Image

ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ജൂലൈ 5 ന് രജിസ്റ്റർ വിവാഹം

Published on 20 June, 2026
ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ജൂലൈ 5 ന്  രജിസ്റ്റർ വിവാഹം

ബോളിവുഡ് താരം അമീർ ഖാൻ വീണ്ടും വിവാഹിതനാകുന്നു. തന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചു. ജൂലൈ 5-നാണ് വിവാഹമെന്നും വലിയ ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ തികച്ചും ലളിതമായ രീതിയിലായിരിക്കും ചടങ്ങുകൾ നടക്കുകയെന്നും അമീർ ഖാൻ വെളിപ്പെടുത്തി. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പങ്കുവെച്ചത്.

ഇത് അമീർ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്. റീന ദത്തയായിരുന്നു അമീറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. ഇരുവർക്കും ആസാദ് എന്നൊരു മകനുണ്ട്. വേർപിരിഞ്ഞെങ്കിലും മുൻഭാര്യമാരുമായി വളരെ സൗഹൃദപരമായ ബന്ധമാണ് അമീർ കാത്തുസൂക്ഷിക്കുന്നത്.

​​വിവാഹത്തിരക്കുകൾ കാരണം സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തിരിക്കുകയാണ് താരം. ഇതിന് ശേഷം രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന '3 ഇഡിയറ്റ്സ് 2' എന്ന ചിത്രത്തിലൂടെയായിരിക്കും അമീർ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുക. 2009-ൽ പുറത്തിറങ്ങി ഇന്ത്യൻ സിനിമയിലെ സകല റെക്കോർഡുകളും തകർത്ത '3 ഇഡിയറ്റ്സ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
​രണ്ടാം ഭാഗത്തിൽ അമീർ ഖാൻ അവതരിപ്പിച്ച 'റാഞ്ചോ' എന്ന കഥാപാത്രം മധ്യവയസ്സിലെ പ്രതിസന്ധികളിലൂടെ  കടന്നുപോകുന്ന ഒരു വിവാഹിതനായാണ് എത്തുന്നതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക