Image

അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ടാര്‍ഗെറ്റ് ചെയ്തു, ഇനി സാധാരണ മെമ്പര്‍'; തുറന്ന കത്തുമായി ടിനി ടോം

Published on 22 June, 2026
അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ടാര്‍ഗെറ്റ് ചെയ്തു, ഇനി സാധാരണ മെമ്പര്‍'; തുറന്ന കത്തുമായി ടിനി ടോം

കൊച്ചി: അമ്മ സംഘടനയിലെ കൂട്ട രാജിയില്‍ തുറന്ന കത്തുമായി നടന്‍ ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ചിലര്‍ തന്നെ ഉന്നമിട്ടുവെന്ന് ആരോപിക്കുന്ന കത്തില്‍ ഇനി സാധാരണ മെമ്പര്‍ മാത്രമായി സംഘടനയില്‍ തുടരുമെന്നും പറയുന്നുണ്ട്.

അന്‍സിബയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞതാണ്. ഒരു എഫ്ഐആര്‍ പോലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ ഇതൊന്നും മാധ്യമങ്ങളില്‍ പോയി പറയാന്‍ നിന്നില്ല. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തു. ആരോടും പറയാതെ ഇറങ്ങിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു. അമ്മയുടെ സാധാരണ മെമ്പറായി തുടരുമെന്നും ടിനി ടോം പറയുന്നു.

'ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു, അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് FIR എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം', എന്നാണ് കത്തില്‍ പറയുന്നത്.

അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. വൈകാരിക കുറിപ്പിലൂടെയായിരുന്നു രാജി. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. തന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.

ഇന്നലെയാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. ഇതോടെ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങള്‍.

നാല് മാസമായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടന്‍ ജഗദീഷാണ് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക