്ക്കെന്ത് പ്രാധാന്യമാണുള്ളത്. ഏതാനും വർഷങ്ങളായി സുഭദ്രാമ്മ ഈയൊരു അവസ്ഥയിലായിരുന്നു. താൻ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങൾ ഈ നാടിനെ സംബന്ധിച്ചിടത്തോളം കാലഹരണപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ മൗനിയായിരിക്കുക എന്നതിനേക്കാൾ മെച്ചപ്പെട്ട മറ്റൊരു തീരുമാനവും അവർക്ക്
എടുക്കാനുണ്ടായിരുന്നില്ല. ഒരു കാലത്ത് അത്തിക്കാവിൽ മുഴങ്ങിക്കേട്ടിരുന്ന ഗബ്‌ദം. പിന്നീട് പറഞ്ഞുകേൾക്കുന്നവർക്ക് വെറുമൊരു കഥയായി തോന്നുന്ന വിധത്തിലേക്ക് അവർ നിശബ്ദദയിലേക്കൊതുങ്ങി. അതേയൊതുക്കത്തിലൊരു ദിവസം അനന്തതയിലേക്ക് നിശബ്ദയായി സുഭദ്രാമ്മ യാത്രയായപ്പോൾ മറ്റേമ്മയോടൊപ്പം മറ്റുള്ളവരും അമ്പരന്നു.
മറ്റേമ്മ ഇപ്പോഴും ആ അമ്പരപ്പിൽ നിന്നുണർന്നിട്ടില്ല.
"മറ്റേച്ചി …. എന്തൊരിരുപ്പാത് ? ഒന്നുഷാറായേ. ഇനി മറ്റേച്ചി വേണം ഞങ്ങൾക്കൊരു ധൈര്യത്തിന്.“ ഉമ്മറത്തെ ചവിട്ടിൽ എതിർവശത്ത് പതിവുപോലെ വല്ല്യമ്മയിരിപ്പുണ്ട് എന്ന മട്ടിലിരിക്കുയായിരുന്നു മറ്റേമ്മ. കാപ്പിഗ്ലാസ് നീട്ടികൊണ്ടുനിൽക്കുന്ന ഉമചെറിയമ്മയേയും പ്രതിമ കണക്കേയിരിക്കുന്ന മറ്റേമ്മയേയും നോക്കി ബഷീർ കിണറിൻ്റെ അരമതിലിൽ ചാരി നിന്നു.
സാന്ത്വനിപ്പിക്കാൻ അടുത്തു ചെന്ന ഉമച്ചെറിയമ്മ മറ്റേമ്മയുടെ കൂർത്ത നോട്ടം നേരിടാനാവാതെ പതറിക്കൊണ്ട് ഉറക്കെ ഹരിയെ വിളിച്ചു. "എടാ ഹരി…. നീയി കാപ്പി ബഷീറിന് കൊടുക്ക്വ. മറ്റേമ്മയ്ക്കിപ്പോ കാപ്പി വേണ്ടാന്ന് തോന്നണു "
വർഷങ്ങളായി ഉമ്മറത്തെ ചുമരിൽ ഗാംഭീര്യത്തോടെയിരുന്നിരുന്ന മനുഷ്യർ കുടിയിറക്കപ്പെടുന്നു. പകരം പുതിയവ സ്ഥാനം പിടിക്കുന്നു. പുതിയ ഫോട്ടോകളുടെ കൂട്ടത്തിൽ വല്യമ്മയുമുണ്ടായിരുന്നു. അവസാനത്തെ ഫോട്ടോയും കൂടി തൂക്കിയിട്ട ശേഷം ഹരി കാപ്പിയെടുത്ത് ബഷീറിനടുത്തേക്ക് ചെന്നു.
"ഇക്ക എങ്ങനെയുണ്ട് വല്യമ്മയുടെ ഫോട്ടോ ? പണ്ടത്തെ ഫോട്ടോയാ…. അതുകൊണ്ട് ആ ഗാംഭീര്യം അതേപോലുണ്ട്. എന്നാലും പുതിയ ഈ ഫോട്ടോകൾക്കിടയിലിരിക്കാൻ വല്യമ്മയ്ക്കിഷ്ടംണ്ടാവാനിടയില്ല. അച്ഛൻ്റെ നിർബന്ധാ."
ബഷീർ ഹരിയെ നോക്കി പുഞ്ചിരിച്ചു. പുതിയ ഭരണപക്ഷത്തിൻ്റെ പുത്തൻ തീരുമാനങ്ങൾ!
" കാപ്പി എനിക്കും വേണ്ട ഹരി. “
" ഇക്കയിന്ന് പോവ്വ്വോ? അതോ … “
"കുറച്ച് കഴിഞ്ഞാലെറങ്ങും. നീ മറ്റേമ്മയെ ശ്രദ്ധിക്കണം. എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ എന്നെ വിളിക്കണം. "
ബഷീറിന് അവിടെ ആകെ വിശ്വാസമുണ്ടായിരുന്ന ഒരാളാണ് ഹരി. ഉമച്ചെറിയമ്മയ്ക്ക് വൈകിയുണ്ടായ മകനാണ്. മോഹനൻ ചെറിയച്ഛൻ്റെ കുത്സിതസ്വഭാവങ്ങൾ അവന് തീരെ കിട്ടിയിട്ടില്ല. ചടങ്ങുകൾക്കെത്തിയ ബന്ധുക്കളുടെ അടക്കം പറച്ചിലുകളിൽ നിന്നും മറ്റേമ്മയുടെ മൗനത്തിൽ പൊതിഞ്ഞ ഗൗരവത്തിൽ നിന്നുമായി ബഷീറിന് ഊഹിക്കാനായത് വല്യമ്മയുടേത് ഒരു സാധാരണ മരണമല്ലെന്നുള്ളതാണ്.
"ചായ്പ്പോളില് താമസിക്കണ വാടകക്കാരോട് ഒഴിയാൻ പറഞ്ഞേക്കാ. മറ്റേമ്മ ഒന്ന് കരഞ്ഞും കൂടീല്ല്യ. അതാൻ്റെ സങ്കടം. പാവം. എന്തായിരിക്കും ഉള്ളില് ? അച്ഛൻ്റെ തീരുമാനങ്ങളെ എതിർക്കാനും നിക്ക്ണില്ല്യ. പക്ഷേ ഇക്കേടെ മുറി തൊറക്കാൻ നോക്കീപ്പോ എതിർത്തു. തൊടാൻ പറ്റില്യാന്ന് ഉച്ചത്തി പറഞ്ഞു. അതെനിക്കിഷ്ടായി. കാര്യം എൻ്റച്ഛനൊക്ക്വാണ്. പക്ഷേ …. കുതന്ത്രത്തിന് അച്‌ഛനെ കഴിഞ്ഞേയുള്ളൂ. അമ്മ പിന്നെ അതിനൊക്കെ റാൻ മൂളി നിന്നോളും."
മറ്റേമ്മയുടെ മൂർച്ചയേറിയ മൗനത്തിന് തീർച്ചയായും എന്തെങ്കിലും കാരണം കാണും. അത് ചോദിച്ചറിഞ്ഞിട്ടെന്താണ് കാര്യം ? അല്ലെങ്കിൽത്തന്നെ ചോദിച്ചറിഞ്ഞ് പരിഹാരമുണ്ടാക്കാൻ താനവരുടെ ആരെങ്കിലുമല്ലല്ലോ. " അത് ചോദിക്കാൻ നീയാരാ …...?" എന്ന ചോദ്യം വീണ്ടും നേരിടേണ്ടിവരും. എന്താണുണ്ടായത് എന്നറിഞ്ഞിരിക്കാനായെങ്കിലും ഹരിയോട് ചോദിക്കാം. പക്ഷേ…. അറിഞ്ഞിട്ടെന്തിനാണ് എന്ന് മനസ്സ് മനസ്സ് പിൻവലിയുന്നു.
"ഇക്കാ … "ബഷീറിൻ്റെ മനസ്സ് വായിച്ചെന്നോണം ഹരി വിളിച്ചു.
"ഉം … " ചിന്തകളുടെ ഭാരമുള്ളൊരു മൂളലോടെ ബഷീർ വിളികേട്ടു.
മായയൊഴിച്ച് ഇളയവരായ കുട്ടികൾക്കെല്ലാം അയാൾ ഇക്കയാണ്. "ബഷീറിക്ക " എന്ന് വിളിച്ചാൽ മതിയെന്ന തീരുമാനം സുഭദ്രാമ്മയുടേതാണ് .
"അവൻ്റെ പേര് ബഷീർന്നാണെന്നും അവനൊരു ഇസ്‌ലാമാണെന്നും നമ്മക്കറിയാല്ലോ. അപ്പപ്പിന്നെ അവനങ്ങനെ വളരട്ടെ. നായർവീട്ടില് വളന്നോണ്ട് "ബഷീറേട്ടാ " ന്ന് വിളിക്കണ്ട ആവശ്യം ണ്ടോ ! ഇല്ലലോ. " ഇക്കയും ഏട്ടനും തമ്മിലുള്ള അർത്ഥഭേദങ്ങളോ സാമ്യങ്ങളോ ഒന്നും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലെങ്കിലും രണ്ട് വാക്കിൻ്റെയുമവസാനത്തെ നീട്ടലിൽ വിളിക്കുന്നയാളുടെ കരുതലാഗ്രഹിക്കുന്ന മനസ്സുണ്ടെന്നും സ്‌നേഹം പകരുന്ന ഹൃദയമുണ്ടെന്നും ബഷീറിനറിയാമായിരുന്നു. "ഇക്കാ …. " ദൂരത്ത് നിന്നൊരു കിളികൊഞ്ചൽ അപ്പോഴൊക്കെ അവൻ്റെ ചെവിയിൽ അലയടിക്കുന്നുണ്ടായിരുന്നു. മായയുടെ ഇക്കാ എന്ന വിളിക്കായി അപ്പോഴൊക്കെ അവൻ കൊതിച്ചു. പക്ഷേ…. മായ മാത്രം വിളിച്ചില്ല. ഒരിക്കലും വിളിച്ചില്ല.
"ഇക്കാ…… “ ഹരി പതിയെ വീണ്ടും വിളിച്ചു.
ബഷീർ ഓർമ്മയിൽ നിന്നുണർന്നു.
"ഇക്കാ…. വല്യമ്മ…. ഇവടന്ന് ചായ്‌പില് തമസിക്കണ ബിന്ദ്വേച്ചീടെ ഭർത്താവാ ഓടി വന്നത്. പുലർച്ച മൂന്ന് മൂന്നരമണിയായപ്പൊ . ഞങ്ങള് വേഗം വന്നു. അച്ഛൻ ആംബുലൻസ് വിളിച്ചു. അമ്മക്ക് ചെറിയ പനി ഇണ്ടാർന്നു. അതോണ്ട് ഞാൻ കൂടെ കേറാൻ നോക്കീതാ. അച്ഛൻ പറഞ്ഞു വേണ്ടാന്ന്. മറ്റേമ്മോടും വരണ്ടാ പറഞ്ഞു. നെഞ്ചുവേദന ആർന്നു. ആശൂത്രിലെത്തിപ്പഴ്ക്കും മരിച്ചൂന്നാ അച്ഛൻ പറയണെ. അറ്റാക്കാർന്നുത്രെ"
ബഷീർ ഒന്നുകൂടി അരമതിലിലേക്ക് അമർന്നുചാരി. വരണ്ടകാറ്റ് പെട്ടെന്നൂതി കടന്നുപോയി.
"മരിച്ചന്ന് എല്ലാരും കൂട്യാ ലാലൂര് കൊണ്ടോയി ദഹിപ്പിക്കാൻ തീരുമാനിച്ചെ. വല്ലിമ്മേടെ കയ്യി കെടന്ന വളേം മോതിരോം പിന്നെ മാലേം മറ്റേമ്മേടെ പെട്ടില് വെച്ച് പൂട്ടീണ്ട്. അത് മായേച്ചിക്കൊള്ളതാന്ന് എപ്പഴും പറയല്ണ്ട്ന്നാ അമ്മ പറയണെ. ഇന്ന് അടിയന്തരത്തിന് വന്നപ്പഴാ എല്ലാവരും പിന്നെ പ്രശ്‌നംണ്ടാക്കീത്. "
"ഇക്ക കണ്ടില്ലേ. വല്യമ്മമാരെല്ലാം പെണങ്ങിപ്പോയി. പുഷ്പവല്ല്യമ്മേടെ മോനല്ലേ മൂത്തത്. കർമ്മങ്ങള് ആ ഏട്ടനാരുന്നു ചെയ്യേണ്ടീത്. വിരലിട്ട ദർഭ മോതിരം ഊരി വീക്കിട്ട് ആള് എണീറ്റ് പോയി. ആൾക്ക് പണ്ടേ വല്ല്യമ്മേനെ ഇഷ്ടല്ലാർന്നു. എന്നാലും മരിച്ചാൾടെ എടുത്ത് എടുക്ക്വാൻ പാട്വോ ? ഇക്ക ആർന്നു ശരിക്കും കർമ്മം ചെയ്യേണ്ടീത്. വല്യമ്മക്ക് ഇഷ്ടായേനെ . "
" നീ ചെയ്തതും ഇഷ്ടാവും ഹരീ. നിന്നേം വല്ല്യ ഇഷ്ടല്ലാരുന്നോ?"
"എന്നാലും വല്ല്യമ്മ വീടിൻ്റെ ആധാരം എൻ്റെ പേരിലെഴുതിതെന്തോണ്ടാരിക്കും ഇക്കാ? മായേച്ചീടെ പേരിലോ ഇക്കാടെ പേരിലോ അല്ലേ എഴുതേണ്ടീർന്നേ ? അല്ലെങ്കി മറ്റേമ്മേടെ പേരിലെങ്കിലും … ഇനിപ്പോ എല്ലാവരും പറയണ പോലെ എൻ്റച്ഛൻ എന്തേലും ക്രിത്രിമം ചെയ്തോ ? അച്ഛനായോണ്ട് പറയാനും പറ്റില്ല “
"നിൻ്റെ പേരിലല്ലേ ഹരീ…. വല്യമ്മയ്ക്ക് നിന്നിലും ഒരു വിശ്വാസം ണ്ടാവും. മറ്റേമ്മേനെ നീ എറക്കി വിടില്ല്യാന്നൊറപ്പുണ്ടാവും … "
"വല്യമ്മ ഉള്ളപ്പ അച്ഛൻ ഈ വഴി വരാറില്ലല്ലോ. എന്നാ മറ്റേമ്മടടുത്ത് വല്യ സ്‌നേഹം കാണിക്കേം ചെയ്യും. അതിപ്പോ ഇത്തിരി ഓവറായിട്ട്ണ്ട് . വല്യമ്മ മരിച്ചേപ്പിന്നെ. അച്ഛൻ്റെ സൂത്രം ഒന്നും നടക്കാമ്പോണില്ല.. ആ…. ഞാൻ മേജറാവട്ടെ. "
" നീ ഇപ്പോ കൂടുതലൊന്നും ചിന്തിക്കണ്ട ഹരി. മറ്റേമ്മയെ ശ്രദ്ധിച്ചാമതി. ഞാനെറങ്ങാ."
ബഷീർ തറവാട്ടിൽ നിന്നിറങ്ങുമ്പോൾ മറ്റേമ്മ ഒന്ന് നോക്കുക മാത്രം ചെയ്തു. ഇടയ്ക്ക് ഞാൻ ജീവനോടിരിക്കുന്നുണ്ടോ എന്നന്വേഷിക്കണേ… എന്നായിരിക്കാം ആ നോട്ടത്തിൻ്റെ അർത്ഥം. "എന്നേക്കാൾ മുമ്പേ സൂദ്ര പൊക്കോട്ടെ. ഞാനാവുമ്പോ ഒരു നയത്തിനൊക്കെ നിക്കണോണ്ട് ആരേലും ഒക്കെ നോക്കും. സൂദ്ര അങ്ങനല്ലല്ലോ. ആരേം കൂസാണ്ട് ഓരോന്ന് പറയണോണ്ട് കണ്ണെടുത്താ കണ്ടൂടാത്തോരാ ചുറ്റും. “ എന്ന് എപ്പഴും പറയാറുള്ള ആളാണ്. വല്യമ്മയുടെ മരണത്തേക്കാൾ മുറിവേൽപിച്ച മറ്റെന്തോ ആ മനസ്സിലുണ്ട്. ആ മുഖത്തെ മുറുക്കത്തിന് വ്യക്തമായ കാരണവുമുണ്ട്.
"ബഷീറേ വലുതാവുമ്പോ നീയരാവും ?"
" പാപ്പുമാഷാവും വല്യമ്മേ…. കുട്ട്യോളെ പടിപ്പിക്കും. “
"എടാ ചെർക്കാ പാപ്പുമാഷല്ല. ബഷീർ മാഷാവുംന്ന് പറയണംട്ടോ. പിന്നെ നീ കുട്ട്യോളെ
പഠിപ്പിക്കണ്ട. അവര് നിന്നെ കണ്ട് പഠിക്കണം. അതിനെന്താ വേണ്ടേ?."
"എന്താ വേണ്ടേ വല്യമ്മേ ?"
"നീ നല്ലൊരു മനുഷ്യനാവണം. രണ്ട് കാലില് നടന്നോണ്ട് മനുഷ്യനാവ്വോ? ഇല്ല്യ. "
" മതി സൂദ്രേ . കുട്ടിക്ക് കൊർച്ചൂടെ പ്രാപ്തി ആയിട്ട് പൊരെ ഈ വേദാന്തം
പഠിപ്പിക്കല് . മോനിങ്ങ് വാ. മറ്റേമ്മ ഒരു കഥ പറഞ്ഞരാം."
വല്യമ്മയുടെ വേദാന്തങ്ങളും മറ്റേമ്മയുടെ പുരാണകഥകളും ഇടകലർന്ന തറവാട്ടിലെ കുട്ടിക്കാലസായാഹ്നങ്ങളോർത്തപ്പോൾ ബഷീറിൻ്റെ കണ്ണു നിറഞ്ഞു.. ഏതൊരാളും ചിന്തിക്കുന്നതുപോലെ വളരേണ്ടിയിരുന്നില്ല എന്ന് ബഷീറപ്പോൾ ചിന്തിച്ചു. കാലം ഇഷ്ടത്തിനൊത്ത് തിരിക്കാനൊക്കുന്ന ഒരു ചക്രമായിരുന്നെങ്കിലെന്ന് ചിന്തിച്ചു. ചിന്തകൾക്കൊപ്പമൊരു കുട്ടിയെപ്പോലെ വളവിലെ പാലമരവും കടന്ന് റോഡരികിലൂടെ ബഷീർ അത്തിക്കാവ് ജംങ്ഷനിലേക്ക് നടന്നു.
ഭ്രാന്തി കത്രീനേടെ ഉറക്കെയുള്ള തെറിവിളിയൊച്ചയിൽ ബഷീർ വർത്തമാന കാലത്തിലേക്കുണർന്നു. പഞ്ചായത്തിറക്കമിറങ്ങി അവർ വരുന്നുണ്ടായിരുന്നു. വാരിവലിച്ചുടുത്ത സാരിക്കും കത്രീനക്കും എന്നും ഒരേ നിറമാണ്. മുഷിഞ്ഞ ജീവിതത്തിൻ്റെ നിറം. അവരുടെ കയ്യിലെ കുപ്പിവളകൾക്കും കത്രീനയുടെ വായയ്ക്കും എന്നും ഒരേ നിറമാണ്. ചോരയുടെ നിറം. കത്രീനയെ പ്രായം ബാധിക്കിന്നേയില്ലെന്ന് ബഷീറിന് പണ്ടും തോന്നിയിട്ടുണ്ട്. ബഷീറിൻ്റെ ചെറുപ്പത്തിൽ കത്രീനയൊരു വയസ്സിയായിരുന്നു. ഇപ്പോൾ അവരൊരു ചെറുപ്പക്കാരിയും.
ബഷീറിനെ കണ്ട് കത്രീന തെറിവിളി നിർത്തി. ചിരിച്ചു. അടുത്തുവന്നു. ബഷീർ പോക്കറ്റിൽ തപ്പി. അമ്പത് രൂപയെടുത്ത് കൊടുത്തു. അവരത് വാങ്ങിയില്ല. ബഷീർ സദാനന്ദൻ്റെ കടയിലേക്ക് കയറി. രണ്ട് പാക്കറ്റ് തേൻനിലാവ് വാങ്ങി. കത്രീന കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എപ്പോഴും ബഷീറിൽ നിന്ന് അവരതേ വാങ്ങാറുള്ളൂ. പണ്ട് അത്തിക്കാവിലെ ഏത് വീട്ടിൽ നിന്നും കത്രീനയ്ക്ക് ഭക്ഷണം കിട്ടിയിരുന്നു. വിശക്കുന്നിടത്തെ വീട്ടിൽ കയറി കഴിക്കുക എന്നതായിരുന്നു ശീലം. കാലം
മാറിയതോടെ കത്രീനയ്ക്കും ശീലങ്ങൾ മാറ്റേണ്ടി വന്നു. അഭിമാനിയാണ്. എരക്കുകയോ കക്കുകയോ ചെയ്യില്ല. പട്ടിണിയെങ്കിൽ പട്ടിണി. ബഷീർ അമ്പത് രൂപ നിർബന്ധിച്ച് കൊടുത്തു. തേൻനിലാവ് പൊട്ടിച്ച് വായിൽവച്ച് നുണയുന്നതിനിടയിൽ കത്രീന ബഷീറിൻ്റെ ചെവിക്കരുകിലേക്ക് മുഖം ചേർത്ത് പറഞ്ഞു .
" നിൻ്റെ ഒരമ്മേനേം കൂടി അവര് കൊന്നുകളഞ്ഞൂലേ ?” ബഷീർ അന്തംവിട്ട് നിൽക്കെ കത്രീന തെറിപ്പാട്ടും പാടി മുന്നോട്ട് നടന്നു. അവർക്കെന്നും ബഷീറിനോട് സ്‌നേഹമായിരുന്നു. പലപ്പോഴും വഴിയിൽ തടഞ്ഞുനിർത്തി ശബ്‌ദം കുറച്ച് ചുറ്റുപാടും നോക്കി ഇതേപോലെ ബഷീറിൻ്റെ ചെവിക്കരിലേക്ക് ചുണ്ടു ചേർത്ത് അവർ മുമ്പുമിങ്ങനെ പറയാറുണ്ട് ….
"അത്തികാവിലമ്മയ്ക്കും എനിക്കും അറിയണൊരു രഹസ്യംണ്ട്. പക്ഷേ പറയാമ്പാടില്ല്യ." ബഷീറിൻ്റെ ചുണ്ടത്ത് വിരൽ ചേർത്തിവച്ച് "പറയാൻ പാടില്ല്യ" എന്നവർ പറയാറുള്ളത് വെറും ഭ്രാന്തായിരുന്നില്ലെന്ന ചിന്തയിൽ ബഷീർ ഞെട്ടി. പഞ്ചായത്തിറക്കമിറങ്ങി വരുന്ന തൃശൂർ ബസിലേക്ക് കയറുമ്പോൾ ബഷീറിൻ്റെ മനസിൽ വീണ്ടും വല്യമ്മ പലവട്ടം ചോദിചുറപ്പിക്കാറുള്ള ആ ചോദ്യമുയർന്നു.
" രണ്ട് കാലീ നടന്നോണ്ട് മനുഷ്യനാവ്വോ?......"
തുടരും.......