Image

എന്റെ അച്ഛൻ സഞ്ചരിക്കുന്ന, സംസാരിക്കുന്ന നിഘണ്ടു ആയിരുന്നു (ഫാദേഴ്‌സ്‌ ഡേ സ്പെഷ്യൽ: ഏബ്രഹാം തോമസ്)

Published on 21 June, 2026
എന്റെ അച്ഛൻ സഞ്ചരിക്കുന്ന, സംസാരിക്കുന്ന നിഘണ്ടു ആയിരുന്നു (ഫാദേഴ്‌സ്‌  ഡേ സ്പെഷ്യൽ: ഏബ്രഹാം തോമസ്)

Late Mr. & Mrs. C.Thomas

ഓർമ്മയായ കാലം മുതൽ ഞാൻ ഉണർന്നിരുന്നത് വീട്ടിലെ സ്വീകരണ മുറിയിലെ തമിഴും മലയാളവും കലർന്നിരുന്ന സംഭാഷണം കേട്ടിട്ടാണ്. പരാതികളും പരിദേവനങ്ങളും ആയി എത്തുന്ന സതേൺ റെയിൽവേ മുൻ ജീവനക്കാരും ജീവനക്കാരും തങ്ങളുടെ അപേക്ഷകളും പരാതികളും എഴുതികിട്ടാൻ എന്റെ അച്ഛൻ, പരേതനായ ശ്രീ സി. തോമസിന്റെ മുൻപിൽ വന്നിരുന്ന് സംഗതികൾ വിശദമായി ധരിപ്പിക്കുന്ന പ്രക്രിയയാണ് ഞങ്ങളുടെ സ്വീകരണ മുറിയിൽ നിത്യേനെ എന്നോണം നടന്നിരുന്നത് . അച്ഛൻ അവർ പറയുന്നതെല്ലാം സശ്രദ്ധയോടെ, തികഞ്ഞ സഹതാപത്തോടെ കേട്ടിരുന്ന് ഇംഗ്ലീഷിൽ അപേക്ഷകളും പരാതികളും ഹർജികളും തയ്യാറാക്കി കൊടുത്തിരുന്നു. തന്റെ മുൻപിൽ വന്നിരുന്നു തങ്ങളുടെ പരാതികൾ പറയുന്നത് കേട്ടിരുന്ന മിതഭാഷിയായ അച്ഛന്റെ സമീപനം ഏവർക്കും വലിയ ആശ്വാസം ആയിരുന്നു. അച്ഛൻ എഴുതി നൽകുന്ന അപ്പീലുകൾക്കും പരാതികൾക്കും എല്ലാം മിക്കവാറും അനുകൂലമായ പ്രതികരണങ്ങൾ അധികാരികളിൽ നിന്ന് ഉണ്ടായതിനാലാവാം കൂടുതൽ കൂടുതൽ പരാതിക്കാർ അച്ഛനെ തേടി എത്തിയിരുന്നു. 1971 ൽ ഞാൻ ബോംബെയിലേക്ക് പോയത് വരെ അച്ഛന്റെ ഈ പൊതുസേവനം തുടർന്നിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമായി മനസിലാക്കുവാനോ ഓർത്തെടുക്കുവാനോ കഴിഞ്ഞിരുന്നില്ല.

സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ എന്റെ വീട്ടിൽ മൂന്ന് ഇംഗ്ലീഷ്, മലയാളം ഡിക്ഷനറികൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ കുട്ടികൾക്ക് എപ്പോഴും താല്പര്യം മനസിലാക്കുവാൻ വിഷമമുള്ള ഇംഗ്ലീഷ് വാക്കുകളുടെ അർഥം അച്ഛനോട് ചോദിക്കുകയായിരുന്നു. ചോദിക്കേണ്ട താമസം അച്ഛൻ മലയാളത്തിൽ വാക്കുകളുടെ അർത്ഥവും വിശദീകരണവും പറഞ്ഞു തരുമായിരുന്നു. ഞങ്ങളുടെ വീട്ടിലെ ഡിക്ഷനറികൾ ഉപയോഗിക്കാതെ പൊടിപിടിച്ചു കിടക്കുന്ന അവസ്ഥയിലുമായി!

Late Mr. & Mrs. C.Thomas

അച്ഛന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ദേവികുളം വില്ലജ് ഓഫീസിൽ ശിരസ്തദാറായി ആയിരുന്നു. പിന്നീടു സതേൺ റയിൽവേയിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററും സ്റ്റേഷൻ മാസ്റ്ററുമായി. ആദ്യകാലത്തു ദി ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ എന്നും പിന്നീട് സൗത്ത് ഇന്ത്യൻ റയിൽവേ എന്നും പേര് ഉണ്ടായിരുന്ന റെയിൽവേ ആണ് സതേൺ റെയിൽവേ ആയത്. ഇതെല്ലം അച്ഛൻ പറഞ്ഞു തന്ന അറിവാണ് (അച്ഛന്റെ എട്ടു മക്കളിൽ ഏറ്റവും ഇളയവനായ ഞാൻ ജനിച്ചത് വർഷങ്ങൾക്കു ശേഷമാണ് ).


റിട്ടയർമെന്റിനു ശേഷം അച്ഛൻ അനവധി പൊതു ജന സേവാ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചു. കൊല്ലത്തു ജനയുഗം ദിനപത്രത്തിന്റെ സ്ഥാപനത്തിന് കാരണക്കാരായവരിൽ അച്ഛന്റെ പേരും ഉണ്ട്. അച്ഛൻ റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ആയിരുന്നു.


അച്ഛൻ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററും സ്റ്റേഷൻ മാസ്റ്ററും ആയിരുന്നത് മിക്കവാറും തമിഴ് നാട്ടിലെ റെയിൽവേ സ്റ്റേഷനുകളിൽ ആയിരുന്നു. ഇങ്ങനെ നന്നായി തമിഴ് ഭാഷ സംസാരിക്കുവാനും, വായിക്കുവാനും പഠിച്ചു. 'തൊഴിൽ അറസു' പോലെയുള്ള തമിഴ് പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും ചെയ്തിരുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലും സ്ഥിരമായി എഴുതിയിരുന്നു. അച്ഛൻ ഇഹ ലോകത്തോട് വിട പറഞ്ഞത് 1981 ജൂലൈ 24 നാണു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക