Image

അന്‍സിബ നാളെ മന്ത്രിയോ ജനറല്‍ സെക്രട്ടറിയോ ആകാം, ഒറ്റ ചോദ്യത്തിന് ശ്വേതയ്ക്ക് മറുപടി ഇല്ല, രാജിവച്ച് ഇറങ്ങിപ്പോയി': മാലാ പാര്‍വതി

Published on 22 June, 2026
അന്‍സിബ നാളെ മന്ത്രിയോ ജനറല്‍ സെക്രട്ടറിയോ ആകാം, ഒറ്റ ചോദ്യത്തിന് ശ്വേതയ്ക്ക് മറുപടി ഇല്ല, രാജിവച്ച് ഇറങ്ങിപ്പോയി': മാലാ പാര്‍വതി


കൊച്ചി: താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി അന്‍സിബയെടുത്ത നിലപാടിനെ പ്രശംസിച്ച് മാല പാര്‍വതി. സ്വജനപക്ഷപാതം, പണം ധൂര്‍ത്തടിക്കല്‍ അടക്കം അന്‍സിബ ഉന്നയിച്ച ഒറ്റ ചോദ്യത്തിനും ഭരണസമിതിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്‍സിബയില്‍ കണ്ടതെന്നും മാല പാര്‍വതി  പറഞ്ഞു.

'സ്വജനപക്ഷപാതം, പണം ധൂര്‍ത്തടിക്കല്‍ അടക്കം അന്‍സിബ ചോദിച്ച ഒറ്റ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ഒടുക്കം ഞാനും എന്റെ ഭരണസമിതിയും രാജിവെയ്ക്കുന്നുവെന്ന് മാത്രമാണ് ശ്വേതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്‍സിബയില്‍ കണ്ടത്. നാളെ ജനറല്‍ സെക്രട്ടറിയോ മന്ത്രിയോ ആയി അന്‍സിബ വരാം. അത്രയും വ്യക്തമായാണ് അന്‍സിബ സംസാരിച്ചത്. പിന്‍ ഡ്രോപ് സൈലന്‍സോടെ അമ്മ അന്‍സിബയെ കേട്ടു. അനൂപ് ചന്ദ്രനും കൊല്ലം തുളസിയും വേറെ രണ്ടുപേരും ഒഴികെ അന്‍സിബ പറഞ്ഞതില്‍ കണ്‍വിന്‍സ് ആയെന്ന് കരുതുന്നു', മാല പാര്‍വതി വിശദീകരിച്ചു. പുതിയ ഭരണസമിതിക്ക് റിപ്പോര്‍ട്ടും കണക്കും കൃത്യമായി അവതരിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്. സ്ത്രീകളായതിനാല്‍ ഉത്തരവാദിത്തം കുറച്ചുചെയ്യാന്‍ കഴിയില്ലല്ലോയെന്നും മാല പാര്‍വതി ചോദിച്ചു.

'അന്‍സിബയ്ക്ക് പുറമെ മല്ലികാ സുകുമാരനും എഴുന്നേറ്റ് നിന്ന് കണക്ക് കിട്ടിയില്ലെന്ന് പറഞ്ഞു. ബാബുരാജിന്റെ കാലത്തെ കണക്കുകളിലെ പിഴവാണ് റിപ്പേര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണമായി പുതിയ ഭരണസമിതി ഉയര്‍ത്തിക്കാട്ടുന്നത്. ബാബു രാജിനോട് ഇവര്‍ കണക്കുകള്‍ ചോദിച്ചിട്ടില്ല. ട്രഷററും ഓഡിറ്ററും കയ്യൊഴിഞ്ഞു. ഒരു വലിയ വിഭാഗം സ്ത്രീകള്‍ ആദ്യഘട്ടത്തില്‍ ശ്വേതയ്ക്കൊപ്പം ഉണ്ടായിരുന്നു. ശ്വേത പറയുന്നത് കേള്‍ക്കട്ടെയെന്ന നിലപാടിലായിരുന്നു. എന്നാല്‍ അന്‍സിബ കാര്യങ്ങള്‍ പറഞ്ഞതോടെ എല്ലാവരും കണ്‍വിന്‍സ്ഡ് ആയി. സത്യമുള്ള കുട്ടി. ആര്‍ജവത്തോടെ ശരി പറഞ്ഞു. ശ്വേതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഗണേഷ് കുമാര്‍ ആണ്. ഭരണപരിചയക്കുറവാണെന്നും സമയം കൊടുക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു', മാല പാര്‍വതി വ്യക്തമാക്കി.

ഭരണസമിതിക്ക് 17 പേരെ ഒരുമിച്ച് നിര്‍ത്താനായില്ലെന്ന വിമര്‍ശനവും മാല പാര്‍വതി ഉന്നയിച്ചു. ബാലിശവും അണ്‍പ്രൊഫഷണലുമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പണി അറിയാത്തവര്‍ ചെയ്യുന്ന പരിപാടിയാണ്. മാധ്യമങ്ങളിലൂടെ നമുക്ക് യുദ്ധം ചെയ്യാമെന്നാണ് ശ്വേത അവസാനം എന്നോട് പറഞ്ഞത്. യുദ്ധമോ സ്ത്രീകള്‍ തമ്മിലുള്ള പോരോ അല്ല. അന്‍സിബയുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞിട്ട് മാന്യമായി നില്‍ക്കാമായിരുന്നല്ലോ ശ്വേതയ്ക്ക്. പുറത്തിറങ്ങുമ്പോള്‍ ഇടവേള ബാബുവെന്നും ബാബുരാജ് എന്നും സിദ്ദിഖ് എന്നും പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ്. അന്‍സിബയുടെ പേര് പറയാന്‍ എന്തുകൊണ്ട് ധൈര്യം വന്നില്ല. ബാലിശമായാണ് പ്രസിഡന്‍ഷ്യല്‍ അഡ്രസ് ശ്വേത തുടങ്ങിയത്. 1500 രൂപ പെന്‍ഷന്‍ തരും, അടുത്ത ജനറല്‍ ബോഡി തായ്ലന്‍ഡില്‍ നടത്തും എന്നൊക്കെയായിരുന്നു പറഞ്ഞത്. അതോടെ ഗൗരവം നഷ്ടപ്പെട്ടു', എന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക