Image

റബ്ബോനി - ഒരു ഭാവഗാനം പോലെ, സങ്കീർത്തനം പോലെ (പുസ്തകലോകം: ഡോ.ഖദീജ മുംതാസ്)

Published on 21 June, 2026
റബ്ബോനി -  ഒരു  ഭാവഗാനം പോലെ, സങ്കീർത്തനം പോലെ (പുസ്തകലോകം:  ഡോ.ഖദീജ മുംതാസ്)

കുരിശുമരണശേഷം ,തീവ്രമായ വിരഹവും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വരുന്ന മഗ്ദലനയുടെയും  യൂദാസിൻ്റെയും സംഭാഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്നു  റോസി തമ്പി ആവിഷ്ക്കരിച്ച റബ്ബോനിയുടെ പ്രഭാവം.


റോസി തമ്പിയുടെ 'റബ്ബോനി' ഒരു  ഭാവഗാനം പോലെ, സങ്കീർത്തനം പോലെ ഹൃദയാവർജ്ജകമാണ്. യേശുവിൻ്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഒരു ക്ലാസിക് നോവൽ.

സ്ത്രൈണമായ ആത്മീയതയുടെ അതി മനോഹരമായ ചിന്തകൾ മുമ്പും അവതരിപ്പിച്ചിട്ടുള്ള എഴുത്തുകാരി തന്നെയാണ് റോസി.സ്ത്രീ അവളുടെ മനസ്സു മാത്രമല്ല ശരീരവും, ആത്മീയതയുടെ  ആവിഷ്കാരങ്ങൾക്കായി വിട്ടുകൊടുക്കുമ്പോൾ പുരുഷആത്മീയതയിലത് അധികാരത്തിൻ്റെയോ അധികാരത്തിനു കീഴടങ്ങുന്ന വിധേയത്വത്തിൻ്റെയോ സങ്കൽപ്പം മാത്രമാവുന്നു.അതു കൊണ്ടാണ് പ്രണയവും പ്രസവാനുഭവവും സ്ത്രീയ്ക്ക് ആത്മീയാനുഭവങ്ങളാവുന്നതും പുരുഷൻ സമാനാനുഭവങ്ങളുടെ അഭാവത്താൽ അപൂർണനായിരിക്കുന്നതും. യേശുവാകട്ടെ, റോസിയുടെ കണ്ണിൽ ഏറ്റം സ്ത്രൈണതയുള്ള പുരുഷനാണ്. രാജാധിരാജനോ, സ്ത്രീയെ അകറ്റി നിർത്തുന്ന ബ്രഹ്മചര്യാ വിശ്വാസിയോ അല്ല. സ്ത്രീക്ക് സുഹൃത്തോ പ്രണയിയോ ആകാനാവുന്ന ആളാണ്. ശരീര സാന്നിധ്യമറിയിച്ചും അല്ലാതെയും അവളെ പ്രണയ പരാധീനയാക്കാനും സ്വയം വിമലീകരിക്കാനും കൂടെയുണ്ടാവുന്നവനാണ്. സ്നേഹമാണവൻ്റെ മതം. അവിടെ അധികാരമോ അധികാരിയോ ഇല്ല. റോസിയുടെ വർണനൂൽക്കെട്ടിൻ്റെ ചായത്തിൻ്റെ നിറം പ്രണയത്തിൻ്റെയും ആഴമുള്ള സൗഹൃദത്തിൻ്റെയുമാണ്. ചതിയനെന്നു ലോകം വിധിച്ച യൂദായെ മനസ്സിലാക്കാനും സ്ത്രീകൾക്കേ കഴിയൂ എന്ന് റോസി അറിയുന്നു.

'റബ്ബോനി'യുടെ ഭാവനാപരവും ഭാഷാപരവും ആയ മേന്മകളിൽ ഊന്നിയുള്ള കുറിപ്പുകളാണ് പ്രധാനമായി പുരുഷ എഴുത്തുകാരിൽ നിന്ന് വന്നവയൊക്കെ. ബൈബിൾ ഭാഷയുടെ സൗന്ദര്യവും കവിതാത്മകതയും  ഭാവന കണ്ടെത്തുന്ന ഉജ്വലമായ രൂപകങ്ങളും പ്രശംസയർഹിക്കുന്നവ തന്നെ. എങ്കിലും അവയ്ക്കപ്പുറത്തേയ്ക്കും കവിഞ്ഞു നിൽക്കുന്നുണ്ട്,  കുരിശുമരണശേഷം ,തീവ്രമായ വിരഹവും മാറ്റി നിർത്തലുകളും അനുഭവിക്കേണ്ടി വരുന്ന മഗ്ദലനയുടെയും  യൂദാസിൻ്റെയും സംഭാഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന റോസി തമ്പി ആവിഷ്ക്കരിച്ച റബ്ബോനിയുടെ പ്രഭാവം.

റോസി തമ്പി


സാമ്പ്രദായിക വിശ്വാസങ്ങളിൽ നിന്നു വ്യത്യസ്തമായ യേശൂകഥനങ്ങൾ മലയാളത്തിൽ മാത്രമല്ല, വൈദേശിക ഭാഷകളിലും ധാരാളം ഉണ്ടായിട്ടുണ്ടു്. കസൻ ദ് സാക്കിസിൻ്റെ 'ക്രിസ്തുവിൻ്റെ അന്ത്യ പ്രലോഭന'ത്തിലെ യേശു ആന്തരികമായി വെറും മനുഷ്യൻ കൂടിയാണ്. ആത്മീയ ദൗത്യത്തിൻ്റെ ഭാരത്തിൽ ഞെരിയേണ്ടി വരുന്ന തൻ്റെ തന്നെ മനുഷ്യ സഹജവാസനകൾ തിരിച്ചറിയുന്ന യേശുവിന് ഒരു ദുരന്തഭാവമാണതിൽ. മഗ്ദലന മറിയയ്ക്ക് മാപ്പു കൊടുത്തവരും അവളോടു ഹൃദയൈകൃം പ്രഖ്യാപിച്ചവരും മാപ്പു കൊടുക്കലിലൂടെ മഹത്വമേറുന്ന യേശുദേവനെ പ്രകീർത്തിച്ചവരും വള്ളത്തോൾ മുതൽ മലയാളത്തിലെ എഴുത്തുകാരും ഏറെ.

റോസിയുടെ യേശുവിൽ അത്തരം വൈരുധ്യങ്ങളില്ല. ഭൗതികപ്രണയവും ആത്മീയ പ്രണയവും രണ്ടല്ല റോസിയുടെ യേശുവിന്.പാടിപ്പതിഞ്ഞ കഥകളിലെ മഗ്ദലനയുമല്ല ഇതിലെ മഗ്ദലന. മഗ്ദലന യോടൊപ്പം അവളുടെ പ്രണയത്തിൽ മുഗ്ദനായി നിലാവിൽ നദിക്കരയിൽ ഇരിക്കുമ്പോൾ തന്നെ അവളെ സംഭ്രമിപ്പിച്ചു കൊണ്ട് ദൈവിക പ്രണയത്തിലേക്ക് നിഷ്ക്രമിക്കാൻ ഈ യേശുവിന് ആവുന്നുണ്ട്. നീ എവിടെയായിരുന്നു പ്രിയനേ എന്ന അവളുടെ സംഭ്രമങ്ങൾക്ക് സത്യസന്ധമായി  മറുപടി നൽകാനും അവനാകുന്നു. ഇവിടെ ആത്മീയതയും ഭൗതികതയും രണ്ടായിരിക്കുന്നില്ല. ഇതേ കാരണം കൊണ്ടു തന്നെ വെറോനിക്കയുടെ യേശുവിനോടുള്ള അഗാധ പ്രണയത്തെ മഗ്ദലനയ്ക്കും അംഗീകരിക്കാനാവുന്നു. യേശുവിൻ്റെ ഇഷ്ട പ്രണയിനിയായിരിക്കുന്നതിനാൽ  വെറോനി മഗ്ദലനയെയും അഗാധമായി സ്നേഹിക്കുന്നു. സ്നേഹത്തിൻ്റെ അദൃശ്യമായ ഈ ചങ്ങലയിൽ കണ്ണികളാകുന്നത് അമ്മമറിയം ഉൾപ്പെടെ സ്ത്രീകൾ തന്നെയാണ്. അറിയാതെയെങ്കിലും കുറ്റക്കാരനാകേണ്ടി വന്ന യൂദായുടെ കുററബോധത്തെയും തീവ്രവേദനയെയും തിരിച്ചറിയാനും ആശ്വസിപ്പിക്കാനും ചേർത്തു നിർത്താനും സ്ത്രീകൾക്കേ ആവൂ എന്ന് യൂദാ ആദ്യമായി തിരിച്ചറിയുന്നത് മഗ്ദലനയെ വീണ്ടും കാണുമ്പോളല്ല താനും. അതിനുമേറെ മുമ്പു്, യേശുവിൻ്റെ മറ്റു ശിഷ്യരാൽ ഒറ്റുകാരനായി മുദ്രകുത്തപ്പെട്ടപ്പോൾ അയാൾ പരിതപിക്കുന്നത് പുരുഷ ലോകത്തിൽ ഒറ്റപ്പെടുന്നതിൻ്റെ ദുരന്തത്തെയോർത്താണ്.അമ്മ മറിയം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന യൂദായുടെ മനസ്സിന് സ്ത്രൈണതയുടെ മാഹാത്മൃം കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു.

യേശുവിനോടൊപ്പമുണ്ടായിരുന്ന പുരുഷന്മാരുടെ സ്വപ്നത്തിൽ ഉടനെ സാക്ഷാത്കൃതമാകാനിരിക്കുന്ന ഒരു ദൈവരാജ്യത്തിൻ്റെ ഭൗതികതയേ ഉണ്ടായിരുന്നുള്ളു. യേശു രാജാവായിരിക്കുന്ന ആ ദൈവരാജ്യത്തിൻ്റെ അധികാരസ്ഥലികളിൽ അവർക്കുണ്ടായിരിക്കേണ്ട ഇരിപ്പിടങ്ങളെപ്പറ്റിയും അവർക്കില്ലായിരുന്നു സന്ദേഹം.ആ സ്വർഗരാജ്യം നേടിയെടുക്കാൻ വേണ്ട ഉപജാപങ്ങളെ അവർ നന്മയായിത്തന്നെ കണ്ടു. അതിനു വേണ്ടി വരുന്ന രക്തച്ചൊരിച്ചിലും തിന്മയായി കരുതിയിരുന്നില്ല. ആ പുരുഷ സ്വപ്നങ്ങളെ പൊളിച്ചു കളഞ്ഞത് യേശു തന്നെയായിരുന്നു. 'പത്രോസ്, നീ വാൾ ഉറയിലിടുക. വാളെടുത്തവൻ വാളാൽ നശിപ്പിക്കപ്പെടും' എന്ന ആജ്ഞ ഒരർത്ഥത്തിൽ സായുധരായി എത്തിച്ചേരുകയും ഒറ്റു നാടകം വിജയകരമായി നടപ്പിലാക്കുകയും ചെയ്ത ശിഷ്യരെ  അമ്പരപ്പിക്കുകയാണ്. യേശുവിന് അങ്ങനെയേ പറയാനാവൂ എന്നും യേശു ഉദ്ദേശിച്ച സ്വർഗരാജ്യം ഏതെന്നും മനസ്സിലാക്കാൻ ഹൃദയം കൊണ്ട് യേശുവിനെയറിഞ്ഞവർക്കല്ലേ ആവൂ. പുരുഷ ശിഷ്യർ ബുദ്ധികൊണ്ടു മാത്രം യേശുവിനെ അളന്നു.

ഡോ.ഖദീജ മുംതാസ്

വർഷങ്ങൾ പോകെ യേശു പറഞ്ഞതെല്ലാം മാറ്റി വെച്ചു പുതിയ സഭ തുടങ്ങി ശിഷ്യർ. അവൻ്റെ സ്നേഹത്താൽ പ്രചോദിതരായി അവൻ്റെ സുവിശേഷം പ്രചരിപ്പിച്ച സ്ത്രീകളെ അവർ നിശ്ശബ്ദരാക്കി. സ്ത്രീയെ നിശ്ശബ്ദയാക്കാൻ ഏറ്റവും എളുപ്പമുള്ള ആയുധം തന്നെ അവരുപയോഗിച്ചു. അവൾ ചീത്തയാണ്, അല്ലെങ്കിൽ ചീത്തയായിരുന്നു എന്ന പ്രയോഗത്തിൽ മഗ്ദലനയെ ഒതുക്കാൻ അവർക്കായി. യേശു പ്രചരിപ്പിക്കാൻ ശ്രമിച്ചവയെല്ലാം മാറ്റിവെച്ച് അവനെത്തന്നെ, അവൻ്റെ മരണത്തെ തന്നെ ഉപകരണമാക്കി അവർ പുതുമതം സ്ഥാപിച്ചു. ബലിയെ തള്ളിപ്പറഞ്ഞവൻ്റെ  മരണത്തെ മനുഷ്യ പാപങ്ങൾ കഴുകിക്കളയാനുള്ള ബലിയാക്കി മാറ്റി.നിയമങ്ങൾ മനുഷ്യനു വേണ്ടിയാണെന്നു പറഞ്ഞവൻ്റെ മതത്തെ പുരോഹിതൃ നിയമങ്ങളാൽ ബന്ധിതമാക്കി.പ്രണയത്തിൻ്റെ മതക്കാരനെ തന്നെ ചൂണ്ടി ബ്രഹ്മചര്യം പൗരോഹിത്യ പരിവേഷമാക്കി. യഹൂദ പൗരോഹിത്യത്തിൻ്റെ ആർഭാടങ്ങൾക്കെതിരെ വിരൽ ചൂണ്ടിയവൻ്റെ മതത്തിൽ അവർക്ക് അരമനകളും കൊട്ടാരങ്ങളും പണിതു. സ്നേഹത്തിൻ്റെ മതക്കാരൻ്റെ പേരിൽ കുരിശുയുദ്ധങ്ങൾ നടത്തി. കഠിനശിക്ഷകനായ ദൈവത്തെയും പാപബോധത്തെയും വീണ്ടും വിശ്വാസത്തിൻ്റെ ഭാഗമാക്കി.
ക്രൈസ്തവ സഭ അങ്ങനെ റോസിയുടെ റബ്ബോനിയെ പുറത്താക്കി. എങ്കിലും കഥാകാരി പ്രതീക്ഷ കൈവിടുന്നില്ല. സ്നേഹത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും ഒരു പുതു തലമുറ ഉയർന്നു വരുന്നുണ്ട് എന്നവർ അകക്കണ്ണാൽ അറിയുന്നു.

വ്യത്യസ്തമായ രീതിയിലാണെങ്കിലും മിക്കവാറുമെല്ലാ മതങ്ങളിലും സംഭവിച്ചത് സമാനമായവ തന്നെ. സാമൂഹ്യ അസമത്വവും അടിമസമ്പ്രദായവും  ഗോത്ര ജീവിത കാർക്കശ്യങ്ങളും നിലനിന്നിരുന്ന അറേബ്യയിൽ സമത്വത്തിൻ്റെയും നീതിപൂർവക ഭരണ സംവിധാനങ്ങളുടെയും മാർഗദർശകമായാണ് ഇസ്ലാമിൻ്റെ ഉദയം. സ്ത്രീയെ അംഗീകരിച്ചവനും അവളുടെ അവകാശങ്ങൾക്കായി ദൈവാർത്ഥന നടത്തിയവനുമായിരുന്നു പ്രവാചകൻ മുഹമ്മദ്. അദ്ദേഹത്തിൻ്റെ ബൗദ്ധിക ശിഷ്യരിൽ സ്ത്രീകൾക്കു പ്രാമുഖ്യമുണ്ടായിരുന്നു. പക്ഷേ, പ്രവാചകൻ മരിച്ച് 30 വർഷമാകുമ്പോഴേയ്ക്കും അത് രക്തച്ചൊരിച്ചിലിലൂടെ രാജാധികാരത്തിലേയ്ക്കും നബി ജീവിതത്തെ തന്നെ ചൂണ്ടിയുള്ള പുരുഷമേധാവിത്വത്തിലേയ്ക്കും പൗരോഹിത്യ വലയിത കാർക്കശ്യത്തിലേയ്ക്കും നിപതിച്ചു.ഖദീജയുടെയും അയിഷയുടെയും ഉമു സെൽമ യുടെയും പാരമ്പര്യം തമസ്കരിക്കപ്പെട്ടു.

ഇത്തരം ഉണർത്തലുകൾ കൂടി നടത്തുന്നു എന്നതാണ് റോസി തമ്പിയുടെ റബ്ബാനിയുടെ വലിയ പ്രസക്തി.അത് അതീവ സൗന്ദര്യാത്മകമായി നിർവഹിച്ചിരിക്കുന്നു എന്നതിനാൽ അതിമനോഹരമായ ഒരു സാഹിത്യ കൃതി കൂടി ആയിത്തീരുന്നു റബ്ബോനി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക