
എന്റെ പിതാവ്
ചിലകാര്യങ്ങളില്‍, വിശേഷിച്ച് എന്റെ കാര്യത്തില്‍ കാര്‍ക്കശ്യക്കാരന്‍ ആയിരുന്നെങ്കിലും നല്ലൊരു മനസ്സിന്റെ ഉടമ ആയിരുന്നു എന്റെ പിതാവ് ജോസഫ് കൂവള്ളൂര്‍. അദ്ദേഹം തൊമ്മന്‍ ജോസഫ് കൂവള്ളൂര്‍ എന്നും കൂവള്ളൂര്‍ പാപ്പച്ചന്‍ എന്നും അറിയപ്പെട്ടിരുന്നു. കടപ്ലാമറ്റം പള്ളിയില്‍ മിഷന്‍ ലീഗിനു നേതൃത്വം കൊടുക്കുകയും പുലയര്‍, പറയര്‍ എന്നി ദലിത് വിഭാഗക്കാരെ കൂട്ടിയിണക്കി കോലടി കളി, മാര്‍ഗം കളി, പുലിക്കളി എന്നിവയൊക്കെ ചില വിശേഷദിവസങ്ങളില്‍, വിശേഷിച്ച് ക്രിസ്തുരാജതിരുനാള്‍ സമയത്ത് നടത്തുന്നതിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. സാധുക്കളോട് പൊതുവെ കരുണയുള്ള ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. എന്റെ അമ്മയാണെങ്കില്‍ വീട്ടില്‍ വരുന്ന സാധുക്കളെ മാന്യമായി സ്വീകരിച്ചിരുത്തി ഭക്ഷണം കൊടുക്കുകയും തേങ്ങാ, ഉണക്കക്കപ്പ മുതലായവയോ അരിയോ കൊടുത്തുവിടുന്ന പതിവുള്ള സ്ത്രീരത്‌നവും.
കുരുത്തക്കേടു കാണിച്ചാല്‍ പിതാവ് എനിക്കു കടുത്ത ശിക്ഷ തന്നിരുന്നു. മുറ്റത്തു നിന്നിരുന്ന കമുകില്‍ കൈ രണ്ടും കെട്ടി പുളിവാറുകൊണ്ടുള്ള അടി. അതു ഭയപ്പെടാത്തവര്‍ ആരുണ്ട്. ഏറ്റവും പ്രിയപുത്രന്‍ നന്നാകണമെന്ന ഉദ്ദേശത്തോടെയുള്ള പിതാവിന്റെ കടുത്ത ശിക്ഷ. ആ ശിക്ഷ ഭയന്ന് ഞാന്‍ രണ്ടുതവണ വീടുവിട്ടിറങ്ങിപ്പോയ ചരിത്രം എഴുത്തുകാരന്‍ പി.വി ആല്‍ബി ഈ ബുക്കില്‍ വിവരിക്കുന്നുണ്ട്. ഒന്ന് പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പും, പിന്നീട് പ്രായപൂര്‍ത്തിയായ ശേഷവും.
1960 കളില്‍ കടപ്ലാമറ്റം സെയ്ന്റ് മേരീസ് ഇടവകയുടെ കൈക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് കടപ്ലാമറ്റത്ത് ഒരു ഹോസ്പിറ്റല്‍ ഇല്ലായിരുന്നു; ഡിസ്‌പെന്‍സറി മാത്രം. ഹോസ്പിറ്റലിന്റെ പദവി കിട്ടണമെങ്കില്‍ കിടത്തിച്ചികിത്സയ്ക്ക് ഒരു വാര്‍ഡും ആവശ്യത്തിന് മുറികളും വെള്ളവും ഉണ്ടായിരിക്കണം. അക്കാലത്ത്, 1969 -ല്‍ വികാരി ആയിരുന്ന ഫാ. അഗസ്റ്റിന്‍ വടക്കേടം പറഞ്ഞതനുസരിച്ച്, എന്റെ പിതാവിന്റെ കൈവശത്തിലുള്ള കൂവള്ളൂര്‍ കുളത്തിലെ വെള്ളം എടുക്കുന്നതിന് അനുവദിച്ചാല്‍ കടപ്ലാമറ്റത്ത് ഹോസ്പിറ്റല്‍ ഉണ്ടാവുമെന്ന് അന്നത്തെ പാലാ നിയോജകമണ്ഡലം എം.എല്‍.എ ആയിരുന്ന കെ.എം. മാണി ഉറപ്പു കൊടുത്തു. അതനുസരിച്ച് എന്റെ പിതാവ് കുളവും കുളത്തിനടുത്തുള്ള സ്ഥലവും പ്രതിഫലം പറ്റാതെ എടുത്തുകൊള്ളാനുള്ള അനുവാദം നല്‍കി.

താടി വച്ചയാൾ ജോസഫ് കൂവള്ളൂർ
അക്കാലത്ത് കടപ്ലാമറ്റത്തെ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് ആയിരുന്നു. അങ്ങിനെ വെള്ളത്തിനാവശ്യമായ കുളം പിതാവ് വിട്ടുകൊടുക്കാന്‍ തയാറായപ്പോള്‍ ഫാ. അഗസ്റ്റിന്‍ വടക്കേടം, ഞങ്ങളുടെ വീട്ടിലും വെള്ളം വരത്തക്കവിധത്തില്‍ ഒരു ടാപ്പ് മുറ്റത്തു സ്ഥാപിക്കാമെന്നും വാക്കാല്‍ പറഞ്ഞിരുന്നു. പക്ഷേ, രേഖാമൂലം എഴുതി വാങ്ങാന്‍ പിതാവ് ശ്രമിച്ചില്ല. കൂവള്ളൂര്‍ കുന്നിന്റെ മുകളില്‍നിന്നും ഒരു മോട്ടര്‍ വച്ച് കുന്നിന്റെ താഴെയുള്ള ഹോസ്പിറ്റലിലേക്ക് വളരെ ചെലവു കുറച്ച് വെള്ളം കൊണ്ടുപോകാന്‍ കഴിയും എന്ന് തിരുവനന്തപുരത്തുനിന്നു വന്ന ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞിരുന്നു. അതനുസരിച്ച് പ്ലാനും തയ്യാറാക്കി. 1968- 69 ല്‍ ആരോഗ്യവകുപ്പു മന്ത്രി ആയിരുന്ന ബി. വില്ലിംഗ്ഡണ്‍ വന്ന് പദ്ധതി ഉല്‍ഘാടനവും ചെയ്തു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കടപ്ലാമറ്റം പഞ്ചായത്ത് രൂപീകൃതമായി. അഡ്വക്കേറ്റ് ജോയി നടുക്കര പഞ്ചായത്തു പ്രസിഡന്റായിരുന്ന ആദ്യ കാലത്ത് കൂവള്ളൂര്‍ കുളത്തില്‍ ഒരു കിണര്‍ കുഴിപ്പിച്ച് കുളത്തിന്റെ കരയില്‍ ഒരു പമ്പ് ഹൗസും നിര്‍മിച്ചു. കുളത്തിന്റെ തെക്കേക്കരയില്‍ ഒരിക്കലും വറ്റാത്ത ഒരു ചെറിയ കിണര്‍ ഉണ്ടായിരുന്നു. കുളത്തില്‍ മണ്ണു മാറ്റിയപ്പോള്‍ പാറ കണ്ടതിനാല്‍ പാറ പൊട്ടിച്ചു കിണര്‍ താഴ്ത്തിയതോടെ കുളക്കരയുണ്ടായിരുന്ന കിണറിലെ വെള്ളം പാടേ വറ്റിപ്പോയി. എന്നുതന്നെയല്ല, ഒരിക്കലും വറ്റാത്ത കുളത്തിലെ വെള്ളവും കിണറ്റിലേക്കു താഴ്ന്നു. കിണര്‍ കോണ്‍ക്രീറ്റുപയോഗിച്ച് കെട്ടി, മുകളിലും കോണ്‍ക്രീറ്റിട്ട് പമ്പ് ഇറക്കിക്കഴിഞ്ഞാല്‍ ജനത്തിന് വെള്ളം കിട്ടാത്ത അവസ്ഥ വരും. അക്കാലത്ത് 200ലധികം കുടുംബങ്ങള്‍ കൂവള്ളൂര്‍ കുളത്തിന്റെ കരയിലുള്ള കിണറ്റിലെ വെള്ളമാണ് കുടിക്കാന്‍ വീടുകളിലേക്ക് കൊണ്ടുപോയിരുന്നത്. എത്രകോരിയാലും വറ്റാത്ത കിണര്‍! ആ കിണര്‍ വറ്റിയതോടെ ജനം അങ്കലാപ്പിലായി.
പ്രായപൂര്‍ത്തിയായശേഷം വീടുവിട്ടിറങ്ങിയ എന്റെ തിരിച്ചുവരവ് ആ സമയത്തായിരുന്നു. എന്റെ വീടിനു തൊട്ടുതാഴെ താമസിച്ചിരുന്ന പള്ളത്തുകുഴിയില്‍ കുഞ്ഞേപ്പ് ചേട്ടന്റെ വീട്ടില്‍ ഞാന്‍ താമസിച്ച് നാട്ടുകാരുടെ വെള്ളപ്രശ്‌നം എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് ഒരു കര്‍മപരിപാടി തയാറാക്കി. എന്റെ പിതാവിന്റെ ഒരു അകന്ന ബന്ധുവാണ് പള്ളത്തു കുഴി കുഞ്ഞേപ്പ് ചേട്ടന്‍. എങ്കിലും അദ്ദേഹം രാഷ്ട്രീയപരമായി എതിര്‍കക്ഷിക്കാരന്‍ ആയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ എതിരാളികള്‍ അക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാരായിരുന്നു. ഞാന്‍ ഇടതുപക്ഷ പാര്‍ട്ടി ആയിരുന്നെങ്കിലും നാട്ടുകാരെ എല്ലാവരെയും ഒരുപോലെ കണ്ടിരുന്നു. ഞാന്‍ പദ്ധതി തയ്യാറാക്കി - അന്നു വൈകിട്ട് കൂവള്ളൂര്‍ കുന്ന് നിവാസികളെല്ലാവരും കൂടി കടപ്ലാമറ്റം പഞ്ചായത്തു പ്രസിഡന്റിന്റെ മുമ്പിലേക്ക് ഒരു പന്തംകൊളുത്തി പ്രകടനം!
നാട്ടുകാരെല്ലാവരും എന്റെ പിന്നാലെ അണിനിരന്നു. കൊച്ചുകുട്ടികള്‍വരെ തലയില്‍ കുടം വച്ചുകൊണ്ടും മുതിര്‍ന്നവര്‍ പന്തംകൊളുത്തിയുമുള്ള ആ പ്രകടനം കടപ്ലാമറ്റത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ അവകാശസമരം ആയിമാറി.

കൂവള്ളൂർ കുളം
കടപ്ലാമറ്റം കവലയില്‍ എത്തിയപ്പോള്‍ പഞ്ചായത്തു പ്രസിഡന്റ് അഡ്വക്കേറ്റ് ജോയി നടുക്കര അദ്ദേഹത്തിന്റെ ബിസിനസ്സ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വന്നകാര്യം പറഞ്ഞു. ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചശേഷം മതി ഹോസ്പിറ്റലിന്റെ വെള്ളം എന്നുറക്കെ പ്രഖ്യാപിച്ചു. പിറ്റേന്ന് ദീപിക പത്രത്തിലും മനോരമയിലും വാര്‍ത്ത വന്നു. അന്നത്തെ കുടിനീര്‍ സമരത്തിന് മുദ്രാവാക്യം ഉണ്ടാക്കിയതും ഞാന്‍തന്നെ. നിമിഷനേരംകൊണ്ടുണ്ടാക്കിയ മുദ്രാവാക്യം ഏറെക്കുറെ ഇങ്ങിനെയാണ്:
'സമരം സമരം സിന്ദാബാദ്
കുടിനീര്‍ സമരം സിന്ദാബാദ്
ഐക്യമൈക്യം സിന്ദാബാദ്
കുടിനീര്‍ സമരം സിന്ദാബാദ്.
ഒന്നാണേ, ഒന്നാണേ, ഞങ്ങളെല്ലാം ഒന്നാണേ.
വെള്ളം ഞങ്ങളുടെ ജീവല്‍പ്രശ്‌നം.
പുറകോട്ടില്ല, പുറകോട്ടില്ല,
ഒരടി പോലും പുറകോട്ടില്ല.
വെള്ളം ഞങ്ങള്‍ക്കു കിട്ടിയേ തീരൂ.'
പിറ്റെന്നുമുതല്‍ എന്റെ നേതൃത്വത്തില്‍ കിണറിന്റെ കോണ്‍ക്രീറ്റിന്റെ ഫ്രെയിം എടുത്തുമാറ്റി ഞങ്ങള്‍ കിണറിന്റെ ആധിപത്യം കൈക്കലാക്കി.
ഇടതുപക്ഷക്കാരനായ ഞാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പാലായിലുള്ള പ്രമുഖ വക്കീലിനെ പോയിക്കണ്ടിരുന്നു. ഒരു പ്രദേശത്ത് ജനങ്ങളുടെ കുടിനീര്‍ പ്രശ്‌നത്തിനാണ് ഹോസ്പിറ്റലിന്റെ ആവശ്യത്തെക്കാള്‍ കൂടുതല്‍ പ്രധാന്യമെന്നും ജനങ്ങളുടെ ആവശ്യമേ പ്രാബല്യത്തില്‍ വരുകയുള്ളൂ എന്നും മറുപടി കിട്ടി. ആ പദ്ധതി അതോടെ മുടങ്ങി. തിരുവനന്തപുരത്തുനിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ആ കുളത്തില്‍നിന്നും ഹോസ്പിറ്റലിന് ആവശ്യമുള്ള വെള്ളം കിട്ടുകയില്ലെന്നും മനസിലാക്കി. പാലാ മീനച്ചില്‍ വാട്ടര്‍ അതോറിറ്റി വഴി പിന്നീട് ഹോസ്പിറ്റലിന് ജലം കിട്ടിത്തുടങ്ങി എന്നുള്ളതാണ് സത്യം. അതോടെ കൂവള്ളൂര്‍ കുളം പദ്ധതിക്ക് വിരാമമായി.

പഴയകാല സഹചാരികൾ

പല പദ്ധതികളും മുന്‍കൂട്ടിയുള്ള കാഴ്ചപ്പാടില്ലാതെയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. താല്‍ക്കാലികമായി എന്തെങ്കിലും പറഞ്ഞ് പദ്ധതികള്‍ കൊണ്ടുവരും, ഒടുവില്‍ അത് പൊതുജനത്തിനുതന്നെ പാരയായിത്തീരും. വൈദികന്‍ പറഞ്ഞപോലെ പദ്ധതിക്കു സ്ഥലം വിട്ടുകൊടുത്തെങ്കിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്റെ പിതാവിന്റെ പേരില്‍ പിന്നീട് കള്ളക്കേസുകള്‍വരെ കൊടുത്തതായി അറിഞ്ഞു. കടപ്ലാമറ്റത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസുകാരാണെന്ന് പറയാതെ വയ്യ.
ഉമ്മന്‍ ചാണ്ടി എം.എല്‍.എ ആകുന്നതിനുമുമ്പ് കേരളാ കോണ്‍ഗ്രസിന്റെ കോട്ടയായ കടപ്ലാമറ്റത്ത് അവരെ വെല്ലുവിളിച്ചതും ചായക്കടയുടെ ആവശ്യത്തിന് കീറിയിട്ടിരുന്ന വിറകുമുട്ടിക്ക് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ പുറത്തുനിന്നും വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ച് നിരപ്പാക്കിയതും പിറ്റെ ദിവസം സി.ആര്‍.പി എഫ്. വരെ കടപ്ലാമറ്റത്തു വന്നതും ഇന്നലെയെന്നോണം ഞാന്‍ ഓര്‍ക്കുന്നു. അതില്‍ എന്റെ സ്വന്തക്കാരായ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അടികിട്ടി. അടിച്ചതും സ്വന്തക്കാര്‍!
അങ്ങിനെ കേരളം ഇന്നും ആ നിലയില്‍ ജനങ്ങളെ വിഘടിപ്പിച്ചു കാര്യംകാണുന്ന രാഷ്ട്രീയക്കാരുടെ പിടിയില്‍ത്തന്നെ. ഈ നിലയ്ക്കു മാറ്റം വരേണ്ടിയിരിക്കുന്നു.
Read Part-1: https://www.emalayalee.com/news/372428