
നാട്ടുജനതയുടെ ഓർമ്മകളിലൂടെ വീണ്ടെടുക്കുന്ന മണർകാടിന്റെ ചരിത്രം.
ഒരു ദേശവും അവിടുത്തെ ജനങ്ങളും ഒരു നൂറ്റാണ്ടിലേറെക്കാലം ചാക്രികമായി കണ്ടും അനുഭവിച്ചും ആവർത്തിച്ചും കടന്നുപോയ വസൂരിരോഗത്തിന്റെ ദുരിതകാലങ്ങളെ മലയാള സാഹിത്യത്തിലെ മഹാമാരിയുടെ ദുരന്തചിത്രങ്ങളുമായി ചേർത്തുവെക്കുന്നു…
1
ദീനം പടർന്നു കഴിഞ്ഞാൽപ്പിന്നെ വഴികൾ മാത്രമല്ല പള്ളിയങ്ങാടിയും വിജനം. രാവേറെച്ചെന്നാൽ വൈദ്യുതി വ്യാപകമാകാത്ത അക്കാലത്തെ മൺവഴികളിലൂടെ പായിൽ പൊതിഞ്ഞ ശവങ്ങളുമായി പോകുന്ന ചൂട്ടുകറ്റക്കൂട്ടങ്ങളുടെ അരണ്ട വെളിച്ചം. ഇടയ്ക്കിടെ ഇരുട്ടിന്റെ ഏകാന്തതയെ പെട്ടെന്ന് കീറിമുറിച്ച് മറ്റൊരു വസൂരി മരണംകൂടി വിളിച്ചറിയിക്കുന്ന കൂട്ടഅലമുറകൾ. പ്രാർതഥനകൾ പെട്ടെന്ന് കഴിച്ചു ശവമടക്കുപോലും ആളിളക്കമില്ലാതെ രാവിരുളിൽ ചൂട്ടുകറ്റയുടെയോ പെട്രോൾമാക്സിന്റെയോ അരണ്ട വെട്ടത്തിലായിരുന്നു… ഇങ്ങനെ മരണത്തിന്റെ മഹാമാരിയായി മണർകാട്ടു വസൂരി പെയ്തിറങ്ങിയ ഒരു കാലം.
2
മാനവരാശിയെ മരണത്തിലെറിഞ്ഞു മടങ്ങിയ മഹാമാരികൾ മിക്കതുംപോലെ വസൂരിയും മറക്കാനാവാത്ത ജീവിതാനുഭവങ്ങളുടെ തീഷ്ണമായ ആവിഷ്‌കാരങ്ങളായി കലയിലും സാഹിത്യത്തിലും ഇടംനേടിയിട്ടുണ്ട്. ഒരു നാടും അവിടുത്തെ ജനങ്ങളും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനംമുതൽ ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെക്കാലം കണ്ടും അനുഭവിച്ചും ആവർത്തിച്ചും ചാക്രികമായി കടന്നുപോയ ദുരിതകാലങ്ങളെ മലയാള സാഹിത്യത്തിലെ ക്ലാസിക് കൃതികളിലെ വസൂരി ദുരന്തചിത്രങ്ങളുമായി ചേർത്തുവെക്കാനാവും.
ഡോ ബി ഇക്ബാലിൻറെ 2022 ൽ പുറത്തുവന്ന 'മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ; ചരിത്രം ശാസ്ത്രം അതിജീവനം' എന്ന ഗ്രന്ഥം മഹാമാരികളുടെ അതിവിപുലവും സമഗ്രവുമായ അറിവുകൾക്കൊപ്പം സാഹിത്യത്തിലെയും ചിത്രകലയിലെയും സിനിമയിലെയും വസൂരി ആവിഷ്‌കാരങ്ങളും വിശദമായി പരിചയപ്പെടുത്തുന്നു. ചാൾസ് ഡിക്കൻസിന്റെ ബ്ളീക്ക് ഹൗസ് (Bleak House,1853). രവീന്ദ്രനാഥ ടാഗോറിന്റെ പഴയ ഭൃത്യൻ*( (Puran Bhrithya, 1895), മാത്രമല്ല മലയാളത്തിലെ പോളച്ചിറക്കൽ കൊച്ചീപ്പൻ തരകന്റെ ‘മറിയാമ്മ നാടക’വും (1903), ആത്മകഥകളായ ചെറുകാടിൻറെ ‘ജീവിതപ്പാത’യും (1947) ദേവകി നിലയങ്ങോടിന്റെ ‘കാലപ്പകർച്ചകൾ സ്മരണകളും’ (2008). തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകൻ’ (1947), കാക്കനാടന്റെ ‘വസൂരി’ (1968), ഓ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ (1969), എൻ എസ് മാധവന്റെ ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ (2003), യു കെ കുമാരന്റെ ‘തച്ചൻകുന്ന് സ്വരൂപം’ (2012)പോലെ എണ്ണപ്പെട്ട നോവലുകളുമൊക്കെ ഡോ ഇക്‌ബാലിന്റെ ബൃഹദ്ഗ്രന്ഥം കാട്ടിത്തരുന്ന സാഹിത്യത്തിൽ നിന്നുള്ള വസൂരിക്കാഴ്ചകളാണ്. 1955-56 കാലത്ത് പനമ്പള്ളി ഗോവിന്ദമേനോൻ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരിക്കെ തിരുക്കൊച്ചി പ്രദേശത്ത് കോളറയും വസൂരിയും പടർന്നപ്പോൾ ചേർത്തലയിൽനിന്നുള്ള പ്രതിപക്ഷാംഗമായിരുന്ന കെ ആർ ഗൗരിയമ്മ നിയമസഭയിൽ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിൽ രോഗമുള്ളവരെയും മറ്റുള്ളവരെയും വീട്ടിൽതന്നെ ഇരുത്താനും അവർക്കും മിഡ്‌വൈഫുമാർക്കുമുള്ള അരി സർക്കാർതന്നെ വിതരണം ചെയ്യാനും ആവശ്യപ്പെടുന്നതും ഈ ഗ്രന്ഥത്തിലുണ്ട്.
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ‘99 ലെ വെള്ളപ്പൊക്ക’ത്തെ തുടർന്ന് 1927 കാലത്ത് വസൂരിവന്നു മരിച്ച തൻറെ അമ്മയെക്കുറിച്ച് 2002 മെയ് 25 ലെ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ഹൃദയസ്പർശിയായി കുറിച്ചിട്ടുണ്ട്. എല്ലാവരും അകറ്റിപ്പായിച്ച വസൂരിവന്ന അകന്ന ബന്ധുവിനെ ഭയപ്പാടില്ലാതെ പരിചരിച്ച് ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന മുത്തശ്ശി മുൻമന്ത്രി ശൈലജ ടീച്ചറിന്റെ പാൻഡമിക്കുകളെക്കുറിച്ചുള്ള പ്രസംഗങ്ങളിലൊക്കെ കടന്നുവരാറുണ്ട്. മണർകാട്ടെ വസൂരി വിശേഷങ്ങളായിരുന്നു 'മരണം പെയ്തിറങ്ങിയ കാലം' (2017) എന്ന ലേഖനം.
3
വസൂരി. സാമൂഹികമായും ചരിത്രപരവുമായ സവിശേഷതകളോടെ ചരിത്രത്തിൽ ഇടംതേടിയ പകര്‍ച്ചവ്യാധി. ചരിത്രത്തിലാദ്യമായി ഫലവത്തായ വാക്സിനേഷൻ കണ്ടെത്തിയതും മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പെട്ടെന്നു പടർന്നുപിടിക്കുകയും രോഗബാധിതരാക്കുകയും അനേകരെ കൊന്നൊടുക്കുകയും ചെയ്ത ഈ മഹാമാരിക്കു തന്നെയാണ്.
വേരിയോള (വേരിയോള മൈനർ, വേരിയോള മേജർ) എന്നീ വൈറസുകൾ ആണ് ഈ രോഗത്തിനു കാരണം. രോഗികളുടെ ശ്വാസത്തിൽനിന്നും വായുവിലൂടെയാണ് പൊതുവെ രോഗം പകരുക. പനി, തലവേദന, പേശിവേദന, വല്ലായ്മ, ഓക്കാനം, ഛർദി ഇവയൊക്കെയാണ് ആദ്യ രോഗലക്ഷണങ്ങൾ. 12–15 ദിവസമാകുമ്പോൾ ചുവന്ന പാടുകൾ വായിലും തൊണ്ടയിലും കണ്ടുതുടങ്ങും. തുടർന്ന് ശരീരത്തിൽ, വായിൽ, നാക്കിൽ, കണ്ണുകളിൽപോലും കുരുക്കൾ പൊങ്ങും. അവ വളർന്നു ചെറിയ പാപ്യൂളുകളും (papules) പഴുപ്പു കെട്ടിനിൽക്കുന്ന വെസിക്യൂളുകളും (vesicles)ആയി മാറും. അവ പൊട്ടി വസൂരിക്കല എന്നുവിളിക്കുന്ന വടുക്കൾ അവശേഷിക്കും. കണ്ണിൽ കുമിളകൾ വന്നവരിൽ ചിലർ അന്ധരായി മാറും. രോഗം ഗുരുതരമായവരിൽ പലരും മരണത്തിനു കീഴടങ്ങും.
അധിനിവേശകാലത്ത് യൂറോപ്പിൽനിന്നും മറ്റുഭൂഖണ്ഡങ്ങളിൽ പടർന്നു മരണംവിതച്ച വസൂരി വായുവിലൂടെ പടരുന്ന സാംക്രമികരോഗമാണ്. ബ്രിട്ടനിൽ പതിനഞ്ചാം നൂറ്റാണ്ടിൽ വസൂരിക്ക് ‘സ്മോൾപോക്സ്’ എന്ന പേരിട്ടത് "ഗ്രേറ്റ്പോക്സ്" എന്നറിയപ്പെട്ട സിഫിലിസ് രോഗത്തിൽനിന്നും വേർതിരിക്കാനായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേക്കും വസൂരി ലോകവ്യാപകമായി സാന്നിധ്യം അറിയിക്കുകയും ചരിത്രത്തെതന്നെ മാറ്റിമറിക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു..
എന്നാൽ 1960 കളിൽ ലോകത്ത് അധികം വസൂരി ബാധിതരുള്ളതും കൂടുതൽ മരണസാധ്യതയും കടുത്ത സ്വഭാവവുമുള്ള വസൂരി വ്യാപകവുമായ രാജ്യമായി ഇന്ത്യ മാറി. 1962 ൽ കേന്ദ്രസർക്കാരിൻറെ വസൂരി നിർമ്മാർജ്ജന പരിപാടികൾ നടക്കുന്നതിനിടയിലാണ് 1974 ൽ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വസൂരിവ്യാപനം രാജ്യത്തുണ്ടായത്. ബീഹാർ, ഒഡീഷ്യ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി 62000 ഓളം പേർക്കു വസൂരി ബാധിക്കുകയും 15000 പേർ മരണമടയുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ, കൊച്ചി നാട്ടുപ്രദേശങ്ങളിലും മലബാർ പ്രസിഡൻസിയിലും ഇടയ്ക്കിടെ മരണം വിതയ്ക്കുമായിരുന്ന സാംക്രമിക രോഗമായി വസൂരി വളർന്നു. .

വര : സലിമോൻ
4
‘99 ലെ വെള്ളപ്പൊക്ക’ത്തിൽ തുടങ്ങി 2018ലെ പ്രളയവും പേമാരിയും വരെയുള്ള കാലത്തെ മണർകാട് തിരുവഞ്ചൂർ പ്രദേശങ്ങൾ പശ്ചാത്തലവും ദുരമൂത്ത മനുഷ്യൻറെ പ്രകൃതിയുടെ നേരെയുള്ള കടന്നാക്രമണങ്ങൾ മുഖ്യപ്രമേയവുമാക്കി ഷാജി വേങ്കടത്തു രചിച്ച ‘മണ്ണിനുണ്ടൊരു മനസ്സ്’ എന്ന നോവലിലെ മുഖ്യകഥാപാത്രമായ കൊച്ചുപാപ്പിയുടെ നാലാം വയസ്സിൽ അപ്പൻ മരിക്കുന്നത് വസൂരി വന്നിട്ടായിരുന്നു.
തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകൻ' എന്ന നോവലിൽ വസൂരിയെക്കുറിച്ച് പറയുന്ന മൂന്നാം അധ്യായം തുടങ്ങുന്നതുതന്നെ നാട്ടിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാൻ പോവുന്നതിന്റെ മുന്നറിയിപ്പുമായാണ്. "അത്ര ഉഗ്രമായ ഒരു നെടുങ്കൻ വേനൽക്കാലം ഉണ്ടായിട്ടില്ല. മാസങ്ങളായി മഴ പെയ്തിട്ട്. എന്തൊരു ചൂടാണ്! ജീവജാലങ്ങൾ വാടിക്കരിഞ്ഞു. ആ കാലസ്ഥിതി ഏതോ ഭയങ്കരമായ ഒരു സാംക്രമികരോഗത്തിന്റെ ആക്രമണത്തെ ദീർഘദർശനം ചെയ്യുന്നുണ്ടായിരുന്നു..."
5
മണർകാട് പള്ളി വികാരിയായിരുന്ന പഴയിടത്തുവയലിൽ അച്ചന്റെ ഇളയപെങ്ങൾ കുഞ്ഞൂഞ്ഞമ്മ ടീച്ചറിൻറെതാണ് നാട്ടിൽ വസൂരി പടര്‍ന്ന കാലത്തിന്‍റെ പഴുപ്പുകെട്ടിയ കുമിളകളുടെയും പൊട്ടിയ വൃണങ്ങളുടെയും പൊറ്റനുണങ്ങിപ്പൊളിഞ്ഞ വടുക്കളുടെയും ഓർമ്മകൾ. 1940 കളുടെ രണ്ടാം പാതിക്കൊടുവിൽ ആദ്യം ദീനംവന്നത് നാലുപേർക്കായിരുന്നു’ അവരായിരുന്നു പള്ളി ആശുപത്രിക്കു മുന്നിൽ കുഴഞ്ഞുവീണ ഒരാളെ കോരിയെടുത്തു ആശുപത്രിയിൽ എത്തിച്ചത്.
അന്ന് മണർകാട്ടു ദേശത്ത് ആശുപത്രിയൊന്നും ഇല്ല. പള്ളി ആശുപത്രി 1947 ജൂൺ 23 നു തിങ്കളാഴ്ച തുടങ്ങിയ കുഞ്ഞൊരു ഡിസ്‌പെൻസറി. മാങ്ങാനം മന്ദിരം ആശുപത്രിയിൽനിന്ന് ഡോ ജോർജ് തോമസ് ഇടക്കിടെ വരും. ആകെ ഒന്നോ രണ്ടോ നേഴ്സുമാരും. ആശുപത്രിയിൽ എത്തിയപ്പോഴാണ് അയാൾക്ക് വസൂരിയാണെന്ന് തിരിച്ചറിഞ്ഞത്. നാലാൾക്കും പഴുത്തു പൊങ്ങിയ ദീനം പിന്നെ നാട്ടിൽ ആദ്യം വസന്തയായും പിന്നെ മരണമായും പെയ്തിറങ്ങി.
ചെറുകാടിന്റെ ‘ജീവിതപ്പാത’യിലെ നാല്പത്തിനാലാം അധ്യായമായ ‘ഇരുനാവൂരി’യിൽ വസ്സൂരിയുടെ ലക്ഷണങ്ങൾ വിവരിക്കുന്നുണ്ട്. അമ്മായി തുടർന്നു, "കുഞ്ഞമ്മാമന് വസൂരിയാണ്. മേലൊക്കെ നിറച്ച് പൊന്തിയിരിക്കുന്നു.സാരമില്ലെന്നാണ് ഉണ്ണി മമ്മദ് പറഞ്ഞത്...."
"... ഞാൻ ഇടനാഴിയിൽ കടന്നു. താഴത്തെ തെക്കേ അറയുടെ വാതിൽ തുറന്നു. ധൂപക്കൂട്ടിന്റെയും ചന്ദനതിരിയുടെയും പനിനീരിന്റെയും മണം എന്നെ എതിരേറ്റു...."
"... കുഞ്ഞുമ്മാമൻ കൗപീനം മാത്രമുടുത്ത് കട്ടിലിൽ ഇരിക്കുകയാണ്. കുറച്ച് ചീർത്തിരിക്കുന്നു. മേലാകെ കൊച്ചുകുരുക്കൾ പൊങ്ങിയിട്ടുണ്ട്.മണൽത്തരി മുതൽ കുന്നിക്കുരുവരെ. എള്ള്, കടുക്, ചാമ, ഉഴുന്ന് മുതിര തുടങ്ങിയ ധാന്യമണികളുടെ വലിപ്പമുള്ള കുരുക്കൾ..."
6
പഴയിടത്തുവയലിൽ അച്ചൻറെ ചേട്ടൻ അപ്പായിയെന്നും തങ്കപ്പനെന്നും ഒക്കെ വിളിക്കുന്ന തങ്കച്ചൻറെ ഭാര്യ ശോശാമ്മ അമ്മച്ചിക്ക് ദീനം മരണമായി പൊങ്ങിപ്പടർന്ന പഴയൊരു കാലത്തിന്റെ ഓർമ്മ അച്ചൻറെ അമ്മയുടെ വാക്കുകളിലൂടെ മനസ്സിലുണ്ട്. നാട്ടിലെ കരപ്രമാണിയായ കാളവണ്ടിക്കാരൻറെ മരണം ദീനം വന്നായിരുന്നു. അക്കാലത്തെ പ്രധാന ചരക്കുവണ്ടി ആയിരുന്നു രണ്ടു കാളകളെ കെട്ടിയ ഇരുമ്പുപട്ടയിട്ട വലിയ രണ്ടു ചക്രമുള്ള കാളവണ്ടികൾ.ഒരു ദിവസം രാവിലെ ആ മനുഷ്യൻ വഴിയരികിൽ ഇട്ടിരുന്ന വണ്ടിക്കടിയിൽ ചക്രങ്ങൾക്കിടയിൽ ഒരുകാഴ്ച്ച കണ്ടു. പുല്ലു കെട്ടിവെച്ചു കൊണ്ടുവരുന്ന ഇടത്തു, ദീനംവന്ന ഒരാളുടെ പായിൽപൊതിഞ്ഞ പൊട്ടിയളിഞ്ഞു വികൃതമായ ഒരു ജഡം. പേടിച്ച ആ മനുഷ്യൻ വീട്ടിലെത്തിയപ്പോഴേക്കും പനിയായി. പിന്നെ പാണല്‍പ്പഴംപോലെ ദേഹം മുഴുവൻ ദീനംപൊങ്ങി. ഒടുവിൽ രാത്രിയുടെ ഇരുണ്ട യാമങ്ങളിലെങ്ങോ പായച്ചുരുളിൽ പള്ളി ശവക്കോട്ടയിലേക്ക്.
വസൂരി വ്യാപനത്തിന്റെ സമാനതകളുള്ളൊരു ചിത്രം യു കെ കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം' (2012) എന്ന നോവലിലുണ്ട്. 'കുരുപ്പ് നക്കിയെടുത്ത ശരീരങ്ങൾ' എന്ന അദ്ധ്യായത്തിൽ വസൂരിയെ നടപ്പുദീനമെന്നും കുരുപ്പുദീനമെന്നുമാണ് വിശേഷിപ്പിക്കുന്നത്.
"... കാറ്റിന്റെ മുനകൾ ഒരിക്കൽ നടപ്പുദീനത്തിന്റെ നാറ്റമായിട്ടാണ് തക്ഷൻകുന്നിലേക്ക് കടന്നുവന്നത്...
... രണ്ടാമത്തെ കാറ്റ് വന്നത് കുരുപ്പിന്റെ ദുർഗന്ധവുമായിട്ടായിരുന്നു. അന്നത്തെ ചുടുകാറ്റ് കൊണ്ടുവന്ന കുരുപ്പ് നക്കിയെടുത്തത് പത്തൊൻപതു പേരെ. രക്ഷപ്പെട്ട മൂന്നുപേർ വലിയ വ്രണങ്ങളുടെ അടയാളങ്ങളുമായി തക്ഷൻകുന്നിൽ ഇപ്പോഴുമുണ്ട്. പ്രായമായവർ പറയുന്നു, 25 കൊല്ലം മുമ്പാണ് ഇതുപോലൊരു കാറ്റുവന്നത്..."
7
അക്കാലത്ത് വസൂരിക്ക് മരുന്നില്ല, അതുകൊണ്ട് തന്നെ വലിയ ചികിത്സയുമില്ല. ചെറിയ ദീനം എട്ടാംപക്കം കുളിക്കും. ദീനം കടുത്തതാണെകിൽ മുഖത്തും ശരീരത്തിലും മാത്രമല്ല കണ്ണിലും നാക്കിലും അണ്ണാക്കിലും കുടലിനകത്തുമെല്ലാം കുരുക്കൾ പൊങ്ങും. പിന്നെ എല്ലാം പഴുത്തുപൊട്ടി ഉണങ്ങിയിട്ടുവേണം കുളിക്കാൻ. അത് 14 നും 16 നും ഒക്കെയാകും. ദീനം പടര്‍ന്നാൽ മരണം മഴപോലെ പെയ്തിറങ്ങും.
ദീനം വന്നവരെ വെട്ടിയിട്ട വാഴയിലയിൽ നിലത്താണ് കിടത്തുക. ദീനം കൂടിയാല്‍ ആര്യവേപ്പില നിരത്തി അതില്‍. വീടുകളിൽ അരയ്ക്കലും പൊരിക്കലും ഇല്ല. കടുകുപൊട്ടിക്കുമ്പോൾ പടരുന്ന എണ്ണയുടെയും കര്യാപ്പിലയുടെയും ഗന്ധത്തോടൊപ്പം ദീനവും നാടാകെ പകരുമെന്നായിരുന്നു നാട്ടുപറച്ചിൽ. വീടുകളിലൊക്കെ കഞ്ഞിയും അടച്ചൂറ്റിയിൽ കാന്താരിമുളകും ഉപ്പും ഉള്ളിയുംവെച്ച് തവിപ്പുറംകൊണ്ടരയ്ക്കുന്ന ചമ്മന്തിയും.
വസൂരിക്കാലം നാടിന്റെ സാമൂഹിക ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ്. രോഗബാധിതർക്ക് സാമൂഹിക ഭ്രഷ്ട് കല്പിക്കപ്പെടും. മരിച്ചു വീഴുന്നവരെ ഒരുമിച്ചിട്ടു കത്തിക്കും. പൊറ്റനുണങ്ങാത്ത പുഴുത്തജഡങ്ങൾ കത്തിക്കാതെ മറവുചെയ്യാനുള്ള അവകാശം താഴ്ന്ന ജാതിക്കാർക്കു പതിച്ചുനൽകും..
നെഞ്ചിലൊരു നെരിപ്പോടെരിയുമ്പോലെ ചുട്ടുപൊള്ളിക്കുന്നതാണ് ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ഒ വി വിജയൻ വാക്കിൽ വരച്ച വസൂരി വിളയാട്ടകാലത്തിന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ. "ഖസാക്കിൽ, ചെതലിയുടെ താഴ്‌വരയിൽ, കൂമൻകാവിൽ അവിടെയത്രയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവുംകൊണ്ട് കിഴക്കൻകാറ്റു വീശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുവന്നുകൊണ്ടു പറയന്മാർ നടന്നു. അവരുടെ മുഖങ്ങളിൽ വസൂരിക്കലകളുടെ മേടും പള്ളവുമുണ്ടായിരുന്നു..."
'... പ്രദർശനത്തിനൊരുക്കിയ വലിയൊരു പൂന്തോട്ടംപോലെ ഖസാക്കുകാർ കിടന്നു. ചലത്തിൻറെ മഞ്ഞപ്പൂക്കൾകൊണ്ട് പൂക്കുടിലുകൾ പണിഞ്ഞു. പൂവിറുത്തു മുടിയിൽചൂടി നല്ലമ്മ നടമാടി.സന്നിയിൽ, മയക്കത്തിൽ ഖസാക്കുകാർ അവളെ കണ്ടു. അവളെ കാമിച്ചു സുരതക്രിയപോലെ രോഗം ആനന്ദമൂർച്ഛയായി. അങ്ങനെ അവർ മരിച്ചു. സ്കൂളിലെ കുട്ടികൾ പലരും മരിച്ചു. വാവര്, നൂർജിഹാൻ, ഉണിപ്പാറതി, കിന്നരി, കുരങ്ങുകളിക്കാരൻ ചെന്തിയാവൂതൊട്ടിയന്റെ മകൻ കരുവ്. നടുപ്പറമ്പിൽ കണ്ടുപരിചയം ഉള്ള കാസിമും സലിമും. പീഞ്ഞപലകകൊണ്ട് പുസ്തകത്തട്ടുപണിയാൻ ഞാറ്റുപുരയിൽ വന്ന ചേന്തിയാശാരി, പിന്നെയും പലരും മരിച്ചു... പണ്ടാരശ്ശവങ്ങൾ അപ്പോഴും യാത്ര പുറപ്പെട്ടിരുന്നു....
8
'വസൂരി' (1968) എന്ന നോവലിൽ കാക്കനാടൻ ഇങ്ങനെ എഴുതി, "വസൂരി ഗ്രാമത്തിൽ അലഞ്ഞു നടന്നു. അവളുടെ കൈകളിൽ മരണമുണ്ടായിരുന്നു. അവളുടെ മുടി കണക്കിന് പേടിയുടെ മേഘങ്ങൾ ഗ്രാമത്തിനുമേൽ പടർന്നുകിടന്നു...അവൾ മരണം വിതച്ചു... അവൾ അമ്മമാരിൽ നിന്ന് അവരുടെ കൈക്കുഞ്ഞുങ്ങളെ തട്ടിപ്പറിച്ചു. ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാരെയും ഭാര്യമാരിൽനിന്ന് ഭർത്താക്കന്മാരെയും തട്ടിപ്പറിച്ചെടുത്തു... അവൾ മനുഷ്യരിൽനിന്ന് നന്മകൾ എടുത്തുകളഞ്ഞു. സ്നേഹവും അനുകമ്പയും സഹാനുഭൂതിയും ദയയും എടുത്തുകളഞ്ഞു. അവൾ മനുഷ്യരിൽനിന്ന് അറിവെടുത്തു കളഞ്ഞു. അവരെ അജ്ഞരാക്കി... ചത്തവർ ചത്തു. ചാകാത്തവർ ശരീരമാകെ കറുത്ത ഓർമ്മക്കുറിപ്പുകളുമായി വേച്ചുവേച്ചു നടന്നു..."
9
വസൂരി വ്യാപകമാവുകയും മരണസംഖ്യ ഉയരുകയും ചെയ്ത ഘട്ടത്തിൽ മണർകാട്ടുപള്ളിയിലെ പുരോഹിതർ ദേശവഴികളിലൂടെ പ്രദിക്ഷണമായി ഭവനങ്ങളിൽ എത്തി പ്രാർഥിക്കുകയും ജനങ്ങളെ ധൈര്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് നാട്ടിലെ പഴമക്കാരുടെ ഓര്‍മകളിലെ വസന്തക്കെതിരായ പ്രാര്‍ത്ഥനകളും പെരുന്നാളും.
അക്കാലത്തു മണർകാട് പള്ളിയിൽ നാല് അച്ചന്മാരായിരുന്നു. വികാരി വെട്ടിക്കുന്നേൽ വല്യച്ചൻ. പിന്നെ മകൻ കൊച്ചച്ചൻ. വേങ്കടത്തെ വല്യച്ചൻ പ്രായവും രോഗവുംമൂലം ചടങ്ങുകൾക്ക് പോകുന്നത് കഴിവതും ഒഴിവാക്കും. പഴയിടത്തുവയലിൽ അച്ചനായിരുന്നു അക്കാലത്തെ വസന്തപ്രാർഥനയുടെ ചുമതലകൾ. 1967-69 ൽ ഒരു ദീനകാലത്ത് കുഴിപ്പുരയിടം, മാലം, പറമ്പുകര പ്രദേശങ്ങളില്‍ താൻ വസന്തക്കെതിരായ പ്രാർതഥനകൾ നടത്തിയത് കിഴക്കേടത്തച്ചന്റെ ഓർമ്മകളിൽ ഇപ്പോഴുമുണ്ട്.
“നഗരികളിൽ, തെരുവുകളിൽ മരണം പെയ്തിറങ്ങുമ്പോൾ...,
കുടിലുകളിൽ, കൂരകളിൽ അലമുറ ഉയരുമ്പോൾ...,
അധികസമ്പത്തു അനുഭവിക്കാൻ ആളില്ലാതാകുമ്പോൾ...,
ഒക്കയുടെയും ഉടയവനായ തമ്പുരാനേ
നീ ഞങ്ങളിൽ അലിയേണമേ....”,
ഈ ആശയം വരുന്ന പഴയ മലയാളത്തിലുള്ള വരികള്‍ പാടിയാണ് വസന്തപ്രാർത്ഥനയുടെ ഗീതങ്ങള്‍ അവസാനിക്കുക.
വസന്തപെരുന്നാളിന്റെ എല്ലാ ചടങ്ങുകൾക്കും അക്കാലത്തെ ഒരു പെരുന്നാൾ പ്രദിക്ഷണത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ കെട്ടും മട്ടും തനിമയും ഉണ്ടാകും. രാത്രി ഏഴു മണിയോടെ പള്ളിയില്‍നിന്നുമാണ് പ്രദിക്ഷണം ആരംഭിക്കുക. അംശവസ്ത്രങ്ങൾ അണിഞ്ഞ പുരോഹിതൻ. ചെറിയ വിശ്വാസ സമൂഹം ഏതാണ്ട് മുഴുവനായിത്തന്നെ ദീനപ്പേടിയില്ലാത്ത പ്രായമായവർ ആയിരിക്കും. നാലോ ആറോ മുത്തുക്കുടകളും കൊടികളും. മേക്കട്ടി. ഒരു മരക്കുരിശ്ശ്. കുന്തിരുക്കം പുകയുന്ന ധൂപക്കുറ്റികൾ. കിലുക്കുമണികൾ. ചരല്‍പാകിയ മണ്‍വഴികളിൽ വെളിച്ചത്തിന് തീവെട്ടികളും പന്തങ്ങളും ചൂട്ടുകറ്റകളും.
പ്രദിക്ഷണത്തിനും വീടുകളിലെ പ്രാർത്ഥനക്കും പഴയ നമസ്കാരക്രമത്തിലെ വസന്ത പ്രാർത്ഥനയിലെ ഗീതങ്ങൾ തന്നെയാണ് പാടുക. പാട്ടിനു പന്ത്രണ്ടു നിർത്തുകൾ അഥവാ സ്റ്റാൻസകൾ. ആദ്യ നിർത്തു പ്രദിക്ഷണത്തിനുള്ളത്. ശേഷിച്ച പതിനൊന്നു നിർത്തുകളിൽ നാലു നിർത്തുകൾവരെ ഒരു വീട്ടിൽ പാടാറുണ്ട്.
വീട്ടിലെ പ്രാർഥനക്കുശേഷം പള്ളിയിൽനിന്ന് കൊണ്ടുവന്ന കുന്തിരുക്കം അച്ചൻ വീട്ടുകാർക്ക് കൈമാറും. അവരതു വീട്ടിൽ കരുതിയിട്ടുള്ള കുന്തിരുക്കത്തോടൊപ്പം ദിവസേന പുകയ്ക്കും. ഗന്ധകം പുകക്കുന്ന പതിവും പരക്കെ ഉണ്ടായിരുന്നു. ഒടുവിൽ വെടിക്കാരൻ കതിനാവെടിക്കു തീകൊളുത്തി കഴിഞ്ഞാൽ പ്രദിക്ഷണം അടുത്ത വീട്ടിലേക്ക് നീങ്ങും. ഇങ്ങനെ വൈകുന്നേരം ഏഴു മണിയോടെ തുടങ്ങുന്ന പര്യടനം നാട്ടിലെ വീട്ടുകൂട്ടങ്ങളിലെല്ലാം പാട്ടും പ്രാർത്ഥനയും കഴിച്ചു പള്ളിയിലേക്ക് മടങ്ങുമ്പോൾ പാതിരാ പിന്നിട്ടിരിക്കും.
അക്കാലത്തു ചേന്നൻകുന്നിൽ ഏറെയും ഹൈന്ദവ വീടുകളയിരുന്നു. ദീനം പെരുത്തപ്പോൾ ക്രൈസ്തവ ഭവനങ്ങളിൽ പ്രാർത്ഥന നടത്താനെത്തിയ പഴയിടത്തുവയലിൽ അച്ചനോട് തങ്ങളുടെ വീട്ടിലും പ്രാർത്ഥിക്കണമെന്നു പറയാൻ ആ ഹിന്ദുക്കൾക്കൊരു മടി. എന്നാൽ അവരുടെ ആഗ്രഹം മനസ്സിലാക്കിയ അച്ചൻ എല്ലാ ഹൈന്ദവഭവനങ്ങളിലും പ്രാർത്ഥന നടത്തുമായിരുന്നത്രേ.
ഏഴുവർഷങ്ങൾക്കുമുമ്പ് 2016 ഒക്ടോബർ 7 വെള്ളി വൈകുന്നേരം കഴിഞ്ഞനൂറ്റാണ്ടിലെ വസന്തപ്രാർത്ഥനയുടെ ഗാനങ്ങളും അനുതാപത്തിന്റെ പ്രാചീനഗീതങ്ങളായ തേറ്റംപാട്ടുകളും ക്രൈസ്തവവേഷങ്ങളും ആചാരാനുഷ്ടാനങ്ങളും പുനരാവിഷ്കരിക്കുന്ന ആരാധനാ സംഗീതസന്ധ്യ മണർകാട് സെന്റ് മേരിസ് യാക്കോബായ കത്തീഡ്രലിൽ സഹവികാരി ഫാ മാത്യു മണവത്തിന്റെ നേതൃത്വത്തിൽ നടന്നു.
10
വസൂരി എന്ന മഹാമാരി ശാസ്ത്രത്തെ എന്നതുപോലെ മതചിന്തകൾക്കും ശക്തി പകർന്നിരുന്നു. വസൂരി രോഗത്തെ പ്രതിരോധിക്കുവാനും അതിജീവിക്കുവാനും മതവിശ്വാസികൾ അവരുടെതായ ആചാരാനുഷ്ഠാനങ്ങൾ ആചരിച്ചിരുന്നു.
പകർച്ചവ്യാധികളെ അതിജീവിക്കാൻ വിവിധ ജാതി,മത സംസ്കാരങ്ങളിലെ ആരാധനകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പശ്ചാത്തലത്തിൽ മണർകാട് പള്ളിയിലെ വസൂരി വസന്തയ്ക്കെതിരായ പ്രാർത്ഥനകളെയും വിലയിരുത്താനാവും. പുരാതനകാലം മുതൽ ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ബുദ്ധസംസ്കാരത്തിലും ദ്രവീഡിയൻ പാരമ്പര്യത്തിലും ദേവികടാക്ഷമായും ശാപമായും വിരുദ്ധവിശ്വാസങ്ങളുമായി ചേർത്ത് ഈ രോഗം നിലനിന്നു. ഹൈന്ദവ വിശ്വാസത്തിൽ വസൂരി ദേവതയായ വസൂരിമാലയും ദുർഗയുടെ അവതാരമായ ശീതളദേവിയും ബുദ്ധസംസ്‌ക്കാരത്തിൽ പകർച്ചവ്യാധിക്കെതിരെ ആരാധിക്കുന്ന ഹരിതിദേവിയും. ദ്രാവിഡ സംസ്കാരത്തിൽ ഭദ്രകാളിയും മുത്താരമ്മയും മാരിയമ്മൻ ദേവിയും. ഇങ്ങനെ മതവിശ്വാസങ്ങളിൽ, സംസ്കാരങ്ങളിൽ വസൂരിയുമായി ബന്ധമുള്ള ഒട്ടനവധി മൂർത്തികളും ദേവതകളും ദൈവങ്ങളും അവരുടെ ആരാധനയ്ക്കായ കാവുകളും കോവിലുകളും ക്ഷേത്രങ്ങളും പ്രത്യേക ആചാരാനുഷ്ഠാനങ്ങളും. ഹരിതിദേവിയും ശീതളദേവിയുമടക്കം ഇന്ത്യൻ രോഗദൈവങ്ങളെക്കുറിച്ച് പത്രപ്രവർത്തകയായ അദ്രിജ റോയ്ചൗധരി അടുത്തകാലത്ത് എഴുതിയിട്ടുണ്ട്.
അച്ഛൻറെ ആദ്യഭാര്യയിലെ വസൂരിവന്നു മരിച്ച സഹോദരൻ ഉണ്ണിയെക്കുറിച്ചു ദേവകി നിലയങ്ങോടിന്റെ ആത്മകഥയായ 'കാലപ്പകർച്ചകൾ സ്മരണക'ളുടെ ‘ദണ്ഡം’ എന്ന അധ്യായത്തിലുണ്ട്. വസൂരി ഭദ്രകാളീ വിളയാട്ടമാണെന്ന വിശ്വാസം, ഭദ്രകാളി ക്ഷേത്രമായ മുക്കുതല കണ്ണോത്തുകാവിൽ അമ്മ നടത്തുന്ന വഴിപാടുനേർച്ചകൾ, നമ്പൂതിരിമാർക്ക് ദണ്ണം വരുമ്പോൾ അന്യജാതിക്കാർക്കു അയിത്തമായതിനാൽ പരിചാരകരാവുന്ന പട്ടന്മാരും നമ്പൂതിരിമാരും… ഇങ്ങനെ നമ്പൂതിരി സമുദായത്തിലെ വസൂരി വിശേഷങ്ങൾ ഈ പുസ്തകത്തിലുണ്ട്.
ഏറ്റവുമധികം ഭക്തരുള്ള സെയിൻറ്റ് സെബാസ്റ്റ്യൻ അഥവാ വിശുദ്ധ സെബസ്ത്യാനോസാണ് കേരളത്തിൽ കത്തോലിക്കരുടെ വസൂരി വിശുദ്ധൻ. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് വരവിനുശേഷം ഏതെങ്കിലും കാലത്ത് അതതു നാടുകളിലുണ്ടായ വസൂരിവ്യാപനത്തെ തുടർന്നാവാം കന്യാമറിയത്തിന്റെ നാമത്തിൽ എ.ഡി 835-ൽ സ്ഥാപിതമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലും അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്കയിലും ഗീവറുഗീസ് സഹദായുടെ നാമത്തിലുള്ള കോട്ടയത്തെ ഇടയ്ക്കാട്ടുപള്ളിയിലുമൊക്കെ വസൂരി വിശുദ്ധനായ വി സെബസ്ത്യാനോസിന്റെ തിരുന്നാൾ പ്രധാന പെരുന്നാളായി പ്രാമുഖ്യം നേടുന്നത്. 1930കളിൽ കോട്ടയത്ത് ആലുംമൂട് അറുപുഴഭാഗത്തേക്കും അന്നത്തെ വ്യാപാരകേന്ദ്രങ്ങളായ താഴത്തങ്ങാടി, പുത്തനങ്ങാടി ഭാഗത്തും വലിയ വസൂരി വ്യാപനത്തിനു പരിഹാരമെന്നോണം കോട്ടയത്തെ ഇടയ്ക്കാട്ടുപള്ളിയിൽനിന്നും സെബാസ്ത്യാനോസ് പുണ്യാളന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചതിനെക്കുറിച്ചും ആ ദേവാലയചരിത്രത്തിലുണ്ട് (1986). ഇത് ന്യൂഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിലെ (നാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി) പ്രൊഫ ഡോ മാത്യു ജോസഫ് പങ്കുവെച്ചതാണ്. മണർകാട് പള്ളിയിലെ വസന്തപ്രാർത്ഥനകളെയും പ്രദക്ഷിണങ്ങളെയും വിശ്വാസസമൂഹത്തിന്റെ ദുരന്തകാല ചരിത്ര പശ്ചാത്തലത്തിൽ നോക്കിക്കാണാനാവും.
76 വർഷംമുമ്പ് തകഴി ചോദിച്ച ഒരു ചോദ്യം തോട്ടിയുടെ മകൻ എന്ന നോവലിലുണ്ട്. "എന്തുകൊണ്ടാണ് ഈ ആപത്തൊഴിയുന്നതെന്നറിയാമോ? പുഷ്പാഞ്ജലി കൊണ്ടായിരിക്കാം. കുർബാന കൊണ്ടായിരിക്കാം.
അന്ധവിശ്വാസത്തിൽ മതങ്ങൾക്ക് യോജിക്കാൻ കഴിഞ്ഞു. അങ്ങനെ പുഷ്പാഞ്ജലിയിൽ ക്രിസ്ത്യാനി വിശ്വസിച്ചു. കുർബ്ബാനയിൽ ഹിന്ദുവും. മുസ്ലിമിൻറെ റോഡിൽ കൂടിയുള്ള വേദം ചൊല്ലുകേൾക്കുമ്പോൾ അകത്തു പേടിച്ചു കിടക്കുന്ന ഹിന്ദു ആശ്വസിച്ചു...”
ദുരന്തസമയത്ത് വിശ്വാസത്തെ ആശ്രയിക്കുന്നത് നാഗരികതയുടെ തുടക്കം മുതലുള്ള മനുഷ്യസഹജമായ പ്രതികരണമാണ്. വലിയ ചിന്തകൻ ബെർട്രാൻഡ് റസ്സൽ 1927 ൽ ലണ്ടനിൽ നടത്തിയ 'വൈ ഐ ആം നോട്ട് എ ക്രിസ്ത്യൻ’ എന്ന പ്രസംഗത്തിലെ "ഭയമാണ് മതത്തിൻറെ അടിസ്ഥാനം” എന്ന വാക്കുകൾ ചരിത്രത്തിൽ മായ്ക്കാനാവാതെ ഇന്നും തെളിഞ്ഞു കിടക്കുന്നു.
11
ഇനോകുലേഷനും വാക്സിനേഷനുമൊക്കെ വ്യാപകമാകുംമുമ്പ് നാട്ടുവൈദ്യത്തിൽനിന്നും ആയുർവേദത്തിൽനിന്നുമായിരുന്നു ചികിത്സാ വിധികൾ. അന്നത്തെ മതപരമായ അനുഷ്ഠാനങ്ങൾ പലതും പിന്നെയും തുടർന്നു.
ബ്രിട്ടീഷ് ഭിഷഗ്വരനും ശാസ്ത്രജ്ഞനുമായ എഡ്വേർഡ് ജെന്നർ പതിനേഴാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ വസൂരിക്കും മറ്റു പകർച്ചവ്യാധികൾക്കുമുള്ള പ്രതിരോധത്തിനായ ഏറ്റം ഫലപ്രദമായ വാക്സിനേഷൻ വികസിപ്പിച്ചെടുത്തു. ഈ കണ്ടുപിടിത്തം എണ്ണിയാൽ തീരാത്തത്ര മനുഷ്യരെ മഹാമാരിമൂലമുള്ള മരണത്തിൽനിന്നും രക്ഷിച്ചു. അദ്ദേഹം ‘രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവെ’ന്ന നിലയിൽ ആദരിക്കപ്പെടുന്നു.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് അധീനതയിലുള്ള മലബാർ പ്രദേശത്തെയും 1804-1946 കാലഘട്ടത്തിലെ വസൂരിയുടെ വ്യാപനത്തെയും നിർമ്മാർജ്ജന പ്രവർത്തനങ്ങളെയുംകുറിച്ച് ഒക്കലഹാമ സർവകലാശാലയിലെ അനിതാ നായരുടെ ഗവേഷണപ്രബന്ധം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.
അച്ചുകുത്തിന്റെ തിരുവിതാംകൂർ ചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ആരംഭിക്കുന്നു. ബ്രിട്ടിഷ് അധികൃതരുടെ അഭ്യർത്ഥന സ്വാഗതം ചെയ്ത തിരുവിതാംകൂറിൽ ദിവാൻ വേലൂത്തമ്പി ദളവ 1804 ൽ തന്നെ വാക്സിനേഷനു വിധേയനായി മാതൃകകാട്ടി. എന്നാൽ പാശ്ചാത്യ വൈദ്യസമ്പ്രദായത്തേക്കാൾ നാട്ടുചികിത്സയോടും ആയുർവേദത്തോടും , ആഭിമുഖ്യംകാട്ടിയ സവർണ്ണ തദ്ദേശീയർക്ക് അയിത്തവും തീണ്ടലും ശുദ്ധതയുമൊക്കെ വാക്സിനേഷന് പ്രതിബന്ധമായി. 1814 ൽ ദിവാൻ പത്മനാഭ മേനോൻ വസൂരി പിടിപെട്ടു മരിച്ചതിനെത്തുടർന്നു വാക്സിനേഷൻ വകുപ്പ് രൂപീകരിച്ചു. 1865-66 ൽ തിരുവിതാംകൂർ വാക്സിനേഷൻ ഡിപ്പാർട്ട്മെന്റും1888 ൽ തിരുവനന്തപുരത്ത് വാക്സിൻ ഡിപ്പോയും നിലവിൽവന്നു.
‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവൽ ആരംഭിക്കന്നത് എറണാകുളത്തുനിന്നും കായൽകടന്ന് തുരുത്തുകളിലെത്തിയ 18 അച്ചുകുത്തു പിള്ളമാർ കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് അച്ചുകുത്തിയ ദിവസത്തെകുറിച്ച വാക്യത്തിലൂടെയാണ്."അച്ചുകുത്ത് പിള്ളമാർ കയറിയ മച്ചുവാകളുടെ കുപ്പിണി മറുകര വിടുന്നത് കണ്ടപ്പോഴേ ദീപുവാസികൾ കതകടച്ചു. എന്തോ മനസ്സിലായപോലെ മുലകുടിക്കുന്ന കുഞ്ഞുകുട്ടികൾവരെ ചുണ്ടുകൾ മുറുക്കിപ്പൂട്ടിക്കിടന്നു..."
ഒട്ടനവധി സാമൂഹിക പരിഷ്കരണങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്ന നവോത്ഥാന പ്രസ്ഥാനമായ യോഗക്ഷേമസഭ 1899 ൽ വാക്സിനേഷനെതിരെ പ്രമേയം പാസ്സാക്കി. താഴ്ന്നസമുദായത്തിൽ പെട്ടവരുടെ ശരീരശ്രവം സ്വീകരിക്കാൻ കഴിയില്ല എന്ന അതിരു കവിഞ്ഞ അയിത്ത ശാരീരിക ശുദ്ധത മൂലമാണ് വാക്സിനേഷനെതിരെ നിലപാട് എടുക്കാൻ അവരെ പ്രേരിപ്പിച്ചത്. 'വസൂരി കീറിവെച്ചത്' എന്ന പേരിൽ പറയപ്പെടുന്ന വാക്സിനേഷൻദൈവവിളയാട്ടമായ സംഗതിയോട് കാട്ടുന്ന കുറ്റമായി ഇരിക്കണമ്മക്കു തോന്നിയിട്ടുണ്ടാവണമെന്നു ദേവകി നിലയങ്ങോട് എഴുതുന്നു. 1930 കളോടെ ഈ എതിർപ്പുകൾ കുറഞ്ഞുവരുന്നതായി കാണാം.
വസൂരി ദൈവകോപമാണെന്നു വിശ്വസിക്കുന്ന ചിലരെങ്കിലും തങ്ങളുടെ ബന്ധുക്കള്‍ മരിച്ചത് ചിക്കന്‍പോക്സ് വന്നിട്ടായിരുന്നു എന്ന് ഇന്നും ആവർത്തിക്കാറുണ്ട്. ചിക്കൻപോക്സും വസൂരിയും വ്യത്യസ്ത വൈറസ്സുകൾ ഉണ്ടാക്കുന്ന രണ്ട് വേറിട്ട രോഗങ്ങളാണെന്നും ചിക്കന്‍പോക്സ് പൊതുവേ മരണകാരണമാകില്ലെന്നുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് റിട്ട പ്രിൻസിപ്പലും സാമൂഹിക ആരോഗ്യവിഭാഗം മേധാവിയുമായിരുന്ന ഡോ ജോസ് ജോസഫിന്റെ അഭിപ്രായം. രോഗം ഭേദമായി കുളിക്കുമ്പോഴാണ് രോഗം പകരുക എന്നതും തെറ്റായ ധാരണയാണ്. രോഗാണുക്കൾ മനുഷ്യശരീരത്തിൽ പ്രവേശിച്ച് 10-14 ദിവസം പിന്നിടുമ്പോഴാണ് രോഗലക്ഷണങ്ങൾ കാണുക.
1975 ൽ ഇന്ത്യ സമ്പൂർണ്ണ വസൂരി നിർമ്മാർജ്ജന 'ടാർഗറ്റ് സീറോ' പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി. 1975 മെയ് 24 നു അവസാന വസൂരി രോഗം ബീഹാറിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതോടെ വസൂരിമുക്ത ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനംനേടി. 1978 സെപ്റ്റംബർ 11 നു മരണമടഞ്ഞ ബ്രിട്ടനിൽ ബർമിങ്ഹാം സർവ്വകലാശാല മെഡിക്കൽ സ്കൂളിലെ മെഡിക്കൽ ഫോട്ടോഗ്രാഫർ നാൽപ്പതുകാരിയായ ജാനറ്റ് പാർക്കറാണ് ലോകചരിത്രത്തിലെ അവസാനത്തെ വസൂരി രോഗി.
"ലോകവും അതിലെ സർവ്വജനങ്ങളും വസൂരിയിൽന്നും സ്വാതന്ത്ര്യം നേടിയിരിക്കുന്നു". ഇത് 1980 മെയ് 8 നു ലോകാരോഗ്യസംഘടനയുടെ മുപ്പത്തിമൂന്നാമതു അസംബ്ലി നടത്തിയ ഔദ്യോഗിക ചരിത്രപ്രഖ്യാപനം. 3000 വർഷമായി മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടിരുന്ന, കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം 300 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയ മഹാമാരിയുടെ അന്ത്യം അടയാളപ്പെടുത്തിയ വാക്കുകൾ.
12
ഭരണസംവിധാനങ്ങളും ജാതിമതചിന്തകളും അയിത്തവും ഉച്ചനീചത്വങ്ങളും ആചാരാനുഷ്ഠാനങ്ങളും മണർകാട് പ്രദേശത്ത് രോഗബാധയുണ്ടായ ഓരോകാലത്തും നാട്ടിലെ രോഗവ്യാപനം, പ്രതിരോധം, ചികിത്സാരീതികൾ, നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഇവയെ സാഹിത്യ കൃതികളിലെന്നപോലെ പ്രാദേശികമായ വ്യതിരിക്തതകളോടെ സ്വാധീനിച്ചു.
ദീനംവന്നവരെ ഭയമോ വെറുപ്പോ ഇല്ലാതെ വാരിയെടുത്തുകൊണ്ട് വസൂരിയെയും മറ്റ് മനുഷ്യരെയും തോൽപ്പിക്കുന്ന കൃഷ്‌ണൻകുട്ടി എന്ന മനുഷ്യനെ എത്ര തീക്ഷ്‌ണമായാണ് 'വസൂരി' എന്ന നോവലിൽ കാക്കനാടൻ ആവിഷ്‌കരിച്ചത്. വസൂരിയെന്ന മഹാമാരിക്കാലത്ത് പലരും ഒഴിഞ്ഞുമാറിയപ്പോൾ നിസ്സഹായരായ മനുഷ്യരെ ഒറ്റയാനായ കൃഷ്‌ണൻകുട്ടി കയ്യിലും കരളിലും ചേർത്തുപിടിച്ചു.. എല്ലാ മഹാമാരിക്കാലത്തും മനുഷ്യർക്കിടയിൽ കാണുന്ന മനുഷ്യപ്പറ്റുള്ള മലയാളിയിൽ ഒരു കൃഷ്‌ണൻകുട്ടിയുണ്ട്. 'തക്ഷൻകുന്നു സ്വരൂപ'ത്തിലെന്നപോലെ "ധൈര്യമുള്ളവരും കഷ്ടപ്പെടാൻ തയ്യാറുള്ളവരുമായി" കല്ലുവെട്ടി പാച്ചറുടെ മകനായ രാമറും മൈനർ ബാലനും മൊയ്‌തീനും മായനുമുണ്ടാവും.
നന്ദി
ഡോ ബി ഇക്‌ബാൽ, അഡ്വ കെ സുരേഷ് കുറുപ്പ്, കോട്ടയം മെഡിക്കൽ കോളേജ് റിട്ട പ്രിൻസിപ്പൽ ഡോ ജോസ് ജോസഫ്, ഡോ പോൾ മണലിൽ, ന്യൂഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിലെ പ്രൊഫ ഡോ മാത്യു ജോസഫ്, മണർകാട് സെന്റ് മേരിസ് യാക്കോബായ കത്തീഡ്രൽ സഹവികാരിമാരായ റവ കിഴക്കേടത്ത് കുറിയാക്കോസ് കോർ എപ്പിസ്‌കോപ്പ, ഫാ മാത്യു മണവത്ത്, എം ജി യൂണിവേഴ്സിറ്റി ലൈബ്രറിയിലെ വിമൽകുമാർ വാഴപ്പള്ളി, മണർകാട് മാലം പഴയിടത്തുവയലിൽ പ്രിൻസ് ഏലിയാസും പരേതരായ കുഞ്ഞൂഞ്ഞമ്മ ടീച്ചറും (പഴയിടത്തുവയലിൽ അച്ചന്റെ സഹോദരി), തങ്കമ്മയും (അച്ചന്റെ സഹോദര ഭാര്യ), നോവലിസ്റ്റും കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ ഷാജി വേങ്കടത്ത്, ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ ബെന്നി ജോർജ്, മണർകാട് സെന്റ് മേരീസ് കോളേജ് ലൈബ്രറിയൻ ഷേർലി ഡേവിഡ്, രാജീവ് മോഹൻ മണർകാട്, ബിനു എബ്രഹാം മീനടം, കോത്തല തറക്കുന്നേൽ തോമസ് ലാൽ.
വസൂരി സാഹിത്യകൃതികളിൽ കാലാനുക്രമത്തിൽ
1853, Bleak House,Bradbury & Evans, London
1895, Rabindranath Tagore, Puran Bhrithya (Bengali poem).
1903, കൊച്ചീപ്പൻ തരകൻ, മറിയാമ്മ നാടകം
1968,ചെറുകാട്, ജീവിതപ്പാത,
1968, കാക്കനാടൻ, വസൂരി
1969, ഓ വി വിജയൻ,ഖസാക്കിന്റെ ഇതിഹാസം
2002, വി എസ് അച്ചുതാനന്ദൻ, അമ്മ, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മെയ് 25.
2003, എൻ എസ് മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ
2012, യു കെ കുമാരൻ, തച്ചൻകുന്ന് സ്വരൂപം
2017, കുര്യൻ കെ തോമസ്, മരണം പെയ്തിറങ്ങിയ കാലം, വീക്ഷണം സൺഡേ സപ്ലിമെൻറ്, 24 സെപ്തംബർ പുറം 3.
2017, ഷാജി വേങ്കടത്ത്, മണ്ണിനുണ്ടൊരു മനസ്സ്, ഗ്രാൻഡ് ബുക്ക്സ്, കോട്ടയം, പുറം 34.
2022, ബി ഇക്ബാൽ, മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ; ചരിത്രം ശാസ്ത്രം അതിജീവനം, പുറം 117-160.
തുടർവായന
*1895, Rabindranath Tagore, Puran Bhrithya (Bengali poem),Recited by Priti Pandit (2018,) https://www.youtube.com/watch?v=IuDasxcmYx0
**1895, Rabindranath Tagore, Puran Bhrithya (Bengali poem),Translated by ©Monish R. Chatterjee (2019), https://www.youtube.com/watch?v=IuDasxcmYx0
1927, Bertrand Russell,Why I am not a Christian, https://users.drew.edu/~jlenz/whynot.html ,
2019, Aparna Nair, Vaccinating against Vasoori :Eradicating smallpox in the ‘model’ princely state of Travancore, 1804–1946, Indian Economic & Social History Review, 56(1):001946461987379, DOI:10.1177/0019464619873798
2020 June 22, Adrija Roychowdhury, When fear leads to faith: The disease Gods of India, The Indian Express (New Delhi), https://indianexpress.com/article/research/when-fear-leads-to-faith-the-disease-gods-of-india-6470376/
* കവിതയുടെ ഓഡിയോ **ഇംഗ്ലീഷ് പരിഭാഷ