Image

'അമ്മ'യിൽ തർക്കം രൂക്ഷം : രാജി പ്രഖ്യാപനവുമായി ശ്വേതാ മേനോന്‍; വൈകാരികമായി പ്രതികരിച്ച് മോഹൻലാൽ

Published on 21 June, 2026
'അമ്മ'യിൽ തർക്കം രൂക്ഷം : രാജി പ്രഖ്യാപനവുമായി ശ്വേതാ മേനോന്‍; വൈകാരികമായി പ്രതികരിച്ച്  മോഹൻലാൽ

കൊച്ചി; മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ കടുത്ത തർക്കം. വാർഷിക റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസം സംഘർഷത്തിലേക്ക് നീങ്ങിയതോടെ യോഗം വഷളായി. റിപ്പോർട്ടിൽ വ്യക്തതയില്ലെന്നാരോപിച്ച് ചില അംഗങ്ങൾ അത് പാസാക്കാൻ വിസമ്മതിച്ചു. നിലവിലെ പ്രസിഡന്റ് ശ്വേതാ മേനോൻ നയിക്കുന്ന ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചു. ഇതോടെ വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല. പിന്നാലെ വേദിയിൽ കയറിയ ശ്വേതാ മേനോൻ രാജി പ്രഖ്യാപിക്കുകയും, സംഘടനാ വിഷയങ്ങളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

റിപ്പോർട്ട് പാസാക്കാൻ വിസമ്മതിച്ചവരിൽ സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കര്‍ എന്നിവർ ഉൾപ്പെടുന്നു. സംഘടനയുടെ പേര് പൊതുജനങ്ങൾക്കുമുമ്പിൽ ചീഞ്ഞളിഞ്ഞുവെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ഒരു വിഭാഗം ആവശ്യമുയര്‍ത്തി. ‘അമ്മ’ മുന്‍ ഭാരവാഹി കൂടിയായ നടന്‍ മോഹന്‍ലാല്‍ വേദിയില്‍ വികാരഭരിതനായി സംസാരിച്ചു. 

റിപ്പോർട്ട് പാസാക്കാതെ ഭരണസമിതി തുടരാനാകുമോ എന്ന ചോദ്യവും ഉയർന്നു. സംഘടനയുടെ വരവ്-ചെലവ് കണക്കുകളിൽ കൃത്യതയില്ലെന്നാരോപണവും ശക്തമായി. ഇതിനിടെ, കണക്കുകൾ സമർപ്പിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് ശ്വേതാ മേനോൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് പാസാക്കുന്നതിനായി ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ വീണ്ടും ശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

സംഘടനയിലെ പ്രശ്നത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ട. തുടര്‍ന്നാണ് മോഹന്‍ലാല്‍ വൈകാരികമായി സംസാരിച്ചത്. സംഘടനയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മറ്റു കാര്യങ്ങള്‍ ജനറല്‍ ബോഡി തീരുമാനിക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക