
ആത്മകഥകൾ പ്രസിദ്ധീകരിച്ചു വിൽക്കുന്ന ഒരു പുസ്‌തകശാലയാണ് ഞങ്ങളുടേത്. നാനാദേശങ്ങളിലും ഭാഷകളിലും വർഗങ്ങ ളിലുമുള്ള വ്യത്യസ്തതരായ ആളുകളെ കണ്ടെത്തിപ്പിടിച്ച് അവരുടെ ജീവിതത്തെ ഒരു സൂക്ഷ്മദർശിനിക്കുഴലിൽ കൂടിയെന്നവണ്ണം പരിശോധിച്ച് അളന്നു തിട്ടപ്പെടുത്തി മറ്റൊരു വലിയ ജീവിതമായി അവതരിപ്പിക്കുകയാണു ഞങ്ങൾ. അങ്ങനെ സമഗ്രവും വൈവിധ്യമാർന്നതുമായ അവരുടെ ജീവിതത്തെ ഞങ്ങൾ ചരിത്രത്തിന്റെ പേജുകളിലേക്ക് ഒന്നൊന്നായി അടുക്കിവക്കുന്നു. കഠിനാനുഭവങ്ങൾ ചികഞ്ഞ് കടലാസിൽ പകർത്തി ഇഹലോകജീവിതത്തിൻ്റെ ഉപ്പും കണ്ണീരും പുരട്ടി ആത്മകഥകളായി അവതരിപ്പിക്കുന്നു.
ഈ പുസ്തകശാലയുടെ കഥ നിങ്ങൾ കേൾക്കണം.
ഇക്കാണുന്ന പുസ്തകശാലയും അതിനോടനുബന്ധിച്ചുള്ള പ്രസാധകസംഘവും മുമ്പ് നടത്തിക്കൊണ്ടിരുന്നത് 'കുറുപ്പുമാഷ് ' എന്ന് ആൾക്കാർ വിളിച്ചിരുന്ന എൻ്റെ അച്ഛനായിരുന്നു. ഏതെങ്കിലും പള്ളിക്കൂടത്തിൽ വാധ്യാരായിരുന്നോ അങ്ങേർ എന്ന കാര്യം വ്യക്തമായി എനിക്കറിഞ്ഞുകൂടാ. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഖദർ വസ്ത്രങ്ങളിൽ ശരീരമിറക്കിവച്ച ആ മനുഷ്യൻ സ്വജീവിതത്തിൽ ഒരു അധ്യാപകന്റെ തേജസ്സ് എന്നും നിലനിർത്തിപ്പോന്നിരുന്നു.
ആദ്യകാലത്ത് നോവലുകളും ഡിറ്റക്ടീവ് കഥകളും മാത്രമായിരുന്നു ഈ പുസ്‌തകശാലയിൽ പ്രസിദ്ധീകരിച്ചിരുന്നത്. അത്തരം കൃതികൾക്കുള്ള ജനപ്രിയത എൻ്റെ അച്ഛന് അന്ന് കണ്ടെത്താനായിരുന്നു എന്ന് ചുരുക്കം. ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് തന്റെ തോൾസഞ്ചിയിൽ നിറച്ച പുസ്‌തകങ്ങളുമായി വായനക്കാരെ തേടിച്ചെന്ന് കുറുപ്പുമാഷെന്ന എൻ്റെ അച്ഛൻ വായനയുടെ മണ്ണിനെയും അതുവഴി ഞങ്ങളുടെ പുസ്‌തശാലയെയും ഫലഭൂയിഷ്ടമാക്കി. കുറുപ്പുമാഷിൻ്റെ പുസ്‌തകങ്ങൾക്കായി വായനക്കാർ കാത്തിരിക്കുന്ന ഒരു കാലം തന്നെയുണ്ടായിരുന്നു.
അച്ഛൻ്റെ മരണശേഷമാണ് ഈ പുസ്‌തകശാല ഞാൻ ഏറ്റെടു ക്കുന്നത്. തുലോം പരിതാപകരമായിരുന്നു അപ്പോഴതിന്റെ അവസ്ഥ. സത്യസന്ധനായ എൻ്റെ അച്ഛൻ ഗ്രന്ഥകർത്താക്കളിൽനിന്നും യാതൊരുവിധ കരാറും ഒപ്പിട്ടുവാങ്ങാതെയാണ് അവർക്ക് പണം നൽകിപ്പോന്നിരുന്നത്. എഴുത്തുകാരെ ദൈവതുല്യം സ്നേഹിച്ച് ആരാധിച്ചിരുന്ന അദ്ദേഹം, തൻ്റെ മരണശേഷം അവർ എന്തെല്ലാം പൊല്ലാപ്പുതീർക്കുമെന്ന് എങ്ങനെ ചിന്തിക്കും?

വര :മറിയം ജാസ്മിന്‍
തങ്ങൾക്കുള്ള റോയൽറ്റിത്തുക ഇനിയും കിട്ടിത്തീർന്നിട്ടില്ലെന്ന് പറഞ്ഞ് പണത്തിനായി എഴുത്തുകാരും അവരുടെ മക്കളും ബഹളം കൂട്ടിയതാണ് ഈ പുസ്‌തകശാല ഏറ്റെടുത്തുടൻ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. ഒരു ചെറുതുപോലെ ഞാൻ നിസ്സഹായനായിപ്പോയ ഒരവസ്ഥയായിരുന്നു അത്. മാത്രമല്ല, അവസാനകാലത്ത് അച്ഛന് വന്നുപെട്ടിരുന്ന രോഗാവസ്ഥകൾമൂലം പുസ്‌തകശാലയിൽ വേണ്ടത്ര ശ്രദ്ധകിട്ടാതെ വല്ലാത്തൊരു കടക്കെണിയിലുമായിരുന്നു ഞങ്ങളുടെ ആസ്തികള്‍ .
പൈങ്കിളിയും കുറ്റാന്വേഷണങ്ങളും വിൽക്കാതെ കെട്ടിക്കിടക്കുന്ന കാലമായിരുന്നു. 'വായന മരിക്കുന്നോ' എന്ന് പലവട്ടം ഞങ്ങൾ ശങ്കിച്ചു. അപ്പോഴാണ് പുസ്‌തകശാലയെ രക്ഷിക്കാനായി ആത്മകഥകൾ പ്രസിദ്ധീകരിക്കുന്ന ഒരു പുതിയ പദ്ധതി ജീവനക്കാരുടെയടുത്ത് ഞാൻ മുന്നോട്ടുവച്ചത്. അവരതിനെ ഒന്നടങ്കം പിന്താങ്ങി. ഞങ്ങളുടെ പ്രസാധകസംഘം ആത്മകഥകൾ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കാനാരംഭിച്ചു.
വൈവിധ്യമുള്ള മഹാജീവിതങ്ങളാണ് ഞങ്ങളുടെ പുസ്‌തകങ്ങളുടെ വിഷയം എന്ന് ആദ്യമേ പറഞ്ഞുവല്ലോ. അക്ഷരാർഥത്തിൽ ശരിയാണത്. ആത്മകഥാപ്രസിദ്ധീകരണത്തിൻ്റെ ആശങ്കപേറുന്ന ആദ്യ ഘട്ടത്തിൽപോലും ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ചില കൃതികൾ പരിശോധിച്ചാൽ അതു മനസ്സിലാകും. വളരെയേറെ ചർച്ചകൾ നടത്തി കൂട്ടിക്കിഴിച്ചും ഗുണിച്ചും ഹരിച്ചുമൊക്കെയാണ് ആദ്യപരമ്പരയിലുള്ള അഞ്ച് ആത്മകഥാപുസ്‌തകങ്ങൾ ഞങ്ങൾ പുറത്തിറക്കിയത്.
'ഉസ്‌മാന്റെ ആത്മകഥ' എന്ന ഞങ്ങളുടെ ആദ്യകൃതി തന്നെ നോക്കുക. ഏറെ വ്യത്യസ്‌തമായിരുന്നു ആ പുസ്‌തകം. ഇവിടെ കോഴിക്കോട്ടുകാരനായ ഉസ്‌മാൻ എന്ന ഫയൽവാൻ്റെ അചിന്ത്യവും ഐതിഹാസികവുമായ ജീവിതം ഹൃദ്യമായി ആവിഷ്‌ക്കരിച്ചിരിക്കു ന്നു. 'എല്ലാ ഫയൽവാന്മാരും ആദ്യം തോൽക്കുന്നത് ഭാര്യമാരുടെ ഗോദയിലാ'ണെന്ന് ഇതിൽ ഉസ്തുമാന്‍ എഴുതുന്നുണ്ട് . അത്രമേൽ ആത്മാവിൽ തൊട്ടുകൊണ്ടുള്ള ഒരെഴുത്താണത് എന്നറിയുക. പ്രസ്തുത ആത്മകഥയിൽ ഒരിടത്ത് ഇലക്ട്രിക് മൈതീൻ എന്ന ഗുസ്‌തിക്കാരനുമായി ഉസ്മാന്‍ നടത്തുന്ന ഗുസ്‌തിപിടുത്തത്തിന്റെ വിവരണമുണ്ട്. ഒരു ടി.വി. സ്ക്രീനിലെന്നപോലെ ജീവസ്സുറ്റതായി അത് വായനക്കാർ അനുഭവിക്കും. ഹോ... എന്നിട്ടും ജീവിതത്തിൽ വിധിയുടെ അടുത്തൂൺപറ്റി മസിൽ ചാക്കോയെന്ന അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു ഫയൽവാൻ്റെ ഇടിയിൽ അയാൾ തകർന്നു പോയല്ലോ!

വര :മറിയം ജാസ്മിന്‍
വെള്ളി എന്ന ആദിവാസി സ്ത്രീയുടെ കഥയാണ് 'വെള്ളിയുടെ ആത്മകഥ' എന്ന രണ്ടാമത്തെ പുസ്‌തകം. ജീവിതത്തിൽ അഞ്ച് ഭർത്താക്കന്മാരെവരെ അനുഭവിച്ചവളാണവൾ. അഞ്ചുപേരും ഒന്നിൻ്റെപോലും ഗുണം ചെയ്‌തിട്ടില്ലെന്ന് വെള്ളി സങ്കടപ്പെടുന്നു. മനസ്സിൽ തടംകെട്ടിയ കനവുകൾ നെയ്‌തുതീരുന്നതുവരെ, മുളമ്പാട്ടുകൾ പാടി തൊണ്ട പൊട്ടുന്നതുവരെ തനിക്ക് കൂട്ടിരിക്കാൻ ആരുണ്ടെന്ന് വെള്ളി ലോകത്തോട് വെല്ലുവിളിക്കുന്നിടത്താണ് അവളുടെ ആത്മ കഥ തീരുന്നത്.
'രാമചന്ദ്രന്റെ ആത്മകഥ'യിലെ വാചകങ്ങൾ വായനക്കാരുടെ മനസ്സിലേക്ക് ചിരി കോരിക്കോരിയൊഴിക്കുന്നു. ഒരു ഹാസ്യനോവൽ പോലെ അത്യന്തം ആഹ്ളാദകരമായ ജീവിതം. രാമചന്ദ്രൻ എന്ന മുഴുക്കുടിയൻ തനിക്ക് വന്നുപെട്ട അമളികൾ സുതാര്യമായി വായനക്കാർക്ക് നൽകുകയാണ്. ആറാം വയസ്സിൽ കള്ളിൻ്റെ രുചിയറിഞ്ഞ തനിക്ക് 'അമ്മിഞ്ഞപ്പാലിൻ്റെ രുചി എന്നോ കളഞ്ഞുപോയി' എന്ന് ആമുഖത്തിൽ കുടിയൻ രാമചന്ദ്രൻ വേപഥുകൊള്ളുന്നുണ്ട്. തത്ത്വ ചിന്തകൾക്കുമീതെ പറക്കുന്ന മഹാരസികൻ ജീവിതമായിരുന്നു തന്റേതെന്നും ചിലപ്പോൾ പിണങ്ങിയും ചിലപ്പോൾ ഇണങ്ങിയുമൊക്കെ കഴിയുന്ന ഈ പ്രകൃതം തനിക്കുതന്നെ നുണഞ്ഞുരസിക്കാൻ ഇഷ്ടമാണെന്നുമൊക്കെ ഈ കുടിയനാശാൻ സ്വന്തം കഥയിൽ എഴുതുന്നു. ഇത് വായിക്കുന്നവർ ഒരു ശരീരം മുഴുവൻ ചിരിച്ചു തന്നെ തീർക്കാതിരിക്കില്ല.
തിരുവനന്തപുരത്ത് കരമന എന്ന സ്ഥലത്തുള്ള ശിവസാവിത്രി വിലാസം ഹോട്ടലിൻ്റെ ക്യാഷ് കൗണ്ടറിലിരിക്കുന്ന സ്ത്രീ ഒരാത്മകഥയെഴുതുമെന്ന് ആരു വിചാരിക്കാനാണല്ലേ? എന്നാൽ അങ്ങനെ വിചാരിച്ചതായിരുന്നു ഞങ്ങളുടെ പുസ്‌തകശാലയുടെ വിജയം. പിച്ചക്കാരിയായിരുന്ന സാവിത്രി എന്ന തമിഴത്തിപെൺകുട്ടി സാവിത്രിയക്കയെന്ന ഹോട്ടൽ മുതലാളിച്ചിയായി വളർന്ന കഥയാണ് 'സാവിത്രിയക്കയുടെ ആത്മകഥ (ശിവാണ്ണൻ്റെയും)' എന്ന നാലാമത്തെ പുസ്തകം. കറുത്തുമെലിഞ്ഞ സാവിത്രി എന്ന തമിഴ്പെൺകൊടി ശിവൻ എന്ന കരുവീട്ടിപോലുള്ള യുവാവിനെ പ്രണയിച്ച ഒരു കാൽപനിക പൈങ്കിളിക്കഥയാണിത്. കഠിനാധ്വാനത്തിൻ്റെയും ആത്മ സമർപ്പണത്തിൻ്റെയും മാതൃകകളായി പ്രണയവഴിയിൽ ഒന്നിച്ച ഇവരുടെ ജീവിതകഥ ഞങ്ങളുടെ പ്രസാധകസംഘത്തിന് ഒരു മുതൽകൂട്ടായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ?
രാജൻ എന്ന മോഷ്ടാവിൻ്റെ ആത്മകഥയാണ് ഈ പരമ്പരയിൽ ഞങ്ങൾ ഒടുവിലായി പ്രസിദ്ധീകരിച്ചത്. 'ഒരു മോഷ്ടാവിന്റെ ആത്മ കഥ' എന്ന് പതിവുരീതിയിൽനിന്ന് വ്യത്യസ്‌തമായി ഞങ്ങളീ കൃതിക്ക് പേരുകൊടുത്തു. കുറിപ്പുരാജൻ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടു ന്ന മോഷ്ടാവിന്റെ ജീവിതസമസ്യകൾ ഇതൾനിവർത്തുന്നതാണ് ഇതിലെ ഓരോ താളും. മോഷ്ടിച്ചു കഴിഞ്ഞശേഷം വീട്ടുകാരെ സമാശ്വസിപ്പിച്ചുകൊണ്ട് 'സ്നേഹപൂർവം, രാജൻ' എന്ന പേരിൽ ഒരു കുറിപ്പെഴുതിവക്കുന്ന ഈ മനുഷ്യൻ യഥാർഥത്തിൽ മനുഷ്യസ്നേഹിയായ ഒരു തസ്ക്കരനാണ്. 'ആദ്യമായി മോഷ്ടിച്ചത് അമ്മയുടെ സ്നേഹമാണ്' എന്നിങ്ങനെ രാജൻ്റെ ആത്മകഥ തുടങ്ങുന്നു.
ചുരുക്കത്തിൽ മേൽപ്പറഞ്ഞ അഞ്ചുകൃതികൾ ഞങ്ങളുടെ പ്രസാ ധകസംഘത്തിനും പുസ്തകശാലക്കും ഉണ്ടാക്കിത്തന്ന പ്രശസ്തിയെയും ലാഭവിഹിതങ്ങളെയും കുറിച്ച് വിവരിക്കേണ്ടതില്ലല്ലോ. റോയൽറ്റിക്ക് ബഹളം കൂട്ടിയ എല്ലാ എഴുത്തുകാർക്കും ഒപ്പു വച്ചു വാങ്ങിയശേഷം ഞങ്ങൾ പണം കൊടുത്തു തീർത്തു. 'നിങ്ങളുടെ പുസ്തകങ്ങൾ ഞങ്ങൾക്കിനി വേണ്ടാ...'യെന്ന് ഒരാട്ടു കൊടുക്കാനും അതുവഴി കഴിഞ്ഞു.
ഇതാ, ഇപ്പോൾ തന്നെ അകത്ത് അടിച്ചുകൊണ്ടിരിക്കുന്നത് 'ഒരു മോഷ്ടാവിന്റെ ആത്മകഥ'യുടെ രണ്ടാം പതിപ്പാണ്. എത്ര പെട്ടെന്നാണ് അതിന്റെ ആദ്യത്തെ രണ്ടായിരം കോപ്പികൾ വിറ്റുപോയത്. സാവിത്രിയുടെ ആത്മകഥ(ശിവാണ്ണൻ്റെയും), രാമചന്ദ്രന്റെ ആത്മകഥ, വെള്ളിയുടെ ആത്മകഥ എന്നീ പുസ്‌തകങ്ങളുടെയാവട്ടെ മൂന്നാം പതിപ്പാണ് ഇപ്പോൾ വിൽപ്പനയിലുള്ളത്. എന്നാൽ വിപണനത്തിൽ സർവകാല റെക്കോർഡും ഭേദിച്ച ഞങ്ങളുടെ പുസ്തകം ഇതൊന്നുമല്ല. ഗുസ്തിക്കാരൻ 'ഉസ്‌മാൻ്റെ ആത്മകഥ' യാണത്. അതിന്റെ പതിനൊന്നാം പതിപ്പ് 'ഒരു മോഷ്ടാവിൻ്റെ ആത്മകഥ' അടിച്ചു തീർന്നയുടൻ ഈ പ്രസിൽ അച്ചടിച്ചു തുടങ്ങും.
തീർന്നില്ല. നവീനമായ അഞ്ചു പുസ്‌തകങ്ങൾ ഉൾപ്പെട്ട ഒരു പുതിയ ആത്മകഥാപരമ്പരയുടെ പ്രൊജക്ടിലാണ് ഞങ്ങളിപ്പോൾ. ഇരുപത് വയസ്സിനിടക്ക് കീപ് ഗേളായി ജീവിതം ഹോമിച്ചു തീർക്കേണ്ടി വന്ന സുലേഖയുടെയും തട്ടിപ്പുകൾ നടത്തി മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന മോഹനൻ പിള്ളയുടെയും സംസ്ഥാനത്തെ ഏഴു മുഖ്യ മന്ത്രിമാരുടെയും പാചകക്കാരനായിരുന്ന ലോനപ്പൻ ചേട്ടന്റെയും മണ്ണ് തിന്ന് ജീവിക്കുന്ന, ഓട്ടുകഷണങ്ങൾ ചോക്കലേറ്റുപോലെ നുണയുന്ന തോമസ് എന്ന യുവാവിൻ്റെയും ആത്മകഥകൾ ഇങ്ങനെ പുസ്തകരൂപത്തിൽ വരാൻ പോകുന്നു. എന്നാൽ ഇതിൽ ഏറെ ശ്രദ്ധയാകർഷിക്കുക ഒരുപക്ഷേ, സുഭാഷ് എന്ന ചെറുപ്പക്കാരൻ്റെ ആത്മകഥയാവും. കേരളത്തിലെ വിവിധ പട്ടണങ്ങളിലായി നൂറോളം കാമുകിമാർ സ്വന്തമായുള്ള ഒരു കാമുകൻ്റെ ജീവിതമാണിതിൽ വരിക. ഉദാഹരണമായി ഒരിടത്ത് സന്തോഷ്:
'മലബാർ എക‌്സ്പ്രസിൻ്റെ പതിഞ്ഞ താളത്തിലാണ് രേഖയെ ഞാൻ പരിചയപ്പെടുന്നത്. ഞങ്ങൾ കണ്ണുകൾക്കൊണ്ട് സംസാരിച്ചു തുടങ്ങിയിരുന്നു. എന്നാൽ മുഷിഞ്ഞമോന്തയുള്ള അവളുടെ പപ്പ ചിലപ്പോഴൊക്കെ ഞങ്ങളുടെ നയനഭാഷണം മുടക്കി. എന്നിട്ടും തീവണ്ടിയിറങ്ങുന്നതിനുമുമ്പ് അഡ്രസ് എഴുതിയ ഒരു കടലാസു കഷണം അവളുടെ ചിരിയിലേക്ക് ചുരുട്ടിയെറിഞ്ഞുകൊടുക്കാൻ എനിക്കു കഴിഞ്ഞു' എന്നെഴുതുന്നു. ഈ വിധത്തിൽ പ്രണയമുഹൂർത്തങ്ങൾക്കൊണ്ട് അനുഗൃഹീതമാവും ഈ പുസ്‌തകം. പ്രണയിക്കുന്നവർക്ക് ഒരു പ്രോത്സാഹനപുസ്തകവും കൂടിയായി ഈ ആത്മകഥ മാറുമെന്നാണ് ഞങ്ങളിപ്പോൾ കണക്കുകൂട്ടുന്നത്.
ഇങ്ങനെ അത്യന്തം ജുഗുപ്സാവഹമായി ഈ കാര്യങ്ങളൊക്കെ എങ്ങനെ നടന്നുപോകുന്നു എന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാവും. ശരിയാണ്. ദാ... അപ്പുറമുള്ള മുറിയിലിരുന്ന് നിശബ്ദമായി എഴുതുന്ന യുവതീയുവാക്കളെ ശ്രദ്ധിക്കൂ. ഞങ്ങളുടെ സർഗാത്മകരായ എഴുത്തുകാരാണവർ. മാറിനിൽക്കുന്ന ഓരോ ജീവിതത്തെയും അടയാളപ്പെടുത്തി ആത്മകഥാരൂപത്തിൽ പകർത്താൻ സഹായിക്കുക വഴി ഇവർ വലിയൊരു സേവനമാണ് ലോകത്തോട് ചെയ്യുന്നത്. വലതു ഭാഗത്ത് വെളുത്തതാടി തടവിക്കൊണ്ട് എഴുതുന്നയാളെ നോക്കുക. അതാണ് രാമസ്വാമി അയ്യർ. 'സാവിത്രിയക്കയുടെ ആത്മകഥ (ശിവാ ണ്ണന്റെയും)' എന്ന ഞങ്ങളുടെ പുസ്‌തകം തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തു തയ്യാറാക്കിയത് ആ മാന്യദേഹമാണ്.
ഇതിനിടയിൽ നിങ്ങളുടെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്ന ഒരു സംശയം ഞാൻ തീർക്കാം. ഞങ്ങൾക്ക് പ്രശസ്‌തരുടെ ആത്മകഥകൾ ആവശ്യമില്ല. ഇല്ലെങ്കിൽ നിങ്ങൾ വിചാരിച്ചതുപോലെ വീരപ്പനെയും വേലുപ്പിള്ള പ്രഭാകരനെയും ബിൻലാദനെയുമൊക്കെ ആത്മകഥാ രൂപത്തിൽ ഞങ്ങൾക്കവതരിപ്പിക്കാമായിരുന്നു. പക്ഷേ, ഞങ്ങൾ തേടുന്നത് ചെറിയ ജീവിതത്തിൻ്റെ വലിയ കാര്യങ്ങൾ മാത്രമാണ്. ഈ സമീപനമാണ് ഞങ്ങളുടെ പുസ്‌തകശാലയുടെ റേറ്റിംഗ് ഉയർത്തുന്നത്.
ഇതാ, നിങ്ങളിപ്പോൾ ചോദിച്ചത് ഞാൻ കേട്ടിരിക്കുന്നു. 'എന്നാൽ നിങ്ങളെന്താണ് സ്വന്തം കഥ ആത്മകഥയായി ഇറക്കാത്തതെന്ന്' അല്ലേ. എന്റെ പൊന്നു കൂട്ടുകാരാ... അതിനുമാത്രമായി ഈ ലോകത്ത് ഞാൻ ഇനിയും എത്രയോ ജീവിച്ചുപഠിക്കേണ്ടിയിരിക്കുന്നു.
ഇത്രയും പറഞ്ഞുകേട്ടതിൽ നിന്നെല്ലാം ഞങ്ങളുടെ പുസ്തകശാലയെക്കുറിച്ചും അതുവഴി പ്രസിദ്ധീകരിച്ചു വിൽക്കുന്ന പുസ്‌തകങ്ങളെക്കുറിച്ചും നിങ്ങൾക്ക് ഒരേകദേശ ധാരണ കൈവന്നു കാണുമല്ലോ.
ഇനി പറയൂ എൻ്റെ സുഹൃത്തേ, മേൽ പറഞ്ഞതിൽ നിന്നെല്ലാം വ്യത്യസ്തമായ ഏതു ജീവിതകഥയാണ് നിങ്ങൾ പുസ്‌തകരൂപത്തിൽ ഞങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ തരുന്നത്?