Image

അവസാന മുറി (നോവലെറ്റ്, മിനി സുരേഷ്)

Published on 21 June, 2026
അവസാന മുറി  (നോവലെറ്റ്, മിനി സുരേഷ്)

 

വൃദ്ധ സദനത്തിലെ ഏഴാം നമ്പർ മുറിയുടെ ജനലരികിൽ ഇരിക്കുകയായിരുന്നു ശാന്തമമ .

 പവിഴമല്ലിച്ചെടിയിൽ നിന്ന് കൊഴിഞ്ഞ് വീണ പൂക്കൾ മുറ്റത്ത് പരവതാനി വിരിച്ചത് പോലെ

കിടക്കുന്നു .

അടുത്തുള്ള മേശപ്പുറത്തിരുന്ന ഫോട്ടോ അവർ കയ്യിലെടുത്തു. മങ്ങിപ്പോയ ചിത്രത്തിൽ  മൂന്നു കുഞ്ഞുങ്ങൾ പുഞ്ചിരി തൂകി കൊണ്ട് അവരെ നോക്കി. ഏഴു വയസ്സുകാരൻ ശങ്കറും അഞ്ചു വയസ്സുകാരി ശ്രീകലയും അവരുടെ നടുവിലായി രണ്ടു വയസ്സുകാരി ശശികലക്കുട്ടിയും. മൂന്നു പേരും തന്നോട് പറ്റിച്ചേർന്നാണ് നിൽക്കുന്നത്. 

ഈ നെഞ്ചിലല്ലേ ഇവർ മൂന്നു പേരും കിടന്ന് വളർന്നത് . അവരുടെ മനസ്സിലൂടെ  കടന്നു പോയ ആചിന്ത അറിയാതെ കണ്ണുകൾ നിറച്ചു.

പക്ഷേ ആ കണ്ണുനീർ പുറത്തേക്ക് വരുന്നതിന് മുമ്പ് നേരൃതിൻ്റെ തുമ്പ് കൊണ്ട് അവർ കണ്ണുകൾ തുടച്ചു. 

മക്കളെ ഓർത്ത് കരയുന്നത് ശാന്തമ്മയ്ക്ക് ഇഷ്‌ടമല്ലായിരുന്നു. അവരെ ഓർത്ത് പ്രാർത്ഥിക്കാനായിരുന്നു അവർക്കെന്നുമിഷ്‌ടം.

ജനലിനപ്പുറം സന്ധ്യ മയങ്ങിക്കൊണ്ടിരുന്നു. ഓർമ്മകൾ ഓരോന്നായി മനസ്സിൽതെളിഞ്ഞ് 

വരുന്നു. ഭർത്താവ് മരിച്ച ദിവസം ആശ്വസിപ്പിക്കാനെത്തിയ പലരും സഹതാപത്തോടെ ചോദിച്ചു. 

" ഇനി എങ്ങനെയാ ശാന്തമ്മേ നീ കഴിയുന്നത് "

പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളേയും ചേർത്തുപിടിച്ചു നിന്നിരുന്ന അവർക്ക് അതിന് ഉത്തരമുണ്ടായിരുന്നില്ല.

പക്ഷേ ഒരു കാര്യം ഉറപ്പുണ്ടായിരുന്നു .

താൻ വീണു പോയാൽ കുഞ്ഞുങ്ങൾക്ക് ആരുമുണ്ടാകില്ല. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് രാഘവനും ശാന്തമ്മയും. രാഘവൻ്റെ മരണവിവരമറിഞ്ഞിട്ട് കൂടി ബന്ധുക്കളാരും തിരിഞ്ഞ് നോക്കിയിട്ടില്ല. ആരുടെയും മുന്നിൽ കൈനീട്ടുന്നത് രാഘവന്ഇഷ്‌ടവുമല്ലായിരുന്നു.

കണ്ണുനീർ ഉള്ളിലൊതുക്കി അവർ ജീവിതത്തോട് പൊരുതി.

പകൽ സമയം അടുത്തുള്ള ഹോസ്റ്റലിൽ അടുക്കളജോലികൾക്ക് പോയി. ജീവിതചക്രം പ്രാരാബ്‌ദമില്ലാതെ പോകാൻ പാതിരാവോളം തുന്നൽ യന്ത്രം നിർത്താതെ ചവിട്ടി .

അരവയറുണ്ട് മക്കളെ വയർ നിറച്ചൂട്ടി. നിറം മങ്ങിയ സാരിയുടുത്ത് മക്കൾക്ക് പുസ്‌തകങ്ങൾ വാങ്ങിക്കൊടുത്തു.  പലപ്പോഴും സ്വന്തം മരുന്ന് പോലും വാങ്ങാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റിയിട്ടുണ്ട്.

ഒരു മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരുന്നെങ്കിലും മക്കളുടെ  ജീവിതത്തിന് നൽകിയ വെളിച്ചം വർഷങ്ങൾക്ക്

ശേഷം ഫലം കണ്ടു.

ശങ്കറിന് ജർമ്മനിയിൽ നല്ല ഉദ്യോഗം ലഭിച്ചു. തുല്യ യോഗ്യതയുള്ള ഭാര്യയ്‌ക്കും  നല്ല ശമ്പളമുണ്ട് . ശശികല അമേരിക്കയിലേക്ക് പറന്നു. പ്രണയ വിവാഹമായിരുന്നു ശശികലയുടേത്. 

ശ്രീകല അധ്യാപികയാണ് . വിവാഹിതയായി നാട്ടിൽ താമസിക്കുന്നു.ബാങ്കിലാണ് ഭർത്താവിന് ജോലി. ഒരു കുഴപ്പമേയുള്ളൂ. പണത്തിനോട് വല്ലാത്ത ആർത്തിയാണ് .

" അമ്മയെ ഞാൻ നോക്കിക്കോളാം " ശ്രീകല സഹോദരങ്ങളെ സമാധാനിപ്പിക്കുമ്പോൾ രഘുനന്ദൻ്റെ മനസ്സിൽ കണക്കുകൂട്ടലുകളായിരുന്നു . അമ്മയുടെ പേരിൽ  ഓരോ മാസവും നല്ലൊരു തുക ശങ്കറും ശശികലയും അയച്ചു തരും.  വലിയ മനകോട്ടകളാണ് അയാൾ പടുതുയർത്തിയത്.

 

അധ്യായം 2

 

വാർധക്യം പതുക്കെ ശരീരത്തിലേക്ക് കടന്നു കയറിയ ശാന്തമ്മയുടെ കാലുകൾക്ക് പഴയ കരുത്തില്ലാതായി. മരുന്നുകളും ആശുപത്രി സന്ദർശനങ്ങളും  ജീവിതത്തിൻ്റെ ഭാഗമായി. എങ്കിലും അവരുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞിരുന്നു . ശ്രീകല പൊന്നു പോലെ പരിചരിക്കുന്നുണ്ട്. വിദേശത്ത് നിന്ന് എല്ലാ ഞായറാഴ്ചയും മക്കളും കൊച്ചുമക്കളും വീഡിയോ കാളിൽ വിളിച്ച് വിശേഷങ്ങൾ തിരക്കും.

ജീവിതം പലപ്പോഴും സ്‌നേഹത്തേക്കാളും സാഹചര്യങ്ങളുടെ ഭാഷയാണ് സംസാരിക്കുന്നത്.

ശ്രീകലയുടെ സഹോദരങ്ങൾ അയച്ചു കൊടുക്കുന്ന പണത്തിൽ രഘുനന്ദന് ഒട്ടും തൃപ്‌തിയില്ലായിരുന്നു . ഓരോ ആവശ്യങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടാൻ അയാൾ ശ്രീകലയെ നിർബന്ധിച്ച് കൊണ്ടേയിരുന്നു . അവളതിന്  വഴങ്ങാതെ വന്നപ്പോൾ വീട്ടിൽ കലഹങ്ങൾ പതിവായി. ഇതിനിടയിൽ വീർപ്പുമുട്ടിയത് ശാന്തമമയാണ്. പോകാൻ മറ്റൊരിടമില്ലാത്തതിനാൽ മറ്റു മക്കളെ

ഒന്നും അറിയിക്കാതെ സന്തോഷം ഭാവിച്ച് അവർ ദിവസങ്ങൾ തള്ളി നീക്കി.

ഒരു ദിവസം രഘു തൻ്റെ അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു .

"മൂന്നു മക്കളുണ്ടായിട്ടും തൻ്റെ മകൻ്റെ ചെലവിൽ കഴിയുന്ന ഒരു അഗതി . " വന്ന് കയറിയത് മുതൽ ശാന്തമ്മയോട് രഘുവിൻ്റെ അമ്മയുടെ  മനോഭാവം അതായിരുന്നു.

ശാന്തമ്മയെ അത്ഏറെ വിഷമിപ്പിച്ചു. അമ്മയുടെയും മകൻ്റെയും പുച്‌ഛവും പരിഹാസവും പലപ്പോഴും കണ്ടില്ലെന്ന് കരുതി  ജീവിക്കുവാൻ അവർ ശ്രീകലയെ  ഉപദേശിച്ചു.

" മോളെ , കുടുംബത്തിൻ്റെ സന്തോഷവും സമാധാനവും എപ്പോഴും പെണ്ണിൻ്റെ കയ്യിലാണ്. രഘുവിൻ്റെ അമ്മ കുറ്റപ്പെടുത്തുന്നതൊന്നും കേട്ട് മോള് സങ്കടപ്പെടരുത്. പ്രായമാകുമ്പോൾ ആളുകൾ കൊച്ചു കുട്ടികളെപ്പോലെയാണ് "

"അമ്മയും പ്രായമായ ആളല്ലേ " മകളുടെ ചോദ്യത്തിന് മറുപടി അവരൊരു പുഞ്ചിരിയിലൊതുക്കി.

എന്നിട്ടും ഒരു രാത്രി ശ്രീകലയുടെ മുറിയിൽ നിന്ന് കരച്ചിൽ കേട്ടു.

" എൻ്റെ അമ്മയെ ഞാനെങ്ങോട്ട് കൊണ്ടു പോകും . ചേട്ടനും , ശശിമോളും ഇഷ്‌ടം പോലെ

പണമയക്കുന്നുണ്ടല്ലോ "

" പിന്നേ , ഇഷ്‌ടം പോലെ കൊട്ടക്കണക്കിന് മറിക്കുവല്ലേ . പൂത്ത കാശ് സമ്പാദിച്ച് അവർ അവിടെ സുഖിച്ച് വാഴുന്നു. നക്കാപ്പിച്ച അയച്ച് തന്നാൽ ബാധ്യത

തീർന്നല്ലോ . ഇത് എൻ്റെ വീടാണ് .എനിക്കെൻ്റെ അമ്മയെ നോക്കണം . നിൻ്റെ ചേട്ടനോട് പറയ് തള്ളയെ  വന്ന് നോക്കാൻ "

" ലോണെടുത്ത് വീട് പണിതപ്പോൾ എൻ്റെ പേര്കൂടി വയ്ക്കാഞ്ഞത് മണ്ടത്തരമായിപ്പോയി . അല്ലേൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ തോന്നുമോ " ശ്രീകലയുടെ ചെറുത്തു നിൽപ്പിൽ നിസ്സഹായത നിഴലിച്ചിരുന്നു.

ഉറങ്ങുന്നത് പോലെ കിടന്നിരുന്ന ശാന്തമ്മ ഓരോ വാക്കും കേൾക്കുന്നുണ്ടായിരുന്നു. ആ രാത്രി അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.  ആ കുടുംബത്തിൽ താൻ മൂലം ഒരു കലഹമുണ്ടായത്

അവരെ വല്ലാതെ വേദനിപ്പിച്ചു. " എൻ്റെ മക്കൾക്ക് ഒരു ഭാരമായി മാറരുതേ ഈശ്വരാ " നേരം വെളുക്കുന്നത് വരെ നിറഞ്ഞ കണ്ണുകളോടെ അവർ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

ആ ആഴ്ച തന്നെ ശങ്കർ ജർമ്മനിയിൽ നിന്നും നാട്ടിലെത്തി.

അമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ അയാൾക്ക് കുറ്റബോധം കൊണ്ട് മുഖമുയർത്താൻ കഴിഞ്ഞില്ല.

" അമ്മേ , മാളൂട്ടിയെ ലണ്ടനിൽ വിഷ്വൽ കമ്യൂണിക്കേഷന് ചേർത്തിരിക്കുകയാണ്. ഇന്ദൂട്ടിക്കും അവിടെത്തന്നെ പഠിക്കണമെന്നാണ് ആഗ്രഹം . നാട്ടിലെ വീടു പണിയും പൂർത്തിയായിട്ടില്ലല്ലോ.

ഞങ്ങൾ കുറച്ച് കാലം കൂടി ജർമ്മനിയിൽ കഴിഞ്ഞാലേ രണ്ടറ്റവും കൂട്ടി മുട്ടിക്കാനാകൂ. ശശി മോളുടെയും അവസ്ഥയും ഏതാണ്ടിതൊക്കെത്തന്നെയാണ്. പിന്നെ വയസ്സായവർക്ക് അമേരിക്കൻ വിസ കിട്ടാനും

പാടാണ് . കുറച്ച് നാളത്തേക്ക് അമ്മയെ ഒരു വൃദ്ധസദന... "

ശബ്‌ദം ഇടറിയത് കൊണ്ട് അയാൾക്ക് വാക്കുകൾ മുഴുമിക്കാനായില്ല.

ശാന്തമ്മ മകൻ്റെ മുഖത്തേക്ക് നോക്കി.

ചെറുപ്പത്തിൽ തെറ്റ് ചെയ്താൽ അവൻ ഇത് പോലെ തൻ്റെ മുമ്പിൽ  തല കുനിച്ച് നിൽക്കുമായിരുന്നു.

അവരുടെ ഹൃദയം പൊട്ടുന്നുണ്ടായിരുന്നു.

പക്ഷേ മകൻ അത് അറിയരുത്. അവർ അവനെ കെട്ടിപ്പിടിച്ചു

" എന്തിനാ മോനെ , നീ സങ്കടപ്പെടുന്നത്. എനിക്ക് അവിടെ പോകുന്നതിൽ സന്തോഷമേയുള്ളൂ "

ഒരു കൊച്ചു കുട്ടിയെപ്പോലെ ശങ്കർ ഏങ്ങിക്കരഞ്ഞു

“ ഞാനൊരു നല്ല മകനല്ല അമ്മേ. ” അവർ അവൻ്റെ തലയിൽ തലോടി

" അമ്മക്കറിയില്ലേ നിന്നെ. എൻ്റെ മക്കൾ സന്തോഷമായിരിക്കണമെന്നാണ് എപ്പോഴും

ഈ അമ്മയുടെ പ്രാർത്ഥന. "

എല്ലാംകേട്ടു കൊണ്ട് നിന്ന ശ്രീകലയും പൊട്ടിക്കരഞ്ഞു.

 

അധ്യായം 3

 

വൃദ്ധസദനത്തിലെത്തിയ ആദ്യത്തെ ദിവസം അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

അപരിചിതമായ  മുറിയുടെ ചുമരുകൾ അപ്പുറത്ത് ഇടനാഴിയുടെ നിശ്ശബ്‌ദത

ബാഗിൽ നിന്നും ഫോട്ടോയെടുത്ത് നെഞ്ചോട്ചേർത്ത് പിടിച്ച് അവർ കിടന്നു.

മൂന്നു കുഞ്ഞുങ്ങളും അരികിലെത്തി അമ്മയോട് ചേർന്നു കിടക്കുന്നത് പോലെയവർക്ക് തോന്നി.

കഥ കേൾക്കാതെ ശശിമോൾ  ഉറങ്ങുകയില്ലായിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുന്ന ദിവസം തന്നെ കെട്ടിപ്പിടിച്ചുറങ്ങാൻ ശങ്കറും ശ്രീകലയും തമ്മിൽ മത്സരമായിരുന്നു . ഒടുവിൽ മെത്ത നിലത്തിടും. എന്നിട്ട്  മൂന്നു പേരെയും ചേർത്ത് പിടിച്ചാണ് ഉറങ്ങിയിരുന്നത്.

ദിവസങ്ങൾ കടന്നു പോയി

വൃദ്ധസദനത്തിൽ ശാന്തമ്മയ്ക്ക് പുതിയ കൂട്ടുകാരെ കിട്ടി. അതിൽ വർഷങ്ങളായി മക്കൾ കാണാൻ വരാത്തവരുണ്ട്.

മക്കളുടെ ഒരു ഫോൺ വിളിക്കായി കൊതിക്കുന്നവർ പോലുമുണ്ട്.

സ്വത്തെല്ലാം എഴുതി വാങ്ങി ഉപേക്ഷിക്കപ്പെട്ടവരുമുണ്ട്. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവർ

അവരുടെ കഥകൾ കേൾക്കുമ്പോൾ ശാന്തമ്മ മനസ്സിൽ പറയും.

" എൻ്റെ മക്കൾ അങ്ങനെയല്ല. എല്ലാ ആഴ്ചയും അവർ വീഡിയോ കാളിൽ വന്ന് അന്യേഷിക്കുന്നുണ്ട് . 

ഇടക്ക് ശ്രീകലയും കുട്ടികളും കാണാൻ വരാറുണ്ട്. പിന്നെ അവരുടെ ബുദ്ധിമുട്ടുകൾ താനും മനസ്സിലാക്കണ്ടേ. "

ആ ചിന്ത മാത്രം മതി അവർക്ക് സമാധാനം ലഭിക്കാൻ. അവിടെയുള്ള അന്തേവാസികൾക്ക് ശാന്തമ്മ

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രിയപ്പെട്ട അമ്മയായി മാറിയിരുന്നു.

ആർക്കെങ്കിലും അസുഖം വന്നാൽ കൂടെയിരിക്കും  മക്കളെയും വീടിനെയും ഓർത്ത് ആരെങ്കിലും

സങ്കടപ്പെട്ടാൽ അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കും .

എല്ലാവരെയും ഒന്നിച്ചിരുത്തി വിശേഷങ്ങളും കഥകളുമെല്ലാം പറയാനും അവർക്ക് ഉത്‌സാഹമായിരുന്നു . പരാതിയും പരിഭവവുമില്ലാതെ എല്ലാവരേയും സ്‌നേഹിക്കുവാൻ മാത്രമറിയാവുന്ന ശാന്തമ്മയെ

വൃദ്‌ധസദനത്തിലെ അധികൃതർക്കും ജീവനക്കാർക്കും വലിയ ഇഷ്ടമായിരുന്നു.

 

അധ്യായം 4

 

ഒരു ഞായറാഴ്ച വൃദ്ധസദനത്തിൻ്റെ മുന്നിൽ ഒരു കാർ വന്ന് നിന്നു .

കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ശങ്കറായിരുന്നു. പിന്നാലെ ശ്രീകലയും ശശികലയും

കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്നുംശങ്കറും ശശികലയും  എത്തിയത്. അമ്മയ്ക്ക് സർപ്രൈസ് നൽകാനായി  വരവ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

മൂന്നു മക്കളും ഒരുമിച്ച് വരുന്നത് കണ്ടപ്പോൾ ശാന്തമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവരുടെ

മനസ്സിലേക്ക് മൂന്നു കൊച്ചുകുഞ്ഞുങ്ങൾ ഓടിയെത്തി.

" അമ്മേ " മൂന്നു പേരും ഒരുമിച്ചാണ് വിളിച്ചത്.

ആ വിളിയിൽ അമ്മയോടുള്ള സ്‌നേഹം നിറഞ്ഞ് നിന്നിരുന്നു.

അന്ന് മുഴുവൻ അവർ ഒരുമിച്ചായിരുന്നു പഴയ കഥകൾ പറഞ്ഞ് ചിരിച്ച് തമാശകളും

കൈമാറി മക്കൾ അമ്മയുടെ മടിയിൽ മാറി മാറി കിടന്നു

ഉച്ചയ്ക്ക് അന്തേവാസികൾക്കുള്ള ഭക്ഷണം ശങ്കറിൻ്റെ വകയായിരുന്നു . പായസം കൂട്ടിയുള്ള

സദ്യ. എല്ലാവരും കഴിക്കാനിരുന്നപ്പോൾ ശങ്കറും ശ്രീകലും ശശികലയും അമ്മയുടെ കൂടെയിരുന്നു . ഒരു പ്ലേറ്റിൽ ചോറും കറികളും ചേർത്ത് ഉരുളയുരുട്ടി മൂന്നു പേരുടെയും വായിൽ അവർ വച്ചു കൊടുത്തു.

ആ കാഴ്ച കണ്ട് പലരുടേയും കണ്ണുകൾ നിറഞ്ഞു.ആ ദിവസം ശാന്തമ്മയുടെ മുഖത്ത് ഒരു പ്രത്യേക

പ്രകാശമുണ്ടായിരുന്നു. സന്ധ്യയായി പിരിയാനുള്ള സമയം വന്നു

ശ്രീകല അമ്മയുടെ മടിയിൽ മുഖം ചേർത്ത്കരഞ്ഞു

" അമ്മേ --- എന്നോട് ക്ഷമിക്കണം "

ശശികല നിറഞ്ഞ കണ്ണുകളോടെ അമ്മയുടെ കൈകളിൽ പിടിച്ചു

ഒന്നും പറയാനാകാതെ ശങ്കർ മുഖം കുനിച്ച് നിന്നു

അവൻ്റെ കണ്ണുകളിൽ കുറ്റബോധത്തിൻ്റെ കടൽ അലയടിക്കുന്നുണ്ടായിരുന്നു .

ശാന്തമ്മ മൂവരെയും ചേർത്തുപിടിച്ചു

" ഞാൻ നിങ്ങളെ വളർത്തിയത് . " .  പറയുമ്പോൾ അവരുടെ ശബ്‌ദം വിറച്ചു.

" വാർദ്ധക്യത്തിൽ എന്നെ നോക്കാൻ വേണ്ടിയായിരുന്നില്ല "

മൂന്നു പേരും കരഞ്ഞു കൊണ്ട് അമ്മയെ നോക്കി

" നിങ്ങൾ നല്ല മനുഷ്യരായി ജീവിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതിൽ നിങ്ങൾ വിജയിച്ചു. അതിനെക്കാൾ വലിയ ഭാഗ്യം

ഒരു അമ്മയ്ക്ക് വേറെ എന്താണ് " ആ നിമിഷം അവിടെ കൂടിയിരുന്ന അന്തേവാസികളായ അമ്മമാർക്ക് ആർക്കും

സംസാരിക്കുവാൻ കഴിഞ്ഞില്ല.

സ്‌നേഹം സ്വാർത്ഥതയെക്കാൾ എത്രയോ വലുതാണ് എന്നവർ തിരിച്ചറിഞ്ഞു.

കാർ ഗേറ്റിന് പുറത്തിറങ്ങും വരെ ശാന്തമ്മ കൈവീശി നിന്നു.

കാഴ്ചയിൽ നിന്നും കാർ മറഞ്ഞിട്ടും അവിടെ തന്നെ നിൽക്കുന്ന ശാന്തമ്മയോട് അരികിൽ നിന്ന ഭാരതിയമ്മ ചോദിച്ചു.

" എന്തൊക്കെ പറഞ്ഞാലുംമക്കൾ പോയതിൽ സങ്കടമുണ്ട് അല്ലേ ശാന്തമ്മേ "

" ഇല്ല " അവർ പതുക്കെ പറഞ്ഞു ഒരു നിമിഷം മിഴികളുയർത്തി

" മക്കളുടെ മനസ്സിൽ നിന്നും ദൂരെയാകുമ്പോളാണ് സങ്കടപ്പെടേണ്ടത് "

പിന്നെയവർ അധികം സംസാരിക്കാതെ മുറിയിലേക്ക് നടന്നു.

തലയിണക്കീഴിൽ നിന്നും ഫോട്ടോയെടുത്തു നെഞ്ചോട് ചേർത്തു. മൂന്നു കുഞ്ഞുങ്ങളും

അമ്മയുടെ ഹൃദയത്തോട് ചേർന്നിരുന്നു.

അവരുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിരിഞ്ഞു മക്കൾക്ക് അമ്മയെ അവരുടെ വീട്ടിൽ നിർത്താൻ കഴിഞ്ഞില്ലെങ്കിലും അമ്മയുടെ ഹൃദയമാകുന്ന വീട്ടിൽ അവർക്കെന്നും ഇടമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക